ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ 42-ാമത് ബിരുദദാന ചടങ്ങിനെ കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജിതേന്ദ്ര സിംഗ് വെർച്വലായി അഭിസംബോധന ചെയ്തു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ ചടങ്ങിന് സാക്ഷ്യം വഹിച്ചു


തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ മെഡിക്കൽ ഉപകരണങ്ങൾ സംബന്ധിച്ച നവീനാശയങ്ങളിലും അവയുടെ സാങ്കേതികവിദ്യ വ്യവസായ മേഖലയ്ക്ക് വിജയകരമായി കൈമാറുന്നതിലും ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കുന്ന പങ്കിനെ ശ്രീ ജിതേന്ദ്ര സിംഗ് പ്രശംസിച്ചു

വെൽനസ് കേന്ദ്രീകൃത ആരോഗ്യപരിപാലനത്തിലൂടെയും ഡിജിറ്റൽ ഹെൽത്ത് സംയോജനത്തിലൂടെയും ആയുഷ്മാൻ ഭാരതിന്റെ സമഗ്ര ആരോഗ്യ സുരക്ഷാ ശൃംഖലയെ ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ എടുത്തുപറഞ്ഞു; നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ പ്രക്രിയകൾ സുഗമമാക്കുന്നതിനുമായി ജനറിക് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമായുള്ള നിയമ പരിഷ്കാരങ്ങൾ അവർ അടിവരയിട്ടു

മെഡിക്കൽ ഉപകരണങ്ങളുടെ നവീകരണത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻജിനീയർ-ഡോക്ടർ സഹകരണത്തെ ശ്രീമതി ശ്രീവാസ്തവ പ്രശംസിച്ചു; "വികസിത ഭാരത"ത്തിനായി ധാർമ്മികതയും കാരുണ്യവും ശാസ്ത്രീയ മികവും ഉയർത്തിപ്പിടിക്കാൻ അവർ ബിരുദധാരികളോട് ആഹ്വാനം ചെയ്തു.

ഡി.എം, എം.സി.എച്ച് (MCh), പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പ്, സർട്ടിഫിക്കറ്റ് കോഴ്സുകൾ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, പിഎച്ച്.ഡി, ഡിപ്ലോമ, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ, ന്യൂറോളജിക്കൽ സയൻസസിലെ എ.സി.പി എന്നിവയിലായി130 പേർ ബിരുദങ്ങൾ ഏറ്റുവാങ്ങി

പോസ്റ്റഡ് ഓണ്‍: 16 MAY 2026 1:59PM by PIB Thiruvananthpuram


തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ 42-ാമത് വാർഷിക ബിരുദദാന ചടങ്ങിനെ കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജിതേന്ദ്ര സിംഗ് ഇന്ന് വെർച്വലായി അഭിസംബോധന ചെയ്തു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള നിയമാധിഷ്ഠിത സ്ഥാപനമാണിത്.

സുവർണ ജൂബിലി ആഘോഷിക്കുന്ന സ്ഥാപനത്തെയും ബിരുദം നേടിയ വിദ്യാർത്ഥികളെയും ശ്രീ ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേട്ടങ്ങളെ പ്രശംസിച്ച ശ്രീ സിംഗ്, 800 ഓളം സ്ഥിരം ഫാക്കൽറ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചത് അതിന്റെ പ്രവർത്തന ശേഷി ഇരട്ടിയാക്കാൻ സഹായിക്കുമെന്ന് എടുത്തുപറഞ്ഞു. ഒമ്പത് നിലകളുള്ള പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) ബ്ലോക്കും നാല് നിലകളുള്ള സർവീസ് ബ്ലോക്കും സ്ഥാപിച്ചതിന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു. “പുതിയ സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിനെ ന്യൂറോ സർജറി, കാർഡിയാക് സയൻസ് എന്നിവയ്ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റും” അദ്ദേഹം പറഞ്ഞു.

2020 മുതൽ പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ പതിനേഴായിരത്തിലധികം രോഗികൾക്ക് ചികിത്സ നൽകിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരെ ശ്രീ സിംഗ് അഭിനന്ദിച്ചു. മാലിനി വസുന്ധര സെന്ററിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ന്യൂറോളജിക്കൽ, ഓങ്കോളജിക്കൽ അവസ്ഥകൾക്കുള്ള പ്രിസിഷൻ അധിഷ്ഠിതവും ശസ്ത്രക്രിയേതരവുമായ ചികിത്സയിലെ ഒരു വലിയ മുന്നേറ്റമാണിതെന്ന് വിശേഷിപ്പിച്ചു.

തദ്ദേശീയ മെഡിക്കൽ ഉപകരണ വികസനത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളെ എടുത്തുപറഞ്ഞുകൊണ്ട്, “ലോകോത്തരവും അതീവ ഫലപ്രദവും, അതേസമയം തന്നെ സ്വദേശീയവും ചെലവ് കുറഞ്ഞതുമായ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷമായ ശ്രദ്ധ” എന്ന് ശ്രീ സിംഗ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത ലോകോത്തരവും ചെലവ് കുറഞ്ഞതുമായ നിരവധി സാങ്കേതികവിദ്യകൾ ഓരോ വർഷവും വ്യവസായ മേഖലയ്ക്ക് കൈമാറുന്നുണ്ടെന്നും ഈ വർഷം കൈമാറുന്ന 7 സാങ്കേതികവിദ്യകൾ ഉൾപ്പെടെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ എട്ട് സ്ഥാപനങ്ങളുമായുള്ള ധാരണാപത്ര ഉദ്യമത്തെ എടുത്തുപറഞ്ഞ ശ്രീ സിംഗ്, ഇതിനെ “ഒരു സഹകരണ ക്ലസ്റ്റർ രൂപീകരിക്കുന്നതിനും പരസ്പര പൂരകമായ ഗവേഷണ ആവാസവ്യവസ്ഥ വളർത്തുന്നതിനുമായി എട്ട് പ്രമുഖ ദേശീയ സ്ഥാപനങ്ങളെ ഒന്നിപ്പിച്ച സവിശേഷമായ ശ്രമം” എന്ന് വിശേഷിപ്പിച്ചു. “ഇത്തരം പങ്കാളിത്തങ്ങൾ അന്തർവൈജ്ഞാനിക നൂതനാശയങ്ങളെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ ശാസ്ത്ര-ആരോഗ്യ പരിപാലന ശേഷിയെ മുന്നോട്ട് നയിക്കുകയും ചെയ്യും”, അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിച്ച അദ്ദേഹം, ഈ സംരംഭം വരും വർഷങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ സയൻസിന്റെ വളർന്നുവരുന്ന മേഖലകളിൽ ഗവേഷണം, നൂതനാശയം, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയ്ക്കുള്ള പുതിയ വഴികൾ തുറക്കുമെന്ന് പ്രസ്താവിച്ചു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സ്ഥാപനത്തെ അഭിനന്ദിച്ച ശ്രീ സിംഗ്, ഇത്തരത്തിൽ, ലോകത്തിന്റെ ഈ ഭാഗത്തുള്ള മുൻനിര സ്ഥാപനങ്ങളിലൊന്നാണ് ഇൻസ്റ്റിറ്റ്യൂട്ടെന്ന് വിശേഷിപ്പിച്ചു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ, തന്റെ പ്രസംഗത്തിൽ “ആരോഗ്യപരിപാലന രംഗത്ത് നൂതനാശയങ്ങൾക്ക് നേതൃത്വം നൽകാനും, നവീന മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കാനും, അത്യാധുനിക ഗവേഷണങ്ങൾ നടത്താനുമായി എൻജിനീയർമാരും മെഡിക്കൽ പ്രൊഫഷണലുകളും ഒന്നിച്ച് പ്രവർത്തിക്കുന്ന സവിശേഷ സ്വഭാവമുള്ള ഒരു മുൻനിര സ്ഥാപനത്തിൽ” നിന്നും ബിരുദം നേടുന്ന വിദ്യാർത്ഥികളെ അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ശോഭനവും വിജയകരവുമായ ഭാവി ആശംസിച്ച ശ്രീമതി ശ്രീവാസ്തവ, വരും വർഷങ്ങളിൽ ആരോഗ്യപരിപാലനത്തിന്റെയും മെഡിക്കൽ സയൻസിന്റെയും പുരോഗതിക്കായി അവർ അർത്ഥവത്തായ സംഭാവനകൾ നൽകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദേശീയ ആരോഗ്യ നയത്തെക്കുറിച്ചും ഗവണ്മെന്റിന്റെ ആരോഗ്യ സംരക്ഷണ സംരംഭങ്ങളെക്കുറിച്ചുമുള്ള ഒരു അവലോകനം പങ്കുവെച്ചുകൊണ്ട്, “പൗരന്മാർ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നതിന് ഒരു സമഗ്ര ആരോഗ്യ സുരക്ഷാ ശൃംഖല ഉറപ്പാക്കുകയാണ് ആയുഷ്മാൻ ഭാരത് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്” എന്ന് ശ്രീമതി ശ്രീവാസ്തവ പറഞ്ഞു. 2017-ലെ ദേശീയ ആരോഗ്യ നയത്തെ പരാമർശിച്ചുകൊണ്ട്, രോഗപ്രതിരോധം ആരോഗ്യ പ്രോത്സാഹനം, രോഗശമനം, പുനരധിവാസം, സാന്ത്വന ചികിത്സ എന്നിവയിലൂന്നിയുള്ള ആരോഗ്യ പരിപാലനത്തിനാണ് അത് മുൻഗണന നൽകുന്നതെന്ന് അവർ എടുത്തുപറഞ്ഞു.

പ്രാഥമിക ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട ശ്രീമതി ശ്രീവാസ്തവ, വെൽനസിലും പ്രാഥമിക ഘട്ടത്തിലുള്ള രോഗനിർണ്ണയത്തിലും ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹൃദ്രോഗം, ന്യൂറോളജി, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവയുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് എടുത്തുപറഞ്ഞു. ദേശീയ ആരോഗ്യ നയത്തിന് കീഴിൽ, “ആരോഗ്യ പരിപാലന സംവിധാനം അതിന്റെ ശ്രദ്ധ പ്രത്യുത്പാദന-ശിശു ആരോഗ്യ സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കും അപ്പുറത്തേക്ക് വ്യാപിപ്പിച്ച് കൂടുതൽ വെൽനസ് അധിഷ്ഠിത സമീപനത്തിലേക്ക് മാറിയിട്ടുണ്ടെന്നും, പ്രാഥമിക ആരോഗ്യ തലത്തിൽ രോഗനിർണ്ണയത്തിനും രോഗപ്രതിരോധ ആരോഗ്യ പരിപാലനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും” അവർ ചൂണ്ടിക്കാട്ടി. വിപുലീകരിച്ച ആരോഗ്യ പരിപാലന പാക്കേജുകളിൽ ഇപ്പോൾ സാംക്രമികേതര രോഗങ്ങൾക്കായുള്ള പരിശോധന, മാനസികാരോഗ്യ പരിചരണം, വയോജന പരിചരണം, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. രോഗനിർണ്ണയത്തിനും പ്രാരംഭ ഘട്ടത്തിൽത്തന്നെ രോഗം കണ്ടെത്തുന്നതിനുമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. 

ആയുഷ്മാൻ ഭാരതിന്റെ വിവിധ സ്തംഭങ്ങളെക്കുറിച്ച് വിവരിച്ച ശ്രീമതി ശ്രീവാസ്തവ, ഈ സംരംഭം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലും പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയിലും അധിഷ്ഠിതമാണെന്നും, ഇവ സംയോജിതവും തടസ്സമില്ലാത്തതുമായ ആരോഗ്യ പരിപാലന ശൃംഖല ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുവെന്നും വ്യക്തമാക്കി. പ്രൈമറി ഹെൽത്ത് കെയർ തലത്തിൽ സ്‌ക്രീൻ ചെയ്യപ്പെടുന്ന രോഗികളെ PM-JAY-ക്ക് കീഴിലുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, ഉപജില്ലാ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, എംപാനൽഡ് ഹോസ്പിറ്റലുകൾ എന്നിവയിലേക്ക് റഫർ ചെയ്യുന്നതായി അവർ ചൂണ്ടിക്കാട്ടി. 600 ദശലക്ഷത്തിലധികം പൗരന്മാർ ഈ പദ്ധതിയുടെ കീഴിൽ വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീമതി ശ്രീവാസ്തവ, പൗരന്മാർക്ക് ലോഞ്ചിറ്റ്യൂഡിനൽ ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകളിലൂടെ തുടർച്ചയായ പരിചരണം ഉറപ്പാക്കുന്നതിനാണ് ABHA അക്കൗണ്ട് സംവിധാനം രൂപീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. “ഈ സംരംഭം വ്യക്തികൾക്ക് അവരുടെ സമ്മതത്തോടെ ആരോഗ്യ സ്ഥാപനങ്ങളിലുടനീളം തങ്ങളുടെ ഹെൽത്ത് റെക്കോർഡുകൾ സുരക്ഷിതമായി ആക്‌സസ് ചെയ്യാനും പങ്കിടാനും പ്രാപ്തമാക്കുന്നു, അതുവഴി റഫറൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ജീവിതത്തിൻ്റെയും ചികിത്സയുടെയും വിവിധ ഘട്ടങ്ങളിലുടനീളം സമഗ്രമായ രോഗി ചരിത്രത്തിലൂടെ കൃത്യമായ ആരോഗ്യ പരിരക്ഷയെ പിന്തുണയ്ക്കുകയും ചെയ്യുന്നു" അവർ പറഞ്ഞു. 

പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷനെ (PM-ABHIM) പരാമർശിച്ചുകൊണ്ട്, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ പരിഹരിക്കാനും പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങൾ സൃഷ്ടിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നതായി ശ്രീമതി ശ്രീവാസ്തവ വ്യക്തമാക്കി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമിനെക്കുറിച്ചും ഈ മിഷന് കീഴിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന പിന്തുണയെക്കുറിച്ചും അവർ പരാമർശിച്ചു.

രാജ്യത്തുടനീളം 75 സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ നിർമ്മിച്ച പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയും (PMSSY) കേന്ദ്ര ആരോഗ്യ സെക്രട്ടറി എടുത്തുപറഞ്ഞു. ഈ സംരംഭം രാജ്യത്തുടനീളമുള്ള 22 പുതിയ എയിംസ് സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. വിദൂരവും സേവനങ്ങൾ കുറഞ്ഞതുമായ പ്രദേശങ്ങളിൽ സേവനങ്ങൾ നൽകാൻ ബിരുദം നേടുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ദുഷ്കരമായ മേഖലകളിൽ ആരോഗ്യ പരിപാലന വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളാണ് പുതിയ എയിംസ് സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. 

ആരോഗ്യ പരിപാലന രംഗത്ത് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് പരാമർശിച്ച ശ്രീമതി ശ്രീവാസ്തവ, ആരോഗ്യ മേഖലയിലെ നിർമ്മിതബുദ്ധി സംബന്ധിച്ച ഗവണ്മെന്റിന്റെ സംരംഭങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞു ; ഐ.ഐ.ടി കാൺപൂരുമായി സഹകരിച്ച് ആരോഗ്യ രംഗത്തെ നിർമ്മിതബുദ്ധി എന്നതിനായി അടുത്തിടെ സമാരംഭിച്ച തന്ത്രം ഉൾപ്പെടെ, നിർമ്മിതബുദ്ധി അധിഷ്ഠിത ആരോഗ്യ പരിപാലന ഉപകരണങ്ങളുടെ മാനദന്ധം നിശ്ചയിക്കുന്ന നാഷണൽ ഹെൽത്ത് അതോറിറ്റി വികസിപ്പിച്ചെടുത്ത 'ഭാഷിണി' എന്ന ഓപ്പൺ ഡാറ്റ പ്ലാറ്റ്‌ഫോമിനെക്കുറിച്ചും അവർ പരാമർശിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഗവേഷണം, നൂതനാശയം, വാണിജ്യ വികസനം എന്നിവ സുഗമമാക്കുന്ന രീതിയിലാണ് നിയമ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് ശ്രീമതി ശ്രീവാസ്തവ ഊന്നിപ്പറഞ്ഞു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) നടപ്പിലാക്കുന്ന പരിഷ്കാരങ്ങളെ പരാമർശിച്ചുകൊണ്ട്, കുറഞ്ഞ അപകടസാധ്യതയുള്ള മരുന്നുകളുടെ നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ടെസ്റ്റ് ലൈസൻസുകളുമായി ബന്ധപ്പെട്ട ആവശ്യകതകളിൽ ഇളവ് വരുത്തുന്നതിനുമുള്ള ശ്രമങ്ങൾ അവർ എടുത്തുപറഞ്ഞു. “ചില ജനറിക് മരുന്നുകളുടെ, പ്രത്യേകിച്ച് കുറഞ്ഞ അപകടസാധ്യതയുള്ള വിഭാഗങ്ങളുടെ ബയോഅവൈലബിലിറ്റി, ബയോഇക്വിവാലൻസ് (bioequivalence) പഠനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്”എന്നും അവർ വ്യക്തമാക്കി. “സമാനമായ പരിഷ്കാരങ്ങൾ മെഡിക്കൽ ഉപകരണ മേഖലയിലും കൊണ്ടുവരുന്നുണ്ട്,” അവർ കൂട്ടിച്ചേർത്തു.

കരിയറിലുടനീളം പഠനം തുടരാൻ വിദ്യാർത്ഥികളെ ഉപദേശിച്ച ശ്രീമതി ശ്രീവാസ്തവ, അറിവും സാങ്കേതികവിദ്യയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിക്കുകയും ആരോഗ്യ പരിപാലന മേഖലയിൽ എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. രോഗികളോട് എപ്പോഴും അനുകമ്പയുള്ളവരായിരിക്കാൻ ബിരുദധാരികളോട് അവർ അഭ്യർത്ഥിച്ചു; കാരുണ്യത്തിനും ആശയവിനിമയത്തിനും രോഗിയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ടീം വർക്കിന്റെയും ധാർമ്മിക പെരുമാറ്റത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ആരോഗ്യ മേഖലയിൽ നവീകരണം കൊണ്ടുവരുന്നതിന് എൻജിനീയർമാരും ഡോക്ടർമാരും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് ശ്രീമതി ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. “വികസിത ഭാരതം” കെട്ടിപ്പടുക്കുന്നതിൽ ധാർമ്മിക പെരുമാറ്റവും സമഗ്രതയും നിർണായക പങ്ക് വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, നൂതനാശയങ്ങളിലൂടെയും ഗവേഷണത്തിലൂടെയും സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെ അവർ അഭിനന്ദിച്ചു; അതിന്റെ പ്രവർത്തനം ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ബിരുദം നേടുന്ന വിദ്യാർത്ഥികൾ അവരുടെ ഭാവി പ്രൊഫഷണൽ യാത്രകളിൽ ഇതേ നവീകരണത്തിന്റെയും സേവനത്തിന്റെയും ശാസ്ത്രീയ മികവിന്റെയും മനോഭാവം മുന്നോട്ട് കൊണ്ടുപോകണമെന്ന് ശ്രീമതി ശ്രീവാസ്തവ അഭ്യർത്ഥിച്ചു.

ഡി.എം പ്രോഗ്രാമുകളിലെ (കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി, കാർഡിയാക് ഇമേജിംഗ് ആൻഡ് വാസ്കുലാർ ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ അനസ്തേഷ്യ, ന്യൂറോ അനസ്തേഷ്യ) 29 വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 130 പേർക്ക് ബിരുദങ്ങൾ നൽകി; കാർഡിയോവാസ്കുലാർ ആൻഡ് തൊറാസിക് സർജറി, വാസ്കുലാർ സർജറി, ന്യൂറോ സർജറി എന്നിവയുൾപ്പെടെയുള്ള എം.സി.എച്ച് (MCh) പ്രോഗ്രാമുകളിലെ 7 വിദ്യാർത്ഥികൾ; പോസ്റ്റ്-ഡോക്ടറൽ (Post DM/MCh./DNB) ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലെ 15 വിദ്യാർത്ഥികൾ; മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്തിലെ (MPH) 40 വിദ്യാർത്ഥികൾ; ട്രാൻസ്ഫ്യൂഷൻ ട്രാൻസ്മിറ്റഡ് ഡിസീസ് ടെസ്റ്റിംഗ്, ന്യൂറോപതോളജി എന്നിവയിലെ പോസ്റ്റ്-ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലെ 4 വിദ്യാർത്ഥികൾ; പിഎച്ച്.ഡി നേടിയ 11 പേർ ; ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളിലെ 22 വിദ്യാർത്ഥികൾ; ന്യൂറോളജിക്കൽ സയൻസസിലെ എ.സി.പി (ACP)-യിലെ 2 പേർ എന്നിവരാണ് ബിരുദങ്ങൾ ഏറ്റുവാങ്ങിയത്.

ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ഇൻസ്റ്റിറ്റ്യൂട്ടിലെ മികച്ച അധ്യാപകർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ്ണ ജൂബിലി ലോഗോയും ചടങ്ങിന്റെ സ്മരണാർത്ഥമുള്ള പ്രത്യേക ഗാനവും ബിരുദദാന ചടങ്ങിൽ പ്രകാശനം ചെയ്തു.

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനും സഹ സ്ഥാപകനുമായ ഡോ. കൃഷ്ണ എം. എല്ല, ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. എസ്‌.സി.ടി.ഐ.എം.എസ്.ടി (SCTIMST) പ്രസിഡന്റ് ശ്രീ ക്രിസ് ഗോപാലകൃഷ്ണൻ, എസ്‌.സി.ടി.ഐ.എം.എസ്.ടി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, വിശിഷ്ട വ്യക്തികൾ, ഫാക്കൽറ്റികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

-NK-


( റിലീസ് ഐ.ഡി: 2261830) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil