ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

കോമൺ ക്രൈറ്റീരിയ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (CCDB) അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു

പോസ്റ്റഡ് ഓണ്‍: 14 MAY 2026 6:20PM by PIB Thiruvananthpuram

അന്താരാഷ്ട്ര ഐടി സുരക്ഷാ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പങ്ക് പ്രതിഫലിപ്പിക്കുന്ന അഭിമാനകരമായ ഉത്തരവാദിത്തമായി, 2026 ഏപ്രിൽ മുതൽ 2028 ഏപ്രിൽ വരെയുള്ള കാലയളവിലേക്ക് കോമൺ ക്രൈറ്റീരിയ ഡെവലപ്‌മെൻ്റ്  ബോർഡിൻ്റെ (CCDB) അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യയെ നാമനിർദ്ദേശം ചെയ്തു.  2026 ഏപ്രിൽ 14 മുതൽ 16 വരെ ജപ്പാനിലെ ടോക്കിയോയിൽ നടന്ന കോമൺ ക്രൈറ്റീരിയ റെക്കഗ്നിഷൻ അറേഞ്ച്‌മെൻ്റിൻ്റെ (CCRA) ആദ്യ പാദത്തിലെ യോഗത്തിലാണ് നേതൃസ്ഥാനം സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്.

 

ഐടി സുരക്ഷാ സർട്ടിഫിക്കറ്റുകൾക്ക് അതിർത്തികൾക്കപ്പുറം പരസ്പര അംഗീകാരം സാധ്യമാക്കുന്ന  അടിസ്ഥാന അന്താരാഷ്ട്ര ഉടമ്പടിയാണ് കോമൺ ക്രൈറ്റീരിയ റെക്കഗ്നിഷൻ അറേഞ്ച്‌മെൻ്റ്  (CCRA). ഉന്നത തല നയരൂപീകരണ സമിതികൾക്കപ്പുറം, ലോകമെമ്പാടുമുള്ള സർട്ടിഫൈ ചെയ്ത സുരക്ഷിത ഐടി ഉൽപ്പന്നങ്ങളുടെ 'ആധികാരികമായ ഏക സ്രോതസ്സായി' പ്രവർത്തിക്കുന്ന കോമൺ ക്രൈറ്റീരിയ പോർട്ടലിൻ്റെ വിശ്വാസ്യത നിലനിർത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകളിലൂടെയും ഭരണപരമായ പ്രോട്ടോക്കോളുകളിലൂടെയുമാണ് CCRA പ്രവർത്തിക്കുന്നത്.

 

കോമൺ ക്രൈറ്റീരിയ (CC), കോമൺ മെത്തഡോളജി ഫോർ ഇൻഫർമേഷൻ ടെക്നോളജി സെക്യൂരിറ്റി ഇവാലുവേഷൻ (CEM) എന്നിവയുടെ അന്താരാഷ്ട്ര പ്രവർത്തന പദ്ധതികൾ കൈകാര്യം ചെയ്തുകൊണ്ട്, CCRA-യുടെ സാങ്കേതിക കേന്ദ്രമായി CCDB പ്രവർത്തിക്കുന്നു. മറ്റ് CCRA ഗ്രൂപ്പുകൾ നയപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ആഗോള ഐടി ഉൽപ്പന്നങ്ങളെ സുരക്ഷിതമാക്കുന്ന സാങ്കേതിക മാനദണ്ഡങ്ങളിലും മൂല്യനിർണ്ണയ മാനദണ്ഡങ്ങളിലുമാണ് CCDB ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

2013 സെപ്റ്റംബർ 16 മുതൽ ഒരു സർട്ടിഫിക്കറ്റ് ഓതറൈസിംഗ് നേഷൻ എന്ന നിലയിൽ ഇന്ത്യ CCRA-യിലെ സജീവ അംഗമാണ്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയവും (MeitY), ഇന്ത്യയിലെ ഐടി സുരക്ഷാ മൂല്യനിർണ്ണയങ്ങളുടെ ഔദ്യോഗിക സർട്ടിഫിക്കേഷൻ ബോഡിയായി പ്രവർത്തിക്കുന്ന STQC ഡയറക്ടറേറ്റ് എന്നിവ വഴിയാണ് ഇന്ത്യ ഈ ഉത്തരവാദിത്തം നിർവ്വഹിക്കുന്നത്.

 

CCRA മാനദണ്ഡങ്ങൾ അനുസരിച്ച്, കോമൺ ക്രൈറ്റീരിയ പ്രകാരം മൂല്യനിർണ്ണയം നടത്തിയ ഉൽപ്പന്നങ്ങൾക്ക് അംഗരാജ്യങ്ങൾ നല്കുന്ന സർട്ടിഫിക്കറ്റുകൾ വീണ്ടും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ലാതെ തന്നെ പരസ്പരം അംഗീകരിക്കപ്പെടുന്നു. ഇത് സുരക്ഷിതമായ ഐടി ഉൽപ്പന്നങ്ങളുടെ തടസ്സമില്ലാത്ത അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നു.

CCRA-യിൽ സർട്ടിഫിക്കറ്റ് നല്കാൻ അധികാരമുള്ള 20 രാജ്യങ്ങളും, സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്ന/ഉപയോഗപ്പെടുത്തുന്ന 18 രാജ്യങ്ങളും ഉൾപ്പെടുന്നു. സർട്ടിഫൈ ചെയ്ത സുരക്ഷിത ഐടി ഉൽപ്പന്നങ്ങളുടെ ആഗോളതലത്തിലുള്ള ആധികാരിക ശേഖരമായി പ്രവർത്തിക്കുന്ന കോമൺ ക്രൈറ്റീരിയ പോർട്ടലിൻ്റെ  വിശ്വാസ്യത ഈ രാജ്യങ്ങൾ സംയുക്തമായി ഉറപ്പുവരുത്തുന്നു.

 

ഇന്ത്യ CCDB അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് രാജ്യത്തിൻ്റെ സാങ്കേതിക ശേഷിയെയും ആഗോള ഐടി സുരക്ഷാ മാനദണ്ഡങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയേയും പ്രകടമാക്കുന്നു. ഈ നേതൃസ്ഥാനം അന്താരാഷ്ട്ര സുരക്ഷാ മൂല്യനിർണ്ണയ രീതികൾ നിർവ്വചിക്കുന്നതിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുകയും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് പ്രാധാന്യമുള്ളവ, ആഗോള മാനദണ്ഡങ്ങളുടെ ചട്ടക്കൂടിൽ കൃത്യമായി പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. രണ്ട് വർഷത്തെ ഈ കാലാവധി, ലോകമെമ്പാടുമുള്ള ഐടി സുരക്ഷാ സർട്ടിഫിക്കേഷൻ്റെ ഭാവി രൂപപ്പെടുത്തുന്ന നിർണ്ണായക തീരുമാനങ്ങളെ സ്വാധീനിക്കാൻ ഇന്ത്യയ്ക്ക് അവസരം നല്കുന്നു.

****

 

 

 


( റിലീസ് ഐ.ഡി: 2261231) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil