കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

37,500 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 13 MAY 2026 3:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം, 37,500 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി.

ഇന്ത്യയുടെ കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പരിപാടി വേഗത്തിലാക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പാണ് ഈ പദ്ധതി. 2030-ഓടെ 100 ദശലക്ഷം ടൺ കൽക്കരി വാതകവൽക്കരിക്കുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനും ഊർജ സുരക്ഷ കരുത്തുറ്റതാക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ, എൽഎൻജി (50 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നത്), യൂറിയ (~20% ഇറക്കുമതി), അമോണിയ (~100% ഇറക്കുമതി), മെഥനോൾ (~80–90% ഇറക്കുമതി) തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.

പ്രധാനപ്പെട്ട അനുബന്ധ പരിഷ്കാരം എന്ന നിലയിൽ, നോൺ-റെഗുലേറ്റഡ് സെക്ടറിലെ (NRS) ലിങ്കേജ് ലേല ചട്ടക്കൂടിന് കീഴിലുള്ള “സിൻഗ്യാസ് ഉൽപ്പാദനംവഴി കൽക്കരി വാതകവൽക്കരണം” എന്ന ഉപവിഭാഗത്തിന് കീഴിൽ കൽക്കരി ലിങ്കേജ് കാലാവധി 30 വർഷം വരെ ഗവണ്മെന്റ് ദീർഘിപ്പിച്ചു. ഇത് കൽക്കരി വാതകവൽക്കരണ പദ്ധതികളിലെ നിക്ഷേപത്തിന്  നയപരമായ ദീർഘകാല ഉറപ്പ് നൽകുന്നു.


പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

* ഏകദേശം 75 ദശലക്ഷം ടൺ കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണം ലക്ഷ്യമിട്ട്, സിൻഗ്യാസും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കുന്ന പുതിയ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 37,500 കോടി രൂപയുടെ ആകെ സാമ്പത്തിക വിഹിതം.
* പ്ലാന്റ്, യന്ത്രങ്ങൾ എന്നിവയുടെ ചെലവിന്റെ പരമാവധി 20 ശതമാനം വരെ സാമ്പത്തിക ആനുകൂല്യം നൽകും.
* പദ്ധതി ചെലവ്, കൽക്കരി ഉപയോഗം, സിൻഗ്യാസ് ഉൽപ്പാദനം എന്നിവ വിലയിരുത്തുന്ന സുതാര്യവും മത്സരപരവുമായ ലേല പ്രക്രിയയിലൂടെയുള്ള തിരഞ്ഞെടുപ്പ്.
* പദ്ധതിയുടെ വിവിധ ഘട്ടങ്ങളുമായി ബന്ധിപ്പിച്ച് നാല് തുല്യ ഗഡുക്കളായി ആനുകൂല്യം വിതരണം ചെയ്യും.
* ഏത് ഏക പദ്ധതിക്കും നൽകുന്ന സാമ്പത്തിക ആനുകൂല്യം പരമാവധി 5,000 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുന്നു; ഏതെങ്കിലും ഉൽപ്പന്നത്തിന് (സിന്തറ്റിക് നാച്ചുറൽ ഗ്യാസ്, യൂറിയ എന്നിവയൊഴികെ) ഇത് 9,000 കോടി രൂപയും, ഒരു സ്ഥാപനത്തിന്/ഗ്രൂപ്പിന് എല്ലാ പദ്ധതികളിലുമായി ആകെ 12,000 കോടി രൂപയുമാണ് പരിധി.
* ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യം, വാണിജ്യ കൽക്കരി ഖനന വ്യവസ്ഥയിലോ മറ്റ് കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ് മന്ത്രാലയങ്ങളുടെ പദ്ധതികളിലോ ഉള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ്; ഇത് മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമാകില്ല.
* പദ്ധതി ഒരു പ്രത്യേക സാങ്കേതികവിദ്യയോടും ബന്ധപ്പെട്ടു നിൽക്കുന്നതല്ല; തദ്ദേശീയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കും.


തന്ത്രപരവും സാമ്പത്തികവുമായ നേട്ടങ്ങൾ:

* പ്രതീക്ഷിത നിക്ഷേപം: 2.5 മുതൽ 3.0 ലക്ഷം കോടി രൂപ വരെ നിക്ഷേപം സമാഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
* ഊർജ സുരക്ഷയും ഇറക്കുമതി ബദലും: കൽക്കരി വിഭവങ്ങളുടെ വൈവിധ്യമാർന്ന ഉപയോഗം സാധ്യമാക്കുന്നതിലൂടെ എൽഎൻജി, യൂറിയ, അമോണിയ, അമോണിയം നൈട്രേറ്റ്, മെഥനോൾ, കോക്കിങ് കോൾ എന്നിവയുടെ ഇറക്കുമതിക്ക് ബദൽ കണ്ടെത്താനാകും. ഇത് ആഗോള വിലക്കയറ്റത്തിൽ നിന്നും ഭൗമരാഷ്ട്രീയ വിതരണ ശൃംഖലയിലെ തടസ്സങ്ങളിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കുന്നതിനൊപ്പം ആത്മനിർഭർ ഭാരത്, മേയ്ക്ക് ഇൻ ഇന്ത്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.
* തൊഴിലവസരങ്ങൾ: കൽക്കരി ഉൽപ്പാദന മേഖലകളിലെ 25 പദ്ധതികളിലായി ഏകദേശം 50,000 (നേരിട്ടും അല്ലാതെയും) തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
* ഗവണ്മെന്റുകൾക്കുള്ള വരുമാനം: പദ്ധതി പ്രകാരം വിഭാവനം ചെയ്തിട്ടുള്ള 75 ദശലക്ഷം ടൺ വാതകവൽക്കരണത്തിലൂടെ കൽക്കരി/ലിഗ്നൈറ്റ് ഉപയോഗത്തിലൂടെ പ്രതിവർഷം 6,300 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ജിഎസ്ടിയിലൂടെയും മറ്റ് നികുതികളിലൂടെയും അനുബന്ധ വരുമാനവും ലഭിക്കും.
* സാങ്കേതിക ആവാസവ്യവസ്ഥ: തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലൂടെയും വിദേശ EPC കരാറുകാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ഇന്ത്യയുടെ ആഭ്യന്തര ഉപരിതല കൽക്കരി വാതകവൽക്കരണ ശേഷി കരുത്തുറ്റതാക്കുന്നു.


പശ്ചാത്തലം:

ലോകത്തിലെ ഏറ്റവും വലിയ കൽക്കരി നിക്ഷേപങ്ങളിലൊന്നും (~401 ശതകോടി ടൺ) ലിഗ്നൈറ്റ് നിക്ഷേപങ്ങളിലൊന്നും (~47 ശതകോടി ടൺ) ഇന്ത്യക്കുണ്ട്. രാജ്യത്തെ ഊർജ ഉപയോഗത്തിന്റെ 55 ശതമാനത്തിലധികം കൽക്കരിയിൽനിന്നാണ് ലഭിക്കുന്നത്. കൽക്കരിയെയും ലിഗ്നൈറ്റിനെയും 'സിന്തസിസ് ഗ്യാസ്' (സിൻഗ്യാസ്) ആയി വാതകവൽക്കരണം മാറ്റുന്നു. ആഭ്യന്തരമായി ഇന്ധനങ്ങളും രാസവസ്തുക്കളും നിർമിക്കുന്നതിനുള്ള വൈവിധ്യമാർന്ന അസംസ്‌കൃത വസ്തുവായി ഇതിനെ ഉപയോഗിക്കാം. ഇത് വലിയ തുക ചെലവാക്കിയുള്ള ഇറക്കുമതി ഒഴിവാക്കാനും ആഗോള വിതരണ തടസ്സങ്ങളിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനും ഇന്ത്യയെ പ്രാപ്തമാക്കുന്നു.

2025 സാമ്പത്തിക വർഷത്തിൽ എൽഎൻജി, യൂറിയ, അമോണിയം നൈട്രേറ്റ്, അമോണിയ, കോക്കിങ് കോൾ, മെഥനോൾ, ഡിഎംഇ തുടങ്ങിയ പ്രധാന ഇറക്കുമതി ഉൽപ്പന്നങ്ങൾക്കായി ഇന്ത്യ ചിലവഴിച്ചത് ഏകദേശം 2.77 ലക്ഷം കോടി രൂപയാണ്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യം ഈ മേഖലയിലെ  സുരക്ഷിതത്വമില്ലായ്മ കൂടുതൽ പ്രകടമാക്കുന്നു.

ദേശീയ കൽക്കരി വാതകവൽക്കരണ  ദൗത്യത്തിന്റെ (2021) അടിത്തറയിൽ നിന്നുകൊണ്ടും, 2024 ജനുവരിയിൽ അംഗീകരിച്ച 8,500 കോടി രൂപയുടെ പദ്ധതിയുടെ (ഇതനുസരിച്ച് 6,233 കോടി രൂപയുടെ 8 പദ്ധതികൾ ഇപ്പോൾ നടപ്പാക്കുന്നു) തുടർച്ചയായുമാണ് പുതിയ പദ്ധതി വരുന്നത്. നിലവിലെ പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണ നൽകി, കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഈ പുതിയ പദ്ധതി സഹായിക്കുന്നു.

***

SK


( റിലീസ് ഐ.ഡി: 2260664) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Bengali-TR , English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada