ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഡിജിലോക്കര്‍ സംയോജനത്തില്‍ മികച്ച നേട്ടം കൈവരിച്ച അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ആദരം
പോസ്റ്റഡ് ഓണ്‍:
12 MAY 2026 6:21PM by PIB Thiruvananthpuram
രാജ്യത്തുടനീളം പൊതുജന സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഡിജിലോക്കര്‍ സംയോജന പ്രവര്‍ത്തനങ്ങള്‍ ദേശീയ ഇ-ഗവേണന്‍സ് വിഭാഗം തുടര്‍ച്ചയായി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ സേവന സംവിധാനങ്ങളെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച ദേശീയ ഇ-ഗവേണന്‍സ് വിഭാഗം ഈ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് സംസ്ഥാനങ്ങളെ ആദരിച്ചു. സംസ്ഥാനതല വിവരശേഖരങ്ങളുടെ സൈബര്‍ സുരക്ഷാ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2026 മെയ് 11ന് സംഘടിപ്പിച്ച ദേശീയ ശില്പശാലയിലായിരുന്നു ആദരം.
വിപുലമായ ഡിജിലോക്കര്‍ സംയോജനത്തിനും സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചതിനും ഗുജറാത്ത്, കര്‍ണാടക, കേരളം, നാഗാലാന്‍ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയും സംസ്ഥാന ഐടി മിഷന്‍ സംഘങ്ങളെയുമാണ് ചടങ്ങില്‍ ആദരിച്ചത്. കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയ ജോയിന്റ് സെക്രട്ടറിയും ദേശീയ ഇഗവേണന്‍സ് വിഭാഗം സി.ഇ.ഒയുമായ ശ്രീ. നന്ദ് കുമാരം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ. കെ. കെ. സിങ്, ഇന്ത്യന്‍ കംപ്യൂട്ടര്‍ അടിയന്തര പ്രതികരണ സംഘം ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് ബാല്‍, ദേശീയ ഇന്‍ഫര്‍മാറ്റിക്‌സ് കേന്ദ്രം ഗ്രൂപ്പ് മേധാവി ശ്രീ. വി. ടി. വി. രമണ, ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയത്തിലെ സൈബര്‍ സെക്യൂരിറ്റി വിഭാഗം ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ശ്രീമതി സവിത ഉത്രേജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ വഴി രേഖകള്‍ ലഭ്യമാക്കുന്നത് ലളിതമാക്കിയതിനും പൗരന്മാരുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനും ആദരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ താഴെ:
ഗുജറാത്ത്: സംസ്ഥാനത്തെ 65% സേവനങ്ങളും ഡിജിലോക്കറുമായി ബന്ധിപ്പിച്ചു. 1.92 കോടിയിലധികം പൗരന്മാരിലേക്ക് സേവനമെത്തിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ബസ് യാത്രയ്ക്ക് ഡിജിറ്റല്‍ സാക്ഷ്യപത്രങ്ങള്‍ ഏര്‍പ്പെടുത്തിയ നൂതന പദ്ധതിക്കും ഗുജറാത്ത് അംഗീകാരം നേടി.
കര്‍ണാടക: 73% സര്‍ക്കാര്‍ സേവനങ്ങളും ഡിജിലോക്കറുമായി സംയോജിപ്പിച്ചു. 2.7 കോടിയിലധികം പേര്‍ ഡിജിലോക്കര്‍ ഉപയോഗിക്കുന്ന കര്‍ണാടകയാണ് ഈ പട്ടികയില്‍ മുന്നില്‍. അഞ്ച് വൈദ്യുതി വിതരണ കമ്പനികളെ അതിവേഗം ഇതില്‍ ഉള്‍പ്പെടുത്തിയതിലൂടെ 3 കോടി ബില്ലുകള്‍ ഡിജിറ്റലാക്കി മാറ്റാന്‍ കര്‍ണാടകയ്ക്ക് സാധിച്ചു.
കേരളം: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ 117ലധികം സേവനങ്ങള്‍ വെറും 7 ദിവസത്തിനകം ഡിജിലോക്കറുമായി ബന്ധിപ്പിച്ചു. 1.15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ കേരളത്തിലുണ്ട്.
നാഗാലാന്‍ഡ്: 'ഡിജിറ്റല്‍ റൈസിങ് സ്‌റ്റേറ്റ്' ആയി നാമനിര്‍ദേശം ചെയ്യപ്പെട്ട നാഗാലാന്‍ഡിന് കേവലം ഒരു മാസത്തിനകം 32ലേറെ സേവനങ്ങള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കാന്‍ സാധിച്ചു. വിവരങ്ങള്‍ നല്‍കുന്ന 'ഇഷ്യൂവര്‍', വിവരങ്ങള്‍ സ്വീകരിക്കുന്ന 'റിക്വസ്റ്റര്‍' എന്നീ രണ്ട് മാതൃകകളിലും ഡിജിലോക്കര്‍ സംയോജനം പൂര്‍ത്തിയാക്കിയ നാഗാലാന്‍ഡ് ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ കൈവരിച്ച മികച്ച നേട്ടം ഇതിലൂടെ തെളിയിച്ചു.
രാജസ്ഥാന്‍: കുടുംബ രജിസ്റ്ററായ ജന്‍ആധാര്‍ ഡിജിലോക്കറുമായി ബന്ധിപ്പിച്ചു. 7.5 കോടിയിലധികം പൗരന്മാരിലേക്ക് ഈ സേവനമെത്തുന്നു. വൈദ്യുതി ബില്ലുകള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ രാജസ്ഥാന്‍ അതിവേഗം ഡിജിലോക്കറില്‍ ലഭ്യമാക്കി.
സഹകരണപരമായ ഡിജിറ്റല്‍ ഭരണനിര്‍വഹണത്തിന്റെ പ്രാധാന്യം ചടങ്ങില്‍ എടുത്തുപറഞ്ഞ ശ്രീ. നന്ദ് കുമാരം ഡിജിലോക്കര്‍ പോലെ സുരക്ഷിതവും പരസ്പരബന്ധിതവും പൗരകേന്ദ്രീകൃതവുമായ സംവിധാനങ്ങള്‍ വിശ്വസനീയ ഡിജിറ്റല്‍ ഭരണനിര്‍വഹണമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.
കരുത്തുറ്റതും സുരക്ഷിതവും പൗരകേന്ദ്രീകൃതവുമായ ഡിജിറ്റല്‍ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത ആവര്‍ത്തിക്കുന്നതായിരുന്നു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ആദരം. ഒപ്പം വിപുലീകരിക്കാവുന്നതും പരസ്പരബന്ധിതവുമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൊതുസേവന വിതരണത്തില്‍ അവലംബിക്കാന്‍ ഈ നേട്ടം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.





***
( റിലീസ് ഐ.ഡി: 2260458)
സന്ദര്‍ശക കൗണ്ടര്‍ : 6