ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

സ്വതന്ത്ര ഇന്ത്യയിലെ സാങ്കേതിക പരിവർത്തനത്തിൻ്റെ ഭൂരിഭാഗവും നടന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണെന്ന് ‘ദേശീയ സാങ്കേതികവിദ്യാ ദിന’ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു

പോസ്റ്റഡ് ഓണ്‍: 11 MAY 2026 4:45PM by PIB Thiruvananthpuram

നിർണ്ണായക നയ പരിഷ്കാരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കുള്ള ശക്തമായ രാഷ്ട്രീയ പിന്തുണ, മെച്ചപ്പെട്ട ഗവേഷണ സ്വാതന്ത്ര്യം, സ്വകാര്യ മേഖലയുടെ വർദ്ധിച്ച പങ്കാളിത്തം എന്നിവയിലൂടെ സ്വതന്ത്ര ഇന്ത്യയിലെ സാങ്കേതിക പരിവർത്തനത്തിൻ്റെ ഭൂരിഭാഗവും സംഭവിച്ചത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണെന്ന് ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ, പൊതുജന പരാതി പരിഹാരം, പെൻഷൻ, ആറ്റോമിക് എനർജി, ബഹിരാകാശം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു.

ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ച് BRIC-NII-ൽ സംഘടിപ്പിച്ച 'വിജ്ഞാൻ ടെക് 2026' -ൻ്റെ  ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും ശാസ്ത്ര പ്രതിഭകളും കഴിവുള്ള മനുഷ്യവിഭവശേഷിയും ഉണ്ടായിരുന്നുവെന്നും എന്നാൽ 2014-ന് ശേഷം ശാസ്ത്രത്തിനും നൂതനാശയങ്ങൾക്കും അഭൂതപൂർവ്വമായ ദേശീയ മുൻഗണന ലഭിച്ചതായും, അതിൻ്റെ ഫലമായി വിവിധ മേഖലകളിൽ ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റം ഉണ്ടായതായും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

2014-ൽ വെറും 350-400 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഇന്ന് രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളായി വളർന്നിട്ടുണ്ടെന്നും, ഇത് ഇന്ത്യയെ ലോകത്തിലെ  മൂന്നാമത്തെ വലിയ  സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറ്റിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഗോള നൂതനാശയ സൂചിക റാങ്കിംഗ് 80-ൽ നിന്ന് 38 ആയി മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഒരു ലക്ഷത്തിലധികം പേറ്റൻ്റുകൾ ഫയൽ ചെയ്തുകൊണ്ട് പേറ്റൻ്റുകളുടെ കാര്യത്തിൽ രാജ്യം ഇന്ന് ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്. ഇതിൽ 55 ശതമാനത്തിലധികവും ഇന്ത്യക്കാരാണ് ഫയൽ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും നൂതനാശയങ്ങളിൽ അധിഷ്ഠിതമായ ഗവേഷണങ്ങളിലും ഇന്ത്യ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഡോ. ജിതേന്ദ്ര സിംഗ് പ്രദർശനം ഉദ്ഘാടനം ചെയ്യുകയും, ‘വികസിത ഭാരതത്തിനായി ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഏകദിന പരിപാടിയിൽ പങ്കെടുത്ത പ്രദർശകരുമായി സംവദിക്കുകയും ചെയ്തു. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട പതിനാല് മന്ത്രാലയങ്ങളേയും വകുപ്പുകളേയും ആദ്യമായി ഒരു പൊതുവേദിയിൽ കൊണ്ടുവന്ന പരിപാടിയാണിത്.

പങ്കെടുത്ത മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളും ലബോറട്ടറികളും വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന ‘ടെക്-സംഗ്രഹ്’  എന്ന സമാഹാരത്തിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. കൂടാതെ സാങ്കേതികവിദ്യാ കൈമാറ്റ സംരംഭങ്ങളും ധാരണാപത്രങ്ങളുടെ കൈമാറ്റവും ഇതിൻ്റെ ഭാഗമായി നടന്നു.

കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ്, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറിയും BRIC ഡയറക്ടർ ജനറലും BIRAC ചെയർമാനുമായ ഡോ. രാജേഷ് എസ്. ഗോഖലെ, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ, ഡി.എസ്.ടി, സി.എസ്.ഐ.ആർ, ഐ.സി.എം.ആർ, നീതി ആയോഗ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് ശാസ്ത്ര സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ വായിച്ചു. ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഇന്ത്യയുടെ നൂതനാശയ, ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം ശാസ്ത്ര മന്ത്രാലയങ്ങളും വകുപ്പുകളും ഒരൊറ്റ വേദിയിൽ ഒത്തുചേർന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ദശകത്തിൽ ആരംഭിച്ച നിരവധി നാഴികക്കല്ലായ സംരംഭങ്ങൾ ഇന്ത്യയെ മുൻനിര ശാസ്ത്ര രാജ്യങ്ങളിൽ ഒന്നായി ഉയർത്തിയതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ദേശീയ ക്വാണ്ടം ദൗത്യം, ഇന്ത്യ എഐ ദൗത്യം, അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, ഗവേഷണ വികസന നൂതനാശയ സംരംഭം, വനിതാ ശാസ്ത്രജ്ഞർക്കായുള്ള വൈസ്-കിരൺ പദ്ധതി, സ്റ്റാർട്ടപ്പുകൾക്കായുള്ള നിധി പ്രോഗ്രാം എന്നിവയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, നൂതനാശയങ്ങൾക്കും സംരംഭകത്വത്തിനും എല്ലാവരേയും ഉൾക്കൊള്ളുന്ന ശാസ്ത്രീയ വളർച്ചയ്ക്കും വേണ്ടിയുള്ള അവസരങ്ങൾ ഗവൺമെൻറ് നിരന്തരമായി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവേഷണ, നൂതനാശയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി, ഉദാരവൽക്കരിച്ച സംഭരണ മാനദണ്ഡങ്ങളും, ആഗോള ടെണ്ടർ അന്വേഷണങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ അനുവദിക്കാനുള്ള അധികാരം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാർക്ക് കൈമാറിയതും ഉൾപ്പെടെ, ശാസ്ത്ര സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരവും പ്രവർത്തന സ്വാതന്ത്ര്യവും നല്കുന്നതിനായി നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.

ശാസ്ത്ര സ്ഥാപനങ്ങൾക്കിടയിൽ ആഴത്തിലുള്ള സഹകരണം വേണമെന്ന് ആഹ്വാനം ചെയ്ത ഡോ. ജിതേന്ദ്ര സിംഗ്, മന്ത്രാലയങ്ങൾക്കുള്ളിലെ ഏകോപനത്തിനപ്പുറം കൂടുതൽ വിപുലമായ അന്തർ-ശാസ്ത്ര സംയോജനത്തിലേക്ക് നീങ്ങേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വാക്സിനുകൾ, ജീനോമിക്സ്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ സമാന വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ ദേശീയ നേട്ടങ്ങൾക്കായി ഒരു സഹകരണ ചട്ടക്കൂടിൽ ചേർന്ന് പ്രവർത്തിക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴിന പൊതു അഭ്യർത്ഥനയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, ആ അഭ്യർത്ഥന അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളാനും പാലിക്കാനും ഡോ. ജിതേന്ദ്ര സിംഗ് ശാസ്ത്ര സമൂഹത്തിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കേണ്ടതിൻ്റേയും സാധ്യമായ ഇടങ്ങളിലെല്ലാം കൂടുതൽ ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമായ രീതികൾ അവലംബിക്കേണ്ടതിൻ്റേയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു

വരും വർഷങ്ങളിൽ വികസിത ഭാരതത്തിനായുള്ള ഓരോ സംഭാവനയും പ്രത്യക്ഷമായോ പരോക്ഷമായോ ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുമെന്നും, ഇത് 2047-ലേക്കുള്ള രാജ്യത്തിൻ്റെ  പ്രയാണത്തിൽ ഇന്ത്യയുടെ ശാസ്ത്ര ആവാസവ്യവസ്ഥയെ കേന്ദ്രബിന്ദുവാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 

 
 
****

( റിലീസ് ഐ.ഡി: 2260003) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil