PIB Backgrounder
azadi ka amrit mahotsav

സോമനാഥ ക്ഷേത്രം: ഇന്ത്യയുടെ ശാശ്വത ചൈതന്യം

പോസ്റ്റഡ് ഓണ്‍: 08 MAY 2026 6:14PM by PIB Thiruvananthpuram

ഇന്ത്യയിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ സോമനാഥ ക്ഷേത്രത്തിന് ഭഗവാൻ ശിവൻ്റെ   പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രഥമ സ്ഥാനമുണ്ട്. 1026 മുതൽ ആവർത്തിച്ചുള്ള അധിനിവേശങ്ങൾ നേരിടേണ്ടി വന്നെങ്കിലും, വിശ്വാസത്തിൻ്റെയും ശക്തിയുടെയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തി ൻ്റെയും പ്രതീകമായി ക്ഷേത്രം നിലകൊണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൗരാണികമായ സാംസ്ക്കാരിക പുനരുജ്ജീവനത്തിൻ്റെ   പ്രതീകമായി 1951 ൽ നമ്മുടെ ദേശീയ നേതൃത്വം മുൻകൈയെടുത്ത് ക്ഷേത്രം പുനർനിർമ്മിക്കുകയും ഭക്തർക്കായി തുറന്നു കൊടുക്കുകയും ചെയ്തു.  ക്ഷേത്രത്തിനെതിരായ ആദ്യ ആക്രമണത്തിൻ്റെ   1000 വർഷവും, 1951 മെയ് മാസത്തിൽ അത് വീണ്ടും തുറന്നതിൻ്റെ   75 വർഷവും ആഘോഷിക്കുന്നതിനാണ് "സോമനാഥ് സ്വാഭിമാൻ പർവ്" ആചരിക്കുന്നത്. സോമനാഥ ക്ഷേത്രത്തിന് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം ആഘോഷിക്കുകയും അതിൻ്റെ   ശാശ്വത പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്നതിൻ്റെ   ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 11 ന് ക്ഷേത്രം സന്ദർശിക്കും.

സോമനാഥിൻ്റെ   പുണ്യതീരങ്ങൾ

ഗുജറാത്തിൻ്റെ   സൗരാഷ്ട്ര തീരത്ത് പ്രഭാസ് പടാനിൽ സ്ഥിതി ചെയ്യുന്ന സോമനാഥ്, ഇന്ത്യയിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ശിവപുരാണത്തിൽ പരാമർശിച്ചിരിക്കുന്ന പരമ പവിത്രമായ ജ്യോതിർലിംഗങ്ങളിലൊന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭഗവാൻ ശിവൻ, ഭഗവാൻ കൃഷ്ണൻ, ദേവീചൈതന്യമായ ശക്തി എന്നിവരുടെ ആരാധനയ്ക്കായി ക്ഷേത്രം അറിയപ്പെടുന്നു.

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം സോമനാഥിനെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിൽ ക്ഷേത്രത്തിനുള്ള പ്രമുഖ സ്ഥാനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

നൂറ്റാണ്ടുകൾക്കിടെ സോമനാഥ ക്ഷേത്രത്തെ പലതവണ ആക്രമണകാരികൾ ആക്രമിക്കുകയും  കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ ഓരോ തവണയും അർപ്പണബോധമുള്ള ഭക്തരും ഭരണാധികാരികളും ചേർന്ന് അത് പുനർനിർമ്മിക്കുകയും നഷ്ട പ്രതാപം വീണ്ടെടുക്കുകയും ചെയ്തു. ഇക്കാരണത്താൽ നൂറ്റാണ്ടുകൾ തുടർന്ന ആക്രമണങ്ങളിൽ വിജയം വരിച്ച ഇന്ത്യയുടെ പ്രതിരോധശേഷിയുടെ ശക്തമായ പ്രതീകമായി സോമനാഥ് നിലകൊള്ളുന്നു. നമ്മുടെ സാംസ്ക്കാരിക നൈരന്തര്യത്തെയും, നമ്മുടെ വിശ്വാസത്തിൻ്റെ   ആഴത്തെയും, കൂട്ടായ ദൃഢനിശ്ചയത്തിൻ്റെ   ശക്തിയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

സോമനാഥ്: കാലത്തെയും പരീക്ഷണങ്ങളെയും അതിജീവിച്ച ശാശ്വത ചൈതന്യം

പൗരാണിക ഇന്ത്യൻ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ് സോമനാഥ ക്ഷേത്രത്തൻ്റെ   ഉത്ഭവം. ഈ ക്ഷേത്രം ശിവൻ്റെയും ചന്ദ്രദേവൻ്റെയും ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു.  

നൂറ്റാണ്ടുകൾക്കിടെ, പുനർനിർമ്മാണത്തിൻ്റെ   പല ഘട്ടങ്ങൾക്ക് സോമനാഥ ക്ഷേത്രം സാക്ഷ്യം വഹിച്ചു. വിവിധ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിൻ്റെ   വ്യത്യസ്ത പതിപ്പുകളെക്കുറിച്ച് പുരാതന പാരമ്പര്യങ്ങൾ ഉദ്‌ഘോഷിക്കുന്നു,നവീകരണത്തിൻ്റെയും നൈരന്തര്യത്തിൻ്റെയും പ്രതീകമായി ക്ഷേത്രം ഇന്നും നിലകൊള്ളുന്നു.

സോമനാഥ ക്ഷേത്രത്തിൻ്റെ   ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടം ആരംഭിച്ചത് പതിനൊന്നാം നൂറ്റാണ്ടിലാണ്. 1026 ജനുവരിയിൽ, ക്ഷേത്രം ആദ്യമായി അധിനിവേശ ശക്തികളുടെ ആക്രമണത്തെ നേരിട്ടു. പതിനൊന്നാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ ക്ഷേത്രം ആവർത്തിച്ച് നശിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. ഒരു നീണ്ട ആക്രമണ കാലഘട്ടത്തിൻ്റെ   തുടക്കമായിരുന്നു ഇത്.

സോമനാഥ ക്ഷേത്രം നശിപ്പിക്കപ്പെട്ടപ്പോഴെല്ലാം, ഭക്തരായ അനുയായികളും രാജാക്കന്മാരും അത് പുനർനിർമ്മിക്കാൻ മുന്നോട്ടുവന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്ഷേത്രം പുനഃസ്ഥാപിച്ച കുമാരപാല രാജാവ് ഇവരിൽ പ്രമുഖനാണ്. പതിമൂന്നാം നൂറ്റാണ്ടിലാകട്ടെ ജുനഗഢിലെ രാജാവ് ഇത് പുനർനിർമ്മിച്ചു. പിന്നീട്, മറ്റൊരു ആക്രമണത്തിന് ശേഷം, ഇൻഡോറിലെ മറാത്ത രാജ്ഞി ലോക്മാതാ അഹല്യഭായ് ഹോൾക്കർ പതിനെട്ടാം നൂറ്റാണ്ടിൽ സോമനാഥിൽ ഒരു പുതിയ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു. നിരന്തര ആക്രമണങ്ങളും നാശങ്ങളും നേരിട്ടിട്ടും, സോമനാഥ് ജനഹൃദയങ്ങളിലും വിശ്വാസങ്ങളിലും ഓർമ്മകളിലും ജ്വലിച്ചു നിന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1947-ൽ സർദാർ വല്ലഭായ് പട്ടേൽ സോമനാഥിൻ്റെ   തകർന്ന് പോയ അവശിഷ്ടങ്ങൾ സന്ദർശിക്കുകയും ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.  ഇന്ത്യയുടെ സാംസ്കാരിക അഭിമാനവും ആത്മവിശ്വാസവും പുനരുജ്ജീവിപ്പിക്കുന്നതിന് ക്ഷേത്രം പുനഃസ്ഥാപിക്കുകയെന്നത് അതിപ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ശക്തമായ പൊതുജനപങ്കാളിത്തവും ദേശീയ ദൃഢനിശ്ചയവും കൈമുതലാക്കി, ക്ഷേത്രത്തിൻ്റെ   ഇപ്പോഴത്തെ ഘടന കൈലാസ മഹാമേരു പ്രസാദ് വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

1951 മെയ് 11 ന് ഒരു ചടങ്ങിൽ ഡോ. രാജേന്ദ്ര പ്രസാദ് സോമനാഥ ക്ഷേത്രത്തിൻ്റെ   ആചാരപരമായ സമർപ്പണം നിർവ്വഹിച്ചു. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും, ദേശീയ അഭിമാനത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ആത്മീയ നവോന്മേഷത്തിൻ്റെയും പ്രതീകമായി ക്ഷേത്രം നിലകൊള്ളുന്നു.

 വീർ ഹമിർജി ഗോഹിൽ: ചരിത്രത്തെയും ലിഖിതങ്ങളെയും അതിജീവിക്കുന്ന സ്മരണകൾ

സോമനാഥ ക്ഷേത്രത്തിൻ്റെ   കഥ രൂപപ്പെട്ടിരിക്കുന്നത് സദാ സ്മരിക്കപ്പെടുന്ന ധൈര്യശാലികളായ വ്യക്തികളിലൂടെയാണ്.

അത്തരമൊരു വീരപുരുഷനാണ് വീർ ഹാമിർജി ഗോഹിൽ.  

എ.ഡി. 1299-ൽ സഫർ ഖാൻ്റെ   നേതൃത്വത്തിലുള്ള ആക്രമണത്തിൽ നിന്ന് സോമനാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ചതിന് ചരിത്രത്തിൽ ശാശ്വത പ്രതിഷ്ഠ നേടിയ ഒരു പ്രാദേശിക യോദ്ധാവായിരുന്നു അദ്ദേഹം.

ഔപചാരികമോ ഔദ്യോഗികമോ ആയ ചരിത്ര രേഖകളിലൂടെയല്ല, മറിച്ച് പ്രാദേശിക പാരമ്പര്യത്തിലൂടെയും സഞ്ചിത സ്മരണകളിലൂടെയുമാണ് അദ്ദേഹത്തെ സ്മരിക്കപ്പെടുന്നത്.

അദ്ദേഹത്തിൻ്റെ   ജീവിതം രാജധർമ്മം എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നു. വിജയം അനിശ്ചിതമായിരിക്കുമ്പോഴോ പിന്തുണ പരിമിതമായിരിക്കുമ്പോഴോ പോലും പുണ്യസ്ഥലങ്ങൾ, സമൂഹം, സാംസ്കാരിക പൈതൃകം എന്നിവ സംരക്ഷിക്കാനുള്ള കടമയാണ് രാജധർമ്മം.

സോമനാഥ് സ്വാഭിമാൻ പർവ്

1026-ൽ നടന്ന ആദ്യ ആക്രമണത്തിൻ്റെ   1000 വർഷവും 1951-ൽ വീണ്ടും തുറന്നതിൻ്റെ   75 വർഷവും സ്മരിക്കുന്ന സോമനാഥ് ക്ഷേത്രത്തിൻ്റെ   ശാശ്വത പൈതൃകത്തിൻ്റെ   ആഘോഷമാണ് സോമനാഥ് സ്വാഭിമാൻ പർവ്. ഇന്ത്യയുടെ ആത്മീയ ശക്തിയുടെയും സാംസ്കാരിക പുനരുജ്ജീവനത്തിൻ്റെയും പ്രതീകമായി രാജേന്ദ്ര പ്രസാദ് ക്ഷേത്രം രാഷ്ട്രത്തിന് സമർപ്പിച്ചു. ക്ഷേത്രം വീണ്ടും തുറന്നത് ഒരു ഭൗതിക പുനഃസ്ഥാപനം മാത്രമായിരുന്നില്ല, നൂറ്റാണ്ടുകളുടെ കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കും ശേഷം ഇന്ത്യയുടെ സാംസ്ക്കാരിക ആത്മവിശ്വാസത്തിൻ്റെ   പുനരുജ്ജീവനത്തെ പ്രതിഫലിപ്പിക്കുന്ന ശക്തമായ നിമിഷം കൂടിയായിരുന്നു.  

ഇന്ത്യൻ ചരിത്രത്തിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകളെ  സോമനാഥ് സ്വാഭിമാൻ പർവ് ഇണക്കിച്ചേർക്കുന്നു.  ആദ്യ നാഴികക്കല്ല് നാശത്തെ പ്രതിനിധീകരിക്കുന്നു. മുൻകാലങ്ങളിൽ സോമനാഥ ക്ഷേത്രം നേരിട്ട ആക്രമണങ്ങളെയും നാശനഷ്ടങ്ങളെയും ഇത് സൂചിപ്പിക്കുന്നു. രണ്ടാമത്തെതാകട്ടെ ആത്മവിശ്വാസം, ദൃഢനിശ്ചയം, പ്രതിരോധശേഷി എന്നിവയിലൂന്നി രാജ്യം എങ്ങനെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുവെന്നും കൂടുതൽ ശക്തമായി ഉയർന്നുവന്നുവെന്നും കാണിക്കുന്നു.  

സോമനാഥ് ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തതിൻ്റെ   75-ാം വാർഷികം ആഘോഷിക്കാൻ  സോമനാഥ് ട്രസ്റ്റിൻ്റെ   ചെയർമാൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 11 ന് ക്ഷേത്രം സന്ദർശിക്കും.  

സോമനാഥ ക്ഷേത്രം സന്ദർശിക്കുന്നതിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൻ്റെ   പ്രാധാന്യത്തെയും ചരിത്രത്തെയും കുറിച്ചുള്ള തൻ്റെ  കാഴ്ചപ്പാട്  പങ്കുവെച്ചു. നാശത്തിൽ നിന്ന് പുനഃസ്ഥാപനത്തിലേക്കുള്ള ക്ഷേത്രത്തിൻ്റെ   പരിവർത്തനം ഇന്ത്യയുടെ ശക്തവും അജയ്യവുമായ ചൈതന്യത്തെയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി ക്ഷേത്രം സംരക്ഷിക്കുകയും പുനർനിർമ്മിക്കുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം ആദരമർപ്പിച്ചു. വികസനത്തിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന "വികാസ് ഭി, വിരാസത് ഭി" എന്ന ആശയവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൂടാതെ, സോമനാഥിൻ്റെ   ചരിത്രപരമായ പ്രാധാന്യത്തെ മാനിക്കുന്നതിനായി അടുത്ത 1,000 ദിവസത്തേക്ക് പ്രത്യേക പൂജകൾ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ സുപ്രധാന കാലയളവിൽ സോമനാഥ് സന്ദർശിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

നേരത്തെ, 2026 ജനുവരി 10-11 തീയതികളിൽ ക്ഷേത്രത്തിൽ നടന്ന സോമനാഥ് സ്വാഭിമാൻ പർവ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ, ഭക്തർ 72 മണിക്കൂർ തുടർച്ചയായി ഓംകാര മന്ത്രം ജപിച്ചു, രാജ്യത്തിൻ്റെ   സമാധാനം, ക്ഷേമം, സമൃദ്ധി എന്നിവയ്ക്കായി പുണ്യകർമ്മങ്ങളും പ്രാർത്ഥനകളും നടത്തി. ചരിത്രത്തിലുടനീളം സോമനാഥ ക്ഷേത്രത്തെ സംരക്ഷിച്ച ധീര യോദ്ധാക്കളെ ആദരിക്കുന്നതിനായി 108 കുതിരകളുടെ പ്രതീകാത്മക ഘോഷയാത്ര ഉൾപ്പെടുന്ന മഹത്തായ ശൗര്യ യാത്രയും പ്രഭാസ് പാടനിൽ സംഘടിപ്പിച്ചിരുന്നു.
 

സോമനാഥ് സ്വാഭിമാൻ പർവ് യാത്ര

"ചലോ ചലേൻ സോമനാഥ്" എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സോമനാഥ് സ്വാഭിമാൻ പർവ് യാത്ര 2026 ഏപ്രിൽ 30 ന് സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രത്തിൻ്റെ   1,000 വർഷത്തെ വിശ്വാസം, ശക്തി, പ്രതിരോധശേഷി എന്നിവയെ അനുസ്മരിക്കുന്ന ഒരു വർഷം നീണ്ടുനിന്ന ആഘോഷത്തിൻ്റെ   ഭാഗമായി 1,300 ൽ അധികം ഭക്തരെ വഹിച്ചുകൊണ്ടുള്ള ഒരു പ്രത്യേക ട്രെയിൻ സോമനാഥ് ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.

മെയ് 1 ന് തീർത്ഥാടന യാത്ര സോമനാഥ ക്ഷേത്രത്തിൽ എത്തി. അവിടെ എത്തിയതിനുശേഷം, കുറച്ച് ദിവസങ്ങളിൽ ഭക്തർ ഭക്തിസാന്ദ്രവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുത്തു, ആരതി, ക്ഷേത്ര സന്ദർശനങ്ങൾ, ക്ഷേത്രത്തിൻ്റെ   ചരിത്രവും ആത്മീയ പ്രാധാന്യവും ആഘോഷിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ദർശിക്കുക എന്നിവ പരിപാടികളിൽ ഉൾപ്പെട്ടിരുന്നു.

സോമനാഥ ക്ഷേത്രം: മാഹാത്മ്യം, സമർപ്പണം, ജീവസ്സുറ്റ പൈതൃകം

ശിവന് സമർപ്പിച്ചിരിക്കുന്ന പന്ത്രണ്ട് പുണ്യ ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ സോമനാഥ ക്ഷേത്രം പവിത്രമായി കണക്കാക്കപ്പെടുന്നു. ക്ഷേത്ര സമുച്ചയത്തിൽ ഗർഭഗൃഹം, സഭാ മണ്ഡപം, നൃത്യ മണ്ഡപം തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുന്നു. അറബിക്കടലിൻ്റെ   തീരത്ത് നിർമ്മിച്ച ഈ മനോഹര ക്ഷേത്രം പ്രൗഢിയോടെ ഇന്നും നിലകൊള്ളുന്നു.
 
150 അടി ഉയരമുള്ള ശിഖർ (പ്രധാന ഗോപുരം) ക്ഷേത്രത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്നു, അതിനു മുകളിൽ 10 ടൺ ഭാരമുള്ള ഒരു കലശം ഉണ്ട്. 27 അടി ഉയരമുള്ള ധ്വജദണ്ഡ് (കൊടിമരം) ക്ഷേത്രത്തിൻ്റെ    ആത്മീയ പ്രാധാന്യത്തെ പ്രതിനിധീകരിക്കുന്നു. നൂറ്റാണ്ടുകളുടെ ഭക്തിയും കരകൗശല വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്ന 1,666 സ്വർണ്ണം പൂശിയ കലശങ്ങളും 14,200 ധ്വജങ്ങളും ഈ സമുച്ചയത്തിൽ വിരാജിക്കുന്നു.

സോമനാഥ് ആരാധനയുടെയും തീർത്ഥാടനത്തിൻ്റെ  യും ഊർജ്ജസ്വലമായ ഒരു കേന്ദ്രമായി തുടരുന്നു. എല്ലാ വർഷവും ഏകദേശം 92 മുതൽ 97 ലക്ഷം വരെ ഭക്തർ ക്ഷേത്രം സന്ദർശിക്കുന്നു. 92 മുതൽ 97 ലക്ഷം വരെയാണ് വാർഷിക സന്ദർശനക്കണക്കുകൾ. ബിൽവ പൂജ പോലുള്ള ആചാരങ്ങൾ പ്രതിവർഷം 13.77 ലക്ഷത്തിലധികം ഭക്തരെ ആകർഷിക്കുന്നു.


 
സോമനാഥ് ക്ഷേത്രത്തിൻ്റെ   പൈതൃകവുമായി കൂടുതൽ ആഴത്തിൽ ബന്ധപ്പെടാൻ സാംസ്കാരിക പരിപാടികൾ ജനങ്ങളെ സഹായിച്ചിട്ടുണ്ട്. 2003 ൽ ആദ്യം ആരംഭിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ഒരു പ്രധാന ആകർഷണം, 2017 ൽ ഇത് മെച്ചപ്പെടുത്തി. ക്ഷേത്രത്തിൻ്റെ   ചരിത്രം ആകർഷകവും ആധുനികവുമായ രീതിയിൽ അവതരിപ്പിക്കുന്നതിന് നൂതന 3D ലേസർ സാങ്കേതികവിദ്യയോടൊപ്പം ആകർഷകമായ ആഖ്യാനവും ഇതിനായി ഉപയോഗിക്കുന്നു.

വന്ദേ സോമനാഥ് കലാ മഹോത്സവ് പോലുള്ള പരിപാടികൾ 1,500 വർഷം പഴക്കമുള്ള നൃത്ത പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുതിയ തലമുറകൾക്കായി അവയെ സജീവമായി നിലനിർത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സോമനാഥ് ക്ഷേത്രത്തിന് സാംസ്കാരിക മുന്നേറ്റവും വികാസവും അനുഭവവേദ്യമായിട്ടുണ്ട്. ഭരണത്തിലെ പുരോഗതിയും പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളും ക്ഷേത്രത്തിൻ്റെ   പ്രാധാന്യം ആത്മീയമായും സാംസ്കാരികമായും ശക്തിപ്പെടുത്തി.

ശ്രീ സോമനാഥ് ട്രസ്റ്റിൻ്റെ   സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ വികസനവും നൈപുണ്യ പരിശീലനവും

വിദ്യാഭ്യാസ, തൊഴിൽ കേന്ദ്രീകൃത നൈപുണ്യ വികസന പരിപാടികളെ ട്രസ്റ്റ്  പ്രോത്സാഹിപ്പിക്കുന്നു. സമീപ പ്രദേശങ്ങളിലെ യുവാക്കളുടെയും വനിതകളുടെയും തൊഴിൽ സാധ്യത മെച്ചപ്പെടുത്താൻ  തൊഴിൽ പരിശീലനം നൽകി വരുന്നു. കമ്പ്യൂട്ടർ വിദ്യാഭ്യാസം, തയ്യൽ, സൗന്ദര്യ സേവനങ്ങൾ, ഡിജിറ്റൽ സാക്ഷരത എന്നിവ ഈ പരിശീലന കോഴ്സുകളിൽ ഉൾപ്പെടുന്നു. കൂടാതെ, 10, 12 ക്ലാസുകൾ പൂർത്തിയാക്കിയ ശേഷം പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ സഹായിക്കുന്നതിന് സ്കോളർഷിപ്പും ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നു.

"സ്കൂൾ ഓൺ വീൽസ്" എന്ന സംരംഭം ഗ്രാമങ്ങളിലേക്ക് മൊബൈൽ ഡിജിറ്റൽ പഠന സൗകര്യങ്ങൾ എത്തിക്കുന്നു, ഇതിലൂടെ   ഗ്രാമീണ വിദ്യാർത്ഥികൾക്ക് പ്രായോഗിക കമ്പ്യൂട്ടർ പരിശീലനവും അടിസ്ഥാന ഡിജിറ്റൽ സാക്ഷരതാ വിദ്യാഭ്യാസവും ലഭിക്കുന്നു. ശുചിത്വത്തെയും ജലസംരക്ഷണ രീതികളെയും കുറിച്ചുള്ള അവബോധം വളർത്താൻ വിദ്യാഭ്യാസ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെയും പ്രാദേശിക സമൂഹങ്ങളെയും പഠിപ്പിക്കുന്നതിന് പതിവായി പരിസ്ഥിതി പരിപാടികൾ നടത്തുന്നു.

അന്നദാനവും സാമൂഹികക്ഷേമവും

ഭക്തർക്കും ദരിദ്രരായ വ്യക്തികൾക്കും വേണ്ടി ട്രസ്റ്റ് പതിവായിഅന്നദാനവും നടത്തുന്നു. സാമൂഹിക പിന്തുണയുള്ള സംരംഭങ്ങളിലൂടെയും ഭക്ഷ്യ സഹായ പദ്ധതികൾ മുഖേനയും ദിവസവും സൗജന്യ ഭക്ഷണം നൽകി വരുന്നു.

വർഷം മുഴുവനും ഈ ക്ഷേമ സംരംഭങ്ങളെ നിലനിർത്തുന്നതിൽ സംഭാവന നൽകുന്നവരുടെ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുന്നു, അടിയന്തര ഘട്ടങ്ങളിൽ, ഭക്ഷണം വിതരണം ചെയ്യുക, വൈദ്യസഹായം നൽകുക, അവശ്യവസ്തുക്കൾ വിതരണം ചെയ്യുക തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി ദുരിതബാധിത സമൂഹങ്ങൾക്ക് ട്രസ്റ്റ് മാനുഷിക സഹായം നൽകുന്നു. സാമൂഹികാടിസ്ഥാനത്തിലുള്ള വിവിധ ഉദ്യമങ്ങളിലൂടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനും, ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ക്ഷേമ പരിപാടികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമ സംരംഭങ്ങൾ

മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ ശ്രീ സോമനാഥ് ട്രസ്റ്റ് തുടർന്ന് പോരുന്നു. സോമനാഥ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സാമ്പത്തികമായി ദുർബലരായ കുടുംബങ്ങൾക്കായി മെഡിക്കൽ സഹായ പദ്ധതികൾ നടത്തുന്നു. ഫിസിയോതെറാപ്പി സൗകര്യങ്ങൾ പ്രദേശവാസികൾക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സമീപത്തുള്ള ജനവിഭാഗങ്ങൾക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി സൗജന്യ ദന്ത, നേത്ര പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

മെഡിക്കൽ സപ്പോർട്ട് ക്യാമ്പുകൾ മുഖേന ദിവ്യാംഗർക്കുള്ള ക്ഷേമ സംരംഭങ്ങളും നടന്നു വരുന്നു. ഈ സംരംഭങ്ങളുടെ ഭാഗമായി വീൽചെയറുകൾ, ശ്രവണസഹായികൾ, ക്രച്ചസ് തുടങ്ങിയ അവശ്യ സഹായ ഉപകരണങ്ങൾ  വിതരണം ചെയ്യുന്നു.

ശ്രീ സോമനാഥ് ട്രസ്റ്റിൻ്റെ   കോവിഡ്-19 ദുരിതാശ്വാസ സഹായം

കോവിഡ്-19 മഹാമാരിയുടെ സമയത്ത്, ദുരിതബാധിതർക്ക് സാമ്പത്തിക സഹായം, ഭക്ഷണ വിതരണം, മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിപുലമായ ദുരിതാശ്വാസ സഹായം ശ്രീ സോമനാഥ് ട്രസ്റ്റ് നൽകി. മഹാമാരിയുടെ രണ്ട് തരംഗങ്ങളിലും തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, സാമ്പത്തികമായി ദുർബലരായ കുടുംബങ്ങൾ എന്നിവർക്ക് സഹായം ഉറപ്പാക്കി.

ആദ്യ തരംഗത്തിൽ ₹8.73 കോടി പിന്തുണ

രണ്ടാം തരംഗത്തിൽ ₹2.21 കോടി പിന്തുണ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ₹1 കോടി സംഭാവന

ഓക്സിജൻ പ്ലാൻ്റുകളും കോൺസെൻട്രേറ്ററുകളും നൽകി


പാരിസ്ഥിതിക, പൊതുജനക്ഷേമ സംരംഭങ്ങൾ

പരിസ്ഥിതി സംരക്ഷണം ശ്രീ സോമനാഥ് ട്രസ്റ്റിൻ്റെ   ഒരു പ്രധാന മുൻഗണനയാണ്. ക്ഷേത്രത്തിൻ്റെ   പരിസര പ്രദേശങ്ങളിൽ ഹരിതാഭ വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി വലിയ തോതിൽ വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ നടത്തുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും   പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അതിൻ്റെ   സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ബിൽവ വൃക്ഷത്തൈ നടീലും ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നു.

ക്ഷേത്ര മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി ശ്രീ സോമനാഥ് ട്രസ്റ്റ് പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണ രീതികൾ പിന്തുടരുന്നു. ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റായും പ്രകൃതിദത്ത വളമായും പരിവർത്തനം ചെയ്യപ്പെടുന്നു, ശുചിത്വം നിലനിർത്തുന്നതിനും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഒരു തീർത്ഥാടന കേന്ദ്രമായി സോമനാഥ് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും പൊതു ശുചിത്വ സംരംഭങ്ങൾ നടപ്പിലാക്കുന്നു.

ശ്രീ സോമനാഥ് ട്രസ്റ്റിൻ്റെ   ക്ഷേമ പ്രവർത്തനങ്ങളിൽ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പതിവ് സേവനങ്ങൾക്ക് അപ്പുറം അടിയന്തര പ്രതികരണവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. സാമൂഹിക വികസനത്തിനും ക്ഷേമത്തിനുമുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് പുറമേ, പ്രകൃതിദുരന്തങ്ങളിലും മാനുഷിക പ്രതിസന്ധികളിലും ജനങ്ങളെ സഹായിക്കുന്നതിനും ദുരിതബാധിതർക്ക് സമയബന്ധിതമായ പിന്തുണയും സഹായവും ഉറപ്പാക്കുന്നതിനും ട്രസ്റ്റ് സജീവമായി മുന്നോട്ട് വരുന്നു.

 


വനിതാ ശാക്തീകരണത്തെയും സുസ്ഥിരതയെയും പ്രോത്സാഹിപ്പിക്കുന്ന സോമനാഥിൻ്റെ   സംരംഭങ്ങൾ

2018-ൽ "സ്വച്ഛ് ഐക്കണിക് പ്ലേസ്" ആയി പ്രഖ്യാപിക്കപ്പെട്ട സോമനാഥ്, നൂതനമായ സുസ്ഥിരതാ രീതികൾ സ്വീകരിച്ചു. ക്ഷേത്രത്തിൽ സമർപ്പിക്കുന്ന പൂക്കൾ മണ്ണിര കമ്പോസ്റ്റാക്കി പുനരുപയോഗം ചെയ്യുന്നു, ഇത് ഏകദേശം 1,700 ബിൽവ മരങ്ങളെ പോഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മിഷൻ ലൈഫിന് കീഴിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പേവർ ബ്ലോക്കുകളാക്കി മാറ്റുന്നു, ഏകദേശം 4,700 ബ്ലോക്കുകൾ എല്ലാ മാസവും ഉത്പാദിപ്പിക്കപ്പെടുന്നു. കൂടാതെ, മഴവെള്ള സംഭരണിയും സംസ്കരണ സംവിധാനങ്ങളും പ്രതിമാസം ഏകദേശം 30 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ സഹായിക്കുന്നു.

72,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 7,200 മരങ്ങൾ ഉൾക്കൊള്ളുന്ന മിയാവാക്കി വനം, പ്രതിവർഷം ഏകദേശം 93,000 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു, ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. കൂടാതെ, സോമനാഥ ക്ഷേത്രത്തിൽ നിന്നുള്ള ശുദ്ധീകരിച്ച അഭിഷേക ജലം "സോമഗംഗാ ജലം" എന്ന പേരിൽ പാക്കേജു ചെയ്തു വിതരണം ചെയ്യുന്നു, ഇത് 2024 ഡിസംബർ വരെ 1.13 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധവും പവിത്രവുമായ ജലം ലഭ്യമാക്കി.

വനിതാ ശാക്തീകരണത്തിൻ്റെ   കേന്ദ്രമായും സോമനാഥ് ഉയർന്നുവന്നിട്ടുണ്ട്. സോമനാഥ് ക്ഷേത്ര ട്രസ്റ്റിലെ 906 ജീവനക്കാരിൽ 262 പേർ സ്ത്രീകളാണ്. ബിൽവ വാൻ പൂർണ്ണമായും സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്. 65 സ്ത്രീകൾ പ്രസാദ വിതരണത്തിലും 30 സ്ത്രീകൾ ക്ഷേത്ര ഭക്ഷണ സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. മൊത്തത്തിൽ, 363 സ്ത്രീകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്നു, പ്രതിവർഷം ഏകദേശം ₹9 കോടി സമ്പാദിക്കുന്നു, ഇത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം, അന്തസ്സ്, സ്വാശ്രയത്വം എന്നിവയെ പിന്തുണയ്ക്കുന്നു.

സോമനാഥ്: കാലാതീതമായ വിശ്വാസം

 ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും, പ്രതിരോധശേഷിയുടെയും, സാംസ്ക്കാരിക നൈരന്തര്യത്തിൻ്റെയും  കാലാതിവർത്തിയായ പ്രതീകമായി സോമനാഥ് നിലകൊള്ളുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭക്തിയുടെ ശക്തിയെ പ്രതിഫലിപ്പിച്ചുകൊണ്ട്, പലതവണ നാശത്തെ നേരിട്ടിപ്പോഴെല്ലാം ഇത്   പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.

1951-ലെ പുനർനിർമ്മാണത്തിനുശേഷം, പുരാണത്തിലും ചരിത്രത്തിലും സോമനാഥ ക്ഷേത്രത്തിന് ഒരുപോലെ പ്രാധാന്യമുണ്ട്. ഇത് ഒരു പുണ്യക്ഷേത്രം മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക അഭിമാനത്തിൻ്റെയും ദേശീയ ചൈതന്യത്തിൻ്റെ   പുനരുജ്ജീവനത്തിൻ്റെയും പ്രതീകം കൂടിയാണ്. ഈ വർഷം അതിൻ്റെ   പുനരുദ്ധാരണത്തിൻ്റെ   75-ാം വാർഷികം ആധുനിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, ഇന്ത്യയുടെ സമാന സാംസ്കാരിക പൈതൃകത്തിൽ ക്ഷേത്രത്തിൻ്റെ   സ്ഥാനം ഊട്ടിയുറപ്പിക്കപ്പെടുന്നു.

ആരാധന, സാംസ്കാരിക പുനരുജ്ജീവനം, പാരിസ്ഥിതിക സുസ്ഥിരത, സമഗ്ര വികസനം എന്നിവയുടെ സജീവ കേന്ദ്രമായി സോമനാഥ ക്ഷേത്രം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂതകാലത്തെ സംരക്ഷിക്കുന്നതിലൂടെ മാത്രമല്ല, നിരന്തരം നവീകരിക്കുന്നതിലൂടെയും തലമുറകളിലൂടെ വിശ്വാസം നിലനിർത്തുന്നതിലൂടെയും യഥാർത്ഥ പൈതൃകം സംരക്ഷിക്കപ്പെടുന്നു എന്നതിൻ്റെ   ശക്തമായ ഓർമ്മപ്പെടുത്തലായി സോമനാഥ് നിലകൊള്ളുന്നു.


സൂചനകൾ 

Somnath: The Eternal Flame of Bharat


( റിലീസ് ഐ.ഡി: 2259506) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil