രാജ്യരക്ഷാ മന്ത്രാലയം
52-ാമത് അഖിലേന്ത്യാ സൈനിക് സ്കൂൾ പ്രിൻസിപ്പൽമാരുടെ കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് രക്ഷാ രാജ്യ മന്ത്രി
പോസ്റ്റഡ് ഓണ്‍:
07 MAY 2026 9:08PM by PIB Thiruvananthpuram
52-ാമത് അഖിലേന്ത്യാ സൈനിക് സ്കൂൾ പ്രിൻസിപ്പൽമാരുടെ കോൺഫറൻസ് തിരുവനന്തപുരം കഴക്കൂട്ടത്ത് രക്ഷാ രാജ്യ മന്ത്രി ശ്രീ സഞ്ജയ് സേത്ത് ഉദ്ഘാടനം ചെയ്തു. യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടായിരുന്നു രണ്ടുദിവസത്തെ കോൺഫറൻസിന് തുടക്കം കുറിച്ചത്. തുടർന്ന് രക്ഷാ രാജ്യ മന്ത്രി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ഭദ്രദീപം തെളിയിക്കുകയും ചെയ്തു.
TV2D.jpeg)
രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ പ്രതിനിധികളെയും വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുത്ത 79 പുതിയ സൈനിക് സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും ശ്രീ സഞ്ജയ് സേത്ത് അഭിസംബോധന ചെയ്തു. അച്ചടക്കവും ഉത്തരവാദിത്തബോധവും ദേശസ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ സൈനിക് സ്കൂളുകളുടെ നിർണ്ണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സായുധ സേനയ്ക്കായി ഭാവി ഓഫീസർമാരെ സജ്ജരാക്കുന്നതിൽ അക്കാദമിക മികവ്, നേതൃത്വപാടവം, സ്വഭാവരൂപീകരണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, മറ്റ് സൈനിക അക്കാദമികൾ എന്നിവയ്ക്കായി ആയിരക്കണക്കിന് പ്രഗത്ഭരായ ഉദ്യോഗസ്ഥരെ സൈനിക സ്കൂളുകൾ സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ൽ നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് ഏറ്റവും കൂടുതൽ കേഡറ്റുകളെ അയച്ചതിനുള്ള രക്ഷാ മന്ത്രി ട്രോഫി നഗ്രോട്ട സൈനിക് സ്കൂളിന് സമ്മാനിച്ചു. 2024–25 വർഷത്തെ പത്താം ക്ലാസിലെ മികച്ച പ്രകടനത്തിനുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് സത്താറ സൈനിക് സ്കൂളും പന്ത്രണ്ടാം ക്ലാസിലെ മികച്ച അക്കാദമിക പ്രകടനത്തിനുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് കഴക്കൂട്ടം സൈനിക് സ്കൂളും സ്വന്തമാക്കി.
അക്കാദമിക മികവ്, സ്ഥാപനങ്ങളുടെ പ്രവർത്തന വിലയിരുത്തൽ, നയപരമായ കാര്യങ്ങൾ, സൈനിക് സ്കൂൾ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള ഭാവി പ്രവർത്തനങ്ങൾ എന്നിവയായിരുന്നു കോൺഫറൻസിലെ പ്രധാന ചർച്ചകൾ. സംവേദനാത്മക സെഷനുകൾ, വിവിധ അജണ്ടകളെക്കുറിച്ചുള്ള ചർച്ചകൾ, നൂതന വിദ്യാഭ്യാസ സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദർശിപ്പിച്ച 'ജ്ഞാൻ മേള' വിദ്യാഭ്യാസ പ്രദർശനം എന്നിവയും കോൺഫറൻസിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.
1A80.jpeg)
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനും അനുസൃതമായി 100 പുതിയ സൈനിക് സ്കൂളുകളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. 86 പുതിയ സൈനിക് സ്കൂളുകൾക്ക് ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ 79 സ്കൂളുകൾ നിലവിൽ അഫിലിയേറ്റ് ചെയ്യപ്പെടുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. നിലവിലുള്ള 33 സൈനിക് സ്കൂളുകളുടെ അതേ ഉയർന്ന നിലവാരം ഈ സ്കൂളുകളും പുലർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കൾക്ക് സായുധ സേനയിൽ ചേരാനുള്ള മാർഗങ്ങൾ ഉൾപ്പെടെയുള്ള മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജോയിന്റ് സെക്രട്ടറി സത്യജിത് മൊഹന്തി, കൊമോഡോർ ആർ.കെ.ശർമ്മ, ബ്രിഗേഡിയർ അമിത് ചാറ്റർജി, എയർ കൊമോഡോർ ശക്തി ശർമ്മ, സൈനിക് സ്കൂൾസ് സൊസൈറ്റിയുടെ ഇൻസ്പെക്റ്റിംഗ് ഓഫീസർമാർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനിക് സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു. കോൺഫറൻസ് മേയ് എട്ടിന് സമാപിക്കും.
***
NK
( റിലീസ് ഐ.ഡി: 2258937)
സന്ദര്‍ശക കൗണ്ടര്‍ : 8