വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ന്യൂഡൽഹിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാശനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 06 MAY 2026 6:00PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഡൽഹി എൻസിടി വിദ്യാഭ്യാസ മന്ത്രി ശ്രീ ആശിഷ് സൂദ്; ഛത്തീസ്ഗഢ് ഗവൺമെന്റിന്റെ സ്കൂൾ വിദ്യാഭ്യാസ മന്ത്രി ശ്രീ ഗജേന്ദർ യാദവ്; സ്കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പ് (ഡിഒഎസ്ഇഎൽ) സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ; കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി ശ്രീ അശോക് കുമാർ മീണ, ഡിഒഎസ്ഇഎൽ അഡീഷണൽ സെക്രട്ടറി ശ്രീമതി അർച്ചന എസ്. അവസ്തി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

 

 

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ദർശനം, രാജ്യത്തെ ഏകദേശം 15 ലക്ഷത്തോളം സ്കൂളുകളിൽ പ്രാവർത്തികമാക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി)യുടെ മാർഗ്ഗനിർദ്ദേശങ്ങൾ–2026 നിർണായക പങ്ക് വഹിക്കുമെന്ന് ചടങ്ങിൽ ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.  ശക്തമായ സാമൂഹ്യ പങ്കാളിത്തത്തിലൂടെയും പൊതുവായ ഉത്തരവാദിത്വത്തിലൂടെയും വിദ്യാഭ്യാസം വഴി കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സമൂഹങ്ങൾ എന്നിവർക്ക് ഇടയിലുള്ള ഒരു സുപ്രധാന പാലമായി എസ്‌എം‌സികളെ വിഭാവനം ചെയ്യുന്നതാണ് ഈ മാർഗ്ഗനിർദ്ദേശങ്ങളെന്നു അദ്ദേഹം പറഞ്ഞു.

 

വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, മാനസികാരോഗ്യം, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പിന്തുണ (സിഡബ്ല്യുഎസ്എൻ) എന്നിവ ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം സ്‌കൂളുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ , മാർഗനിർദേശം, സാമൂഹ്യ ഉടമസ്ഥാവകാശം എന്നിവയുടെ പ്രാധാന്യവും എസ്‌എം‌സി മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതായി ശ്രീ പ്രധാൻ വ്യക്തമാക്കി.

 

എസ്‌എം‌സികളെ സുസ്ഥിരമായ ഒരു സംസ്കാരമായും വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ജനകീയ പ്രസ്ഥാനമായും വികസിപ്പിക്കുക എന്നതാണ് മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഞ്ജലി പോലുള്ള സംരംഭങ്ങളുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം പാരമ്പര്യമായി സമൂഹങ്ങളുടെ നേതൃത്വത്തിന് കീഴിൽ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നും, പുതിയ എസ്‌എം‌സി മാർഗ്ഗനിർദ്ദേശങ്ങൾ സ്കൂളുകളെ വീണ്ടും സാമൂഹിക ഇടപെടലിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് ആ മനോഭാവത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഈ പരിപാടി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴമേറിയതും പരിവർത്തനാത്മകവുമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നതായും ശ്രീ ആശിഷ് സൂദ് പറഞ്ഞു. 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ,അതിനായുള്ള പാത സ്കൂൾ ക്ലാസ് മുറികളിലൂടെ കടന്നുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

 

പുതുതായി പുറപ്പെടുവിച്ച എസ്എംസി മാർഗ്ഗനിർദ്ദേശങ്ങൾ -2026 ഈ പരിവർത്തന യാത്രയിലെ ഒരു നിർണായക കണ്ണിയായി ശ്രീ സൂദ് വിശേഷിപ്പിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തിനുശേഷം അവതരിപ്പിച്ച മുൻ എസ്എംസി ചട്ടക്കൂട്- ഗ്രാന്റ് നിരീക്ഷണം, അടിസ്ഥാന സൗകര്യ മേൽനോട്ടം, ഭരണ പ്രക്രിയകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ, ഇന്നത്തെ വെല്ലുവിളികളും പ്രതീക്ഷകളും ഗണ്യമായി വികസിച്ചു. കുട്ടികളുടെ സുരക്ഷ, മാനസികാരോഗ്യം, അടിസ്ഥാന സാക്ഷരതയും ഗണിത അറിവും (FLN), ഡിജിറ്റൽ സുതാര്യത, പഠന ഫലങ്ങൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ നിർണായക പ്രാധാന്യമുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മുൻഗണനകൾ മനസ്സിൽ വെച്ചുകൊണ്ടാണ് പുതിയ എസ്എംസി മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ എസ്എംസികളെ കേവലം നിരീക്ഷണ സ്ഥാപനങ്ങളിൽ നിന്ന് യഥാർത്ഥ "സ്കൂൾ സാമൂഹ്യ ഭരണ സ്ഥാപനങ്ങൾ" ആക്കി മാറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. സമഗ്രമായ ശിശു വികസനം, അക്കാദമിക് നിലവാരം, വിദ്യാർത്ഥി ക്ഷേമം, സുരക്ഷ, ഉൾക്കൊള്ളൽ, ഡിജിറ്റൽ ഭരണം, സുതാര്യത എന്നിവയ്ക്ക് എസ്എംസികൾ ഇനി സജീവമായി സംഭാവന നൽകും. എസ്എംസി മാർഗ്ഗനിർദ്ദേശങ്ങൾ -2026 സാമൂഹ്യ പങ്കാളിത്തം, സുതാര്യത, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുമെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും ശ്രീ സൂദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

 

കുട്ടികളുടെ പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സജീവമായ സാമൂഹ്യ പങ്കാളിത്തം അനിവാര്യമാണെന്ന് ശ്രീ ഗജേന്ദ്ര യാദവ് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) മാർഗ്ഗനിർദ്ദേശങ്ങൾ സ്കൂൾ നടത്തിപ്പിലും പ്രവർത്തനത്തിലും പ്രദേശവാസികളായ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ രക്ഷിതാക്കളും സ്കൂളുകളും തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

ഹരിയാനയിലെ സ്കൂൾ, ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ശ്രീ മഹിപാൽ ധണ്ട; മഹാരാഷ്ട്രയിലെ സ്കൂൾ വിദ്യാഭ്യാസ, മറാത്തി ഭാഷാ മന്ത്രി ശ്രീ ദാദാജി ഭൂസെ; മിസോറാമിലെ സ്കൂൾ വിദ്യാഭ്യാസ, ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഡോ. വൻലാൽത്ലാന; ത്രിപുര ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ കിഷോർ ബർമൻ; . ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ശ്രീ ധൻ സിംഗ് റാവത്ത്, നാഗാലാൻഡിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ടെംജെൻ ഇംന അലോംഗ് തുടങ്ങി നിരവധി സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മന്ത്രിമാർ യോഗത്തിൽ വെർച്വലായി പങ്കെടുത്തു.

 

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക

 https://dsel.education.gov.in/sites/default/files/guidelines/School_Management_Committee_Guidelines.pdf

 

****

 


( റിലീസ് ഐ.ഡി: 2258575) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Marathi , Odia