PIB Headquarters
azadi ka amrit mahotsav

പാർശ്വധാരയിൽ നിന്ന് മുഖ്യധാരയിലേക്ക്

ഇന്ത്യയിലുടനീളമുള്ള ജീവിതങ്ങളെ SMILE പരിവർത്തനം ചെയ്യുന്നതെങ്ങനെ

പോസ്റ്റഡ് ഓണ്‍: 20 APR 2026 10:53AM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

 

* 2021-2026 കാലയളവിലേക്കായി, SMILE പദ്ധതിക്കായി ഗവണ്മെന്റ് ₹390 കോടി അനുവദിച്ചു.

 

* 2026 മാർച്ച് വരെ ഭിക്ഷാടകർക്കായുള്ള ഉപപദ്ധതി പ്രകാരം 31,055 വ്യക്തികളെ തിരിച്ചറിയുകയും 9,935 പേരെ പുനരധിവസിപ്പിക്കുകയും ചെയ്തു. ഇത് പദ്ധതിയുടെ വിപുലമായ നടത്തിപ്പിനെ സൂചിപ്പിക്കുന്നു..

 

* 17 സംസ്ഥാനങ്ങളിലായി 21 ഗരിമ ഗൃഹങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്,  2025 ഓഗസ്റ്റിൽ 3 എണ്ണം കൂടി അനുവദിച്ചു.

 

* ആയുഷ്മാൻ ഭാരത് ടിജി പ്ലസിന് കീഴിൽ ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിക്കും പ്രതിവർഷം ₹5 ലക്ഷം ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. എംപാനൽ ചെയ്ത ആശുപത്രികളിൽ ലിംഗഭേദം സ്ഥിരീകരണ ചികിത്സ, ഹോർമോൺ തെറാപ്പി, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ ഉൾക്കൊള്ളുന്നു.

 

 

 എന്താണ് SMILE? 'സ്വന്ത'ത്തിലേക്കുള്ള മാർഗദർശിയായ പാലം

 

ഇന്ത്യ 100 കോടി കഥകളുള്ള ഒരു രാജ്യമാണ് - അതിലെ ഓരോ കഥയും കേൾക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. വളരെക്കാലമായി അവസരങ്ങളിൽ നിന്നും തള്ളി നീക്കപ്പെടുന്ന സമൂഹങ്ങളുടെ കഥകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവരിൽ പ്രമുഖരായ രണ്ട് വിഭാഗങ്ങൾ: ട്രാൻസ്‌ജെൻഡർ വ്യക്തികൾ -അവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് രൂപകൽപ്പന ചെയ്യപ്പെടാത്ത ഒരു ലോകത്ത് അവർ ജീവിക്കുന്നു ; ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ- പലപ്പോഴും പിന്തുണയുടെയും അവസരത്തിന്റെയും അഭാവമാണ് ഭിക്ഷാടകരുടെ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നത്. എന്നാൽ ശരിയായ പിന്തുണയിലൂടെയും ഇടപെടലിലൂടെയും അനാവരണം ചെയ്യാൻ കഴിയുന്ന അപാരമായ സാധ്യതകളാണ് ഈ സമൂഹങ്ങളിലുള്ളത്

Year

Transgender Welfare ( Cr)

Beggary Rehabilitation ( Cr)

Total ( Cr)

2021–22

25

10

35.00

2022–23

46.31

15

61.31

2023–24

52.91

30

82.91

2024–25

63.90

33

96.90

2025–26

76.88

37

113.88

TOTAL

265

125

390

ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ഉപജീവനമാർഗ്ഗം എന്നിവയ്ക്കായി ഇന്ത്യയിൽ നിലവിൽ തന്നെ ശക്തമായ ക്ഷേമപദ്ധതികൾ നിലവിലുണ്ട്. എന്നാൽ, രേഖകളുടെ അഭാവം, അറിവില്ലായ്മ, പരിമിതമായ സൗകര്യങ്ങൾ തുടങ്ങിയ തടസ്സങ്ങൾ നേരിടുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഈ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു 'പാലം' ആയിരുന്നു ഇതുവരെ ഇല്ലാതിരുന്നത്.

 

ആ കുറവ് നികത്തുന്ന ഒരു പാലമാണ് SMILE (പാർശ്വവൽകൃത വ്യക്തികളുടെ ഉപജീവനമാർഗ്ഗത്തിനും സംരംഭത്തിനും പിന്തുണ) പദ്ധതി. 2022 ഫെബ്രുവരി 12-ന് സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം ആരംഭിച്ച പദ്ധതി, തിരിച്ചറിയൽ, സഹായം നൽകൽ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൗൺസിലിംഗ്, നൈപുണ്യ വികസനം, ദീർഘകാല സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഈ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത ദേശീയ ചട്ടക്കൂടാണ്.

 

 

 ലക്ഷ്യത്തിന് പിന്നിലെ നിക്ഷേപം:

2021–22 മുതൽ 2025–26 വരെയുള്ള കാലയളവിൽ സ്‌മൈൽ പദ്ധതിയുടെ ആകെ അടങ്കൽ ₹365 കോടിയാണ്. ഇതിൽ ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി ₹265 കോടിയും യാചകരുടെ പുനരധിവാസത്തിനായി ₹100 കോടിയും വകയിരുത്തിയിട്ടുണ്ട്. ഓരോ വർഷവും ഈ വിഹിതം വർധിപ്പിക്കുന്നത് രണ്ട് ഉപപദ്ധതികളും കൂടുതൽ വിപുലമായി നടപ്പിലാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.

 

 

ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം നിലകൊള്ളുന്നു:

സമഗ്രമായ നിയമ പരിരക്ഷകൾ, ക്ഷേമപദ്ധതികൾ, ഡിജിറ്റൽ പ്രവേശനക്ഷമത എന്നിവയിലൂടെ ട്രാൻസ്‌ജെൻഡർ സമൂഹം കാലങ്ങളായി നേരിടുന്ന അരികുവൽക്കരണത്തെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇന്ത്യൻ സമൂഹത്തിൽ ഉൾപ്പെടുത്തലും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന അവബോധത്തെയും ശ്രമങ്ങളെയും ഈ മാറ്റം പ്രതിഫലിപ്പിക്കുന്നു.

 

ഈ വിഭാഗത്തിന് ഗവണ്മെന്റിന്റെ സംരക്ഷണയും പിന്തുണയും അർഹതപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യാ ഗവൺമെന്റ് 2019-ൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമം നടപ്പിലാക്കി. ഇത് വിവേചനം നിരോധിക്കുകയും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംരക്ഷണം, മറ്റ് പൊതു സേവനങ്ങൾ എന്നിവയിലേക്ക് പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സമഗ്ര പുനരധിവാസത്തിനായുള്ള SMILE ഉപ പദ്ധതി, നിയമവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ പ്രവർത്തിക്കുന്ന പ്രധാന ഗവണ്മെന്റ് സംരംഭമാണ്.

 

പ്രധാന ഘടകങ്ങൾ:

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ:

ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം (സെക്കൻഡറി, ഹയർ സെക്കൻഡറി, ബിരുദ, ബിരുദാനന്തര, യുജിസി എഐസിടിഇ അല്ലെങ്കിൽ എൻ സി വി റ്റി അംഗീകൃത സാങ്കേതിക/വൊക്കേഷണൽ കോഴ്‌സുകൾ ഉൾപ്പെടെ) വരെയുള്ള പഠനത്തിന് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.

 

 ദേശീയ പോർട്ടലിൽ നിന്നുള്ള സാധുവായ ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തിൽ (അംഗീകൃത വിദൂര/കറസ്‌പോണ്ടൻസ് പ്രോഗ്രാമുകൾ ഉൾപ്പെടെ) മുഴുവൻ സമയ പ്രവേശനം, മറ്റ് കേന്ദ്ര/സംസ്ഥാന സ്‌കോളർഷിപ്പുകൾ ഇല്ലാതിരിക്കൽ എന്നിവ യോഗ്യതയ്ക്ക് ആവശ്യമാണ്. ഇത് ഒരു ക്ലാസിൽ/ലെവലിൽ ഒരു അധ്യയന വർഷം മാത്രമേ നൽകുകയുള്ളു (ഒരേ ക്ലാസ് ആവർത്തിക്കുന്ന വർഷങ്ങളിൽ ലഭ്യമല്ല ).

നൈപുണ്യവികസനവും ഉപജീവനമാർഗവും

 

പിഎം-ദക്‌ഷ് (പ്രധാനമന്ത്രി ദക്ഷത ഔർ കുശലത സമ്പന്ന് ഹിതഗ്രാഹി യോജന) എന്നത് എസ്‌സി, ഒബിസി, ഇബിസി, സഫായി കർമചാരി, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് തൊഴിലവസര പരിശീലനവും ഉപജീവനമാർഗ്ഗവും നൽകുന്ന ദേശീയ നൈപുണ്യ വികസന പദ്ധതിയാണ്.

 

നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (എൻഎസ്‌ഡിസി) മേഖലാ അധിഷ്ഠിത നൈപുണ്യ കൗൺസിലുകളും വഴി വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിശീലനം, IIE, NIESBUD എന്നിവ നൽകുന്ന സംരംഭകത്വ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുതാര്യമായ നിരീക്ഷണത്തിനായി ഇത് പിഎം-ദക്‌ഷ് ഐടി പ്ലാറ്റ്‌ഫോമുമായും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടലുമായും സംയോജിപ്പിച്ചിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ, ബിസിനസ് ആസൂത്രണം, വിപണി നിർണയം, നിയന്ത്രണ ചട്ടക്കൂടുകളുടെ പരിപാലനം, സാമ്പത്തിക ലഭ്യത, ഇൻകുബേഷൻ സെന്ററുകളുമായും ബാങ്കുകളുമായുള്ള ബന്ധം എന്നീ മേഖലകളിലായി 1,800 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി രാജ്യവ്യാപകമായി 18 സംരംഭകത്വ വികസന പരിപാടികൾ ആരംഭിച്ചു.

​സംയോജിത ആരോഗ്യ പരിരക്ഷ:

PM-JAY (ആയുഷ്മാൻ ഭാരത്) പദ്ധതിയുമായി ചേർന്ന്, സമഗ്രമായ ആരോഗ്യ പാക്കേജ് നൽകുന്നു. ഇതിലൂടെ സാധാരണ ആരോഗ്യ ചികിത്സകൾ കൂടാതെ, ലിംഗമാറ്റ ശസ്ത്രക്രിയകളും അംഗീകൃത ആശുപത്രികൾ വഴി ലഭ്യമാക്കുന്നു. കൂടാതെ വിവേചനരഹിതമായ കർശനമായ നയങ്ങളും ഇതിൽ ഉറപ്പാക്കുന്നു.

 

 

ഗരിമ ഗൃഹ് (അഭയകേന്ദ്രങ്ങൾ)

 

കുടുംബം ഉപേക്ഷിച്ചതിനാലോ സാമൂഹികമായ മാറ്റിനിർത്തലുകൾ മൂലമോ ഭവനരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ താമസം ഉറപ്പാക്കുന്നതിനായി 2021-ൽ ആരംഭിച്ച പദ്ധതിയാണ് ഗരിമ ഗൃഹ്. ഓരോ കേന്ദ്രത്തിലും ഭക്ഷണം, ചികിത്സ, വിനോദസൗകര്യങ്ങൾ, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവ ലഭ്യമാണ്. സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകളാണ് ഇവ നടത്തുന്നത്.

 

ട്രാൻസ്‌ജെൻഡർ സംരക്ഷണ സെല്ലുകൾ:

 

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും ഇത്തരം കേസുകൾ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും നിയമനടപടികൾ ഉറപ്പാക്കുന്നതിനുമായി ഓരോ സംസ്ഥാനവും പ്രത്യേക ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ സെല്ലുകൾ സ്ഥാപിക്കേണ്ടതുണ്ട്. 2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമപ്രകാരമുള്ള അവകാശങ്ങൾ നടപ്പിലാക്കുന്നതിനും നിയമപരമായ വ്യവസ്ഥകൾ ഫലപ്രദമായ രീതിയിൽ താഴെത്തട്ടിൽ എത്തിക്കുന്നതിനുമുള്ള പ്രധാന സംവിധാനമായി ഈ സെല്ലുകൾ പ്രവർത്തിക്കുന്നു.

 

ദേശീയ പോർട്ടലും ഹെൽപ്പ് ലൈനും

 

ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ പോർട്ടൽ (transgender.dosje.gov.in). SMILE പദ്ധതിക്കും മറ്റ് ഗവണ്മെന്റ് ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാൻ ഈ സർട്ടിഫിക്കറ്റുകൾ അത്യാവശ്യമാണ്.

 

കൃത്യമായ നിരീക്ഷണത്തിനും ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനുമായി SMILE പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗരിമ ഗൃഹങ്ങളും ഭൗമ സൂചികയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

 

നിയമപരവും നയപരവുമായ അടിത്തറ: ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള മറ്റ് പ്രധാന കേന്ദ്ര ഗവണ്മെന്റ് ഇടപെടലുകൾ

 

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമം, 2019: ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിനു നിയമപരമായ അംഗീകാരം നൽകുന്ന അടിസ്ഥാന നിയമമാണിത്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പൊതു സേവനങ്ങൾ എന്നിവയിലെ വിവേചനം ഇത് നിരോധിക്കുന്നു. ഗവണ്മെന്റിന്റെ ക്ഷേമ ബാധ്യതകൾ നിർബന്ധമാക്കുന്ന ഈ നിയമത്തിന്റെ ലംഘനങ്ങൾക്ക് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) ചട്ടങ്ങൾ, 2020: നിയമം പ്രായോഗികമായി നടപ്പിലാക്കുന്നതിനായി ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ സെല്ലുകളും (നിലവിൽ 20 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്ഥാപിച്ചു), ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡുകളും (25 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്ഥാപിച്ചു) രൂപീകരിക്കാൻ ഈ ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും പദ്ധതികൾ ലഭ്യമാക്കാനും ഇവ സഹായിക്കുന്നു.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിൽ: നയങ്ങളിലും നിയമനിർമ്മാണങ്ങളിലും കേന്ദ്ര ഗവണ്മെന്റിന് ഉപദേശം നൽകുന്ന നിയമപരമായ സംവിധാനമാണിത്. ക്ഷേമപദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുക, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പരാതികൾ പരിഹരിക്കുക എന്നിവയാണ് ഇതിന്റെ ചുമതലകൾ.

PM-DAKSH: നാഷണൽ ബാക്ക്വേർഡ് ക്ലാസസ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NBCFDC) നടപ്പിലാക്കുന്ന ഈ നൈപുണ്യ വികസന പരിപാടി ട്രാൻസ്‌ജെൻഡർ വ്യക്തികളിലേക്കും വ്യാപിപ്പിച്ചു. 80 ശതമാനത്തിലധികം ഹാജരുള്ള അർഹരായ ട്രെയിനികൾക്ക് പ്രതിമാസം ₹1,000 സ്റ്റൈപ്പന്റോടു കൂടി വൊക്കേഷണൽ ട്രെയിനിംഗ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

 

 

ഭിക്ഷാടനത്തിനപ്പുറം: പുനരധിവാസത്തിലേക്കുള്ള പാത

 

സമഗ്രമായ പുനരധിവാസ നടപടികളിലൂടെ കേന്ദ്ര ഗവണ്മെന്റിന്റെ 'ഭിക്ഷാവൃത്തി മുക്ത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കാനാണ് SMILE പദ്ധതിയുടെ കീഴിലുള്ള, ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസ ഉപപദ്ധതി ലക്ഷ്യമിടുന്നത്.​

 

 

​പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

 

ജില്ലാ ഭരണകൂടങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, മുൻസിപ്പൽ കോർപ്പറേഷനുകൾ, ഭിക്ഷാടന നിരോധന രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള നടപ്പാക്കൽ അധികൃതർ വഴിയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. പ്രാദേശികമായ ആവശ്യങ്ങൾക്കനുസൃതമായി സഹായം ആവശ്യമുള്ളവരിലേക്ക് നേരിട്ടെത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

 

 

പദ്ധതി എന്താണ് ചെയ്യുന്നത്?

 

സർവേയും തിരിച്ചറിയലും: ആദ്യം, പ്രാദേശിക സംഘങ്ങൾ ഓരോ പ്രദേശത്തും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സർവേ നടത്തി കണ്ടെത്തുന്നു.

സമാഹരണവും കൗൺസിലിങ്ങും: ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പുനരധിവാസത്തിനായി സജ്ജരാക്കുന്നു. ഇതിനായി അവർക്ക് സ്പോട്ട് കൗൺസിലിംഗ് നൽകുകയും ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു. പോലീസ്, സന്നദ്ധപ്രവർത്തകർ, മറ്റ് ഏജൻസികൾ എന്നിവരിൽ നിന്നുള്ള നിർണ്ണായക പിന്തുണയും ഇതിന് ലഭിക്കുന്നു.

അഭയവും സംരക്ഷണവും: ഭിക്ഷാടനത്തിൽ നിന്നും മോചിപ്പിക്കപ്പെടുന്നവർക്ക് അഭയകേന്ദ്രങ്ങളിൽ ഭക്ഷണവും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നു.

 

നൈപുണ്യ വികസനം: സ്വന്തമായി വരുമാനം കണ്ടെത്താനായി ഇവർക്ക് തടിപ്പണി , തയ്യൽ, പാചകം, ഗാർഡനിംഗ്, സെക്യൂരിറ്റി ജോലി, ശുചീകരണം, ഇ-റിക്ഷാ ഡ്രൈവിംഗ് തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനം നൽകുന്നു. സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുകയും ബാങ്കുകളുമായി ബന്ധിപ്പിച്ച് സ്വന്തമായി ചെറിയ ജോലികൾ തുടങ്ങാൻ സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു.

 

ഏകോപനവും പുനരധിവാസവും:

 

പ്രായമായവർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കും പ്രത്യേക പരിചരണം ഉറപ്പാക്കാൻ വയോജന മന്ദിരങ്ങളുമായും ലഹരിവിമുക്ത കേന്ദ്രങ്ങളുമായും മറ്റ് ഗവണ്മെന്റ്പദ്ധതികളുമായും ഇവരെ ബന്ധിപ്പിക്കുന്നു. പുനരധിവാസത്തിന് ശേഷവും ഇവർ വീണ്ടും ഭിക്ഷാടനത്തിലേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തുന്നു. കൂടാതെ വ്യക്തിഗത കൗൺസിലിംഗ്, ഗ്രൂപ്പ് തെറാപ്പി, പുനർവിദ്യാഭ്യാസ സെഷനുകൾ, കുടുംബങ്ങൾക്കുള്ള ക്ലാസുകൾ എന്നിവയും ഇതിലൂടെ നൽകുന്നു.

 

 

SMILE ഭിക്ഷാടന വിരുദ്ധ ഉപപദ്ധതി

 

നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 181 നഗരങ്ങളിൽ നടപ്പാക്കിവരുന്നു. പുനരധിവാസ കേന്ദ്രങ്ങളുടെയും അഭയകേന്ദ്രങ്ങളുടെയും വിവരങ്ങൾ SMILE-Beggary ദേശീയ പോർട്ടൽ വഴി ശേഖരിക്കുകയും രജിസ്റ്റർ ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.

 

 

രക്ഷപ്പെടുത്തലിന്റെയും പുനരധിവാസത്തിന്റെയും കഥകൾ

 

പദ്ധതിയുടെ പുരോഗതി അളക്കുന്നത് അത് നടപ്പാക്കുന്ന നഗരങ്ങളുടെ എണ്ണം, കണ്ടെത്തിയ വ്യക്തികൾ, പുനരധിവസിപ്പിച്ചവർ എന്നിവയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഓരോ കണക്കുകൾക്കും പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്; തെരുവുകളിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കും, നിരാശയിൽ നിന്ന് അന്തസ്സിലേക്കുമുള്ള യാത്രകൾ. ജ്യോതിയുടെയും സുനിലിന്റെയും ജീവിതം അത്തരത്തിലുള്ള രണ്ട് ഉദാഹരണങ്ങളാണ്.

 

 

മുന്നോട്ടുള്ള പാത

 

ഇന്ത്യയിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളുടെ ക്ഷേമത്തിനായി രാജ്യം സ്വീകരിച്ചിട്ടുള്ള നയങ്ങളിലെ നിർണ്ണായകമായ മാറ്റത്തെയാണ് SMILE പ്രതിനിധാനം ചെയ്യുന്നത്. ഓരോ പ്രശ്നങ്ങളെയും വെവ്വേറെ കാണുന്നതിന് പകരം തിരിച്ചറിയൽ രേഖകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗ്ഗം, പാർപ്പിടം എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഏകീകൃതമായ ചട്ടക്കൂടാണിത്. ഇതിന് പിന്നിലെ യുക്തി വ്യക്തമാണ്: മാറ്റിനിർത്തപ്പെടലുകൾക്ക് പല തലങ്ങളുള്ളതുകൊണ്ട് തന്നെ അതിനുള്ള പരിഹാരവും ബഹുതലങ്ങളിലായിരിക്കണം.

 

 

മുമ്പത്തെ ക്ഷേമപദ്ധതികളിൽ നിന്ന് SMILE-നെ വേറിട്ടു നിർത്തുന്നത് ഘടനാപരമായ മാറ്റത്തിന് അത് നൽകുന്ന പ്രാധാന്യമാണ്. ഈ പദ്ധതിയുടെ ഓരോ ഭാഗവും രൂപകൽപ്പന ചെയ്തിരിക്കുന്നത് കേവലം താൽക്കാലിക ആശ്വാസം നൽകാനല്ല, മറിച്ച് ആശ്വാസം ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കാനാണ്. ഇതിന്റെ അന്തിമ ലക്ഷ്യം ഒരു പദ്ധതിയോടുള്ള ആശ്രിതത്വമല്ല, മറിച്ച് സമൂഹത്തിലെ സജീവമായ പങ്കാളിത്തമാണ്.

 

പദ്ധതിക്കായി ഓരോ വർഷവും വർധിച്ചുവരുന്ന ബജറ്റ് വിഹിതത്തിലും, പദ്ധതി നടപ്പാക്കുന്ന പങ്കാളികളുടെ വർധനയിലും, ഇതിന്റെ ഗുണഫലം ലഭിക്കുന്ന വ്യക്തികളുടെ എണ്ണത്തിലും ഈ വലിയ ലക്ഷ്യം പ്രതിഫലിക്കുന്നുണ്ട്. SMILE എന്നത് അതിന്റെ പേര് അർഥമാക്കുന്നത് പോലെ തന്നെ, അന്തസ്സ് എന്നത് ചുരുക്കം ചിലർക്ക് മാത്രം നൽകേണ്ട ഒന്നല്ലെന്നും അത് ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണെന്നുമുള്ള വിശ്വാസത്തിൽ പടുത്തുയർത്തിയ ദൗത്യമാണ്.

 

 സൂചനകൾ:

See In PDF

*****

 


( റിലീസ് ഐ.ഡി: 2254321) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Bengali , Bengali-TR , Urdu , Marathi , हिन्दी , Gujarati