PIB Backgrounder
സാഗര്‍മാല: ഇന്ത്യയുടെ സമുദ്ര മേഖലയെ പരിവര്‍ത്തനം ചെയ്യുന്നു
प्रविष्टि तिथि:
11 APR 2026 10:46AM by PIB Thiruvananthpuram
പ്രധാന വസ്തുതകള്‍
സാഗര്‍മാല പദ്ധതി വഴി 6.06 ലക്ഷം കോടി രൂപയുടെ 845 പദ്ധതികള്‍ നടപ്പിലാക്കുന്നു, 1.57 ലക്ഷം കോടി രൂപയുടെ 315 പദ്ധതികള്‍ പൂര്‍ത്തിയായി.
7 കോസ്റ്റല്‍ ബെര്‍ത്ത് പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ പ്രതിവര്‍ഷം 9.84 ദശലക്ഷം ടണ്‍ എന്നതോതില്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ 915 ദശലക്ഷം ടണ്‍ റെക്കോര്‍ഡ് ചരക്ക് കൈകാര്യം ചെയ്തു.
85,482 കോടിയുടെ പിന്തുണയോടെയുള്ള സാഗര്‍മാല 2.0, 3.6 ലക്ഷം കോടി നിക്ഷേപം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.
ആമുഖം
ഇന്ത്യയുടെ സമുദ്ര മേഖല രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തിന് ഏകദേശം 11,099 കിലോമീറ്റര്‍ തീരപ്രദേശവും ഏകദേശം 14,500 കിലോമീറ്റര്‍ ജലപാതകളുമുണ്ട്. ഇന്ത്യയെ ആഗോള കപ്പല്‍ ഗതാഗത മാര്‍ഗങ്ങളുമായി ബന്ധിപ്പിക്കുകയും ചരക്കുകളുടെയും യാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്ന പ്രധാന തുറമുഖങ്ങള്‍ തീരപ്രദേശങ്ങളിലാണ്. രാജ്യത്തെ വ്യാപാരത്തിന്റെ അളവില്‍ 95 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 70 ശതമാനവും സമുദ്രമാര്‍ഗ്ഗങ്ങളിലൂടെയാണ് നടക്കുന്നത്.
ഇന്ത്യയില്‍ 12 പ്രധാന തുറമുഖങ്ങളും 200-ലധികം ചെറിയ തുറമുഖങ്ങളുമുണ്ട്. പ്രധാന തുറമുഖങ്ങള്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & ജലപാത മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണെങ്കിലും, ചെറിയ തുറമുഖങ്ങള്‍ അതത് സംസ്ഥാന മാരിടൈം ബോര്‍ഡുകളുടെ/സംസ്ഥാന ഗവണ്മെന്റിന്റെ അധികാരപരിധിയിലാണ്. അസംസ്‌കൃത എണ്ണ, കല്‍ക്കരി, കണ്ടെയ്‌നറുകള്‍, വളങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം ചരക്കുകള്‍ ഈ തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നു, ഇത് തുറമുഖങ്ങളെയും ഷിപ്പിംഗിനെയും രാജ്യത്തിന്റെ വ്യാപാര ചരക്ക് നീക്കത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, തുറമുഖ അധിഷ്ഠിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 2015 മാര്‍ച്ചില്‍ സാഗര്‍മാല പരിപാടി ആരംഭിച്ചു. ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുക, ഗതാഗത ചെലവ് കുറയ്ക്കുക, നിലവിലുള്ള റോഡ്, റെയില്‍ ശൃംഖലകള്‍ക്കൊപ്പം തീരദേശ ഷിപ്പിംഗിന്റെയും ഉള്‍നാടന്‍ ജലപാതകളുടെയും ഉപയോഗം വര്‍ദ്ധിപ്പിച്ച് വ്യാപാരത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. തുറമുഖങ്ങള്‍ നവീകരിക്കുന്നതിലും നിര്‍മ്മിക്കുന്നതിലും, പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സാഗര്‍മാല പരിപാടിയുടെ ഘടകങ്ങള്‍
ഇന്ത്യയുടെ സമുദ്രമേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന ഘടകങ്ങള്‍ സാഗര്‍മാല പരിപാടിയില്‍ ഉള്‍പ്പെടുന്നു. സാഗര്‍മാല പരിപാടിക്ക് കീഴിലുള്ള പദ്ധതികളെ ആകെ 5 സ്തംഭങ്ങളായും 24 വിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. അവ താഴെ കൊടുത്തിരിക്കുന്നു
•തുറമുഖ നവീകരണവും പുതിയ തുറമുഖങ്ങളുടെ വികസനവും:
ശേഷി വികസനത്തിനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള തുറമുഖങ്ങള്‍ നവീകരിക്കുന്നതിലും പുതിയവ വികസിപ്പിക്കുന്നതിലും ഈ സ്തംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാന സൗകര്യ വിടവുകള്‍ പരിഹരിക്കുന്നതും തുറമുഖ പ്രവര്‍ത്തനങ്ങളില്‍ ആധുനികവല്‍ക്കരണം, യന്ത്രവല്‍ക്കരണം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
•തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍:
തുറമുഖങ്ങളും ഉള്‍നാടന്‍ പ്രദേശങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, അതുവഴി വേഗത്തിലും ചെലവ് കുറഞ്ഞതുമായ ചരക്ക് നീക്കം സാധ്യമാക്കുക എന്നിവയാണ് ഈ ഘടകത്തിന്റെ ലക്ഷ്യം. തടസ്സമില്ലാത്ത ചരക്ക് നീക്കത്തിനായി മള്‍ട്ടിമോഡല്‍ ഗതാഗത ശൃംഖലകളുടെ വികസനം, റോഡ്, റെയില്‍, തീരദേശ ഷിപ്പിംഗ്, ഉള്‍നാടന്‍ ജലപാതകള്‍ തുടങ്ങിയവ സംയോജിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
•തുറമുഖ അധിഷ്ഠിത വ്യവസായവല്‍ക്കരണം:
തുറമുഖ-സമീപ പ്രദേശങ്ങളിലെ വ്യാവസായിക ക്ലസ്റ്ററുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉല്‍പ്പാദനത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നു. തുറമുഖങ്ങളുമായുള്ള സാമിപ്യം ചരക്ക് നീക്കത്തിന്റെ ചെലവ് കുറയ്ക്കുന്നതിനും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
•തീരദേശ സമൂഹ വികസനം:
തീരപ്രദേശങ്ങളിലെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഈ സ്തംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നൈപുണ്യ വികസന പരിപാടികള്‍, മത്സ്യബന്ധനത്തിനും തീരദേശ ടൂറിസത്തിനുമുള്ള പിന്തുണ, തീരദേശ സമൂഹങ്ങള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
•തീരദേശ ഷിപ്പിംഗ്, ഉള്‍നാടന്‍ ജലപാത ഗതാഗതം
ചരക്ക് നീക്കത്തിനായി തീരദേശ ഷിപ്പിംഗും ഉള്‍നാടന്‍ ജലപാതകളും കൂടുതലായി ഉപയോഗിക്കുന്നതിന് ഈ ഘടകം പ്രോത്സാഹിപ്പിക്കുന്നു. നിലവിലുള്ള ഗതാഗത ശൃംഖലകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം റോഡ്, റെയില്‍ ഗതാഗതത്തിന് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ബദലുകള്‍ ഈ രീതി വാഗ്ദാനം ചെയ്യുന്നു.
സമുദ്ര മേഖല : നേട്ടങ്ങളും നാഴികക്കല്ലുകളും
കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍, സാഗര്‍മാല പരിപാടി വിപുലമായ ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. സമുദ്ര അടിസ്ഥാന സൗകര്യ വികസനത്തില്‍ അതിന്റെ വ്യാപ്തിയും ദീര്‍ഘകാല സ്വാധീനവും ഈ സമഗ്ര പുരോഗതി എടുത്തുകാണിക്കുന്നു. 6.06 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഏകദേശം 845 പദ്ധതികള്‍ ഈ പരിപാടിയുടെ കീഴില്‍ ഏറ്റെടുത്തിട്ടുണ്ട്. 2026 മാര്‍ച്ച് 24 വരെ, 1.57 ലക്ഷം കോടി രൂപയുടെ 315 പദ്ധതികള്‍ പൂര്‍ത്തിയായി. 210 പദ്ധതികള്‍ നിലവില്‍ നിര്‍വഹണ ഘട്ടത്തിലാണ്. 320 പദ്ധതികള്‍ ആസൂത്രണ ഘട്ടത്തിലാണ്.
തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, തീരദേശ മേഖലകളിലുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക എന്നിവയില്‍ ഇനിപ്പറയുന്ന സംരംഭങ്ങള്‍ സുസ്ഥിര പുരോഗതി പ്രതിഫലിപ്പിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളും ശേഷി വികസനവും ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപങ്ങളിലൂടെ തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ചരക്ക് കൈകാര്യം ചെയ്യല്‍ ശേഷി വികസിപ്പിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
മത്സ്യബന്ധന തുറമുഖ വികസനം: 1,057 കോടി രൂപ ചെലവില്‍ 11 മത്സ്യബന്ധന തുറമുഖ പദ്ധതികള്‍ പൂര്‍ത്തിയായി. 30,000 ത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. കര്‍ണാടകയില്‍, മാല്‍പെയിലെ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട വികസനവും ആധുനികവല്‍ക്കരണവും പൂര്‍ത്തിയായി. കുളായിയിലെ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനം നടപ്പിലാക്കി.
കോസ്റ്റല്‍ ബെര്‍ത്ത് വികസനം: 494 കോടി രൂപ വിലമതിക്കുന്ന 7 കോസ്റ്റല്‍ ബെര്‍ത്ത് പദ്ധതികള്‍ പൂര്‍ത്തിയായി. പ്രതിവര്‍ഷം 9.84 ദശലക്ഷം ടണ്‍ എന്ന നിരക്കില്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി (MTPA) ഇതിലൂടെ വര്‍ദ്ധിപ്പിച്ചു.
കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തെ ചരിത്രപ്രസിദ്ധമായ ബാസ്‌കുല്‍ പാലത്തിന്റെ നവീകരണം. നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനൊപ്പം തുറമുഖത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . പൂര്‍ത്തിയാകുമ്പോള്‍, നവീകരിച്ച പാലം തുറമുഖ സമീപങ്ങളില്‍ ചരക്കുകളുടെയും വാഹനങ്ങളുടെയും കൂടുതല്‍ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ നീക്കം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ തുറമുഖങ്ങളിലൊന്നിലെ ലോജിസ്റ്റിക് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.
മുംബൈ തുറമുഖത്തെ പിര്‍ പോ ടെര്‍മിനലില്‍ അഗ്‌നിശമന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി 52.69 കോടി രൂപ ചെലവില്‍ നടപ്പിലാക്കിവരികയാണ്. തുറമുഖത്തെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മെച്ചപ്പെട്ട തുറമുഖ പ്രവര്‍ത്തനവും ആഗോള സ്ഥിതിയും
ഇന്ത്യന്‍ തുറമുഖങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനവും ശക്തമായ ആഗോള മത്സരശേഷിയും ഈ പരിപാടിയുടെ കീഴിലുള്ള പരിവര്‍ത്തനത്തെ സാധൂകരിക്കുന്നു.
റെക്കോര്‍ഡ് നിരക്കില്‍ ചരക്ക് കൈകാര്യം ചെയ്യല്‍: ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 915.17 ദശലക്ഷം ടണ്‍ (MT) എന്ന റെക്കോര്‍ഡ് നിരക്കില്‍ ചരക്ക് കൈകാര്യം ചെയ്തു. ഇത് 904 MT എന്ന വാര്‍ഷിക ലക്ഷ്യത്തെ മറികടന്നു. ഇത് വര്‍ഷം തോറും 7.06% എന്ന തോതിലുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു. സമുദ്ര വ്യാപാരത്തില്‍ സുസ്ഥിരമായ വളര്‍ച്ച പ്രകടമാക്കുന്നു.
പ്രവര്‍ത്തന കാര്യക്ഷമത: കപ്പലുകളുടെ ശരാശരി ടേണ്‍അറൗണ്ട് സമയം 2014-ല്‍ 96 മണിക്കൂറില്‍ നിന്ന് 2025-ല്‍ 49.5 മണിക്കൂറായി ഗണ്യമായി കുറഞ്ഞു. ഇത് മെച്ചപ്പെട്ട തുറമുഖ കാര്യക്ഷമതയും വേഗത്തിലുള്ള ചരക്ക് കൈകാര്യം ചെയ്യലും സൂചിപ്പിക്കുന്നു.
ആഗോള അംഗീകാരം: ഇന്ത്യന്‍ തുറമുഖങ്ങള്‍ ആഗോളതലത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തി, ലോകത്തിലെ മികച്ച 100 തുറമുഖങ്ങളില്‍ ഇന്ത്യയിലെ 9 തുറമുഖങ്ങള്‍ ഇടം നേടി. കണ്ടെയ്‌നര്‍ ഗതാഗതത്തില്‍ മികച്ച 20 തുറമുഖങ്ങളില്‍ ഒന്നായി വിശാഖപട്ടണം തുറമുഖം ഉള്‍പ്പെടുന്നു.
ഉള്‍നാടന്‍ ജലപാതകളിലെ വളര്‍ച്ച: ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 18.10 MTPA ആയിരുന്നത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 145.50 MTPA ആയി വര്‍ദ്ധിച്ചു, ഇത് ഏകദേശം 700% വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ഇത് കൂടുതല്‍ കാര്യക്ഷമവും വൈവിധ്യപൂര്‍ണ്ണവുമായ ലോജിസ്റ്റിക് സംവിധാനത്തിന് സംഭാവന നല്‍കുന്നു.

യാത്രക്കാര്‍ക്കുള്ള ഗതാഗത സംവിധാനവും നഗര ജലപാത ഗതാഗതവും
തീരദേശ, ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള യാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരം വിപുലീകരിക്കുന്നതിനും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും ഈ പരിപാടി പിന്തുണച്ചിട്ടുണ്ട്.
റോ-പാക്‌സ്, ഫെറി സേവനങ്ങള്‍: നഗര ജലപാത ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 1,233 കോടി രൂപ നിക്ഷേപത്തില്‍ ആകെ 29 റോ-പാക്‌സ് (വാഹനങ്ങളെയും യാത്രക്കാരെയും വഹിക്കുന്ന ഒരു കപ്പല്‍), പാസഞ്ചര്‍ ഫെറി പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍, 706 കോടി രൂപയുടെ 17 പദ്ധതികള്‍ പൂര്‍ത്തിയായി. വേഗതയേറിയതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗത അവസരങ്ങള്‍ നല്‍കിക്കൊണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് പ്രയോജനം നല്‍കി.
മെച്ചപ്പെട്ട യാത്രാ കാര്യക്ഷമത: ഘോഘ-ഹസിറ റോ-പാക്‌സ് സര്‍വീസ്: റോഡ് വഴിയുള്ള യാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ വേണ്ടി വരുന്നിടത്ത് കടല്‍ വഴിയുള്ള യാത്രാ സമയം ഏകദേശം 4 മണിക്കൂറായി കുറഞ്ഞു. ഇത് 36,000-ത്തിലധികം ട്രക്കുകള്‍, 61,000 കാറുകള്‍, ഏകദേശം 4 ലക്ഷം യാത്രക്കാര്‍ എന്നിവരുടെ ഗതാഗതം സാധ്യമാക്കി. മുംബൈ-മാണ്ട്വ ഫെറി സര്‍വീസ് 109 കിലോമീറ്റര്‍ റോഡ് യാത്രയ്ക്ക് പകരമായി 18.5 കിലോമീറ്റര്‍ കടല്‍ പാത സ്ഥാപിച്ചുകൊണ്ട് റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിച്ചു. ഇത് യാത്രാ സമയം ഗണ്യമായി കുറച്ചു.
തീരദേശ ഉപജീവനമാര്‍ഗ്ഗവും നൈപുണ്യ വികസനവും
അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം, ലക്ഷ്യമിട്ട നൈപുണ്യ വികസന സംരംഭങ്ങളിലൂടെ തീരദേശ സമൂഹങ്ങളിലെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനും ഈ പരിപാടി സംഭാവന നല്‍കി.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (DDU-GKY) സംരംഭത്തിന് കീഴില്‍, 7,600-ലധികം സ്ഥാനാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം ലഭിച്ചു.3,100-ലധികം വ്യക്തികള്‍ക്ക് സമുദ്ര, അനുബന്ധ മേഖലകളില്‍ നിയമനം നല്‍കി
തുറമുഖ അധിഷ്ഠിത വ്യവസായവല്‍ക്കരണവും സമുദ്ര, അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വഴി 40 ലക്ഷം പ്രത്യക്ഷവും , 60 ലക്ഷം പരോക്ഷവുമായ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി തൊഴിലവസരങ്ങളുടെ ആകെ തൊഴില്‍ സാധ്യത സാഗര്‍മാല പരിപാടി വഴി കണക്കാക്കിയിട്ടുണ്ട്.
സാഗര്‍മാലയുടെ സ്ഥാപനപരമായ നട്ടെല്ല്
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുടനീളം ഏകോപിത ആസൂത്രണം, കാര്യക്ഷമമായ നിര്‍വഹണം, തുടര്‍ച്ചയായ നിരീക്ഷണം എന്നിവ പ്രാപ്തമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ബഹുതല ചട്ടക്കൂടാണ് സാഗര്‍മാല പരിപാടിയെ പിന്തുണയ്ക്കുന്നത്. ഈ ചട്ടക്കൂടിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്:
സാഗര്‍മാല ദേശീയ ഉന്നതതല കമ്മിറ്റി (NSAC):
2015 മെയ് മാസത്തില്‍ രൂപീകരിച്ച NSAC, പരിപാടിയുടെ മൊത്തത്തിലുള്ള നയ മാര്‍ഗ്ഗനിര്‍ദ്ദേശവും മേല്‍നോട്ടവും നല്‍കുന്ന പരമോന്നത സ്ഥാപനമാണ്. ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും പ്രധാന വശങ്ങള്‍ ഇത് അവലോകനം ചെയ്യുകയും പദ്ധതികള്‍, വിശാലമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
മാരിടൈം സ്റ്റേറ്റ്‌സ് ഡെവലപ്മെന്റ് കൗണ്‍സില്‍ (MSDC):
കേന്ദ്ര-സംസ്ഥാന ഏകോപനം സുഗമമാക്കുന്നതിന് MSDC ഇടയ്ക്കിടെ വിളിച്ചുകൂട്ടുന്നു. പുരോഗതി അവലോകനം ചെയ്യുന്നതിനും, മന്ത്രാലയങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, തുറമുഖങ്ങളുടെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും ഏകോപിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ , സമുദ്ര പങ്കാളികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നു.
സംസ്ഥാന സാഗര്‍മാല കമ്മിറ്റികള്‍ (SSCs):
തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും (UTs) രൂപീകരിച്ചിരിക്കുന്ന സംസ്ഥാന സാഗര്‍ മാല കമ്മിറ്റികള്‍ ,സംസ്ഥാന തലത്തില്‍ പദ്ധതികള്‍ തിരിച്ചറിയുന്നതിനും, നിര്‍വഹണം ഏകോപിപ്പിക്കുന്നതിനും, പുരോഗതി നിരീക്ഷിക്കുന്നതിനും ഉത്തരവാദിത്വം വഹിക്കുന്നു. പരിപാടിയുടെ മൊത്തത്തിലുള്ള ലക്ഷ്യങ്ങളുമായി സംസ്ഥാനതല മുന്‍ഗണനകള്‍ പൊരുത്തപ്പെടുന്നതില്‍ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സാഗര്‍മാല ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SMFCL):
2016 ഓഗസ്റ്റില്‍ സ്ഥാപിതമായ സാഗര്‍മാല ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് (SDCL) ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2025 ജൂണില്‍, SDCL ഒരു പ്രധാന പരിവര്‍ത്തനത്തിന് വിധേയമാവുകയും സാഗര്‍മാല ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SMFCL) ആയി പുനഃക്രമീകരിക്കപ്പെടുകയും ചെയ്തു. സമുദ്ര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (NBFC) ആയി SMFCL സ്ഥാനം പിടിച്ചതോടെ ഈ മാറ്റം വിപുലീകരിച്ച ഒരു ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു. സമുദ്ര മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുക, നിര്‍ണായകമായ ധനസഹായ വിടവുകള്‍ പരിഹരിക്കുക, തുറമുഖങ്ങള്‍, ഷിപ്പിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ വികസനത്തെ പിന്തുണയ്ക്കുക എന്നിവയാണ് SMFCL ലക്ഷ്യമിടുന്നത്. 2025 ഡിസംബറില്‍ കമ്പനി ഏകദേശം 4,300 കോടി രൂപയുടെ വായ്പാ അനുമതികള്‍ അംഗീകരിച്ചു. സമുദ്ര മേഖലയ്ക്ക് സമര്‍പ്പിതവും വിശ്വസനീയവുമായ ഒരു ധനകാര്യ സ്ഥാപനമായി ഉയര്‍ന്നുവരാനുള്ള താല്പര്യത്തെ ഇതിലൂടെ ശക്തിപ്പെടുത്തി.
നൂതനാശയങ്ങളുടെ പുതു തരംഗം
സാഗര്‍മാല 2.0
2015 മാര്‍ച്ചില്‍ ആരംഭിച്ച സാഗര്‍മാല പദ്ധതിയുടെ അടുത്ത ഘട്ടമായി സാഗര്‍മാല 2.0 നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. എംഐവി (മാരിടൈം ഇന്ത്യ വിഷന്‍) 2030, എംഎകെവി (മാരിടൈം അമൃത് കാല്‍ വിഷന്‍) 2047 എന്നിവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമുദ്രമേഖലയ്ക്കായുള്ള വിശാലവും കൂടുതല്‍ സംയോജിതവുമായ ദേശീയ ദര്‍ശനത്തെയും അതിന്റെ നേട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തുറമുഖങ്ങളുടെ സമഗ്രമായ നവീകരണം, തുറമുഖ അധിഷ്ഠിത വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍, തുറമുഖങ്ങളിലേക്കുള്ള തീരദേശ, ഉള്‍നാടന്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍, ഉള്‍നാടന്‍ ജലപാതകളുടെയും തീരദേശ ഷിപ്പിംഗ് സേവനങ്ങളുടെയും മെച്ചപ്പെടുത്തല്‍, ദ്വീപ്, തീരദേശ സമൂഹങ്ങളുടെ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നൂതനാശയങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയെ ഒരു ആഗോള സമുദ്ര കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2047 ല്‍ വികസിത് ഭാരതമെന്ന ദേശീയ ദര്‍ശനവുമായി യോജിപ്പിച്ച്, സമഗ്രമായ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കല്‍ എന്നിവയ്ക്കുള്ള ഒരു പ്രധാന സഹായിയായി സാഗര്‍മാല 2.0 വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതി കാലയളവില്‍ തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലപാതകള്‍, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍, സമുദ്ര സേവനങ്ങള്‍, തീരദേശ വികസനം, ഗവേഷണ വികസനം, സ്ഥാപനപരമായ ശക്തിപ്പെടുത്തല്‍ എന്നിവയിലുടനീളം തിരഞ്ഞെടുത്ത ഇടപെടലുകള്‍ക്കായി വിനിയോഗിക്കുന്നതിനായി, മൊത്തം 3.6 ലക്ഷം കോടി രൂപ നിക്ഷേപത്തോടെ 85,482 കോടി രൂപയുടെ ബജറ്റ് പിന്തുണയാണ് നിര്‍ദ്ദിഷ്ട പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്.
ഉപസംഹാരം
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ സമുദ്ര മേഖല ശേഷി, സമ്പര്‍ക്ക ഗതാഗത സൗകര്യങ്ങള്‍, പ്രവര്‍ത്തന കാര്യക്ഷമത എന്നിവയില്‍ ഗണ്യമായ വികാസം കൈവരിച്ചിട്ടുണ്ട്. തുറമുഖങ്ങളുടെ നവീകരണം, തീരദേശ, ഉള്‍നാടന്‍ ജലപാത അടിസ്ഥാന സൗകര്യ വികസനം, ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വികസനം എന്നിവയില്‍ സാഗര്‍മാല പരിപാടി സംഭാവന നല്‍കിയിട്ടുണ്ട്. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ വിപുലമായ ശേഷി വര്‍ദ്ധിപ്പിച്ചു. കപ്പല്‍ ടേണ്‍അറൗണ്ട് സമയം കുറച്ചു, തുറമുഖ അധിഷ്ഠിത വ്യാവസായിക, തീരദേശ സമൂഹ വികസനത്തെ പിന്തുണച്ചു. മൊത്തത്തില്‍, വളര്‍ച്ച സുസ്ഥിരമാക്കുന്നതിനും വ്യാപാര, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ഘടനാപരമായ സമീപനം ഈ സംരംഭങ്ങള്‍ നല്‍കുന്നു.
റഫറന്‍സുകള്‍
Click here to see pdf
***
(रिलीज़ आईडी: 2251642)
आगंतुक पटल : 27