ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ജയ്‌പൂർ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പോസ്റ്റഡ് ഓണ്‍:
08 APR 2026 4:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ജയ്‌പൂർ മെട്രോയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം നൽകി. പ്രഹ്ലാദ്പുര മുതൽ തോഡി മോഡ് വരെ 41 കിലോമീറ്റർ നീളമുള്ള ഈ വടക്ക്-തെക്ക് ഇടനാഴിയിൽ 36 സ്റ്റേഷനുകളുണ്ടാകും. 13,037.66 കോടി രൂപയാണ് ഇതിന്റെ ആകെ ചെലവ്. ഇന്ത്യാ ഗവൺമെന്റിന്റെയും രാജസ്ഥാൻ ഗവൺമെന്റിന്റെയും 50:50 ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമായ രാജസ്ഥാൻ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (RMRCL) ഈ പദ്ധതി നടപ്പിലാക്കുന്നത്.
സീതാപുര ഇൻഡസ്ട്രിയൽ ഏരിയ, VKIA, ജയ്‌പൂർ എയർപോർട്ട്, ടോങ്ക് റോഡ്, SMS ഹോസ്പിറ്റൽ ആൻഡ് സ്റ്റേഡിയം, അംബാബാരി, വിദ്യാധർ നഗർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് രണ്ടാം ഘട്ട ഇടനാഴി സുഗമമായ കണക്റ്റിവിറ്റി നൽകും. വിമാനത്താവള മേഖലയിലെ ഭൂഗർഭ സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ നഗരത്തിലുടനീളം ഏകീകൃതവും തുടർച്ചയുള്ളതുമായ മെട്രോ ശൃംഖല ഉറപ്പാക്കിക്കൊണ്ട് ആസൂത്രിതമായ ഇന്റർചേഞ്ചുകളിലൂടെയും ഫീഡർ സംവിധാനങ്ങളിലൂടെയും, നിലവിൽ പ്രവർത്തിക്കുന്ന ഒന്നാം ഘട്ടവുമായി സംയോജിപ്പിക്കും.
നിലവിൽ ജയ്‌പൂർ മെട്രോയുടെ ഒന്നാം ഘട്ടത്തിലെ 11.64 കിലോമീറ്റർ നീളമുള്ള പാതയിൽ ശരാശരി 60,000 യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുണ്ട്. രണ്ടാം ഘട്ടം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ മെട്രോ ശൃംഖലയിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുമെന്നും ഇത് ജയ്‌പൂരിലെ പൊതുഗതാഗതത്തിന്റെ പങ്ക് ഗണ്യമായി വർധിപ്പിക്കുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അന്തർ-മന്ത്രാലയ കൺസൾട്ടേഷൻ, നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് അവലോകനം, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് മൂല്യനിർണ്ണയം എന്നിവയുൾപ്പെടെ ജയ്‌പൂർ മെട്രോ രണ്ടാം ഘട്ടം വിവിധ തലങ്ങളിൽ സമഗ്രമായ വിലയിരുത്തലിന് വിധേയമായിട്ടുണ്ട്. ഈ പദ്ധതിക്ക് 14 ശതമാനത്തിന് മുകളിൽ സാമ്പത്തിക ആന്തരിക റിട്ടേൺ നിരക്ക് (EIRR) ഉണ്ട്, ഇത് ശക്തമായ സാമൂഹിക-സാമ്പത്തിക പ്രയോഗക്ഷമതയെ സൂചിപ്പിക്കുന്നു. മെട്രോ റെയിൽ നയം-2017 അനുസരിച്ച്, ഇന്ത്യാ ഗവൺമെന്റിൽ നിന്നും രാജസ്ഥാൻ ഗവൺമെന്റിൽ നിന്നുമുള്ള ഓഹരി പിന്തുണ, സബോർഡിനേറ്റ് ഡെബ്റ്റ്, ബഹുമുഖ ധനസഹായം എന്നിവയിലൂടെയാണ് ഇതിന്റെ ഫണ്ടിംഗ് സജ്ജീകരിച്ചിരിക്കുന്നത്.
രാജസ്ഥാൻ TOD നയം-2025, നിർദ്ദിഷ്ട UMTA പരിഷ്കാരങ്ങൾ, ദേശീയ സുസ്ഥിര നഗര ഗതാഗത ലക്ഷ്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതാണ് ഈ പദ്ധതി. 2031 സെപ്റ്റംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ജയ്‌പൂർ മെട്രോ രണ്ടാം ഘട്ടം ഗതാഗത തിരക്ക് ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളൽ കുറയ്ക്കാനും താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജയ്‌പൂരിനെ ആധുനികവും ഭാവിസജ്ജവുമായ നഗരമായി മാറ്റുകയും വികസിത ഭാരതം, വികസിത രാജസ്ഥാൻ എന്നിവയിലേക്കുള്ള ഒരു ചുവടുവെപ്പായി മാറുകയും ചെയ്യും.
നിലവിൽ ഒന്നാം ഘട്ടത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു മെട്രോ സംവിധാനം ജയ്‌പൂരിലുണ്ട്. ഇത് മാൻസരോവർ മുതൽ ബാഡി ചൗപ്പർ വരെയുള്ള കിഴക്കുപടിഞ്ഞാറൻ ഇടനാഴിയിലൂടെ 11.64 കിലോമീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളുമായി ഓടുന്നു. ഇത് പ്രധാനപ്പെട്ട പാർപ്പിട-വാണിജ്യ മേഖലകളെ ജയ്‌പൂരിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റുമായി, അതായത് പൈതൃക നഗരവുമായി ബന്ധിപ്പിക്കുന്നു. വടക്ക്-തെക്ക് അച്ചുതണ്ടിൽ ആസൂത്രണം ചെയ്തിരിക്കുന്ന ജയ്‌പൂർ മെട്രോ രണ്ടാം ഘട്ടം നിലവിലുള്ള ഇടനാഴിക്ക് പൂരകമാവുകയും ജയ്‌പൂർ നഗരത്തിലുടനീളം മെട്രോ കണക്റ്റിവിറ്റി നൽകുകയും ചെയ്യും. ഇത് ഗതാഗത തിരക്ക് ഗണ്യമായി കുറയ്ക്കുകയും നഗരത്തിലെ മൊത്തത്തിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.
***
NK
( റിലീസ് ഐ.ഡി: 2250120)
സന്ദര്‍ശക കൗണ്ടര്‍ : 10