PIB Headquarters
മുന്നേറുന്ന ഭാരതത്തിന്റെ മത്സ്യമേഖല
സ്ഥാപനങ്ങൾ, നിക്ഷേപം, ഉൾച്ചേർക്കൽ
പോസ്റ്റഡ് ഓണ്‍:
06 APR 2026 11:45AM by PIB Thiruvananthpuram
പ്രധാന കാര്യങ്ങൾ
2026-27 ലെ കേന്ദ്ര ബജറ്റ് മത്സ്യബന്ധന മേഖലയ്ക്ക് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വാർഷിക ബജറ്റ് പിന്തുണയായ 2,761.80 കോടി രൂപ നിക്കിവെച്ചു.
2026-27 ൽ 2,500 കോടി രൂപ വകയിരുത്തിക്കൊണ്ട് പി.എം.എം.എസ്.വൈ മത്സ്യബന്ധന വികസനത്തിന്റെ നെടുംതൂണായി തുടരുന്നു.
കെ.സി.സി ആനുകൂല്യങ്ങൾ 4.39 ലക്ഷം മത്സ്യത്തൊഴിലാളികളിൽ എത്തി, 3.3 ദശലക്ഷം ഗുണഭോക്താക്കളിലേക്ക് ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിച്ചു, ഏകദേശം 7.44 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉപജീവന സഹായം പ്രയോജനപ്പെട്ടു.
2013-14 സാമ്പത്തിക വർഷത്തിലെ 95.79 ലക്ഷം ടണ്ണിൽ നിന്ന് മത്സ്യ ഉൽപാദനം 2024-25 സാമ്പത്തിക വർഷത്തിൽ 197.75 ലക്ഷം ടൺ ആയി ഉയർന്നു.
2013-14 സാമ്പത്തിക വർഷത്തിൽ 95.79 ലക്ഷം ടൺ ആയിരുന്ന മത്സ്യോത്പാദനം 106 ശതമാനത്തിന്റെ ഗണ്യമായ വർധനവോടെ, 2024-25 സാമ്പത്തിക വർഷത്തിൽ 197.75 ലക്ഷം ടണ്ണായി വർദ്ധിച്ചു.
ആമുഖം

ആഗോള ഉത്പാദനത്തിന്റെ ഏകദേശം എട്ട് ശതമാനത്തോളം സംഭാവന ചെയ്യുന്ന, ലോകത്തെ ഏറ്റവും കൂടുതൽ മത്സ്യം ഉത്പാദിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ദേശീയ ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വരുമാനം വർദ്ധിപ്പിക്കൽ എന്നിവയിൽ, പ്രത്യേകിച്ച് തീരദേശ, ഗ്രാമീണ സമ്പദ്വ്യവസ്ഥകളിലുടനീളം ഒരു നിർണായക ഘടകമാണ് മത്സ്യബന്ധന മേഖല. വളരുന്ന ഘടനാപരമായ പ്രാധാന്യം പ്രതിഫലിപ്പിച്ചുകൊണ്ട്, കാർഷിക മൊത്ത മൂല്യവർദ്ധനവിന്റെ (ജി.വി.എ) ഏകദേശം 7.43 ശതമാനമാണ് മത്സ്യബന്ധനമേഖല ഉൾക്കൊള്ളുന്നത്. കാർഷിക, അനുബന്ധ മേഖലകളിലെ ഏറ്റവും ഉയർന്ന വിഹിതമാണിത്. സുസ്ഥിരമായ നയ മുൻഗണനയിലൂടെ ഈ വർധിത പ്രാധാന്യം കൂടുതൽ ശാക്തീകരിക്കപ്പെടുന്നു.
തുടർച്ചയായ ഇടപെടലുകളുടെ ഫലമായി, മൊത്തം മത്സ്യ ഉൽപ്പാദനം 2013-14 സാമ്പത്തിക വർഷത്തിലെ 95.79 ലക്ഷം ടണ്ണിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികമായിക്കൊണ്ട് 197.75 ലക്ഷം ടണ്ണായി വർദ്ധിച്ചു. ഇത് ഈ കാലയളവിൽ 106 ശതമാനത്തിന്റെ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു. അതേസമയം തന്നെ കടൽവിഭവങ്ങളുടെ കയറ്റുമതിയിലും ഗണ്യമായ വർധനവുണ്ടായി 2024-25 സാമ്പത്തിക വർഷത്തിൽ 62,408 കോടി രൂപയിലെത്തി. അമേരിക്കയും ചൈനയും പ്രധാന വിപണികളായി വർത്തിച്ചുകൊണ്ട്, ശീതീകരിച്ച ചെമ്മീൻ പ്രധാന കയറ്റുമതി ഉൽപ്പന്നമായി തുടരുന്നു. ഇത് മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപ്തിയയെും വർദ്ധിച്ചുവരുന്ന ആഗോള മത്സരക്ഷമതയെയും എടുത്തുകാണിക്കുന്നു.

മത്സ്യബന്ധന മേഖലയ്ക്കുള്ള കേന്ദ്ര ബജറ്റ്
2026-27 ലെ കേന്ദ്ര ബജറ്റ്, മത്സ്യബന്ധന മേഖലയ്ക്ക് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വാർഷിക ബജറ്റ് വിഹിതമായ 2,761.80 കോടി രൂപ നീക്കിവെച്ചു, ഇത് അതിന്റെ വർദ്ധിച്ചുവരുന്ന നയ മുൻഗണനയ്ക്ക് അടിവരയിടുന്നു. ഈ മൊത്തവിഹിതത്തിൽ, 2,530 കോടി രൂപ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും നേരിട്ട് പ്രയോജനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിർദിഷ്ട ഗവൺമെൻറ് പദ്ധതികൾ വഴി നടപ്പിലാക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നു. സാമ്പത്തിക സഹായം, മൂലധന സബ്സിഡികൾ, ഇൻഷുറൻസ് പരിരക്ഷ, കാര്യക്ഷമതാവികസന സംരംഭങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പിന്തുണാ സംവിധാനങ്ങൾ എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ മത്സ്യബന്ധന മേഖലയിലെ വളർച്ചയെ വ്യവസ്ഥാപിതമാക്കൽ:
പ്രത്യേകിച്ച് തീരദേശ, ഗ്രാമപ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കയറ്റുമതി വരുമാനം, ഉപജീവനമാർഗ്ഗം എന്നിവയ്ക്ക് സംഭാവന നൽകുന്ന ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഒരു സുപ്രധാന സ്തംഭമാണ് മത്സ്യബന്ധന മേഖല.
നീല വിപ്ലവത്തിനുശേഷം, ഈ മേഖല പരമ്പരാഗത രീതികളിൽ നിന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (എസ്.ഡി.ജികൾ) സംയോജിതമായ സുസംഘടിതവും സാങ്കേതികവിദ്യാധിഷ്ഠിതവും മൂല്യശൃംഖലാധിഷ്ഠിതവുമായ ഒരു ചട്ടക്കൂടിലേക്ക് വഴി മാറി. സമുദ്ര, ഉൾനാടൻ, മത്സ്യക്കൃഷി മേഖലകളിലുടനീളമുള്ള സംയോജിത മൂല്യ ശൃംഖലാവികസനത്തിന് നയപരമായ ഇടപെടലുകൾ മുൻഗണന നൽകിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങൾ, ലാൻഡിങ് സെന്ററുകൾ(മത്സ്യബന്ധനയാനങ്ങളുടെ തീരമണയൽ കേന്ദ്രങ്ങൾ), ശീതീകരണ ശൃംഖലാ വിതരണ സംവിധാനം (കോൾഡ്-ചെയിൻ ലോജിസ്റ്റിക്‌സ്), സംസ്‌കരണ അടിസ്ഥാനസൗകര്യങ്ങൾ, ആഴക്കടൽ യാനങ്ങൾ, നൂതന മത്സ്യക്കൃഷി സംവിധാനങ്ങൾ എന്നിവയിലെ നിക്ഷേപങ്ങൾ കയറ്റുമതി മത്സരക്ഷമതയെയും മൂല്യവർദ്ധനവിനെയും ശക്തിപ്പെടുത്തിയിട്ടുണ്ട്.
നീല വിപ്ലവം
ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും ആധുനിക രീതികളെ പ്രോത്സാഹിപ്പിച്ചും മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഉൾനാടൻ, സമുദ്ര മേഖലകളിലുടനീളമുള്ള മത്സ്യബന്ധന മൂല്യ ശൃംഖലയെ ശക്തിപ്പെടുത്താനും 2015 ൽ തുടക്കമായ നീല വിപ്ലവം ലക്ഷ്യമിടുന്നു. ഈ ശ്രമങ്ങളെ അടിസ്ഥാനമാക്കിയും വിളവെടുപ്പിനു ശേഷമുള്ള നിയന്ത്രണം, സുതാര്യത, മത്സ്യത്തൊഴിലാളി ക്ഷേമം, വിപണി ബന്ധങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി മേഖലയുടെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ) കേന്ദ്ര ഗവൺമെൻറ് 2020-ൽ ആരംഭിച്ചു.
2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, വിപണി അഭിഗമ്യതയും സാമ്പത്തിക ഉൾച്ചേർക്കലും മെച്ചപ്പെടുത്തുന്നതിനായുള്ള 544 കോടി രൂപയുടെ നിക്ഷേപപിന്തുണയോടെ 2,195 മത്സ്യബന്ധന കർഷക ഉൽപാദക സംഘടനകൾ (ഫിഷറീസ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ-എഫ്.എഫ്.പി.ഒ) രൂപീകരിച്ചുകൊണ്ട് ഈ മേഖലയിലെ കൂട്ടായ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 2026 ജനുവരിയിലെ കണക്കനുസരിച്ച്, ട്രോളിങ് നിരോധന കാലത്തും മത്സ്യലഭ്യത കുറഞ്ഞ (വറുതി) കാലയളവിലും പോഷകാഹാര, ജീവനോപാധി പിന്തുണ വഴി ഏകദേശം 4.33 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1,681.21 കോടി രൂപയുടെ ആനുകൂല്യം നൽകിയത് അവരുടെ വരുമാന സ്ഥിരതയും സാമൂഹിക സംരക്ഷണവും ശക്തിപ്പെടുത്തി. 2014-15 മുതൽ നടപ്പിലാക്കിയ മത്സ്യബന്ധന സംബന്ധമായ പദ്ധതികൾ മൊത്തത്തിൽ നേരിട്ടുള്ളതും പരോക്ഷവുമായ 74.66 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, ഇത് സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയിൽ മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അടിവരയിടുന്നു.
മത്സ്യബന്ധന മേഖലയുടെ പരിവർത്തനാത്മക പ്രയാണത്തെ നയിക്കുന്നു:
ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിലെ പ്രധാന നയ ഇടപെടലുകളുടെ കാലാനുസൃതമായ പ്രാതിനിധ്യം, ഉൽപ്പാദന കേന്ദ്രീകൃത വികാസത്തിൽ നിന്ന് ഡിജിറ്റൽവത്കരണത്തിലേക്കും സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള ഭരണനിർവഹണത്തിലേക്കുമുള്ള അതിന്റെ പരിവർത്തനത്തെ ചിത്രീകരിക്കുന്നു. 2015 ലെ നീല വിപ്ലവം മത്സ്യബന്ധനത്തെ തന്ത്രപരമായ വളർച്ചാ മേഖലയായി പുനഃസ്ഥാപിച്ചു. തുറമുഖങ്ങൾ, ലാൻഡിംഗ് സെന്ററുകൾ, കോൾഡ് ചെയിനുകൾ, സംസ്‌കരണ യൂണിറ്റുകൾ എന്നിവയിലെ അടിസ്ഥാന സൗകര്യ പോരായ്മകൾ പരിഹരിക്കുന്നതിനായി ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (എഫ്.ഐ.ഡി.എഫ്) 2018-19 ൽ ആരംഭിച്ചു.
മത്സ്യബന്ധന മേഖലയ്ക്കുള്ള 2019-ലെ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) വ്യവസ്ഥാപിത വായ്പയിലേക്കുള്ള അഭിഗമ്യത മെച്ചപ്പെടുത്തി. തുടർന്ന് ഉൽപ്പാദന വർദ്ധനവ്, അടിസ്ഥാന സൗകര്യങ്ങൾ, മൂല്യ ശൃംഖലാ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പദ്ധതിയായ പി.എം.എം.എ.സ്.വൈ (2020) ആരംഭിച്ചു. ഇത് കൂടാതെ, പി.എം.എം.എസ്.വൈ (2021-22), പ്രധാനമന്ത്രി-മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (പി.എം.-എം.കെ.എസ്.എസ്.വൈ) (2023-24) എന്നിവയ്ക്ക് കീഴിലുള്ള ആധുനിക അക്വാകൾച്ചർ മുന്നേറ്റമെന്നത് മേഖലയിലെ ഔപചാരികവത്കരണം, ഇൻഷുറൻസ്, സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകി. ദേശീയ മത്സ്യബന്ധന ഡിജിറ്റൽ പ്ലാറ്റ്ഫോമും (എൻ.എഫ്.ഡി.പി) സമുദ്ര മത്സ്യബന്ധന സെൻസസും സുതാര്യതയും ആസൂത്രണവും ശക്തിപ്പെടുത്തി. 2025-ൽ, പ്രത്യേക സാമ്പത്തിക മേഖല (എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ-ഇ.ഇ.ഇസെഡ്)യ്ക്കും അന്താരാഷ്ട്ര സമുദ്രഭാഗങ്ങൾ(പുറംകടൽ)ക്കും വേണ്ടിയുള്ള സുസ്ഥിര മത്സ്യബന്ധന ചട്ടങ്ങളുടെ വിജ്ഞാപനം മേഖലയിലെ നിയന്ത്രണ പാലനം, വിഭവ സംരക്ഷണം, ദീർഘകാല സുസ്ഥിരത എന്നിവ ഉറപ്പുവരുത്തി.
മൊത്തത്തിൽ, അടിസ്ഥാന സൗകര്യ വികസനം, വിപുലീകൃത ഉത്പാദനം, ഡിജിറ്റൽ സംയോജനം, ശക്തമായ സ്ഥാപനങ്ങൾ, സുസ്ഥിര ഭരണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ പരിവർത്തനത്തെ ഈ മേഖല പ്രതിഫലിപ്പിക്കുന്നു. ഈ മുന്നേറ്റങ്ങൾ ഇന്ത്യയുടെ മത്സ്യബന്ധന മേഖലയെ കൂടുതൽ കൂടുതൽ ഉത്പതിഷ്ണുതയുള്ളതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമാക്കി മാറ്റുന്നു.

ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും നഷ്ടസാധ്യത കുറയ്ക്കുന്നതിനും
ഡിജിറ്റൽ ഭരണം നടത്തുന്നതിനുമുള്ള ഗവൺമെൻറ് സംരംഭങ്ങൾ
ഗ്രാമീണ ഉപജീവനം, പോഷകാഹാര സുരക്ഷ, കയറ്റുമതി വ്യാപനം എന്നിവയിൽ മത്സ്യബന്ധന മേഖല ഒരു പ്രധാന സംഭാവന നൽകുന്നത് വർദ്ധിച്ചുവരികയാണ്. ലക്ഷ്യബോധമുള്ള പൊതുനയ ഇടപെടലുകൾ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക ഉൾച്ചേർക്കൽ വിപുലീകരിക്കുന്നതിനും, മത്സ്യബന്ധന മൂല്യ ശൃംഖലയിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്.
ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നയ സംരംഭം
നഷ്ടം കുറയ്ക്കുന്നതിനും മൂല്യ തിരിച്ചറിവ് മെച്ചപ്പെടുത്തുന്നതിനുമായി ആധുനിക കൃഷി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും വിളവെടുപ്പാനന്തര സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള നയ സംരംഭങ്ങൾ കേന്ദ്ര ഗവൺമെൻറ് ഏറ്റെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ)

മത്സ്യ ഉൽപാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക, ഗുണനിലവാര നിലവാരം ഉയർത്തുക, സാങ്കേതിക ആധുനികവൽക്കരണം പ്രോത്സാഹിപ്പിക്കുക, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, മത്സ്യബന്ധന മേഖലയിലെ ഭരണ നിർവഹണം മെച്ചപ്പെടുത്തുക എന്നിവയാണ് പി.എം.എം.എസ്.വൈ ലക്ഷ്യമിടുന്നത്. സുതാര്യത, വ്യവസ്ഥാപിത മത്സ്യബന്ധന കാര്യനിർവഹണം, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമം എന്നിവയിൽ ഊന്നൽ നൽകുന്ന ഒരു സമഗ്ര മൂല്യ ശൃംഖലാ സമീപനമാണ് ഇത് സ്വീകരിക്കുന്നത്. 2026-27 ൽ 2,500 കോടി രൂപ വകയിരുത്തിക്കൊണ്ട് പി.എം.എം.എസ്.വൈ മത്സ്യബന്ധന വികസനത്തിന് ആധാരമായി പ്രവർത്തിക്കുന്നു.
2026 മാർച്ച് അഞ്ച് വരെയുള്ള കണക്കനുസരിച്ച്, പി.എം.എം.എസ്.വൈയുടെ കീഴിൽ അംഗീകരിച്ച പ്രവർത്തനങ്ങളിൽ ഉൾനാടൻ മത്സ്യകൃഷിക്കായി 23,285 ഹെക്ടർ കുള വിസ്തൃതി, 52,058 റിസർവോയർ കൂടുകൾ, 27,189 മത്സ്യ ഗതാഗത, കൈകാര്യം ചെയ്യൽ യൂണിറ്റുകൾ, 634 മൂല്യവർദ്ധിത സംരംഭ യൂണിറ്റുകൾ (ഐസ് പ്ലാന്റുകളും കോൾഡ് സ്റ്റോറേജുകളും ഉൾപ്പെടെ), 6,896 മത്സ്യ ചില്ലറ വിപണികളും കിയോസ്‌ക്കുകളും എന്നിവ ഉൾപ്പെടുന്നു. മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ, മത്സ്യത്തീറ്റ നിർമാണ കേന്ദ്രങ്ങൾ, കോൾഡ് സ്റ്റോറേജുകൾ, വിപണികൾ, മറ്റ് മൂല്യവർദ്ധിത സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇവയ്ക്ക് അനുബന്ധമായി നൽകുന്നു.
വിഭവ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന, സാങ്കേതികവിദ്യാധിഷ്ഠിതമായ മത്സ്യകൃഷി സംവിധാനങ്ങൾക്ക് ഈ പദ്ധതി മുൻഗണന നൽകുന്നു. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഗുണനിലവാരം നിലനിർത്തുന്നതിനും, പോഷക പുനരുപയോഗം പ്രാപ്തമാക്കുന്നതിനും, പരിസ്ഥിതി സൗഹൃദ മത്സ്യകൃഷിയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ജല പുനഃചംക്രമണ മത്സ്യകൃഷി സംവിധാനം (റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം-ആർ.എ.എസ്, ബയോ-ഫ്‌ളോക്ക് സാങ്കേതികവിദ്യ തുടങ്ങിയ ഉയർന്ന സാന്ദ്രതയും ജല-കാര്യക്ഷമവുമായ മാതൃകകളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
ജല പുനഃചംക്രമണ മത്സ്യകൃഷി സംവിധാനം (ആർ.എ.എസ്):
വെള്ളം അരിച്ചെടുത്ത് ശുദ്ധീകരിച്ച് (ഫിൽട്ടർ ചെയ്ത്) വീണ്ടും ഉപയോഗിക്കുന്ന ഒരു ആധുനിക മത്സ്യകൃഷി രീതിയാണിത്. മാലിന്യങ്ങളും അശുദ്ധികളും നീക്കം ചെയ്യുന്ന ഈ സംവിധാനം, അതേ വെള്ളം വീണ്ടും ഉപയോഗിക്കാൻ അനുവദിക്കുന്നു. വളരെ കുറഞ്ഞ ഭൂമിയും വെള്ളവും ഉപയോഗിച്ച് വലിയ അളവിൽ മത്സ്യങ്ങളെ വളർത്തുന്നതിന് അനുയോജ്യമാണിത്.
ബയോ-ഫ്‌ളോക്ക് സാങ്കേതികവിദ്യ:
ജൈവ മാലിന്യങ്ങളെ തീറ്റയാക്കി മാറ്റുന്നതിനായി ബയോ-ഫ്‌ളോക്ക് സംവിധാനങ്ങൾ ഉപകാരപ്രദമായ സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തുന്നു. ഇത് ജലത്തിന്റെ ഗുണനിലവാരവും മത്സ്യങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ രീതി ഉയർന്ന സാന്ദ്രതയുള്ള കൃഷിക്ക് അനുയോജ്യവും സുസ്ഥിരമായ രീതികളെ പിന്തുണയ്ക്കുന്നതുമാണ്.
2026 മാർച്ച് അഞ്ച് വരെ പി.എം.എം.എസ്.വൈ പ്രകാരം 902.97 കോടി രൂപയുടെ നിക്ഷേപത്തോടെ 12,081 ആർ.എ.എസ് യൂണിറ്റുകൾക്കും അതോടൊപ്പം 523.30 കോടി രൂപയുടെ വകയിരുത്തലോടെ 4,205 ബയോ-ഫ്‌ളോക്ക് യൂണിറ്റുകൾക്കും അംഗീകാരം ലഭ്യമായി. ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ അക്വാകൾച്ചർ സംവിധാനങ്ങൾ സ്വീകരിക്കുന്നതിലെ ശക്തമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നു.
നഷ്ടസാധ്യതാ ലഘൂകരണത്തിനും
സാമ്പത്തിക സുരക്ഷയ്ക്കുമുള്ള നയസംരംഭങ്ങൾ:
മത്സ്യത്തൊഴിലാളികളെയും മത്സ്യകർഷകരെയും ഔപചാരിക സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും വായ്പ, ഇൻഷുറൻസ്, വരുമാന പിന്തുണ എന്നിവയിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള പദ്ധതികളിലൂടെ അവരുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ ഗവൺമെൻറ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (പി.എം-എം.കെ.എസ്.എസ്.വൈ):
പി.എം.എം.എസ്.വൈയുടെ കീഴിൽ നടപ്പിലാക്കുന്ന ഒരു കേന്ദ്രമേഖലാ ഉപപദ്ധതിയാണ് പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (പി.എം-എം.കെ.എസ്.എസ്.വൈ). 2023-24 മുതൽ 2026-27 വരെയുള്ള നാല് വർഷത്തെ കാലയളവിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനക്ഷമമായ ഈ പദ്ധതിയ്ക്ക് 6,000 കോടി രൂപയുടെ സാമ്പത്തിക വിഹിതം കണക്കാക്കപ്പെടുന്നു.

ഔപചാരികവൽക്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും, ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കുന്നതിലൂടെയും, വ്യവസ്ഥാപിത ധനസഹായത്തിലേക്കുള്ള അഭിഗമ്യത ശക്തിപ്പെടുത്തുന്നതിലൂടെയും, മത്സ്യബന്ധന മൂല്യ ശൃംഖലയിലുടനീളം ഗുണനിലവാര ഉറപ്പും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മത്സ്യബന്ധന മേഖലയുടെ ഘടനാപരമായ പരിവർത്തനത്തിന് ഈ പദ്ധതി സഹായിക്കുന്നു. മത്സ്യത്തൊഴിലാളികൾ, മത്സ്യക്കൃഷി കർഷകർ, അനുബന്ധ പങ്കാളികൾ എന്നിവർക്കായി സാമ്പത്തിക ഉത്പതിഷ്ണുത, നഷ്ടസാധ്യതാ ലഘൂകരണം, വിപണി സംയോജനം എന്നിവ വർദ്ധിപ്പിക്കുന്നതിനും അതുവഴി കൂടുതൽ സംഘടിതവും സുതാര്യവും സുസ്ഥിരവുമായ മത്സ്യബന്ധന മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
മത്സ്യബന്ധനത്തിനുള്ള കിസാൻ ക്രെഡിറ്റ് കാർഡ്
ഇന്ത്യയുടെ കാർഷിക സമ്പദ്വ്യവസ്ഥയിൽ സാമ്പത്തിക ഉൾച്ചേർക്കൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു നിർണായക ഉപാധിയായി കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) പദ്ധതി മാറിയിരിക്കുന്നു. പ്രവർത്തന മൂലധനത്തിലേക്ക് സമയബന്ധിതവും താങ്ങാനാവുന്നതുമായ അഭിഗമ്യത പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത്, വിള കൃഷിയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്രധാന ഘടകങ്ങൾ വാങ്ങുന്നതിനും, പെട്ടെന്നുള്ള പണലഭ്യത ഉറപ്പാക്കുന്നതിനും കർഷകരെ പ്രാപ്തരാക്കുന്നു.
2019 മുതൽ, പദ്ധതിയുടെ വ്യാപ്തിയെന്നത് മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യബന്ധനം എന്നിവയിലേക്ക് വിപുലീകരിച്ചു. അതുവഴി അനുബന്ധ കാർഷിക മേഖലകൾക്ക് വ്യവസ്ഥാപിത വായ്പ ലഭ്യമാക്കുകയും സംയോജിത ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള കെ.സി.സി പദ്ധതി പ്രകാരമുള്ള വായ്പാപരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി കേന്ദ്രഗവൺമെൻറ് ഉയർത്തി. അതുവഴി മത്സ്യത്തൊഴിലാളികൾ, കർഷകർ, സംസ്‌കരണം നടത്തുന്നവർ, മറ്റ് പങ്കാളികൾ എന്നിവർക്ക് വായ്പാ ലഭ്യത മെച്ചപ്പെടുത്തി.
2024-25 ലെ സാമ്പത്തിക സർവേ പ്രകാരം, സാമ്പത്തിക ഉൾച്ചേർക്കലും ക്ഷേമ പരിപാടികളും 4.39 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് കെ.സി.സി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും, 3.3 ദശലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയും, വറുതിയുടെ കാലയളവുകളിൽ ശരാശരി 7.44 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉപജീവന സഹായം നൽകുകയും ചെയ്തു. ഉത്പതിഷ്ണുത വർദ്ധിപ്പിക്കുന്നതിലും, വരുമാനം സുസ്ഥിരമാക്കുന്നതിലും, സംഘടിത വിപണികളുമായുള്ള സംയോജനം വർദ്ധിപ്പിക്കുന്നതിലുമുള്ള ഔപചാരിക വായ്പാസംവിധാനത്തിന്റെ പങ്ക് ഇത് അടിവരയിടുന്നു.
മത്സ്യബന്ധന - അക്വാകൾച്ചർ അടിസ്ഥാന സൗകര്യ വികസന നിധി (എഫ്.ഐ.ഡി.എഫ്)
സമുദ്ര, ഉൾനാടൻ മത്സ്യബന്ധന മേഖലകളിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ മേഖലാ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി 2018-19 ൽ എഫ്.ഐ.ഡി.എഫ് പദ്ധതി ആരംഭിച്ചു. ഈ മുന്നേറ്റം തുടരുന്നതിനായി, ഗവൺമെൻറ് എഫ്.ഐ.ഡി.എഫ് പദ്ധതി 2023 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. മത്സ്യത്തൊഴിലാളികൾക്കും സംരംഭകർക്കും കുറഞ്ഞ സാമ്പത്തിക നഷ്ടസാധ്യതയോടെ ആവശ്യമായ വായ്പ അഭിഗമ്യമാക്കാൻ സഹായിക്കുന്ന 12.50 കോടി രൂപ വരെയുള്ള വായ്പാ ഗ്യാരണ്ടി പരിരക്ഷ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. എഫ്.ഐ.ഡി.എഫ് പ്രകാരം പ്രതിവർഷം 3 ശതമാനം വരെ പലിശ ഇളവും ഇത് നൽകുന്നു. ഈ പിന്തുണ നോഡൽ വായ്പാ സ്ഥാപനങ്ങളെ പ്രതിവർഷം കുറഞ്ഞത് 5 ശതമാനം പലിശ നിരക്കിൽ ഇളവുകളോട് കൂടിയുള്ള ധനസഹായം നൽകാൻ സഹായിക്കുന്നു.
2026 ജനുവരി വരെയുള്ള എഫ്.ഐ.ഡി.എഫിന്
കീഴിലുള്ള പ്രധാന നേട്ടങ്ങൾ ഇപ്രകാരമാണ്:
മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ, മത്സ്യ സംസ്‌കരണ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്ന 6,685.78 കോടി രൂപ മൂല്യമുള്ള 225 പദ്ധതികൾക്ക് എഫ്.ഐ.ഡി.എഫിന് കീഴിൽ അംഗീകാരം ലഭിച്ചു.
ഈ അംഗീകൃത പദ്ധതികൾ മത്സ്യബന്ധന മേഖലയിൽ മൊത്തം നിക്ഷേപമായി 6,685.78 കോടി രൂപ സമാഹരിച്ചു, ഇതിൽ സ്വകാര്യ സംരംഭങ്ങളുടെ സംഭാവനയായുള്ള 754.50 കോടി രൂപയും ഉൾപ്പെടുന്നു.
പൂർത്തീകരിച്ച പദ്ധതികൾ 8,100-ലധികം മത്സ്യബന്ധന യാനങ്ങൾക്ക് സുരക്ഷിതമായ ലാൻഡിങ്, ബെർത്തിങ് സൗകര്യങ്ങൾ സൃഷ്ടിച്ചു, മത്സ്യലഭ്യതയിൽ 1.09 ലക്ഷം ടൺ വർദ്ധനവ് വരുത്തി. ഇത് ഏകദേശം 3.3 ലക്ഷം മത്സ്യത്തൊഴിലാളികൾക്കും മറ്റ് പങ്കാളികൾക്കും പ്രയോജനം ചെയ്യുകയും ഏകദേശം 2.5 ലക്ഷം പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഡിജിറ്റൽ ഭരണനിർവഹണത്തിനായുള്ള നയ സംരംഭങ്ങൾ
ഡിജിറ്റൽ ഭരണനിർവഹണത്തിനായുള്ള വിശാലമായ നയ സംരംഭങ്ങളുടെ ഭാഗമായി, മത്സ്യബന്ധന മേഖലയ്ക്കായി ഒരു ഏകീകൃത ഡിജിറ്റൽ ചട്ടക്കൂട് വ്യവസ്ഥാപിതമാക്കാൻ ഗവൺമെൻറ് ഇടപെടലുകൾ ശ്രമിക്കുന്നു. പരസ്പര പ്രവർത്തനക്ഷമമായ ഡാറ്റാബേസുകൾ സൃഷ്ടിക്കുന്നതിലൂടെയും വായ്പ്, ഇൻഷുറൻസ്, സുതാര്യത, പ്രോത്സാഹനാനുകൂല്യങ്ങൾ എന്നിവയിലേക്ക് തടസ്സരഹിത അഭിഗമ്യത പ്രാപ്തമാക്കുന്നതിലൂടെ മൂല്യ ശൃംഖലയിലുടനീളം സുതാര്യത, ഉത്തരവാദിത്തം, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ എന്നിവ ശക്തിപ്പെടുത്തുന്നു.
ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ.എഫ്.ഡി.പി)
മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലകളിൽ ഡിജിറ്റൽ ഭരണനിർവഹണവും ഔപചാരികവത്കരണവും മെച്ചപ്പെടുത്തുന്നതിനായി 2024 സെപ്റ്റംബറിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് പി.എം-എം.കെ.എസ്.എസ്.വൈയുടെ കീഴിൽ ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ.എഫ്.ഡി.പി) ആരംഭിച്ചു. അടിസ്ഥാന തലത്തിൽ, മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, സഹകരണ സ്ഥാപനങ്ങൾ, സംരംഭങ്ങൾ, മറ്റ് മൂല്യ ശൃംഖലാ പങ്കാളികൾ എന്നിവർക്കായി എൻ.എഫ്.ഡി.പി തൊഴിൽ അധിഷ്ഠിത ഡിജിറ്റൽ ഐഡന്റിറ്റികൾ സൃഷ്ടിക്കുന്നു. അതേസമയം തന്നെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം കാര്യക്ഷമമാക്കുന്നതിനും ഡാറ്റാധിഷ്ഠിത നയരൂപീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി ഒരു കേന്ദ്രീകൃത ദേശീയ ഡാറ്റാബേസ് നിർമ്മിക്കുന്നു.
പ്രവർത്തനപരമായി, എൻ.എഫ്.ഡി.പി (https://nfdp.dof.gov.in/nfdp/#/?t=PM_MKSSY) ഗുണഭോക്താക്കൾക്ക് വ്യവസ്ഥാപിതമായ വായ്പ, അക്വാ കൾച്ചർ ഇൻഷുറൻസ്, സുതാര്യതാ നിർണയ സംവിധാനങ്ങൾ, പ്രകടനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങൾ എന്നിവ ലഭ്യമാക്കാൻ പ്രാപ്തമാക്കുന്ന ഒരു ഏകജാലക ഡിജിറ്റൽ സംവിധാനമായി പ്രവർത്തിക്കുന്നു. മത്സ്യബന്ധന സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും പരിശീലനത്തിനും കാര്യക്ഷമതാ വർധനവിനുമുള്ള സംരംഭങ്ങൾക്ക് ഈ പ്ലാറ്റ്ഫോം പിന്തുണ നൽകുന്നു.
2026 മാർച്ച് അഞ്ച് വരെ, പ്ലാറ്റ്ഫോം 30.60 ലക്ഷത്തിലധികം പങ്കാളികളെ രജിസ്റ്റർ ചെയ്ത് 12 ബാങ്കുകളെ ഒരു പൊതു ഡിജിറ്റൽ ചട്ടക്കൂടിലേക്ക് സംയോജിപ്പിക്കുകയും 217 വായ്പകളുടെ വിതരണം സാധ്യമാക്കുകയും ചെയ്തു. അതുവഴി മത്സ്യബന്ധന മൂല്യ ശൃംഖലയിലുടനീളം ഔപചാരികവത്കരണം, സാമ്പത്തിക ഉൾച്ചേർക്കൽ, കാര്യക്ഷമത എന്നിവ പ്രോത്സാഹിപ്പിച്ചു.
2025 ലെ മറൈൻ ഫിഷറീസ് സെൻസസ്:
2025 ഒക്ടോബർ 31 ന് ആരംഭിച്ച ദേശീയ സമുദ്ര മത്സ്യബന്ധന സെൻസസ് (മറൈൻ ഫിഷറീസ് സെൻസസ് (എം.എഫ്.സി) 2025, ഇന്ത്യയിലെ മത്സ്യബന്ധന മേഖലയിൽ പൂർണ്ണമായും ഡിജിറ്റൽവത്കരിച്ചതും, ജിയോറഫറൻസ് (ഭൂമിശാസ്ത്രപരമായ സ്ഥാനസൂചനകളുള്ള) ചെയ്തതുമായ ഡാറ്റ ശേഖരണത്തിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു.

വ്യാസ് എൻ.എ.വി, വ്യാസ്ഭാരത്, വ്യാസ്‌സൂത്ര എന്നിവയുൾപ്പെടെയുള്ള ഇഷ്ടാനുസൃത മാബൈൽ ആപ്ലിക്കേഷനുകൾ പിന്തുണയ്ക്കുന്ന ഒരു നൂതന ഡിജിറ്റൽ ആവാസവ്യവസ്ഥയാണ് എം.എഫ്.സി സ്വീകരിച്ചത്. ഇത് തത്സമയ, ജിയോ-റഫറൻസ് ചെയ്ത കണക്കെടുപ്പ്, അടിയന്തര ഡാറ്റ പരിശോധന, ഫീൽഡ് പ്രവർത്തനങ്ങളുടെ തുടർച്ചയായ നിരീക്ഷണം എന്നിവ പ്രാപ്തമാക്കി. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ഇൻഷുറൻസ് നില, വായ്പ അഭിഗമ്യത, സർക്കാർ പദ്ധതികളിലെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ വിശദമായ സാമൂഹിക-സാമ്പത്തിക സ്ഥിതിവിവരം ഈ സെൻസസ് ആദ്യമായി തയ്യാറാക്കി.
ദൗത്യാധിഷ്ഠിത ജലസംഭരണി വികസനവും മത്സ്യബന്ധന മൂല്യ ശൃംഖലാ വിപുലീകരണവും
ഏകദേശം 31.5 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉൾനാടൻ ജലസംഭരണി ശൃംഖലകളിൽ ഒന്ന് ഇന്ത്യയിലുണ്ട്. ഇത് ഉൾനാടൻ മത്സ്യബന്ധനം വികസിപ്പിക്കുന്നതിന് ഗണ്യമായ സാധ്യതകൾ നൽകുന്നു. 2026 ഫെബ്രുവരി ഒന്ന് വരെ അമൃത് സരോവർ ദൗത്യത്തിന് കീഴിൽ, മത്സ്യബന്ധന പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച 1,222 ജലാശയങ്ങൾ ഉൾപ്പെടെ 68,827 അമൃത് സരോവറുകളുടെ വികസനത്തിന് ഗവൺമെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. അതുവഴി മത്സ്യകൃഷി, ഉപജീവന വൈവിധ്യവത്കരണം, ജല ആവാസവ്യവസ്ഥയുടെ മെച്ചപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്നു. 500 ജലസംഭരണികളുടെയും അമൃത് സരോവറുകളുടെയും വികസനം സംയോജിപ്പിക്കുന്നതിനും മത്സ്യബന്ധന മൂല്യ ശൃംഖലയെ, പ്രത്യേകിച്ച് തീരദേശ, ഉൾനാടൻ പ്രദേശങ്ങളിലെയും, കൂടുതൽ ഏകീകരിക്കുന്നതിനും ലക്ഷ്യകേന്ദ്രീകൃത ഇടപെടലുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സ്റ്റാർട്ടപ്പുകൾ, സ്ത്രീകൾ നയിക്കുന്ന കൂട്ടായ്മകൾ, മത്സ്യ കർഷക ഉൽപ്പാദക സംഘടനകൾ (എഫ്.എഫ്.പി.ഒകൾ) എന്നിവയെ ഉൾപ്പെടുത്തി വിപണി ബന്ധങ്ങളും മൂല്യവർദ്ധനവും ശക്തിപ്പെടുത്തുന്നതിനും, സമഗ്രമായ വളർച്ച, സംരംഭകത്വം, സുസ്ഥിര മത്സ്യബന്ധന അധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു.
സമുദ്ര മത്സ്യബന്ധനത്തിന്റെയും പ്രത്യേക സാമ്പത്തിക മേഖലാ വിഭവങ്ങളുടെയും സുസ്ഥിര ഭരണനിർവഹണം:
ഉൾനാടൻ ജലസംഭരണികൾക്ക് പുറമേ, ഇന്ത്യയുടെ 11,099 കിലോമീറ്ററിലധികം വിസ്തൃതിയുള്ള കടൽത്തീരവും ഏകദേശം 24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പ്രത്യേക സാമ്പത്തിക മേഖലയും (ഇ.ഇ.ഇസെഡ്) സമുദ്രതീരമുള്ള 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 50 ലക്ഷത്തിലധികം വരുന്ന മത്സ്യബന്ധന സമൂഹത്തിന്റെ ഉപജീവനമാർഗ്ഗം നിലനിർത്തുന്നു. സമുദ്ര മത്സ്യബന്ധനം നീല സമ്പദ്വ്യവസ്ഥയുടെ ഒരു തന്ത്രപരമായ ഘടകമായി നിലകൊള്ളുകയും, ഇത് കയറ്റുമതി വരുമാനത്തിനും ദേശീയ പോഷക സുരക്ഷയ്ക്കും സംഭാവനയേകുകയും ചെയ്യുന്നു.
ജലവിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിനായി, ഇ.ഇ.ഇസെഡിലും അന്താരാഷ്ട്രസമുദ്രഭാഗ(പുറംകടൽ) മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും (2025) ഗവൺമെൻറ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇത് സുസ്ഥിരതയും അന്താരാഷ്ട്ര അനുസരണ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭാവിദർശകമായ ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നു.
വിദേശത്ത് ഇറക്കുന്ന മത്സ്യബന്ധന ഉൽപ്പന്നങ്ങൾക്ക് തീരുവ രഹിത പദവി നൽകി അവയെ കയറ്റുമതിയായി കണക്കാക്കുന്ന നയനടപടികൾ, മെച്ചപ്പെട്ട വില നിർണയത്തിനും ആഗോളതല മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. അതേസമയം സുതാര്യത, സുസ്ഥിരത നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ദുരുരുപയോഗം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ഗുണനിലവാരം ഉറപ്പുവരുത്തൽ, വിപണി സൗകര്യമൊരുക്കൽ, കാര്യക്ഷമതാ വികസനം, പാരിസ്ഥിതിക സംരക്ഷണം എന്നിവയിലൂടെ സുസ്ഥിര കയറ്റുമതി വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുകയും ദീർഘകാല വിഭവ സുരക്ഷയും ഉപജീവനമാർഗ്ഗ ഉത്പതിഷ്ണുതയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
രാജ്യ സമ്പദ്വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്ന, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട തീരദേശ, ഉൾനാടൻ സമൂഹങ്ങൾക്കിടയിലുള്ള ഏകദേശം മൂന്ന് കോടി ആളുകളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്ന ഒന്നാണ് മത്സ്യബന്ധന മേഖല. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ആധുനികവും സുസ്ഥിരവുമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള നയപരമായ ഇടപെടലുകൾ വഴി, സമീപ വർഷങ്ങളിൽ ഈ മേഖല സുസ്ഥിരമായ വളർച്ച കൈവരിച്ചിട്ടുണ്ട്.
കൂടുതൽ മൂലധന ആവശ്യകതയുള്ള നിക്ഷേപങ്ങൾ, ആധുനിക മത്സ്യകൃഷി സംവിധാനങ്ങൾ, മികവാർന്നതും സുസ്ഥിരവുമായ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ, പുറംകടൽ മത്സ്യബന്ധനം ഉൾപ്പെടെയുള്ള കയറ്റുമതി സാധ്യതകൾ തുറക്കുന്നതിനുള്ള ലക്ഷ്യബോധമുള്ള നടപടികൾ എന്നിവയിലൂടെ 2026-27 ലെ കേന്ദ്ര ബജറ്റ് ഈ പരിവർത്തനത്തെ കൂടുതൽ ഏകീകരിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ള സുസ്ഥിര ഉപയോഗ നിയമങ്ങൾ, 2025 ലെ സമുദ്ര മത്സ്യബന്ധന സെൻസസ്, പി.എം.എം.എസ്.വൈ, പി.എം-എം.കെ.എസ്.എസ്.വൈ എന്നിവയ്ക്ക് കീഴിലുള്ള പ്രധാന നിക്ഷേപങ്ങൾ എന്നിവ പോലുള്ള പ്രധാന പരിഷ്‌കാരങ്ങളിലൂടെ ഈ പരിവർത്തനം ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇവ തെളിവധിഷ്ഠിത ഭരണം, ഉത്തരവാദിത്തത്തോടെയുള്ള വിഭവ വിനിയോഗം, ക്ഷേമപദ്ധതികളുടെ വിതരണം എന്നിവ ശക്തിപ്പെടുത്തുന്നു. മത്സ്യബന്ധനവും അക്വാകൾച്ചറും സുസ്ഥിരമായി കൈകാര്യം ചെയ്തുകൊണ്ട് 'കടലിനടിയിലെ ജീവൻ' എന്ന പതിനാലാമത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് അർത്ഥവത്തായ സംഭാവന നൽകുന്നതിനൊപ്പം, കൂടുതൽ സമഗ്രവും ഉത്പതിഷ്ണുതയുള്ളതുമായ നീല സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോവുന്നതിനും ഈ സംരംഭങ്ങൾ സഹായിക്കുന്നു.
അവലംബം
Ministry of Fisheries, Animal Husbandry and Dairying
Ministry of Finance
National Fisheries Development Board
Lok Sabha
PIB
***
( റിലീസ് ഐ.ഡി: 2249849)
സന്ദര്‍ശക കൗണ്ടര്‍ : 8