PIB Headquarters
azadi ka amrit mahotsav

ആഗോള മത്സരക്ഷമതയും അതിവേഗ വളർച്ചയും ലക്ഷ്യമിട്ട് പ്രത്യേക സാമ്പത്തിക മേഖലകളുടെ (SEZ) ശാക്തീകരണം

പോസ്റ്റഡ് ഓണ്‍: 28 MAR 2026 11:41AM by PIB Thiruvananthpuram

പ്രധാനവസ്തുതകൾ

2026–27 ലെ കേന്ദ്ര ബജറ്റിൽ, പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ) ചില നിർമ്മാണ യൂണിറ്റുകൾക്ക് ആഭ്യന്തര തീരുവ മേഖലയിൽ (DTA) കുറഞ്ഞ നികുതി നിരക്കിൽ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്ന പ്രത്യേക ഒറ്റത്തവണ നടപടിയാണ് ഗവണ്മെൻ്റ്  അവതരിപ്പിച്ചത്. ഈ സൗകര്യം പരിമിതമാണ്. ഈ യൂണിറ്റുകൾക്ക് അവരുടെ ഉത്പാദനത്തിൻ്റെ  ഒരു നിശ്ചിത ഭാഗം മാത്രമേ ആഭ്യന്തരമായി വിൽക്കാൻ സാധിക്കൂ. അത് കയറ്റുമതിയുടെ ഒരു നിശ്ചിത അനുപാതമെന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.


2026 ഫെബ്രുവരി 28 വരെ ഇന്ത്യയിൽ ആകെ 368 പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ) ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

2025–26 സാമ്പത്തിക വർഷത്തിലെ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ സജീവമായ പ്രത്യേക സാമ്പത്തിക മേഖലകളിൽ (SEZ-കൾ) നിന്ന് കയറ്റുമതി ചെയ്ത ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം ₹11.70 ലക്ഷം കോടിയിൽ അധകമായിരുന്നു. ഇത് 2024-25-ലെ സമാന കാലയളവിനെ അപേക്ഷിച്ച് 32.02% വർദ്ധനയാണ്.

പ്രത്യേക സാമ്പത്തിക മേഖലകൾ:


ഇന്ത്യയുടെ വ്യാപാര, നിക്ഷേപ ആവാസവ്യവസ്ഥയുടെ സ്തംഭങ്ങൾ

 പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്നത് വ്യക്തമായി നിർവചിക്കപ്പെട്ട ഒരു നികുതി രഹിത മേഖലയാണ്. നിർദ്ദിഷ്ട അംഗീകൃത പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ കസ്റ്റംസ് അതിർത്തികൾക്ക് പുറത്തുള്ള മേഖലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ മേഖലകൾക്കുള്ളിൽ, ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോണുകൾ മുഖേന ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനും സംഭരണ, ലോജിസ്റ്റിക് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമായി SEZ യൂണിറ്റുകൾ എന്ന നിലയിൽ കമ്പനികൾ സ്ഥാപിക്കപ്പെടുന്നു.  

പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ) എന്നത് ഒരു രാജ്യത്തിനുള്ളിലെ പ്രത്യേക മേഖലകളാണ്, അവ രാജ്യത്തിൻ്റെ  മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ നിയമങ്ങളും നികുതി സംവിധാനങ്ങളും പാലിക്കുന്നു. കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയിലൂടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. SEZ-കൾ കയറ്റുമതി അധിഷ്ഠിത വളർച്ചയുടെ എഞ്ചിനുകളായി പ്രവർത്തിക്കുന്നു.

A map of india with names


ഇന്ത്യയിൽ, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ SEZ-കൾ പരിവർത്തനാത്മകമായ പങ്ക് വഹിച്ചിക്കുന്നു. 2005 മെയ് മാസത്തിൽ SEZ നിയമം നിലവിൽ വന്ന ശേഷം, ഈ മേഖലകൾ കയറ്റുമതി വളർച്ചയെ ഗണ്യമായി ത്വരിതപ്പെടുത്തുകയും വിവിധ മേഖലകളിലെ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. വിദേശനാണ്യം ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, പുതിയ ബിസിനസ് ആവാസവ്യവസ്ഥയുടെ ഉദയത്തിനും, സാമൂഹികവും സാമ്പത്തികവുമായ സമഗ്ര വികസന സംരംഭങ്ങൾക്കും SEZ-കൾ സംഭാവന നൽകിയിട്ടുണ്ട്.

 നിലവിൽ, 2026 ഫെബ്രുവരി 28 ലെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളം 368 വിജ്ഞാപനം ചെയ്യപ്പെട്ട പ്രത്യേക സാമ്പത്തിക മേഖലകളുണ്ട്. ഈ മേഖലകൾ നികുതി ആനുകൂല്യങ്ങൾ, ലളിതമായ നിയന്ത്രണങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു. ഇവ ഇന്ത്യയെ ആഗോള വിപണിയിൽ കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ സഹായിക്കുന്നു. SEZ-കൾ പ്രത്യേക വ്യാവസായിക ക്ലസ്റ്ററുകളുടെ വികസനത്തെ പിന്തുണക്കുന്നു  നൂതനാശയങ്ങളെയും സാങ്കേതിക പുരോഗതിയെയും പ്രോത്സാഹിപ്പിക്കുന്നു. ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് ആകർഷകവും വിശ്വസനീയവുമായ ഒരു ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നു.  

2026–27 ലെ കേന്ദ്ര ബജറ്റ് പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (SEZ) പ്രാധാന്യം നൽകുന്നു

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും, വിദേശ നാണ്യം സമ്പാദിക്കുന്നതിലും, രാജ്യത്തെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിലും കയറ്റുമതി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബജറ്റ് അംഗീകരിക്കുന്നു. അന്താരാഷ്ട്ര വ്യാപാരത്തിൽ തടസ്സങ്ങൾ നേരിടുന്ന പ്രത്യേക സാമ്പത്തിക മേഖലകളെ (SEZ-കൾ) പിന്തുണയ്ക്കുന്നതിനായി പ്രത്യേക പരിഷ്കാരങ്ങൾ അടക്കമുള്ള ഒട്ടേറെ നടപടികൾ ബജറ്റ് അവതരിപ്പിച്ചു.
 

 ആഭ്യന്തര തീരുവ മേഖല (ഡൊമസ്റ്റിക് താരിഫ് ഏരിയ -DTA) പദ്ധതി പ്രകാരം ഒറ്റത്തവണ ഇളവ്: പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ-കൾ) നിർമ്മാണ യൂണിറ്റുകൾക്ക്  തന്ത്രപരമായ പ്രോത്സാഹനം

 ആഭ്യന്തര തീരുവ മേഖല (ഡൊമസ്റ്റിക് താരിഫ് ഏരിയ -DTA) എന്നത് ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശവും, ജലാശയങ്ങളും സമുദ്ര ജലാശയ അതിർത്തിയും ഉൾപ്പെടുന്ന ഭാഗങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ) ഇതിൽ ഉൾപ്പെടുന്നില്ല. 2005 ലെ SEZ ആക്ട് അനുസരിച്ച്, ഒരു SEZ-ൽ നിന്ന് DTA-യിലേക്ക് ചരക്കുകളോ സേവനങ്ങളോ കൈമാറുമ്പോൾ, അവ രാജ്യത്തേക്കുള്ള ഇറക്കുമതി ആയാണ് പരിഗണിക്കപ്പെടുന്നത്, കൂടാതെ  ബാധകമായ എല്ലാ തീരുവകൾക്കും നികുതികൾക്കും വിധേയവുമാണ്. നേരെമറിച്ച്, DTA-യിൽ നിന്ന് ഒരു SEZ-ലേക്ക് സാധനങ്ങളോ സേവനങ്ങളോ മാറുമ്പോൾ, അവയെ കയറ്റുമതിയായി കണക്കാക്കുകയും  ബാധകമായ കയറ്റുമതി ആനുകൂല്യങ്ങൾക്ക് അർഹത നേടുകയും ചെയ്യുന്നു.

ഒരു സവിശേഷ ഒറ്റത്തവണ നടപടി എന്ന നിലയിൽ, ചില SEZ നിർമ്മാണ യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ  നിശ്ചിത അനുപാതം ഇന്ത്യയ്ക്കുള്ളിൽ (ആഭ്യന്തര താരിഫ് ഏരിയ) സാധാരണ കസ്റ്റംസ് തീരുവയ്ക്ക് പകരം, തീരുവ ഇളവോടെ വിൽക്കാൻ അനുവദിക്കും. ഈ പദ്ധതി പ്രകാരം, വില്പനമൂല്യം കയറ്റുമതിയുടെ ഒരു നിശ്ചിത ശതമാനത്തെ അടിസ്ഥാനമാക്കി പരിമിതപ്പെടുത്തും. ആഭ്യന്തര വിപണിയിൽ പ്രവർത്തിക്കുന്ന മറ്റ് ബിസിനസുകൾക്ക് നീതിപൂർവകമായ  മത്സരം ഉറപ്പാക്കിക്കൊണ്ട് ഈ വ്യവസ്ഥ നടപ്പിലാക്കുന്നതിനായി നിയമങ്ങൾ പരിഷ്കരിക്കും.

സ്വന്തം വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും, കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നതിനും, കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രത്യേക സാമ്പത്തിക മേഖലകളെ സഹായിക്കും വിധമാണ് ഈ പരിഷ്കാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കയറ്റുമതി ചെലവ് കുറയ്ക്കുന്നതിനും പ്രത്യേക സാമ്പത്തിക മേഖലകകളുടെ ശക്തിയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും   ലക്ഷ്യമിടുന്നു. ഇത് ആഗോള നിക്ഷേപകരിൽ ആത്മവിശ്വാസം മെച്ചപ്പെടുത്തും. കൂടാതെ, SEZ കളിലെ ക്ലൗഡ് സേവനങ്ങൾക്കും ഡാറ്റാ സെൻ്ററുകൾക്കും നികുതി ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നത് അന്താരാഷ്ട്ര സാങ്കേതിക കമ്പനികളെയും നിർമ്മാതാക്കളെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷത്തെ കൂടുതൽ മെച്ചപ്പെടുത്തും.


ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളുടെ (SEZ-കൾ) പ്രകടനം സംബന്ധിച്ച സിംഹാവലോകനം

ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ) മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും നിക്ഷേപം ആകർഷിക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

2025 ഡിസംബർ വരെ 3.17 ദശലക്ഷത്തിലധികം പേർ പ്രത്യേക സാമ്പത്തിക മേഖലകളിൽ ജോലി ചെയ്യുന്നതിനാൽ, തൊഴിലവസരങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.

2025 ഡിസംബർ വരെ പ്രത്യേക സാമ്പത്തിക മേഖലകളിലെ മൊത്തം നിക്ഷേപം ₹7.86 ലക്ഷം കോടിയിലെത്തി.

2025-26 ൽ (2025 ഡിസംബർ വരെ) പ്രവർത്തനക്ഷമമായ പ്രത്യേക സാമ്പത്തിക മേഖലകളിൽ നിന്നുള്ള കയറ്റുമതി ₹11.70 ലക്ഷം കോടിയിൽ കോടിയിലധികമായിരുന്നു, ഇത് 2024-25 ലെ സമാന കാലയളവിനെ അപേക്ഷിച്ച് 32.02% വർദ്ധനയാണ്.

ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളുടെ പരിണാമവും നയരൂപീകരണവും

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കയറ്റുമതി സംസ്കരണ മേഖലകൾ (EPZ) സ്ഥാപിച്ച ആദ്യ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.1965-ൽ കാണ്ട്‌ലയിൽ ഏഷ്യയിലെ ആദ്യത്തെ EPZ  സ്ഥാപിതമായി. എന്നിരുന്നാലും, സങ്കീർണ്ണമായ നിയന്ത്രണങ്ങൾ, നടപടിക്രമങ്ങളിലെ കാലതാമസം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രവചനാതീതമായ നികുതി സംവിധാനം തുടങ്ങിയ വെല്ലുവിളികൾ അതിൻ്റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തി. ഈ പ്രശ്നങ്ങൾ മറികടക്കുന്നതിനും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമായി, 2000 ഏപ്രിലിൽ ഗവണ്മെൻ്റ് പ്രത്യേക സാമ്പത്തിക മേഖല (SEZ) നയം അവതരിപ്പിച്ചു.


ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ആകർഷകമായ നികുതി ആനുകൂല്യങ്ങൾ, ലളിതമായ നിയന്ത്രണങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ഈ മേഖലകളെ സാമ്പത്തിക വളർച്ചയുടെ  ചാലകശക്തികളാക്കി മാറ്റുന്നതിനായാണ് SEZ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2000 നവംബർ മുതൽ 2006 ഫെബ്രുവരി വരെ, നിലവിലുള്ള നിയമങ്ങൾ മുഖേന സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ടാണ് SEZ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നതിനും സ്ഥിരതയുള്ള SEZ സംവിധാനത്തോടുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമായി, 2005 ലെ SEZ നിയമവും 2006 ലെ SEZ ചട്ടങ്ങളും അവതരിപ്പിച്ചു.


2005-ലെ SEZ നിയമവും 2006 ലെ SEZ ചട്ടങ്ങളും

പ്രത്യേക സാമ്പത്തിക മേഖല (SEZ) നിയമം 2005 ൽ പാസാക്കി, വിശദമായ കൂടിയാലോചനകൾക്ക് ശേഷം, 2006-ലെ SEZ ചട്ടങ്ങൾ രൂപം കൊണ്ടതോടെ, 2006 ഫെബ്രുവരി 10-ന് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.  ഇത് കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഏകജാലക അനുമതി ലഭ്യമാകുന്ന  ലളിതമായ ഒരു നിയന്ത്രണ ചട്ടക്കൂടിന് തുടക്കമിട്ടു.


സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാർഗ്ഗനിർദ്ദേശ തത്വങ്ങൾ പ്രത്യേക സാമ്പത്തിക മേഖലകൾക്കായി SEZ നിയമം മുന്നോട്ട് വയ്ക്കുന്നു. എല്ലാ SEZ ഡെവലപ്പർമാരും ബിസിനസുകളും പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.

SEZ നിയമത്തിലും ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഉപയോഗിച്ച്, അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്ത് സ്വാധീനം സൃഷ്ടിക്കുന്നുവെന്നും ഗവണ്മെൻ്റ് പതിവായി നിരീക്ഷിക്കുന്നു.  ഗവണ്മെൻ്റ് നിയമിക്കുന്ന ഡെവലപ്‌മെൻ്റ്  കമ്മീഷണർമാർ, SEZ  യൂണിറ്റുകളുടെ പ്രവർത്തനം, അംഗീകാരങ്ങൾ, അനുവർത്തനം എന്നിവയെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടുകൾ സമർപ്പിക്കുന്നു, ഇത് അവയുടെ പ്രകടനം വിലയിരുത്താൻ സഹായിക്കുന്നു. നയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, സെമികണ്ടക്ടറുകളും ഇലക്ട്രോണിക് ഘടകങ്ങളും നിർമ്മിക്കുന്നതിനായി പ്രത്യേകമായി SEZ കൾ സ്ഥാപിക്കുന്നത് സുഗമമാക്കുന്നതിനായി 2025 ജൂണിൽ SEZ ചട്ടങ്ങൾ 2006  ഭേദഗതി ചെയ്തു.

സെമികണ്ടക്ടറുകളും ഇലക്ട്രോണിക് ഘടക ഭാഗങ്ങളും നിർമ്മിക്കുന്നതിനായി പ്രത്യേക സാമ്പത്തിക മേഖല.

2025 ജൂണിൽ, ഗുജറാത്തിലെ സാനന്ദിലും കർണാടകയിലെ ധാർവാഡിലും രണ്ട് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സെമികണ്ടക്ടറുകളുടെയും ഇലക്ട്രോണിക് ഘടക  ഭാഗങ്ങളുടെയും നിർമ്മാണത്തിനായി പ്രത്യേകം ഉദ്ദേശിച്ചുള്ളതാണ് ഈ മേഖലകൾ.

സെമികണ്ടക്ടർ, ഇലക്ട്രോണിക് ഘടക വ്യവസായങ്ങൾക്ക് വൻതോതിലുള്ള നിക്ഷേപം ആവശ്യമാണ്. ലാഭം നേടാൻ സാധാരണയായി ഏറെ സമയമെടുക്കും. ഈ മേഖലകളെ പിന്തുണയ്ക്കുന്നതിനായി, പുതിയ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ നയ പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ട്, പ്രത്യേക സാമ്പത്തിക മേഖലകളെ അവയുടെ നിർമ്മാണത്തിനായി മാത്രമായി അനുവദിക്കും വിധമുള്ള ഭേദഗതികൾ   ഗവണ്മെൻ്റ്   കൊണ്ടുവന്നത്.

സെമികണ്ടക്ടറുകളും ഇലക്ട്രോണിക് ഘടകഭാഗങ്ങളും നിർമ്മിക്കുന്നതിനായി SEZ കൾ സ്ഥാപിക്കുന്നത് സുഗമമാക്കുന്നതിനായി SEZ ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഭൂമി ആവശ്യകത കുറയ്ക്കുക, ഗവണ്മെൻ്റ്  സ്ഥാപനത്തിന് പണയം വച്ചതോ പാട്ടത്തിന് നൽകിയതോ ആയ ഭൂമി ഉപയോഗിക്കാൻ അനുവദിക്കുക, ആഭ്യന്തര തീരുവ മേഖലയിൽ (DTA) സെമികണ്ടക്ടർ ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുക, നെറ്റ് ഫോറിൻ എക്സ്ചേഞ്ച് (NFE) കണക്കാക്കുമ്പോൾ സൗജന്യമായി ലഭിക്കുന്ന ചരക്കുകളുടെ മൂല്യം ഉൾപ്പെടുത്തുക എന്നിവയാണ് മാറ്റങ്ങളിൽ ഉൾപ്പെടുന്നത്.


 ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഇന്ത്യയുടെ നിർണ്ണായക സാങ്കേതിക ഉൽപ്പാദന ശേഷി വികസിപ്പിക്കുക, സെമികണ്ടക്ടറുകളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും ഇറക്കുമതിയിലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുക എന്നിവയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.

ആഭ്യന്തര-വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായി പ്രധാന പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ-കൾ) പ്രോത്സാഹനങ്ങളും സൗകര്യങ്ങളും

കയറ്റുമതി വർദ്ധിപ്പിക്കുക, ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കുക, ബിസിനസ്സ് സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് SEZ-കൾ പ്രദാനം ചെയ്യുന്നത്. നികുതി ഇളവുകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, ലളിതമായ അംഗീകാര പ്രക്രിയകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ, ആഗോള വിപണികളിൽ മത്സരക്ഷമത നിലനിർത്തിക്കൊണ്ട് കമ്പനികളെ കാര്യക്ഷമമായി വളരാൻ SEZ-കൾ സഹായിക്കുന്നു.

നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി SEZ-കളിലെ യൂണിറ്റുകൾക്ക് വാഗ്ദാനം ചെയ്യുന്ന പ്രോത്സാഹനങ്ങളും സൗകര്യങ്ങളും ഇനിപ്പറയുന്നവയാണ് -

SEZ യൂണിറ്റുകളുടെ വികസനം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കുള്ള ഉത്പന്നങ്ങൾ തീരുവയോ നികുതിയോ നൽകാതെ ഇന്ത്യയ്ക്കുള്ളിൽ നിന്ന് വാങ്ങാനോ ഇറക്കുമതി ചെയ്യാനോ കഴിയും.

SEZ  യൂണിറ്റുകളെ മുമ്പ് കേന്ദ്ര വിൽപ്പന നികുതി, സേവന നികുതി, സംസ്ഥാന വിൽപ്പന നികുതി എന്നിവയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ, ഈ നികുതികളെല്ലാം GST-യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ SEZ  കളിലേക്ക് വിതരണം ചെയ്യുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും 2017 ലെ IGST നിയമം അനുസരിച്ച് 0% GST നിരക്കാണ് ഈടാക്കുന്നത്.

സംസ്ഥാന ഗവണ്മെൻ്റ് ഇളവ് നൽകാൻ തീരുമാനിക്കുകയാണെങ്കിൽ മറ്റ് നികുതികളോ ചാർജുകളോ ഒഴിവാക്കാവുന്നതാണ്.


വിവിധ വകുപ്പുകളിലേക്ക് വെവ്വേറെ അപേക്ഷിക്കുന്നതിനുപകരം, പ്രത്യേക സാമ്പത്തിക മേഖലകളിലെ ബിസിനസുകൾക്ക് കേന്ദ്ര, സംസ്ഥാന ഗവണ്മെൻ്റുകളിൽ നിന്ന് ആവശ്യമായ എല്ലാ അംഗീകാരങ്ങളും ഏകജാലക പ്രക്രിയയിലൂടെ നേടാൻ കഴിയും.


 പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ) ഇന്ത്യയുടെ ഭാവി സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കും

ദശകങ്ങൾ കൊണ്ട്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും അവസരങ്ങൾ നിറഞ്ഞതുമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളായി ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകൾ പരിണമിച്ചു. മുന്ദ്ര, കാണ്ട്‌ല പോലുള്ള തുറമുഖ അധിഷ്ഠിത കേന്ദ്രങ്ങൾ മുതൽ ശ്രീ സിറ്റി, ഗിഫ്റ്റ് സിറ്റി പോലുള്ള വ്യവസായ കേന്ദ്രീകൃത മേഖലകൾ വരെ, ഓരോ പ്രത്യേക സാമ്പത്തിക മേഖലയും ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് സവിശേഷമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരതയാർന്ന നയ പിന്തുണ, ആഭ്യന്തര, വിദേശ  വിപണികളിലേക്കുള്ള തടസ്സരഹിത പ്രവേശനം എന്നിവയാൽ, സുസ്ഥിരവും ദീർഘകാലീനവുമായ വളർച്ചയ്ക്ക് പ്രത്യേക സാമ്പത്തിക മേഖലകൾ ശക്തമായ അടിത്തറ പാകുന്നു. ബിസിനസുകളുടെ വിപണി പ്രവേശനം സുഗമമാക്കുന്നു, പ്രവർത്തനക്ഷമത ത്വരിതപ്പെടുത്തുന്നു, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപാര, വ്യാവസായിക ശൃംഖലകളിലേക്ക് ബിസിനസുകളെ സമന്വയിപ്പിക്കുന്നു.

കയറ്റുമതി വർധിപ്പിക്കുന്നതിലും, ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലും, സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പ്രത്യേക സാമ്പത്തിക മേഖലകൾ ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്നതിൽ  തർക്കമില്ല.

സൂചനകൾ 

Union Budget 2026–27: Strengthening SEZs for Global Competitiveness & Growth

***


( റിലീസ് ഐ.ഡി: 2246613) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati