PIB Headquarters
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ നിക്ഷേപം: പ്രവണതകൾ, സ്ഥാപനങ്ങൾ, നൂതനാശയങ്ങൾ
പോസ്റ്റഡ് ഓണ്‍:
18 MAR 2026 11:56AM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവണ്മെൻ്റിൻ്റെ ചെലവ് (പൊതു മൂലധന ചെലവ്) 2014–15 ലെ 2 ലക്ഷം കോടി രൂപയിൽ നിന്ന് 2026–27 ൽ 12.2 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു.
അടിസ്ഥാന സൗകര്യങ്ങളിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നഗരങ്ങളുടെ സന്തുലിത വികസനം ഉറപ്പാക്കുന്നതിനുമായി ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗ്യാരണ്ടി ഫണ്ട്, സിറ്റി ഇക്കണോമിക് റീജിയണുകൾ തുടങ്ങിയ പുതിയ പദ്ധതികൾ 2026–27 ലെ കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നു.
NIIF, NaBFID പോലുള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും അന്താരാഷ്ട്ര സ്രോതസ്സുകളിൽ നിന്നും കോടിക്കണക്കിന് രൂപ സമാഹരിച്ചു. ഇത് പദ്ധതി നിർവ്വഹണം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര ധനസഹായം ഉറപ്പാക്കുന്നതിനും സഹായകമായി.
InvITs, REITs എന്നിവ മുഖേന നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെ ആസ്തി ധനസമ്പാദനത്തിന് പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു. ഇത് പുതിയ പദ്ധതികൾക്ക് ധനസഹായം ഉറപ്പാക്കുന്നതിനും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും സഹായകമായി.
ആമുഖം
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണ്. കാരണം അത് വ്യവസായങ്ങൾക്കും തൊഴിലവസരങ്ങൾക്കും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും ഉള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. ഗവണ്മെൻ്റ് ബജറ്റുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം വലിയ പദ്ധതികൾക്ക് സ്ഥിരമായ ഫണ്ട് ലഭ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ ധനസഹായം ഏറെ പ്രധാനമാണ്. ഇത് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക അപകടസാധ്യതകൾ പരിമിതപ്പെടുത്തുകയും പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം സുസ്ഥിരത, മത്സരക്ഷമത, സമഗ്ര വികസനം തുടങ്ങിയ ദീർഘകാല ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി, സമഗ്ര വളർച്ചയും ആഗോള മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ വൻകിട അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു. അടിസ്ഥാന സൗകര്യങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നായി ലോകബാങ്ക് ഇന്ത്യയെ കണക്കാക്കിയിട്ടുണ്ട്.
ധനസഹായ ഉപാധികൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഗവണ്മെൻ്റ് ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും നിലവിലുള്ള ആസ്തികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനുമുള്ള മാർഗങ്ങളെ പിന്തുണയ്ക്കുന്നതിനും ഉള്ള പുതിയ നടപടികൾ അവതരിപ്പിച്ചുകൊണ്ടാണ് 2026–27 ലെ കേന്ദ്ര ബജറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ അടിത്തറയായി വർത്തിക്കുന്ന വികസിത ഇന്ത്യ എന്ന ദർശനത്തെ ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നു.
ഉയരുന്ന പൊതു മൂലധന ചെലവ്, ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യവികസനം
റോഡുകൾ, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയ ആസ്തികൾ നിർമ്മിക്കുന്നതിനും സൃഷ്ടിക്കുന്നതിനും ഗവണ്മെൻ്റ് ചെലവഴിക്കുന്ന പണമാണ് പൊതു മൂലധന ചെലവ്. ഈ ചെലവ് സാമ്പത്തിക വളർച്ചയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. ഇത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ മറ്റ് മേഖലകളെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ, ഉത്പാദനം, സമഗ്ര വികസനം എന്നിവയിൽ ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിൽ, അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഗവണ്മെൻ്റ് ചെലവുകളാണ് ഈ മേഖലയിലെ ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന ചാലകശക്തി. സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഉപാധിയെന്ന നിലയിൽ ഗവണ്മെൻ്റ് ഈ വിഹിതം ക്രമാനുഗതമായി വർദ്ധിപ്പിച്ചു.
മൂലധന നിക്ഷേപത്തിലെ വർദ്ധന:
അടിസ്ഥാന സൗകര്യ മേഖലയിലെ ഗവണ്മൻ്റ് നിക്ഷേപം വർദ്ധിച്ചു. 2014–15 ലെ 2 ലക്ഷം കോടി രൂപയിൽ നിന്ന് 2026–27 ൽ 12.2 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. . അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ ശക്തമായ പ്രതിബദ്ധത ഈ ക്രമാനുഗതമായ വളർച്ച എടുത്തുകാണിക്കുന്നു.

ഉയർന്ന മൂലധന നിക്ഷേപം നിർണ്ണായകമാകുന്നതെന്തുകൊണ്ട്
സ്വകാര്യ നിക്ഷേപത്തിൽ ഉത്സാഹം:
അടിസ്ഥാന സൗകര്യങ്ങൾക്കായി ഗവണ്മെൻ്റ് വൻതോതിൽ പണം ചെലവഴിക്കുമ്പോൾ, നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും പദ്ധതികൾ വികസിപ്പിക്കുന്നതിൽ പങ്കെടുക്കാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വകാര്യ നിക്ഷേപത്തിലെ ഈ "ഉത്സാഹം" അടിസ്ഥാന സൗകര്യങ്ങൾക്കായി ലഭ്യമാകുന്ന മൊത്തം ധനസഹായം ഉയരാനും പദ്ധതി പൂർത്തീകരണം ത്വരിതപ്പെടുത്താനും സഹായിക്കുന്നു.
തൊഴിൽ സൃഷ്ടി:
റോഡുകൾ, റെയിൽവേ, ഭവന- ഊർജ്ജ പദ്ധതികൾ എന്നിവയുടെ മുന്നേറ്റം വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
ആവശ്യകത വർദ്ധിപ്പിക്കുന്നു:
ഉയർന്ന മൂലധന നിക്ഷേപം ഉരുക്ക്, സിമൻറ്, യന്ത്രങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകതയെ ഉത്തേജിപ്പിക്കുന്നു. വ്യാവസായിക ഉത്പാദനവും സാമ്പത്തിക പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നു.
ചെറുകിട, ഇടത്തരം (ടയർ II, ടയർ III) നഗരങ്ങളിൽശ്രദ്ധ കേന്ദ്രീകരിക്കുന്നു:
2026–27 ലെ കേന്ദ്ര ബജറ്റ് 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളെ വികസിപ്പിക്കുന്നതിലും അവയെ പുതിയ വളർച്ചാ കേന്ദ്രങ്ങളായി സ്ഥാപിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭവന നിർമ്മാണം, ഗതാഗതം, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ, മെട്രോപൊളിറ്റൻ പ്രദേശങ്ങൾക്കപ്പുറം സാമ്പത്തിക അവസരങ്ങൾ വ്യാപിപ്പിക്കാനും സന്തുലിത വികസനം പ്രോത്സാഹിപ്പിക്കാനും ഗവണ്മെൻ്റ് ലക്ഷ്യമിടുന്നു.
നഗരപ്രദേശങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, 2026–27 ലെ കേന്ദ്ര ബജറ്റ്, ഓരോ നഗരത്തിൻ്റെയും തനതായ വളർച്ചാ സാധ്യതകളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിട്ടുള്ള നഗര സാമ്പത്തിക മേഖലകൾ (CER) അവതരിപ്പിക്കുന്നു. പരിഷ്കാരങ്ങളുമായും ഗുണഫലങ്ങളുമായും ധനസഹായത്തെ ബന്ധിപ്പിക്കുന്ന "ചലഞ്ച് മോഡ്" സമീപനത്തിലൂടെ, അഞ്ച് വർഷത്തിനുള്ളിൽ ഓരോ നഗര സാമ്പത്തിക മേഖലയ്ക്കും 5,000 കോടി രൂപ വീതം അനുവദിക്കാൻ ഗവണ്മെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
ദീർഘകാല ധനസഹായത്തിന് വഴിയൊരുക്കുന്ന വായ്പാ വിപണി പരിഷ്കാരങ്ങൾ
അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്നതിൽ ഡെറ്റ് മാർക്കറ്റ് (വായ്പാ വിപണി) നിർണ്ണായക പങ്ക് വഹിക്കുന്നു. ബോണ്ടുകളും സമാനമായ വായ്പാ ഉപാധികളും പുറപ്പെടുവിക്കുന്നതിലൂടെ ദീർഘകാല ഫണ്ട് സ്വരൂപിക്കാൻ സർക്കാരുകളെയും കമ്പനികളെയും സ്ഥാപനങ്ങളെയും ഇത് സഹായിക്കുന്നു. നിക്ഷേപകർ ഈ ബോണ്ടുകൾ വാങ്ങി, സ്ഥിരമായ പലിശ നേടുന്നതിലൂടെ പദ്ധതികൾക്ക് മൂലധനം ഉറപ്പാക്കുന്നു. ഇക്വിറ്റി, ബ്ലെൻഡഡ് ഫിനാൻസ്, സ്ഥാപന നിക്ഷേപം പോലുള്ള മറ്റ് ഫണ്ടിംഗ് സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായി, ഡെറ്റ് മാർക്കറ്റ് ഫിനാൻസിംഗ് പൂർണ്ണമായും കടമെടുക്കലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ തിരിച്ചടവ് അനിവാര്യവുമാണ്. ഇനിപ്പറയുന്ന നടപടികളിലൂടെ ഇന്ത്യയുടെ ഡെറ്റ് മാർക്കറ്റുകളെ ദീർഘകാല അടിസ്ഥാന സൗകര്യ ധനസഹായത്തിനുള്ള ശക്തവും ഫലപ്രദവുമായ മാർഗ്ഗമാക്കി മാറ്റാനുള്ള നടപടികൾ ഗവണ്മെൻ്റ് സ്വീകരിച്ചുവരികയാണ്.
സാർവത്രിക പ്രവേശനം:
വനിതകൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, ചെറുകിട നിക്ഷേപകർ തുടങ്ങിയ നിർദ്ദിഷ്ട വിഭാഗങ്ങളെ നിക്ഷേപം നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു വായ്പാ ഉപാധികൾ പുറപ്പെടുവിക്കുമ്പോൾ സർക്കാർ പ്രത്യേക ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ വാഗ്ദാനം ചെയ്യുന്നു.
ലളിതമായ അനുവർത്തനം:
നിയമങ്ങൾ ലളിതമാക്കിക്കൊണ്ട്, പൊതുവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വലിയ കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുകയും വാർഷിക റിപ്പോർട്ടുകൾ ഡിജിറ്റലായി സമർപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനാൽ, നടപടിക്രമങ്ങൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിയും.
സുതാര്യതയും കാര്യക്ഷമതയും:
ഡെറ്റ് സെക്യൂരിറ്റികളുടെ സ്വകാര്യ പ്ലേസ്‌മെൻ്റുകൾ കാര്യക്ഷമമാക്കുന്നതിനായി സർക്കാർ ഇലക്ട്രോണിക് ബുക്ക് പ്രൊവൈഡർ (EBP) ചട്ടക്കൂട് മെച്ചപ്പെടുത്തിയിട്ടുണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അംഗീകരിച്ച ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് EBP. തിരഞ്ഞെടുത്ത നിക്ഷേപകർക്ക് നേരിട്ട് ഡെറ്റ് സെക്യൂരിറ്റികൾ വിതരണം ചെയ്യാൻ കമ്പനികൾ ഇത് ഉപയോഗിക്കുന്നു.
ESG ധനസഹായം:
ഗ്രീൻ ബോണ്ടുകൾ, സോഷ്യൽ ബോണ്ടുകൾ, സുസ്ഥിരതാ ബോണ്ടുകൾ, സുസ്ഥിരതാ-ബന്ധിത ബോണ്ടുകൾ എന്നിവയുൾപ്പെടെ ESG (പരിസ്ഥിതി, സാമൂഹികം, ഭരണനിർവ്വഹണം) ഡെറ്റ് സെക്യൂരിറ്റികൾക്കായി ഗവണ്മെൻ്റ് മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ആസ്തി ധനസമ്പാദനം:
ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകൾ (InvITs) കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഗവണ്മെൻ്റ് നിയമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. നിലവിലുള്ള ഇൻഫ്രാസ്ട്രക്ചർ ആസ്തികൾ പുനരുപയോഗിച്ച് പണം സ്വരൂപിക്കാൻ ഇത് സഹായിക്കുന്നു.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായ ആവാസവ്യവസ്ഥ
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായം വലിയ പരിവർത്തനത്തിന് വിധേയമായി. പ്രധാനമായും ഗവണ്മെൻ്റ് ബജറ്റുകളെ ആശ്രയിക്കുന്നതിൽ നിന്ന് പൊതു, സ്വകാര്യ ഫണ്ടിംഗുകളുടെ മിശ്രിത മാതൃകയിലേക്കുള്ള മാറ്റം ദൃശ്യമാണ്. ലോകബാങ്കിൻ്റെ കണക്കനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ഈ മേഖലയിലെ കണക്കുകൾ പ്രകാരം മൊത്തം സ്വകാര്യനിക്ഷേപത്തിൻ്റെ 90% ത്തിലധികവും ഇന്ത്യയിലാണ്. നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF), നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റ് (NaBFID) തുടങ്ങിയവ നിർണ്ണായക സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ആഭ്യന്തര, ആഗോള തലങ്ങളിൽ നിന്ന് മൂലധനം സമാഹരിക്കുകയും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് ദീർഘകാല ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകൾ (InvITs), റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകൾ (REITs) പോലുള്ള സാമ്പത്തിക ഉപാധികൾ നിർമ്മാണം പൂർത്തിയായ ആസ്തികളെ പുതിയ പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഫണ്ടുകളാക്കി മാറ്റാൻ സഹായിക്കുന്നു.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങൾ:
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായ സംവിധാനത്തിന് ആവശ്യമായ മൂലധനം ലഭ്യമാക്കുകയും, പദ്ധതികളുടെ ആസൂത്രണത്തിനും നിർവ്വഹണത്തിനും പിന്തുണ നൽകുകയും, ഗതാഗതം, ഊർജ്ജം, നഗരവികസനം തുടങ്ങിയ പ്രധാന മേഖലകളിൽ സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക ഫണ്ടുകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ അടിസ്ഥാന സൗകര്യ ധനസഹായ മേഖലയ്ക്കുണ്ട്.
നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF):
2015-ൽ സ്ഥാപിതമായതും ഇന്ത്യാ ഗവണ്മെൻ്റിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതുമായ നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF), ആഗോള, ആഭ്യന്തര നിക്ഷേപകരിൽ നിന്ന് ധനം സ്വരൂപിക്കുന്നു. അപകടസാധ്യതകൾ നിയന്ത്രണവിധേയമാക്കിക്കൊണ്ട് ലാഭമുണ്ടാക്കാനാകും വിധം, പ്രവർത്തനക്ഷമവും നിർമ്മാണത്തിലിരിക്കുന്നതുമായ വ്യത്യസ്ത പദ്ധതികളിൽ ഇത് നിക്ഷേപിക്കുന്നു. ഗതാഗതം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സ്വന്തം ടീമുകൾ മുഖേനയോ പരിചയസമ്പന്നരായ ഓപ്പറേറ്റർമാരുമായി പങ്കാളിത്തം സ്ഥാപിച്ചോ NIIF വിപുലമായ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്നു. ശക്തമായ ഭരണനിർവ്വഹണവും വിപണി വൈദഗ്ധ്യവും ഉള്ളതിനാൽ, സ്ഥാപന നിക്ഷേപകർക്ക് ഇത് ഒരു വിശ്വസ്ത പങ്കാളിയായി മാറിയിരിക്കുന്നു. നിലവിൽ അതിൻ്റെ ഫണ്ടുകളിലൂടെ 4.9 ബില്യൺ യുഎസ് ഡോളർ ആസ്തികൾ കൈകാര്യം ചെയ്യുന്നു.
പങ്കാളിത്തങ്ങളും ഫണ്ട് ഘടനയും:
നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) ഗവണ്മെൻ്റുമായി ബന്ധപ്പെട്ട ഒരു അസറ്റ് മാനേജരായി വളരുകയും പ്രമുഖ ആഗോള നിക്ഷേപകരുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്തു. അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ADIA), ടെമാസെക് തുടങ്ങിയ സോവറിൻ വെൽത്ത് ഫണ്ടുകൾ; ഓസ്‌ട്രേലിയൻ സൂപ്പർ, ഒന്റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെൻ്റ് ബോർഡ് (CPPIB) പോലുള്ള പെൻഷൻ ഫണ്ടുകൾ; ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് (AIIB), ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് (ADB), ന്യൂ ഡെവലപ്‌മെൻ്റ് ബാങ്ക് (NDB) എന്നിവയുൾപ്പെടെയുള്ള ബഹുമുഖ വികസന ബാങ്കുകൾ; ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ (JBIC) അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾ പങ്കാളികളിൽ ഉൾപ്പെടുന്നു.
NIIF ന് കീഴിലുള്ള സജീവ ഫണ്ടുകൾ
മാസ്റ്റർ ഫണ്ട് –
അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രൈവറ്റ് മാർക്കറ്റ് ഫണ്ട് –
ഫണ്ട്-ഓഫ്-ഫണ്ട് സമീപനത്തിലൂടെ പ്രൈവറ്റ് മാർക്കറ്റ്സ് ഫണ്ട് സ്വകാര്യ ഇക്വിറ്റി മാനേജർമാരെ പിന്തുണയ്ക്കുന്നു.
ഇന്ത്യ-ജപ്പാൻ ഫണ്ട് –
കാലാവസ്ഥ, സുസ്ഥിരത, ഇന്ത്യ-ജപ്പാൻ സഹകരണം ശക്തിപ്പെടുത്തുന്ന പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സ്ട്രാറ്റജിക് ഓപ്പർച്യുണിറ്റീസ് ഫണ്ട് –
വളർച്ചയിലും ഇക്വിറ്റി അവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മാസ്റ്റർ ഫണ്ടും പ്രൈവറ്റ് മാർക്കറ്റ്സ് ഫണ്ടും മൂലധനം പൂർണ്ണതോതിൽ വിന്യസിക്കാൻ പ്രതിജ്ഞാബദ്ധമാണ്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, ഡാറ്റാ സെൻ്ററുകൾ തുടങ്ങിയ ഗ്രീൻഫീൽഡ് ആസ്തികൾക്ക് മാസ്റ്റർ ഫണ്ട് നിക്ഷേപങ്ങൾ സംഭാവന ചെയ്യുന്നു.
നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റ് (NaBFID):
2021-ൽ സ്ഥാപിതമായ നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റ് (NaBFID), ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ്. ഇത് ദീർഘകാല ധനസഹായത്തിലെ പരിമിതികൾ പരിഹരിക്കുന്നു. ബോണ്ട്, ഡെറിവേറ്റീവ്സ് വിപണികൾ വികസിപ്പിക്കാൻ സഹായിക്കുന്നതിലൂടെ സുസ്ഥിര സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അടിസ്ഥാന സൗകര്യ പദ്ധതികളുടെ ജീവിതചക്രത്തിലുടനീളം വായ്പകൾ, നിക്ഷേപങ്ങൾ, ഇക്വിറ്റി ഓപ്ഷനുകൾ, ESG-കേന്ദ്രീകൃത ധനസഹായം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് NaBFID ഒരു ദാതാവ്, സഹായകൻ, ഉത്തേജകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
അംഗീകാരവും വിതരണവും :
2025 ഡിസംബറോടെ, പ്രധാന അടിസ്ഥാന സൗകര്യ, സാമൂഹിക, വാണിജ്യ മേഖലകളിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി NaBFID ഏകദേശം 3.03 ലക്ഷം കോടി രൂപ യുടെ ധനസഹായം അംഗീകരിച്ചു.1.09 ലക്ഷം കോടി രൂപ വിതരണം ചെയ്തു.
നിക്ഷേപക അടിത്തറയുടെ വിപുലീകരണം:
ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകൾ പോലുള്ള നിക്ഷേപകരുടെ പങ്കാളിത്തം അടിസ്ഥാന സൗകര്യ പദ്ധതികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി NaBFID ഒരു പാർഷ്യൽ ക്രെഡിറ്റ് എൻഹാൻസ്‌മെൻ്റ് (PCE) സംവിധാനം അവതരിപ്പിച്ചു. കമ്പനികൾ, പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ (SPV-കൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFC-കൾ), ഭവന ധനകാര്യ കമ്പനികൾ (HFC-കൾ) എന്നിവ നൽകുന്ന ബോണ്ടുകളുടെ ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടുത്തുന്ന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണയാണ് PCE. ഇത് ഈ സ്ഥാപനങ്ങൾക്ക് മികച്ച വ്യവസ്ഥകളിൽ ഫണ്ട് സമാഹരിക്കുന്നത് സുഗമമാക്കുന്നു. 2026 ഫെബ്രുവരിയിൽ NaBFID അതിൻ്റെ ആദ്യ PCE സൗകര്യം അംഗീകരിച്ചു.
മാർഗ്ഗനിർദ്ദേശവും പിന്തുണയും:
നിക്ഷേപ സജ്ജമായ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതികളുടെ നൈരന്തര്യം സൃഷ്ടിക്കാൻ സഹായിക്കുന്നതിനായി ഈ സ്ഥാപനം മാർഗ്ഗനിർദ്ദേശവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ശ്രീനഗറിലെ ദാൽ തടാകത്തിന് ചുറ്റുമുള്ള സുസ്ഥിര വിനോദസഞ്ചാര പദ്ധതികളിൽ ജമ്മു കാശ്മീർ ഗവണ്മെൻ്റുമായും തുറമുഖ, വിമാനത്താവള വികസനത്തിൽ ആന്ധ്രാപ്രദേശുമായും ഉള്ള സഹകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സമാനമായ അടിസ്ഥാന സൗകര്യ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ഉത്തർപ്രദേശ്, തമിഴ്‌നാട്, അസം, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന ഗവണ്മെൻ്റുകളുമായും സജീവമായി ചർച്ചകൾ നടത്തിവരികയാണ്.
ആഗോള മൂലധന സമാഹരണം:
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, ഗിഫ്റ്റ് സിറ്റിയിൽ ഒരു ധനകാര്യ കമ്പനി, ഒരു ഫണ്ട് മാനേജ്മെൻ്റ് സ്ഥാപനം, ഒരു ബദൽ നിക്ഷേപ ഫണ്ട് എന്നിവയുൾപ്പെടെ നിക്ഷേപ യൂണിറ്റുകൾ സ്ഥാപിക്കുന്നു. ഇക്വിറ്റി നിക്ഷേപങ്ങളിലൂടെ സ്വകാര്യ മൂലധനത്തെ അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് ആനയിക്കുക എന്നതാണ് ലക്ഷ്യം, അതുവഴി നിക്ഷേപ അപകടസാധ്യതകൾ പങ്കിടുകയും പദ്ധതികളുടെ വിജയവുമായി അവരുടെ താൽപ്പര്യങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
നഗര അടിസ്ഥാന സൗകര്യ ധനസഹായം:
നഗര അടിസ്ഥാന സൗകര്യ മേഖലയിൽ, മുനിസിപ്പൽ ബോണ്ടുകളിൽ 520 കോടി രൂപ നിക്ഷേപം ഉൾപ്പെടെ സർക്കാർ സാമ്പത്തിക സഹായം വിപുലീകരിച്ചു.
പങ്കാളിത്തങ്ങളും സംസ്ഥാനങ്ങളുമായുള്ള സഹകരണവും:
ബഹുരാഷ്ട്ര വികസന ബാങ്കുകളുമായുള്ള (MDB) പങ്കാളിത്തം ശക്തിപ്പെടുത്തുകയും ആസ്തി ധനസമ്പാദന പദ്ധതികളിൽ സംസ്ഥാന ഗവണ്മെൻ്റുകളുമായി സഹകരിക്കുകയും ചെയ്തു വരുന്നു. നിർദ്ദിഷ്ട ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകളിൽ (InvIT) ഒരു പ്രധാന നിക്ഷേപകനായും ഇത് പ്രവർത്തിക്കുന്നു.
2023 ജൂണിൽ, പൊതു-സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതികൾക്ക് ഇടപാട് ഉപദേശക സേവനങ്ങൾ നൽകുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനുമായി (IFC) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇന്ത്യയിലെ നഗര-ഗ്രാമ മേഖലകളിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി 2024 ഡിസംബറിൽ ഏഷ്യൻ വികസന ബാങ്കുമായി (ADB) സ്ഥാപനം ഒരു താത്പര്യപത്രം (LoI) ഒപ്പുവച്ചു.
2025 ഫെബ്രുവരിയിൽ, കാലാവസ്ഥാ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ധനസഹായം പര്യവേക്ഷണം ചെയ്യുന്നതിനും, സാമ്പത്തിക ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്മെൻ്റ് ഓഫീസുമായി ഒരു താത്പര്യപത്രം (LoI) ഒപ്പുവച്ചു.
2025 ഏപ്രിലിൽ, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായ പരിമിതികൾ പരിഹരിക്കുക, സാങ്കേതിക വൈദഗ്ധ്യം പങ്കിടുക, സംയുക്ത നിക്ഷേപങ്ങൾ, ക്രെഡിറ്റ് ലൈനുകൾ, ഗ്യാരണ്ടികൾ, സഹ-ധനസഹായം, സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെ ദീർഘകാല സംരംഭങ്ങളിൽ സഹകരിക്കുന്നതിനായി ന്യൂ ഡെവലപ്‌മെൻ്റ് ബാങ്കുമായി (NDB) ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.
2025 ജൂണിൽ, കാലാവസ്ഥാ പൊരുത്തപ്പെടുത്തലിലും ലഘൂകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കുമായും (AIIB) ഗ്രീൻ ഫിനാൻസിംഗിൽ സാങ്കേതിക ഉപദേശം നൽകുന്നതിനായി കാലാവസ്ഥാ ബോണ്ട്‌സ് ഇനിഷ്യേറ്റീവുമായും താത്പര്യപത്രം (LoI) ഒപ്പുവച്ചു.
ഒടുവിൽ, 2025 ഡിസംബറിൽ, ഇന്ത്യയിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വിലയിരുത്തുന്നതിനും, ഘടനാപരമാക്കുന്നതിനും,ധനസഹായം നൽകുന്നതിനും സഹകരിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി KfW IPEX ബാങ്കുമായി താത്പര്യപത്രം (LoI) ഒപ്പുവച്ചു.
IRFC മുഖേന റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നു
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നട്ടെല്ലായ റെയിൽവേ, കണക്റ്റിവിറ്റി, വ്യാപാരം, സാമ്പത്തിക വളർച്ച എന്നിവയെ പിന്തുണയ്ക്കുന്നു. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC) ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനസഹായ വിഭാഗമായി പ്രവർത്തിക്കുന്നു, റെയിൽവേ ശൃംഖല നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഫണ്ട് സ്വരൂപിക്കുകയും ശക്തമായ സാമ്പത്തിക അടിത്തറ നൽകുകയും ചെയ്യുന്നു.
ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനസഹായ വിഭാഗമായി 1986 ൽ സ്ഥാപിതമായി.
ഇന്ത്യൻ റെയിൽവേയുടെ അധിക ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC) ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിന്ന് പണം സ്വരൂപിക്കുന്നു.
ഇത് ഒരു ലീസിംഗ് മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ഒരു കമ്പനിയോ സ്ഥാപനമോ ആസ്തികൾ (ട്രെയിനുകൾ, വാഗണുകൾ അല്ലെങ്കിൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പോലുള്ളവ) വാങ്ങുന്നതിന് ധനസഹായം നൽകുകയും തുടർന്ന് ഈ ആസ്തികൾ ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു നിശ്ചിത സമയത്തേക്ക് പാട്ടത്തിന് നൽകുകയും ചെയ്യുന്നു
ഇതുവരെ, IRFC 13,764 ലോക്കോമോട്ടീവുകൾക്കും 76,735 പാസഞ്ചർ കോച്ചുകൾക്കും 2,65,815 വാഗണുകൾക്കും ധനസഹായം നൽകിയിട്ടുണ്ട്, ഇത് ഇന്ത്യയുടെ റോളിംഗ് സ്റ്റോക്ക് ഫ്ലീറ്റിൻ്റെ ഏകദേശം 75% വരും.
InvIT കളും REIT കളും:
ഇന്ത്യയുടെ സാമ്പത്തിക സംവിധാനം നിക്ഷേപകർക്ക് അവരുടെ ഫണ്ടുകൾ വിനിയോഗിച്ച് ലാഭവിഹിതം നേടുന്നതിന് പുതിയ മാർഗ്ഗങ്ങൾ സൃഷ്ടിച്ചു. ഇത് അവർക്ക് വലിയ അടിസ്ഥാന സൗകര്യങ്ങളിലേക്കും റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്കും പ്രവേശനം നൽകുന്നു. ഈ നൂതനാശയങ്ങൾ ദീർഘകാല നിക്ഷേപത്തിനും വളർച്ചയ്ക്കും വൈവിധ്യമാർന്ന ഓപ്ഷനുകൾ നൽകുന്നു, അപകടസാധ്യതകൾ വ്യാപിപ്പിക്കുന്നതിനിടയിൽ വലിയ പദ്ധതികൾക്ക് ധനസഹായം നൽകുന്നത് എളുപ്പമാക്കുന്നു.
ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകൾ (InvITs):
2014-ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അവതരിപ്പിച്ച ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകൾ (InvITs) നിക്ഷേപകരെ വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന പ്രത്യേക ഫണ്ടുകളാണ്. InvIT കൾ വരും മുമ്പ്, വലിയ സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരം നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സാധാരണക്കാർക്കും ഇതിൽ പങ്കാളികളാകാൻ കഴിയും. നിരവധി നിക്ഷേപകരിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിലൂടെ, പതിവ് വരുമാനവും ദീർഘകാല വളർച്ചയും നൽകാൻ കഴിയുന്ന വ്യത്യസ്ത അടിസ്ഥാനസൗകര്യപദ്ധതികളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ InvIT കൾ സൃഷ്ടിക്കുന്നു. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഗാർഹിക സമ്പാദ്യം പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ഒരു മാർഗമാണ് InvIT കൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാർക്ക് തുറന്ന് നൽകുന്നത്.
ടോൾ-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ToT) മാതൃകയിലൂടെയും സ്വകാര്യ InvIT കളിലൂടെയും സർക്കാർ 1.52 ലക്ഷം കോടി വിജയകരമായി സമാഹരിച്ചതിനുശേഷം, 2026 ൽ ആദ്യത്തെ പൊതു InvIT ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
റോഡ് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ധനസമാഹരണം:
ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സ്വരൂപിക്കാൻ ഈ പ്രത്യേക ട്രസ്റ്റുകൾ സഹായിക്കുന്നു. സർക്കാരിനും സ്വകാര്യ കമ്പനികൾക്കും ഹൈവേ പദ്ധതികളിൽ നിന്ന് കൂടുതൽ ഫലപ്രദമായി പണം സമാഹരിക്കാനും ഇത് സഹായകമാണ്.
2020-ൽ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സ്ഥാപിച്ച നാഷണൽ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് (NHIT),18,380 കോടി രൂപയുടെ എൻ്റർപ്രൈസ് മൂല്യത്തോടെ നാലാമത്തെ ധനസമാഹരണ ചക്രം പൂർത്തിയാക്കി. ഇന്ത്യയിലെ റോഡ് മേഖലയിലെ ഏറ്റവും വലിയ ധനസമാഹരണ ഇടപാടായി ഇത് മാറി. നാല് റൗണ്ടുകളിലായി, NHIT 46,000 കോടി രൂപയിലധികം സമാഹരിച്ചു.
2026 ജനുവരിയിൽ, നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സ്പോൺസർ ചെയ്യുന്ന രാജ്മാർഗ് ഇൻഫ്ര ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റിന് (RIIT), CARE റേറ്റിംഗ്സ് ലിമിറ്റഡിൽ നിന്ന് AAA (സ്റ്റേബിൾ) റേറ്റിംഗ് ലഭിച്ചു. RIIT നൽകുന്ന ഡെറ്റ് ഉപകരണങ്ങൾ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപങ്ങളായി കണക്കാക്കപ്പെടുന്നുവെന്ന് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നു.
2020 സെപ്റ്റംബറിൽ, InvITs മാതൃകയിലൂടെ പവർഗ്രിഡിൻ്റ ആസ്തികളിൽ നിന്ന് ധനസമ്പാദനം നടത്താൻ ഗവണ്മെൻ്റ് അനുവാദം നൽകി. വൈദ്യുതി മേഖലയിലെ ആദ്യ സംരംഭമാണിത്. പുതിയതും നിർമ്മാണത്തിലിരിക്കുന്നതുമായ പദ്ധതികൾക്കായി വരുമാനം നീക്കിവയ്ക്കും.
ദീർഘകാല മൂലധനം ഉപയോഗിക്കുന്നതിനുള്ള ഒരു വിശ്വസനീയമായ ഉപാധിയായി InvITs മാറിയിരിക്കുന്നു, അതായത് കാലക്രമേണ സ്ഥിരമായ ധനസഹായം ഉറപ്പാക്കാൻ അവ സഹായിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമുള്ള വിശ്വസനീയമായ ഉപകരണമായി അത് ഉയർന്നുവന്നിട്ടുണ്ട്.
2. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകൾ (REIT-കൾ):
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകൾ (REIT-കൾ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) നിയന്ത്രിക്കുന്ന നിക്ഷേപ മാർഗങ്ങളാണ്. താരതമ്യേന ചെറിയ തുക വിനിയോഗിച്ച് വരുമാനം സൃഷ്ടിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ അവ സഹായിക്കുന്നു. REIT-കൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കുകയും വ്യാപാരം സുഗമമാക്കുകയും ചെയ്യുന്നു. നിക്ഷേപകർക്ക് അവരുടെ പോർട്ട്ഫോളിയോകൾ വൈവിധ്യവത്ക്കരിക്കാനുള്ള മാർഗ്ഗവും ലിക്വിഡിറ്റിയുംഉറപ്പാക്കുന്നു. കൂടാതെ, ഗവണ്മെൻ്റ് ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ധനസമ്പാദനം ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾക്കായി (CPSE-കൾ) സമർപ്പിത REIT-കൾ സൃഷ്ടിക്കുമെന്ന് 2026-27 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.
ഘടന:
നിക്ഷേപകർക്ക് വേണ്ടി സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന സ്പോൺസർ, മാനേജ്മെൻ്റ് കമ്പനി, ട്രസ്റ്റ് എന്നിവ ചേർന്ന ത്രികക്ഷി മാതൃക.
വരുമാന സ്രോതസ്സുകൾ:
റിയൽ എസ്റ്റേറ്റ് ആസ്തികളിൽ നിന്നുള്ള വാടക വരുമാനവും വസ്തു വിൽപ്പനയിൽ നിന്നുള്ള മൂലധന നേട്ടവും.
കുറഞ്ഞ പ്രവേശന ചെലവ്:
ഈ രീതിയിൽ നിക്ഷേപിക്കുന്നത് ഭൂമിയും വസ്തുവകകളും സ്വന്തമാക്കാൻ സാധാരണയായി ആവശ്യമായ വലിയ തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ തുകകളിൽ നിക്ഷേപിക്കാൻ ജനങ്ങളെ അനുവദിക്കുന്നു.
ലിക്വിഡിറ്റിയും ഡിവിസിബിലിറ്റിയും:
യൂണിറ്റുകൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ട്രേഡ് ചെയ്യാൻ കഴിയും. ഇത് മുഴുവൻ സ്വത്തും വിൽക്കുന്നതിന് പകരം നിക്ഷേപത്തിൻ്റെ ഒരു ഭാഗം വിൽക്കാൻ നിക്ഷേപകരെ അനുവദിക്കുന്നു.
വൈവിധ്യവത്ക്കരണം:
ഒരു പ്രോപ്പർട്ടിയിൽ മാത്രം നിക്ഷേപിക്കുന്നതിനുപകരം, വ്യത്യസ്ത സ്ഥലങ്ങളിലുള്ള വൈവിധ്യമാർന്ന പ്രോപ്പർട്ടികളിലേക്ക് പ്രവേശനം ലഭിക്കും. ഇത് അപകടസാധ്യത കുറയ്ക്കുന്നു.
സുതാര്യത:
അറ്റ ആസ്തി മൂല്യം (NAV) പതിവായി വെളിപ്പെടുത്തുന്നത് നിക്ഷേപങ്ങളിൽ വ്യക്തത ഉറപ്പാക്കുന്നു.
ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗ്യാരണ്ടി ഫണ്ട് - ധനസഹായം ഉറപ്പാക്കലും പദ്ധതി നിർവ്വഹണവും
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴുള്ള അപകടസാധ്യതകൾ, കാലതാമസം, ജോലികൾ പൂർത്തിയാക്കുന്നതിലെ അനിശ്ചിതത്വം തുടങ്ങിയ പ്രശ്‌നങ്ങൾ അടിസ്ഥാന സൗകര്യ പദ്ധതികളെ പലപ്പോഴും ബാധിക്കാറുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ, 2026–27 ലെ കേന്ദ്ര ബജറ്റിൽ ഗവണ്മെൻ്റ് ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗ്യാരണ്ടി ഫണ്ട് അവതരിപ്പിച്ചു. വായ്പ നൽകുന്നവർക്ക് ഈ ഫണ്ട് ഭാഗിക ഗ്യാരണ്ടി നൽകും, ഇത് സ്വകാര്യ ഡെവലപ്പർമാർക്കുള്ള അപകടസാധ്യത കുറയ്ക്കുകയും അവർക്കുള്ള ധനസഹായം സുഗമവും സുരക്ഷിതവുമാക്കുകയും ചെയ്യുന്നു.
സ്വകാര്യ മൂലധനത്തിന് പ്രോത്സാഹനം:
ഈ സമീപനം കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കും. തദ്വാരാ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികളിൽ പങ്കാളികളാക്കാൻ സ്വകാര്യ കമ്പനികളെ അനുവദിക്കും
സമയബന്ധിതമായ പൂർത്തീകരണം:
ധനസഹായത്തിലെ കുറവുകൾ നികത്തുന്നതിന് ആവശ്യമായ ഫണ്ട് ഉറപ്പാക്കും. കാലതാമസം ഒഴിവാക്കാനും പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ”
ആത്മവിശ്വാസം വളർത്തുന്നു:
ഈ നടപടി തദ്ദേശീയ, അന്തർദേശീയ നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നു. ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈനിൻ്റെ (NIP) വിശാല ലക്ഷ്യങ്ങളെയും വികസിത ഇന്ത്യ (Viksit Bharat) എന്ന ഭാവി ദർശനത്തെയും പിന്തുണയ്ക്കുന്നു.
ഉപസംഹാരം
വൻതോതിലുള്ള വികസനം, നൂതന സമീപനങ്ങൾ, ശക്തമായ സംവിധാനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്ന രീതികളിൽ സമൂല പരിവർത്തനം സൃഷ്ടിക്കുകയാണ് ഇന്ത്യ. ഗവണ്മെൻ്റ് ധനസഹായവും ശക്തമായ സ്ഥാപനങ്ങളും ആധുനിക സാമ്പത്തിക ഉപാധികളും സമന്വയിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന വളർച്ചയ്ക്ക് ഉറച്ച അടിത്തറ സൃഷ്ടിക്കുകയാണ് രാജ്യം. ഈ തന്ത്രം മൂലധന പ്രവാഹം സുരക്ഷിതമാക്കുക മാത്രമല്ല, ഇന്ത്യയുടെ ദീർഘകാല വികസന യാത്രയിൽ സുസ്ഥിരത, മത്സരശേഷി, ആത്മവിശ്വാസം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.
അവലംബം:
Ministry of Finance:
https://www.indiabudget.gov.in/
https://www.indiabudget.gov.in/economicsurvey/
https://www.pib.gov.in/PressReleseDetailm.aspx?PRID=2135239®=3&lang=2#:~:text=The%20GC%20appreciated%20NIIF's%20evolution,equity%20(Strategic%20Opportunities%20Fund)
https://www.pib.gov.in/PressReleasePage.aspx?PRID=2219991®=3&lang=2
https://sansad.in/getFile/loksabhaquestions/annex/187/AU413_G5UG75.pdf?source=pqals
https://financialservices.gov.in/beta/sites/default/files/2025-02/Budget.pdf
Ministry of Railways:
https://indianrailways.gov.in/railwayboard/uploads/directorate/ele_engg/2025/Status%20of%20Railway%C2%A0Electrification%20as%20on%C2%A030_11_2025.pdf
Ministry of Road, Transport & Highways:
https://www.pib.gov.in/PressReleasePage.aspx?PRID=2115309®=3&lang=2#:~:text=National%20Highways%20Infra%20Trust%20(NHIT,131.94%20per%20unit.
https://www.pib.gov.in/PressReleasePage.aspx?PRID=2210839®=3&lang=1
Cabinet Committee on Economic Affairs (CCEA):
https://www.pib.gov.in/PressReleaseIframePage.aspx?PRID=1652428®=3&lang=2
Indian Railway Finance Corporation:
https://irfc.co.in/
National Investment & Infrastructure Fund (NIIF):
https://niifindia.in/
National Bank for Financing Infrastructure and Development (NaBFID):
https://nabfid.org/
Securities and Exchange Board of India:
https://investor.sebi.gov.in/understanding_reit_invit.html#:~:text=The%20structure%20the%20REITs%20is,management%20company%20and%20the%20trustees
https://www.sebi.gov.in/sebi_data/faqfiles/jan-2023/1674793029919.pdf?utm_source=copilot.com
https://www.sebi.gov.in/sebi_data/meetingfiles/nov-2017/1509521834318_1.pdf
National Institute of Securities Markets (NISM):
https://www.nism.ac.in/understanding-reits/
India Infrastructure Finance Company Limited (IIFCL):
https://iifcl.in/SIFTI
Click here for pdf file.
***
( റിലീസ് ഐ.ഡി: 2242688)
സന്ദര്‍ശക കൗണ്ടര്‍ : 17