PIB Headquarters
azadi ka amrit mahotsav

ആഹാർ 2026: അന്താരാഷ്ട്ര ഭക്ഷ്യ & ആതിഥേയത്വ മേള

പോസ്റ്റഡ് ഓണ്‍: 14 MAR 2026 11:16AM by PIB Thiruvananthpuram

സംഭാഷണങ്ങളുടെ മർമ്മരം, പുതുതായി ഉണ്ടാക്കിയ കാപ്പിയുടെ സുഗന്ധം, നൂതനമായ ഭക്ഷണ പ്രദർശനങ്ങളുടെ കാഴ്ച എന്നിവ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൻ്റെ  ഹാളുകളെ സമ്പന്നമാക്കി . 2026 മാർച്ച് 10 മുതൽ 14 വരെ ആഹാറിൻ്റെ  40-ാമത് പതിപ്പ് - അന്താരാഷ്ട്ര ഭക്ഷ്യ & ആതിഥേയത്വമേഖലാ (ഹോസ്പിറ്റാലിറ്റി) മേള നടന്നു. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയവും (MoFPI) ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷനും (ITPO) സംയുക്തമായി സംഘടിപ്പിച്ച ആഹാർ- ഭക്ഷ്യ & ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട B2B പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി ഉയർന്നുവന്നിട്ടുണ്ട്. പങ്കാളിത്തത്തിൻ്റെ  വിപുലത മാത്രമല്ല, ഭക്ഷ്യ & ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ബിസിനസുകൾക്ക് വളരാനും വികസിക്കാനും അവസരമൊരുക്കുന്ന വിശ്വസനീയമായ ഒരു നാമമായും ഉറവിടമായും അത് മാറിയ രീതിയും ഈ പ്രദർശനത്തെ വേറിട്ടു നിർത്തുന്നു.

 

 

ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഇറക്കുമതിക്കാർ, വിതരണക്കാർ, എന്നിവരെ AAHAR ഒരുമിച്ച് കൊണ്ടുവരുന്നു. ഇത്, ഇടപെടലുകൾ പലപ്പോഴും ബിസിനസ് പങ്കാളിത്തമായി വികസിക്കുന്ന ഒരു വേദി സൃഷ്ടിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി, പ്രദർശനം രസകരമായ ഒരു പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു: ഒരിക്കൽ സന്ദർശകരായി അല്ലെങ്കിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരായി പങ്കെടുത്തിരുന്ന നിരവധി പേർ ഇപ്പോൾ സ്വന്തം ബ്രാൻഡുകളുമായി പ്രദർശകരായി തിരിച്ചെത്തുന്നു. മേളയിലെ തുടർച്ചയായ പങ്കാളിത്തം എങ്ങനെ ബിസിനസ്സ് ഉൾക്കാഴ്ചകൾ നൽകുമെന്നും വിപണി ബന്ധങ്ങൾ കെട്ടിപ്പടുക്കുമെന്നും അത് സംരംഭക വളർച്ചയിലേക്ക് എങ്ങനെ നയിക്കുമെന്നും അവരുടെ യാത്രകൾ വ്യക്തമാക്കുന്നു.

 

AAHAR 2026 ലെ  സംസ്ഥാന പവലിയനുകളിൽ ഊർജ്ജസ്വലമായിരുന്നു. പ്രാദേശിക ബിസിനസുകൾ അവരുടെ ഉൽപ്പന്ന വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന് കേരള പവലിയൻ ഉദാഹരണമായി . മേളയിൽ പങ്കെടുത്ത കമ്പനികളിലൊന്നായ 'RG ഫുഡ്‌സ് ' - 1940 ൽ കേരളത്തിലെ കോഴിക്കോടു നിന്നാണ് ആരംഭിച്ചത് . ഭക്ഷ്യ എണ്ണകൾ (നല്ലെണ്ണ,കടുക് എണ്ണ, വെളിച്ചെണ്ണ), അരി ഇനങ്ങൾ (പാലക്കാടൻ വടി മട്ട അരി), പ്രഭാതഭക്ഷണത്തിനുള്ള പൊടികൾ, പരമ്പരാഗത കേരള ലഘുഭക്ഷണങ്ങൾ (ശീതീകരിച്ച ഭക്ഷണങ്ങൾ പോലുള്ളവ), ഉപയോഗിക്കാൻ തയ്യാറായ പാചക പേസ്റ്റുകൾ (ഇഞ്ചി പേസ്റ്റ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്) എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്ന നിരയ്ക്ക് പേരുകേട്ട കമ്പനി, ക്രമേണ പ്രാദേശിക വിപണികൾക്കപ്പുറത്തേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു. ഈ വർഷത്തെ പ്രദർശനത്തിൽ, ഏത്തയ്ക്ക ചിപ്‌സ്, മസാല മിശ്രിതങ്ങൾ, മുറുക്ക്, മറ്റ് പരമ്പരാഗത പലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള യഥാർഥ കേരള ലഘുഭക്ഷണങ്ങൾ കമ്പനി പ്രദർശിപ്പിച്ചു.

 

 

മേളയിൽ ആർ‌ജി ഫുഡ്‌സിൻ്റെ  പ്രതിനിധിയായ ശ്രീ. സ്വാഗത് , AAHAR-ലെ പങ്കാളിത്തം എങ്ങനെയാണ് ദേശീയ, അന്തർദേശീയ വ്യാപാരികളുമായി ബന്ധപ്പെടാൻ കമ്പനിയെ സഹായിച്ചതെന്ന് വ്യക്തമാക്കി.ഇന്ന്, യൂറോപ്പ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഖത്തർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 31-ലധികം രാജ്യങ്ങളിലെ വിപണികളിൽ അവരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. മേളയിലെ ഇടപെടലുകളിലൂടെ, ഡൽഹിയിലെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും മൂന്ന് പുതിയ അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലകളിലുടനീളമുള്ള ഭക്ഷ്യ എണ്ണ മേഖലയിൽ കമ്പനിക്ക് ഏകദേശം 65 ശതമാനം വിപണി വിഹിതമുണ്ടെന്നും വിപുലമായ വിതരണ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും 450-ലധികം വിതരണക്കാരുടെ പിന്തുണയോടെ കേരളത്തിലുടനീളമുള്ള ഏകദേശം 1.5 ലക്ഷം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇത് എത്തിച്ചേരുന്നുവെന്നും ശ്രീ. സ്വാഗത് പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങൾക്ക് സൗജന്യ പ്രദർശന സ്ഥലം നൽകുന്ന സംസ്ഥാന ഗവണ്മെൻ്റിൻ്റെ സംസ്ഥാന പവലിയൻ സംരംഭത്തിലൂടെയാണ് അവർക്ക് പങ്കാളിത്തം ലഭിച്ചത്. ഡിജിറ്റൽ സമ്പർക്കപരിപാടികൾ , സാധ്യതയുള്ള വിതരണക്കാരുമായി പരിപാടിക്ക് മുമ്പ് മുൻകൂട്ടി നടത്തിയ യോഗങ്ങൾ തുടങ്ങിയ വിപുലമായ തയ്യാറെടുപ്പ്, AAHAR-ലെ ബിസിനസ്സ് അവസരങ്ങൾ പരമാവധിയാക്കാൻ കമ്പനിയെ സഹായിക്കുന്നതായി ശ്രീ. സ്വാഗത് പറഞ്ഞു.

 

 ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ശ്രീ. ധ്യാൻ മേഹ്ത്തയും സമാനമായ വളർച്ചയുടെ കഥ പങ്കുവെച്ചു. ലഘു ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ക്ഷീര വ്യവസായമേഖല എന്നിവയിൽ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്ന കേക്ക്, ബ്രെഡ് മിശ്രിതങ്ങൾ നിർമ്മിക്കുന്നത് അദ്ദേഹത്തിൻ്റെ  കമ്പനിയായ ടിജിആർ ഫുഡ്സ് ആണ് . ഏകദേശം പത്ത് വർഷത്തോളം, മേഹ്ത്ത ഒരു ഉപഭോക്താവായി AAHAR-ൽ പങ്കെടുത്തു. വിതരണക്കാരെ കണ്ടെത്തുകയും വ്യവസായ പ്രവണതകളെക്കുറിച്ച് പഠിക്കുകയും ചെയ്തു.ഈ വർഷം ഒരു നാഴികക്കല്ല് നേട്ടം കൈവരിച്ച അദ്ദേഹം സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ആദ്യമായി ഒരു പ്രദർശകനായി പങ്കെടുത്തു.സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് AAHAR ആവാസവ്യവസ്ഥയിൽ നിന്ന് എങ്ങനെ സംരംഭകർക്ക് പഠിക്കാനാകുമെന്ന് അദ്ദേഹത്തിൻ്റെ  യാത്ര കാണിക്കുന്നു.

 

 

 സമാനമായ യാത്ര പങ്കിട്ട മറ്റൊരു സംരംഭകനാണ് ശ്രീ. സോബർപ്രീത് സിംഗ്. ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ പകരുന്നതിനായുള്ള പാനീയകപ്പുകൾ നിർമ്മിക്കുന്ന കമ്പനിയായ പാക്ക്മോൾഡിൻ്റെ  സ്ഥാപകനാണദ്ദേഹം . വലിയ പാക്കേജിംഗ് നിർമ്മാതാക്കളുടെ ഉയർന്ന എണ്ണം ഓർഡർ ആവശ്യകതകൾ നിറവേറ്റാൻ പലപ്പോഴും ബുദ്ധിമുട്ടുന്ന ചെറുകിട, വളർന്നുവരുന്ന പാനീയ ബ്രാൻഡുകളെയാണ് അദ്ദേഹത്തിൻ്റെ  ബിസിനസ്സ് പ്രധാനമായും പിന്തുണയ്ക്കുന്നത്.

 

 

പരമ്പരാഗത പ്ലാസ്റ്റിക് കോട്ടിംഗിന് പകരം അക്വാ കോട്ടിംഗ് ഉള്ള കപ്പുകൾ പാക്ക്മോൾഡ് നിർമ്മിക്കുന്നു. ഇത് കൂടുതൽ പരിസ്ഥിതി ഉത്തരവാദിത്വമുള്ളതും ഗവണ്മെൻ്റ്  നിഷ്കർഷിച്ചിട്ടുള്ളതുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു. പ്രവർത്തനം ആരംഭിച്ച് വെറും ആറ് മാസത്തിനുള്ളിൽ, റിലയൻസ് റീട്ടെയിലിൻ്റെ  വൈൽഡ് ബീൻ കഫേ, അദാനി എയർപോർട്ട്സ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽ നിന്ന് ഈ കമ്പനി ഓർഡറുകൾ നേടി. സ്ലേ കോഫി പോലുള്ള വളരുന്ന പാനീയ ബ്രാൻഡുകൾക്ക് പാക്കേജിംഗ് കപ്പുകൾ വിതരണം ചെയ്യുന്നു 

 

 ഉൽപ്പന്നങ്ങൾ വാങ്ങുന്നയാളായി AAHAR സന്ദർശിച്ച കഴിഞ്ഞ വർഷങ്ങൾ, വ്യവസായത്തെ മനസ്സിലാക്കാനും വിപണി വിടവുകൾ തിരിച്ചറിയാനും സഹായിച്ചതായി ശ്രീ. സിംഗ് പങ്കുവെച്ചു. ഈ അനുഭവങ്ങൾ ഒടുവിൽ പാക്ക്മോൾഡ് എണ്ണ സംരംഭം ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു പ്രദർശകനായി, ഈ മേളയിൽ അദ്ദേഹം ആദ്യമായി പങ്കെടുക്കുന്നത് ഈ വർഷമാണ്.

 

 

വളർന്നുവരുന്ന സംരംഭകർക്കൊപ്പം, നെസ്‌കഫെ, ബാരി കാലെബൗട്ട്, ഗോ ചീസ്, മോർഡ്, ഹൽദിറാംസ്, ക്രെമിക്ക, എംടിആർ എന്നിവയുൾപ്പെടെ പ്രമുഖ ആഗോള, ഇന്ത്യൻ ബ്രാൻഡുകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. തത്സമയ ഉൽപ്പന്ന പ്രദർശനങ്ങളും രുചി ആസ്വദിക്കൽ സെഷനുകളും വഴി അവരുടെ സ്റ്റാളുകൾ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.

 

ബാരി കാലെബൗട്ട് സ്റ്റാളിൽ, ചോക്ലേറ്റ് നിർമ്മാതാവ് ഷെഫ് ഘോഷ്,  ചോക്ലേറ്റ് നിർമാണ തയ്യാറെടുപ്പുകളും കലാപരമായ ഡിസൈനുകളും അവതരിപ്പിച്ചു. സന്ദർശകരിൽ നിന്ന് തൽപ്പരരായവരെ ഇത് ആകർഷിച്ചു. പ്രദർശനങ്ങൾ കാണാനും ചോക്ലേറ്റ് നിർമ്മാണ കലയെക്കുറിച്ച് കൂടുതലറിയാനും ഷെഫുമായി സംവദിക്കാനും  പാചക സ്ഥാപനങ്ങളിൽ നിന്നും ഹോസ്പിറ്റാലിറ്റി കോളേജുകളിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾ  ആകാംക്ഷയോടെ ഒത്തുകൂടി.

 

 പാചക വിദഗ്ധരാകാൻ ആഗ്രഹിക്കുന്നവർക്കും ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾക്കും, ആഹാർ ഒരു വിലപ്പെട്ട പഠന വേദിയായി മാറിയിരിക്കുന്നു. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസായ വിദഗ്ധർ, പാചകക്കാർ, ബ്രാൻഡ് പ്രതിനിധികൾ എന്നിവരുമായി സംവദിക്കാൻ അവസരം ലഭിച്ചു. ചേരുവകളും ഉപകരണങ്ങളും മുതൽ പാക്കേജിംഗ്, ബ്രാൻഡിംഗ്, വിതരണം എന്നിവ വരെ, ക്ലാസ് മുറിക്കപ്പുറം ഭക്ഷണ, ഹോസ്പിറ്റാലിറ്റി വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രായോഗിക ധാരണ ഈ പരിപാടി അവർക്ക് നൽകി.

 

 

ആഹാർ അതിൻ്റെ  40-ാം പതിപ്പ് ആഘോഷിക്കുമ്പോൾ, പ്രദർശന വേദിയിൽ നിന്ന് ഉയർന്നുവരുന്ന കഥകൾ വ്യവസായത്തിൻ്റെ  നിതാന്ത പ്രസക്തി എടുത്തുകാണിക്കുന്നു. ചില പങ്കാളികൾക്ക്, പുതിയ വിതരണക്കാരുമായി ബന്ധപ്പെടാനുള്ള ഒരു സ്ഥലമാണിത്. മറ്റുള്ളവർക്ക്, ഇത് പുതിയ വിപണികളിലേക്കുള്ള വാതിൽ തുറക്കുന്നു. ഒരുകാലത്ത് സന്ദർശകരായും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരായും ഇടനാഴികളിലൂടെ കടന്നുപോയ നിരവധി സംരംഭകർ ഇപ്പോൾ പ്രദർശകരായി തിരിച്ചെത്തുന്നു. ഇത് അവരുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ അനുഭവങ്ങളിലൂടെ, ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി മേഖലയിലെ ബിസിനസുകളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉള്ള ഒരു വിശ്വസനീയ പ്ലാറ്റ്‌ഫോമായി AAHAR മാറിയിരിക്കുന്നു.

അവലംബം:

Ministry of Commerce & Industry

https://www.itpo.gov.in/assets/images/aahar-2026-delhi/pdf/aahar-2026-fact-at-glance.pdf

See in PDF

 

***

 


( റിലീസ് ഐ.ഡി: 2240326) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Bengali , हिन्दी , Gujarati