ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ 100 കോടി രൂപയുടെ സംയോജിത അക്വാ പാർക്ക് പദ്ധതിക്ക് കേന്ദ്രാനുമതി: മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്
"ശീതജല മത്സ്യബന്ധന വികസനത്തിനുള്ള മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ" ശ്രീനഗറിലെ പ്രഥമ ദേശീയ സമ്മേളനത്തിൽ പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
14 MAR 2026 3:55PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 100 കോടി രൂപയുടെ സംയോജിത അക്വാ പാർക്ക് പദ്ധതിക്ക് അനുമതി നൽകിയതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, പഞ്ചായത്തി രാജ് വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഷേർ-എ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ഇന്ന് സംഘടിപ്പിച്ച ശീതജല മത്സ്യബന്ധനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനം. ഇതോടൊപ്പം "ശീത ജല മത്സ്യബന്ധന വികസനത്തിനുള്ള മാതൃകാ മാർഗ്ഗനിർദ്ദേശങ്ങളും" അദ്ദേഹം പ്രകാശനം ചെയ്തു. അനന്ത്നാഗ് ജില്ലയിൽ സ്ഥാപിക്കുന്ന ഈ അക്വാ പാർക്ക് പദ്ധതിയിലൂടെ അക്വാകൾച്ചർ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ശീതജല മത്സ്യബന്ധന വികസനത്തിനും മത്സ്യോത്പാദനം വർദ്ധിപ്പിക്കാനും ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ ശ്രീ മനോജ് സിൻഹ, ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള എന്നിവർ ചേർന്ന് മികച്ച ഫിഷറീസ് സഹകരണ സൊസൈറ്റികൾ, പുരോഗമന മൽസ്യ കർഷകർ, കെ.സി.സി ഗുണഭോക്താക്കൾ, ഫിഷറീസ് സ്റ്റാർട്ടപ്പുകൾ എന്നിവർക്കും മറ്റ് ഗുണഭോക്താക്കൾക്കുമുള്ള അവാർഡുകളും ആനുകൂല്യങ്ങളും വിതരണം ചെയ്തു.

കേന്ദ്ര മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ ശ്രീ മനോജ് സിൻഹ, ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള എന്നിവർ മറ്റ് വിശിഷ്ടാതിഥികളുമായി ചേർന്ന് റിസർവോയർ മത്സ്യബന്ധനവും അക്വാകൾച്ചർ മാനേജ്മെൻ്റും സംബന്ധിച്ച മാതൃക മാർഗ്ഗനിർദേശങ്ങൾ സംയുക്തമായി പുറത്തിറക്കി. ശാസ്ത്രീയ മത്സ്യവിത്ത് സംഭരണം, കേജ് -പെൻ അധിഷ്ഠിത അക്വാകൾച്ചർ, പാട്ടത്തിനെടുക്കൽ, ഭരണനിർവ്വഹണ സംവിധാനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, മൂല്യവർദ്ധിത ശൃംഖലകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ചട്ടക്കൂട് മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

ട്രൗട്ട് മത്സ്യോത്പാദനം വർദ്ധിപ്പിക്കേണ്ടതിൻ്റെയും ശീതജല മത്സ്യകർഷകരുടെ വരുമാനം ശക്തിപ്പെടുത്തേണ്ടതിൻ്റെയും ആവശ്യകത തൻ്റെ പ്രസംഗത്തിൽ മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ഊന്നിപ്പറഞ്ഞു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത പ്രയോജനപ്പെടുത്തി കയറ്റുമതി വർദ്ധിപ്പിക്കുക എന്നിവ ഇതിനായി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക അടിസ്ഥാന സൗകര്യങ്ങളും മികച്ച വിപണന ശൃംഖലകളും ഉപയോഗപ്പെടുത്തി ട്രൗട്ട് ഉൾപ്പെടെയുള്ള മത്സ്യങ്ങൾ കാര്യക്ഷമമായി ഉത്പാദിപ്പിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും സാധിക്കുന്ന തരത്തിൽ സമഗ്രമായ ഒരു മൂല്യവർദ്ധിത ശൃംഖല വികസിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ രഞ്ജൻ സിംഗ് പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളിലൂടെയും ഫിഷ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിലൂടെയും മത്സ്യകർഷകരെ സംഘടിപ്പിക്കുന്നതിനും പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വായ്പ എന്നിവ ലഭ്യമാക്കുന്നതിൽ കർഷകരെ പിന്തുണക്കുന്നതിനും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്ര മന്ത്രി പ്രോത്സാഹിപ്പിച്ചു. അനന്ത്‌നാഗിൽ അനുവദിച്ച 100 കോടി രൂപയുടെ അക്വാ പാർക്കും മത്സ്യബന്ധന-മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധി വഴി ലഭ്യമായ ധനസഹായവും പ്രാദേശിക സംരംഭങ്ങളെ വികസിപ്പിക്കാൻ പ്രാപ്തമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 10,000-ത്തിലധികം പേർ പങ്കെടുത്തു. കേന്ദ്ര സർക്കാരിലെയും ജമ്മു കശ്മീരിലെയും ഫിഷറീസ് വകുപ്പുകൾ, വാണിജ്യ വ്യവസായ മന്ത്രാലയം, ഡിപിഐഐടി, ഭക്ഷ്യ സംസ്കരണ മന്ത്രാലയം, മൃഗസംരക്ഷണ വകുപ്പ്, ഊർജ്ജ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുത്തു.

കൂടാതെ,എംപിഇഡിഎ, ഇഐസി, എൻഎഫ്‌ഡിബി, എൻസിഡിസി, നബാർഡ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ മുതിർന്ന ശാസ്ത്രജ്ഞർ, SKUAST-കശ്മീരിലെ അധ്യാപകരും വിദ്യാർത്ഥികളും, ഫിഷറീസ് സഹകരണ സംഘങ്ങൾ, പുരോഗമന മത്സ്യകർഷകർ, വ്യവസായ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ, ഫിഷറീസ് മൂല്യവർദ്ധിത ശൃംഖലയിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക:
***
( റിലീസ് ഐ.ഡി: 2240281)
സന്ദര്‍ശക കൗണ്ടര്‍ : 6