ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐടി) 79-ാമത് ബാച്ചിലെ ഓഫീസര്‍ ട്രെയിനികള്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു

പോസ്റ്റഡ് ഓണ്‍: 13 MAR 2026 7:36PM by PIB Thiruvananthpuram

ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ആദായ നികുതി) 79-ാമത് ബാച്ചിലെ ഓഫീസര്‍ ട്രെയിനികള്‍ ഇന്ന് ഉപരാഷ്ട്രപതി ഭവനില്‍ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ചു.

റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ കാവല്‍ക്കാരാണെന്ന് ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. നികുതിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രമേ രാജ്യത്തുടനീളമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നികുതി വെട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം, നികുതിദായകര്‍ അനാവശ്യമായ നടപടികള്‍ക്ക് വിധേയരാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ വരുമാനം തിരിച്ചറിയണം. അതേസമയം സത്യസന്ധവും നിയമാനുസൃതവുമായ വരുമാനം വിലമതിക്കപ്പെടണം.

നികുതി ഭരണത്തിലും പേയ്‌മെന്റുകളിലും സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുന്ന തരത്തില്‍ പുരോഗതി ഉണ്ടായിരുന്നിട്ടും, ചില വ്യക്തികള്‍ നികുതി ഒഴിവാക്കാന്‍  കൃത്രിമ ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ചേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം കേസുകള്‍ കണ്ടെത്തി കുടിശ്ശികയുള്ള നികുതികള്‍ ഈടാക്കുക എന്നത് നികുതി ഉദ്യോഗസ്ഥരുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

 ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്. വന്‍തോതിലുള്ള ആസ്തികള്‍ സൃഷ്ടിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും, ഗ്രാമനഗര വികസനം പുരോഗമിക്കുകയും ചെയ്യുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം വരുമാനം വര്‍ദ്ധിക്കുമ്പോള്‍, റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും ഉത്തരവാദിത്വവും കൂടുതല്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സത്യസന്ധരായ നികുതിദായകരെ രാജ്യത്തെ ഏറ്റവും വലിയ ദേശസ്‌നേഹികളായി വിശേഷിപ്പിച്ച അദ്ദേഹം, അവരെ എപ്പോഴും ആദരവോടെ പരിഗണിക്കണമെന്ന് പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സദ്ഭരണ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, കൗടില്യന്റെ അധ്യയനപ്രകാരം നികുതി പ്രക്രിയ പൂക്കള്‍ പുതുമയോടെ നിലനിര്‍ത്തിക്കൊണ്ട് ആവശ്യത്തിനുള്ള തേന്‍മാത്രം നുകരുന്ന തേനീച്ചകളുടെ പ്രവൃത്തി പോലെയാകണമെന്നും ഉചിതമായ തുക മാത്രം ശേഖരിക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. വ്യക്തിഗത വരുമാനത്തിന് 90 ശതമാനത്തില്‍ കൂടുതല്‍ നിരക്കില്‍ നികുതി ചുമത്തിയിരുന്ന അവിവേകപരമായ നികുതി നിരക്കുകളുടെ കാലം കഴിഞ്ഞുവെന്നും, നികുതി വെട്ടിപ്പിനെ ശക്തമായി അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ നികുതി സമ്പ്രദായം സുതാര്യവും പക്ഷപാതരഹിതവും നികുതിദായകരോട് സൗഹൃദപരവുമായും തുടരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സേവാ തീര്‍ത്ഥ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ 'സേവനത്തോടുള്ള ആവേശമാണ് ഇന്ത്യയുടെ ആത്മാവും അതിന്റെ യഥാര്‍ത്ഥ സ്വത്വവും' ഉപരാഷ്ട്രപതി അനുസ്മരിച്ചു. സേവാ തീര്‍ത്ഥ് പൗരന്മാര്‍ക്ക് സേവനം നല്‍കുന്നതിനുള്ള ഒരു പുണ്യസ്ഥലമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സേവനമാണ് ഏറ്റവും ഉയര്‍ന്ന കടമ. 'സേവാ പരമോ ധര്‍മ്മ' എന്ന മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം പിന്തുടരാന്‍ ഓഫീസര്‍ ട്രെയിനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ ഇടപാടുകള്‍, ആഗോളവല്‍ക്കരിക്കപ്പെട്ട സംരംഭങ്ങള്‍, ക്രിപ്‌റ്റോ കറന്‍സികള്‍, അതിര്‍ത്തി കടന്നുള്ള സാമ്പത്തിക ഘടനകള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ഐആര്‍എസ് ഉദ്യോഗസ്ഥര്‍ കൂടുതലായി കൈകാര്യം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ആജീവനാന്ത പഠനത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവണ്‍മെന്റിന്റെ ശേഷി വികസന പ്ലാറ്റ്‌ഫോമായ iGOT പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ട്രെയിനി ഓഫീസര്‍മാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

 വികസിത ഇന്ത്യ@ 2047 എന്ന ഇന്ത്യയുടെ യാത്രയില്‍  പ്രധാന ശക്തിയാകുന്ന വിധത്തില്‍  പ്രത്യേക വൈദഗ്ധ്യം ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വികസിത ഇന്ത്യ എന്ന ദര്‍ശനം ഗവണ്‍മെന്റിന് മാത്രം നേടിയെടുക്കാന്‍ കഴിയില്ലെന്നും അത് പൗരന്മാരുടെ കൂട്ടായ പരിശ്രമത്തിലൂടെ ആത്യന്തികമായി സാക്ഷാത്കരിക്കപ്പെടുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ രവി അഗര്‍വാള്‍; സിബിഡിടി അംഗം (ഭരണം ) ശ്രീ പങ്കജ് കുമാര്‍ മിശ്ര; പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഐടി ( പരിശീലനം ) ശ്രീമതി അനിത സിന്‍ഹ; നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സസ് ഡയറക്ടര്‍ ജനറല്‍ ശ്രീ സിബിച്ചന്‍ കെ. മാത്യു, റോയല്‍ ഭൂട്ടാന്‍ സര്‍വീസിലെ രണ്ട് പേര്‍ ഉള്‍പ്പെടെ 183 ഓഫീസര്‍ ട്രെയിനികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

***


( റിലീസ് ഐ.ഡി: 2239994) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , हिन्दी , Tamil