ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
പാർലമെന്റ് ചോദ്യം : കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
പോസ്റ്റഡ് ഓണ്‍:
10 MAR 2026 1:35PM by PIB Thiruvananthpuram
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതുൾപ്പെടെ, മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര ഗവൺമെന്റിന്റെ ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ എന്നിവയിലൂടെ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും കൂടാതെ ഈ വർഷവും വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) എന്ന മുഖ്യ പദ്ധതി പ്രകാരം, കേരളത്തിന് 1,418.51 കോടി രൂപയുടെ മത്സ്യബന്ധന മേഖലാവികസന പദ്ധതികൾക്ക് അംഗീകാരം നൽകി.
(a) ഈ അംഗീകൃത പ്രവർത്തനങ്ങളിൽ , ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കുള്ള പിന്തുണ (20 എണ്ണം), പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിലവിലുള്ളതിന് പകരം ബോട്ടുകളും വലകളും (200 എണ്ണം)നൽകൽ , മത്സ്യ ഇനങ്ങളുടെ പുനരുജ്ജീവനത്തിനായി തീരത്ത് കൃത്രിമ പാരുകൾ സ്ഥാപിക്കൽ (42 എണ്ണം), കക്കവർഗ്ഗ കൃഷി (1,140 എണ്ണം), ബയോഫ്ലോക്ക് യൂണിറ്റുകൾ (780 എണ്ണം), റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്) യൂണിറ്റുകൾ (708 എണ്ണം), അലങ്കാര മത്സ്യ വളർത്തൽ, പ്രജനന യൂണിറ്റുകൾ (822 എണ്ണം), ജലസംഭരണികളിലെ കൂടുകൾ (493 എണ്ണം), മത്സ്യബന്ധന നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗം (1,71,033 എണ്ണം) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സംസ്ഥാനത്തെ തീരദേശ മത്സ്യബന്ധനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ (09 എണ്ണം), കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുള്ള തീരദേശ ഗ്രാമങ്ങൾ (06 എണ്ണം), മത്സ്യ സേവാ കേന്ദ്രങ്ങൾ (10 എണ്ണം), സാഗർ മിത്ര (222 എണ്ണം) എന്നിവയുൾപ്പെടെയുള്ള പിന്തുണാ സേവനങ്ങൾക്കും അനുമതി നൽകി . മത്സ്യങ്ങളുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നതിനും കൂടുതൽ മൂല്യം നേടുന്നതിനുമായി, ചരക്ക് നീക്കവാഹനങ്ങൾ (468 എണ്ണം), ഫിഷ് കിയോസ്ക് (90 എണ്ണം), ലൈവ് ഫിഷ് വെൻഡിംഗ് സെന്ററുകൾ (77 എണ്ണം), മൂല്യവർധന സംരംഭ യൂണിറ്റുകൾ (10 എണ്ണം) എന്നിവയ്ക്കും അംഗീകാരം നൽകി.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി മത്സ്യബന്ധന ഉപകരണങ്ങൾക്ക് പലിശരഹിതവും സബ്സിഡി നിരക്കിലുള്ളതുമായ വായ്പകൾ, മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ-ഫിനാൻസ് പിന്തുണ, മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ വായ്പകൾ, മത്സ്യവിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സാമ്പത്തിക സഹായം, മത്സ്യബന്ധന ബോട്ടുകൾ , എഞ്ചിനുകൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള പിന്തുണ തുടങ്ങിയ നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് കേരള ഗവണ്മെന്റ് അറിയിച്ചു. വരുമാന സുരക്ഷ ശക്തിപ്പെടുത്തുക, അനൗപചാരിക വായ്പാ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, മത്സ്യബന്ധന സമൂഹങ്ങൾക്കിടയിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം.
(b) to (e): മണ്ണെണ്ണ, മലിനീകരണത്തിന് ഇടയാക്കുന്ന ഇന്ധനമായതിനാലും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലും, 2010-11 മുതൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊതുവിതരണ സംവിധാനം വഴിയുള്ള മണ്ണെണ്ണ വിഹിതം യുക്തിസഹമാക്കിയിട്ടുണ്ട്.ഇന്നുവരെ 21 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ പൊതുവിതരണ സംവിധാനത്തിലൂടെ മണ്ണെണ്ണ നൽകുന്നില്ലെന്നും ഈ വിഷയത്തിൽ നോഡൽ മന്ത്രാലയമായ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം (MoPNG) അറിയിച്ചു.
കേരള ഗവണ്മെന്റ് ഉൾപ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷം 2025-26 മുതൽ 2027-28 വരെയുള്ള കാലയളവിൽ കേന്ദ്രഗവൺമെന്റ് ഒരു പുതിയ “പിഡിഎസ് മണ്ണെണ്ണ വിഹിത നയം” രൂപീകരിച്ചു. ഈ നയം പ്രകാരം, പാചകം, വെളിച്ചം, പ്രത്യേക ആവശ്യങ്ങൾ എന്നിവയ്ക്കായി ത്രൈമാസ അടിസ്ഥാനത്തിൽ “PDS SKO” എന്ന ഒറ്റ വിഭാഗത്തിന് കീഴിലാണ് വിഹിതം നൽകുന്നത്. പാചകത്തിനും വെളിച്ചത്തിനും അല്ലെങ്കിൽ മത്സ്യബന്ധനം, മേളകൾ, പ്രദർശനങ്ങൾ, മഹാമാരികൾ അല്ലെങ്കിൽ ദുരന്തങ്ങൾ തുടങ്ങി, പ്രത്യേക ആവശ്യങ്ങൾക്കായി ഈ വിഹിതത്തെ ക്രമീകരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുമതിയുണ്ട് . പിഡിഎസ് ശൃംഖലയ്ക്ക് കീഴിലുള്ള സംസ്ഥാനത്തിനുള്ളിൽ, ഗുണഭോക്താക്കൾക്കുള്ള പിഡിഎസ് മണ്ണെണ്ണയുടെ വിതരണവും അളവും മാനദണ്ഡങ്ങളും അതത് സംസ്ഥാന/യുടി ഗവണ്മെന്റുകളാണ് നിർണ്ണയിക്കുന്നത്.
2024-25 ലെ മൊത്തം PDS SKO 4,368 കെഎൽ (സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതും) അളവിൽ ആണ് വകയിരുത്തിയിരുന്നെങ്കിൽ, പുതിയ നയം പ്രകാരം 2025-26 വർഷത്തേക്ക് കേരളത്തിന് 22,704 കെഎൽ പിഡിഎസ് എസ്‌കെഒ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇത് വിഹിതത്തിൽ 419.78% വർദ്ധന കാണിക്കുന്നു. 2025-26 ലെ (മൂന്നാം പാദം വരെ) വിഹിതത്തിന്റെയും കൈമാറ്റത്തിന്റെയും വിശദാംശങ്ങൾ സൂചിപ്പിക്കുന്നത്, ത്രൈമാസ വിഹിതമായ 5,676 കെഎൽ എന്നതിൽ നിന്ന്, സംസ്ഥാനം ഒന്നാം പാദത്തിൽ 924 കെഎൽ, രണ്ടാം പാദത്തിൽ 5,580 കെഎൽ, മൂന്നാം പാദത്തിൽ 5,544 കെഎൽ എന്നിങ്ങനെ സംഭരിച്ചതായും ശേഷിക്കുന്ന അളവ് അതത് പാദങ്ങളിൽ കാലഹരണപ്പെട്ടു എന്നുമാണ്. കൂടാതെ, 2020 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ , പിഡിഎസ് മണ്ണെണ്ണയുടെ ചില്ലറ വിൽപ്പന വിലയ്ക്ക് ഇന്ത്യയിലുടനീളം 'നിൽ അണ്ടർ-റിക്കവറി' രീതി സ്വീകരിച്ചിട്ടുണ്ട് .
ഇന്ന് ലോക്‌സഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് നൽകിയതാണ് ഈ വിവരങ്ങൾ.
***
( റിലീസ് ഐ.ഡി: 2237729)
സന്ദര്‍ശക കൗണ്ടര്‍ : 9