വിനോദസഞ്ചാര മന്ത്രാലയം
ഐടിബി ബെർലിൻ 2026: ടൂറിസം മേഖലയിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ജർമ്മനിയുമായും ഇന്തോനേഷ്യയുമായും ചർച്ച നടത്തി
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ എക്സിബിഷനായ ഐടിബി ബെർലിൻ 2026-ൽ ഇന്ത്യ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
10 MAR 2026 2:30PM by PIB Thiruvananthpuram
ജർമ്മനിയിലെ മെസ്സെ ബെർലിനിൽ മാർച്ച് 3 മുതൽ 5 വരെ നടന്ന ഐടിബി ബെർലിൻ 2026-ൽ കേന്ദ്ര സർക്കാരിന്റെ വിനോദസഞ്ചാര മന്ത്രാലയം പങ്കെടുത്തു.ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ട്രേഡ് ഷോ എന്ന നിലയിൽ, ആഗോള വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ ഒത്തുചേരുന്ന ഒരു പ്രധാന വേദിയാണ് ഐടിബി ബെർലിൻ. ഇന്ത്യൻ ടൂറിസം മേഖലയിലെ സംരംഭകർക്കും മറ്റും പരസ്പരം ബന്ധപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള സുപ്രധാന അവസരമാണ് ഇത് നൽകിയത്.

ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ,ഹോട്ടൽ ഉടമകൾ, വിവിധ സംസ്ഥാന സർക്കാരുകൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരടങ്ങുന്ന വലിയൊരു സംഘം മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു .കേന്ദ്ര വിനോദസഞ്ചാര-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ ശ്രീ അജിത് ഗുപ്തയുടെ സാന്നിധ്യത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇന്തോനേഷ്യൻ ടൂറിസം മന്ത്രി H.E വിദ്യന്തി പുത്രി വർദ്ധന, ജർമ്മനിയുടെ ടൂറിസം ഫെഡറൽ ഗവൺമെന്റ് കമ്മീഷണർ ഡോ. ക്രിസ്റ്റോഫ് പ്ലോസ് എന്നിവരുമായി കേന്ദ്ര ടൂറിസം മന്ത്രി ഫലപ്രദമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുക, സുസ്ഥിര യാത്രകൾ പ്രോത്സാഹിപ്പിക്കുക, വ്യോമഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുക, രാജ്യങ്ങൾ തമ്മിലുള്ള ജനസമ്പർക്കം ദൃഢമാക്കുക എന്നിവയിലായിരുന്നു ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ,യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) സെക്രട്ടറി ജനറൽ മിസ് ഷൈഖ അൽ നൊവൈസുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി,സുസ്ഥിര വിനോദസഞ്ചാര വികസനത്തെക്കുറിച്ചും പുനരുജ്ജീവനാത്മക വിനോദസഞ്ചാര രീതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ,ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്,ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പങ്കാളികളിലൊന്നാണ് ജർമ്മനിയെന്ന് പ്രസ്താവിച്ചു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന എട്ടാമത്തെ വലിയ വിപണിയാണ് ജർമ്മനി. 2025-ൽ 2,60,000 ജർമ്മൻ വിനോദസഞ്ചാരികളാണ് ഇന്ത്യ സന്ദർശിച്ചത്.
നെറ്റ്ഫ്ലിക്സ് (Netflix) ടൂറിസം മന്ത്രാലയത്തിനായി തയ്യാറാക്കിയ രണ്ട് ഹ്രസ്വചിത്രങ്ങൾ ഐടിബി ബെർലിനിൽ കേന്ദ്ര ടൂറിസം മന്ത്രി പ്രകാശനം ചെയ്തു. ഇതിൽ ഒന്ന് ഇന്ത്യയുടെ സജീവമായ സംസ്കാരം, പാരമ്പര്യങ്ങൾ, ഉത്സവങ്ങൾ, പൈതൃകം എന്നിവയെ ആസ്പദമാക്കിയുള്ളതാണ്; രണ്ടാമത്തേത് ഇന്ത്യൻ വിഭവങ്ങളുടെ വൈവിധ്യത്തെയും രുചികളെയും ആഘോഷിക്കുന്നു. ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനായി ടൂറിസം മന്ത്രാലയം നെറ്റ്ഫ്ലിക്സുമായി കൈകോർത്തിരിക്കുകയാണ്. ഈ പങ്കാളിത്തത്തിൻ കീഴിൽ, 'ഇൻക്രെഡിബിൾ ഇന്ത്യ'യും നെറ്റ്ഫ്ലിക്സും ചേർന്ന് ഒരു വർഷത്തിനുള്ളിൽ പത്ത് ഹ്രസ്വ വീഡിയോകൾ നിർമ്മിക്കും. നെറ്റ്ഫ്ലിക്സ് സിനിമകളിൽ നിന്നും സീരീസുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഓരോ വീഡിയോയും ഇന്ത്യയുടെ രുചികൾ,സാഹസിക വിനോദസഞ്ചാരം, വന്യജീവി സമ്പത്ത്, പ്രകൃതിസൗന്ദര്യം എന്നിങ്ങനെ രാജ്യത്തിന്റെ ആഴവും വൈവിധ്യവും ലോകത്തിന് മുന്നിലെത്തിക്കും.

ഐടിബി 2026-ലെ ഇന്ത്യൻ പവലിയൻ, ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം , ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിവയുടെ ഒരു വർണ്ണക്കാഴ്ചയാണ് ഒരുക്കിയത്. ആത്മീയ-ആരോഗ്യ ടൂറിസം (Spiritual & Wellness), വെഡ്ഡിംഗ് ടൂറിസം, സാഹസിക ടൂറിസം, ഇക്കോ ടൂറിസം, വൈവിധ്യമാർന്ന ഭക്ഷ്യസംസ്കാരം എന്നിങ്ങനെ ഇന്ത്യയുടെ സവിശേഷമായ വിനോദസഞ്ചാര മേഖലകളെ പവലിയൻ പരിചയപ്പെടുത്തി. "ഇന്ത്യയുടെ തനിമയാർന്നതും വൈവിധ്യപൂർണ്ണവുമായ വിനോദസഞ്ചാര അനുഭവങ്ങൾ" എന്നതായിരുന്നു പവലിയന്റെ പ്രമേയം.
രാജസ്ഥാൻ, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന സർക്കാരുകളും ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഐആർസിടിസിയും (IRCTC) തങ്ങളുടെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പദ്ധതികളും ഐ ടി ബി ബെർലിൻ 2026 ൽ പങ്കെടുത്തു. ഇന്ത്യൻ ട്രാവൽ ഇൻഡസ്ട്രിയിൽ നിന്നുള്ള 42 പങ്കാളികളും വിവിധ സംസ്ഥാന സർക്കാരുകളും ചേർന്ന് ഇന്ത്യ പവലിയനിൽ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും വിപുലമായ വിനോദസഞ്ചാര ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. വിദേശ പ്രതിനിധികളുമായി നടത്തിയ വ്യാപാര കൂടിക്കാഴ്ചകൾ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സഹായകമായി. വിദേശ സഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുക, ഇന്ത്യയെ വർഷം മുഴുവൻ (365 ദിവസവും) സന്ദർശിക്കാവുന്ന ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാക്കപ്പെട്ടത്.

നിലവിലുള്ള പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നതിനും പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നൂതനയാത്രാ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഐടിബി ബെർലിൻ ഒരു പ്രധാന വേദിയായി മാറി. ഇന്ത്യൻ പവലിയനിലെത്തിയ സന്ദർശകർക്ക് മെഹന്തി, ബ്ലോക്ക് പ്രിന്റിംഗ്, കാലിഗ്രഫി തുടങ്ങിയ വൈവിധ്യമാർന്ന കലാ-കരകൗശല പൈതൃകങ്ങൾ നേരിട്ട് അനുഭവിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
****
( റിലീസ് ഐ.ഡി: 2237726)
സന്ദര്‍ശക കൗണ്ടര്‍ : 8