ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ത്രിപുര സർവ്വകലാശാലയുടെ 14-ാമത് ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 08 MAR 2026 3:02PM by PIB Thiruvananthpuram

ത്രിപുര സർവ്വകലാശാലയുടെ 14-ാമത് ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഗർത്തലയിൽ അഭിസംബോധന ചെയ്തു. യുവ ബിരുദധാരികളോട് ലക്ഷ്യബോധത്തോടെ പുരോഗതി കൈവരിക്കാനും, ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാനും, സമൂഹത്തിൻ്റേയും രാജ്യത്തിൻ്റേയും നന്മയ്ക്കായി സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

വികസിത ഭാരതം @2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ചരിത്ര നിമിഷത്തിനാണ് യുവജനങ്ങൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, അത് പോസിറ്റീവായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. സമൂഹത്തിൻ്റേയും മാനവികതയുടേയും പുരോഗതിക്ക് "ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റം" അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

ത്രിപുര സംസ്കാരത്താലും പൈതൃകത്താലും സമ്പന്നമായ സംസ്ഥാനമാണെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. മുൻപ് താൻ നടത്തിയ ത്രിപുര സുന്ദരി ക്ഷേത്ര ദർശനത്തെ പരാമർശിച്ചുകൊണ്ട്, ഈ പ്രദേശത്തിൻ്റെ ആഴത്തിലുള്ള ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിശ്രമത്തിലൂടെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. മാതാ ബാരി ടൂറിസം സർക്യൂട്ടിനെ പരാമർശിച്ചുകൊണ്ട്, ഈ പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതോടൊപ്പം, ആത്മീയ-പരിസ്ഥിതി വിനോദസഞ്ചാരത്തിൻ്റെ ആഗോള ഭൂപടത്തിൽ ത്രിപുരയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ കണക്റ്റിവിറ്റിക്കുള്ള പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ റെയിൽ, റോഡ്, വ്യോമ ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായതായി പറഞ്ഞു. ഈ വികസനങ്ങൾ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന യഥാർത്ഥ മനോഭാവത്തോടെ മേഖലയിലെ ജനങ്ങളെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി കൂടുതൽ അടുപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

സമർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പ്രശസ്ത തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയാരുടെ വരികൾ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയിലെ ഓരോ പൗരനും രാജ്യത്തിൻ്റെ കാവൽക്കാരനാണെന്നും കൂട്ടായ പരിശ്രമവും ഐക്യവും രാജ്യത്തെ വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ത്രിപുര സർവകലാശാലയുടെ പുരോഗതിയെ പ്രശംസിച്ച ഉപരാഷ്ട്രപതി, ഈ സ്ഥാപനം അധ്യാപനത്തിൻ്റേയും ഗവേഷണത്തിൻ്റേയും നവീകരണത്തിൻ്റേയും ഊർജ്ജസ്വലമായ കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ടെന്ന് പറഞ്ഞു. ഉയർന്ന ഗുണനിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ധനസഹായം ലഭിച്ച പ്രോജക്റ്റുകൾ, ബൗദ്ധിക സ്വത്തവകാശ സംരംഭങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന എണ്ണം സർവ്വകലാശാലയുടെ വളരുന്ന അക്കാദമിക് നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സർവ്വകലാശാലയുടെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് സെന്റർ കെട്ടിടത്തിന്റെയും റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് സമുച്ചയത്തിന്റെയും ഉദ്ഘാടനവും ഉപരാഷ്ട്രപതി ഡിജിറ്റലായി നിർവ്വഹിച്ചു.

 

ത്രിപുര ഗവർണ്ണറും ത്രിപുര സർവ്വകലാശാലയുടെ ചീഫ് റെക്ടറുമായ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു, ത്രിപുര മുഖ്യമന്ത്രി പ്രൊഫ. (ഡോ.) മണിക് സാഹ, ത്രിപുര ചീഫ് സെക്രട്ടറി ശ്രീ ജിതേന്ദ്ര കുമാർ സിൻഹ, ത്രിപുര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്യാമൾ ദാസ്, സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. സമീർ കുമാർ സിൽ എന്നിവരും ഫാക്കൽറ്റി അംഗങ്ങളും, വിശിഷ്ടാതിഥികളും മാതാപിതാക്കളും ബിരുദം നേടിയ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

***


( റിലീസ് ഐ.ഡി: 2236685) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil