PIB Headquarters
azadi ka amrit mahotsav

അന്താരാഷ്ട്ര വനിതാ ദിനം 2026

പോസ്റ്റഡ് ഓണ്‍: 07 MAR 2026 10:03AM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

• അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8-ന് ആചരിക്കുന്നു. " എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി അവകാശങ്ങൾ. നീതി. പ്രവർത്തനം" എന്നതാണ് 2026-ലെ പ്രമേയം.

• ലിംഗസമത്വം കൈവരിക്കുന്നതിന് സഹകരണത്തിൻ്റേയും ഉദാരതയുടേയും പ്രാധാന്യത്തിലേക്ക് ആഗോളതലത്തിലുള്ള "ഗിവ് ടു ഗെയിൻ" പ്രചാരണം ശ്രദ്ധ ക്ഷണിക്കുന്നു.

• സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ ചാലകശക്തികളായി സ്ത്രീകളെ അംഗീകരിച്ചുകൊണ്ട് ഇന്ത്യയുടെ വികസന സമീപനം സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് പരിണമിച്ചു.

• ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും പങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ട് ഭരണഘടന സമത്വവും സാർവത്രിക പ്രായപൂർത്തി വോട്ടവകാശവും ഉറപ്പാക്കുന്നു.

•  വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഉൾച്ചേർക്കൽ, സുരക്ഷ എന്നിവയിലുടനീളമുള്ള സർക്കാർ സംരംഭങ്ങൾ സ്ത്രീ ശാക്തീകരണത്തിനായുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

• സ്വയംസഹായ സംഘങ്ങൾ, സംരംഭകത്വ പദ്ധതികൾ, നൈപുണ്യ വികസന പരിപാടികൾ എന്നിവ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തവും സംരംഭകത്വ രൂപീകരണവും വിപുലീകരിക്കുന്നു.

A group of hands with clenched fistsAI-generated content may be incorrect.

കൂട്ടായ ശബ്ദങ്ങളിൽ നിന്ന് ആഗോള അംഗീകാരത്തിലേക്ക്

മാറ്റങ്ങൾ അപൂർവ്വമായി മാത്രമേ വലിയ ആഘോഷങ്ങളോടെ കടന്നുവരാറുള്ളൂ. മിക്കപ്പോഴും, സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിമിതികളെ അംഗീകരിക്കാനുള്ള വിസമ്മതമായും, നിശബ്ദമായ ഉറച്ചുനിൽപ്പിലുമാണ് അത് ആരംഭിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളുടെ കഥയും ഏതാണ്ട് ഇതേ രീതിയിലാണ് വികസിച്ചത്. ഫാക്ടറികളിലും, സാമൂഹിക സംഗമങ്ങളിലും, പൊതു ചത്വരങ്ങളിലും പ്രതിഷേധത്തിൻ്റെ മാത്രമല്ല, മറിച്ച് പ്രതീക്ഷകളും നിറഞ്ഞ ശബ്ദങ്ങൾ ഉയർന്നുവന്നു.

എല്ലാ വർഷവും മാർച്ച് 8-ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം, സ്ത്രീകളുടെ അവകാശങ്ങളിലേക്കും സമത്വത്തിലേക്കുമുള്ള സുദീർഘമായ യാത്രയുടെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു.

തൊഴിലാളി പ്രസ്ഥാനങ്ങളും വോട്ടവകാശ പ്രചാരണങ്ങളും മുതൽ ആഗോള അവകാശ കൺവെൻഷനുകൾ  വരെ, സ്ത്രീകളുടെ കൂട്ടായ പ്രവർത്തനങ്ങൾ സ്ഥാപനങ്ങളെ പുനർനിർമ്മിക്കുകയും സാമൂഹിക പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 1977-ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനത്തിന് അംഗീകാരം നല്കിയത്, സമൂഹങ്ങളെ ഇതിനകം തന്നെ മാറ്റിമറിച്ചുകൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തെ അംഗീകരിക്കലായിരുന്നു.

എന്തുകൊണ്ടാണ് അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8-ന് ആചരിക്കുന്നത്?

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നാണ് അന്താരാഷ്ട്ര വനിതാ ദിനം ആവിർഭവിച്ചത്, 1977-ൽ ഐക്യരാഷ്ട്രസഭ ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചു.1917-ൽ റഷ്യയിലെ സ്ത്രീകൾ "ഭക്ഷണവും സമാധാനവും" ആവശ്യപ്പെട്ട് സമരം നടത്തിയ തീയതിയുമായി ഈ തീയതി ബന്ധപ്പെട്ടിരിക്കുന്നു. ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 23-നാണ് ഈ പ്രതിഷേധം ആരംഭിച്ചത്, ഇത് അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിലെ മാർച്ച്-8 ആണെന്ന് കണക്കാക്കപ്പെടുന്നു.

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലുടനീളമുള്ള സ്ത്രീകളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്കും പങ്കാളിത്തത്തിനും ആഗോള പിന്തുണ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായി വർത്തിക്കുകയും ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.

ഇന്ന്, അന്താരാഷ്ട്ര വനിതാ ദിനം മുൻകാല പോരാട്ടങ്ങളുടെ പ്രതിഫലനമായും പ്രവർത്തനത്തിനുള്ള ആഹ്വാനമായും വർത്തിക്കുന്നു. പ്രതീകാത്മകതയ്ക്കപ്പുറം നീതിയിലേക്കും സമത്വത്തിലേക്കും നേതൃത്വത്തിലേക്കും നീങ്ങാൻ ഇത് രാജ്യങ്ങളേയും സ്ഥാപനങ്ങളേയും പ്രേരിപ്പിക്കുന്നു.

A group of women in a rowAI-generated content may be incorrect.

2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പ്രമേയം

" എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി അവകാശങ്ങൾ. നീതി. പ്രവർത്തനം" എന്ന പ്രമേയത്തിന് കീഴിലാണ് ഐക്യരാഷ്ട്രസഭ 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റേയും, നീതി ലഭ്യമാക്കേണ്ടത്  ഉറപ്പാക്കേണ്ടതിൻ്റേയും, ലോകമെമ്പാടുമുള്ള ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടതിൻ്റേയും ആവശ്യകത ഈ ആചരണം എടുത്തുകാണിക്കുന്നു

യുഎൻ സംവിധാനത്തിലുടനീളം, യൂറോപ്പിലെ WHO റീജിയണൽ ഓഫീസ് വഴി യൂറോപ്പിലുൾപ്പെടെ ആഗോളതലത്തിൽ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളേയും പങ്കാളിത്തത്തേയും പിന്തുണയ്ക്കുന്ന നയങ്ങളും സംരംഭങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി നയരൂപകർത്താക്കളേയും വിദഗ്ധരേയും സിവിൽ സമൂഹത്തേയും ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

ആഗോള 'ഗിവ് ടു ഗെയിൻ' പ്രചാരണം

ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൂട്ടായ പിന്തുണയുടെ കരുത്ത് വ്യക്തമാക്കുന്ന "ഗിവ് ടു ഗെയിൻ" എന്ന ആഗോള പ്രചാരണ പ്രമേയമാണ് 2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തെ അടയാളപ്പെടുത്തുന്നത്. സ്ത്രീകളെ വളരാനും വിജയിക്കാനും സഹായിക്കുന്ന സമയം, വിഭവങ്ങൾ, മാർഗനിർദ്ദേശം, അവസരങ്ങൾ എന്നിവ സംഭാവന ചെയ്യാൻ ഇത് വ്യക്തികളേയും സംഘടനകളേയും സമൂഹങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു.

ഈ ആശയം ലളിതവും എന്നാൽ ശക്തവുമാണ് – സ്ത്രീകളുടെ അഭിലാഷങ്ങളേയും നേട്ടങ്ങളേയും പിന്തുണയ്ക്കാൻ ആളുകൾ നിക്ഷേപം നടത്തുമ്പോൾ, അതിൻ്റെ ആനുകൂല്യങ്ങൾ വ്യക്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ വികസനത്തിൻ്റെ കേന്ദ്രബിന്ദുവായി നാരിശക്തി

ഇന്ത്യയിലുടനീളം, പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാത്ത ഇടങ്ങളിലാണ് മാറ്റങ്ങൾ ആരംഭിക്കുന്നത്; ഒരു ഗ്രാമസഭയിൽ ആദ്യമായി സംസാരിക്കുന്ന സ്ത്രീയിലൂടെയോ, അടുക്കളയിൽ നിന്ന് വിപണിയിലേക്ക് വളരുന്ന ഒരു ചെറുകിട സംരംഭത്തിലൂടെയോ, അല്ലെങ്കിൽ തൻ്റെ ഭാവി ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് തീരുമാനിക്കുന്ന ഒരു പെൺകുട്ടിയിലൂടെയോ ഒക്കെയാണ് മാറ്റങ്ങളുടെ തുടക്കം.. വ്യക്തിഗതമായി നോക്കുമ്പോൾ ഈ നിമിഷങ്ങൾ സാധാരണമെന്ന്‌ തോന്നിയേക്കാം. എന്നാൽ ഒന്നിച്ച് ചേരുമ്പോൾ, അവ ഇന്ത്യയുടെ വികസന ചരിത്രത്തിൽ അസാധാരണമായ ഒരു മാറ്റത്തിന് രൂപം നല്കുന്നു.

പതിറ്റാണ്ടുകളായി, സ്ത്രീകൾക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അത്യാവശ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ പരിശ്രമങ്ങൾ ശാക്തീകരണത്തിനുള്ള അടിത്തറ പാകി. ഇന്ന്, സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് ഈ ആഖ്യാനം പരിണമിച്ചു. സ്ത്രീകളെ ഗുണഭോക്താക്കളായി മാത്രമല്ല, മറിച്ച് സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ ചാലകശക്തികളായി അംഗീകരിക്കുകയും ചെയ്യുന്നു.

ഈ മാറ്റത്തെ പിന്തുണയ്ക്കുന്നത് വളർന്നുവരുന്ന അവസരങ്ങളുടെ ഒരു ആവാസവ്യവസ്ഥയാണ് — വായ്പാ സൗകര്യം, സ്വയംസഹായ സംഘങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വിദ്യാഭ്യാസ പാതകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു — ഇത് കൂടുതൽ സ്ത്രീകൾക്ക് ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാനും നേതൃത്വം നല്കാനും രൂപപ്പെടുത്താനും പ്രാപ്തരാക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനം, പുരോഗതി ആഘോഷിക്കുന്നതിൽ മാത്രമല്ല, ഈ ആഴത്തിലുള്ള പരിവർത്തനത്തെ തിരിച്ചറിയുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംരംഭങ്ങൾ, കൃഷിയിടങ്ങൾ, ക്ലാസ് റൂമുകൾ, ഭരണനിർവ്വഹണ വേദികൾ എന്നിവയിലുടനീളം സ്ത്രീകൾ ഇന്ത്യയുടെ വികസന യാത്രയെ സജീവമായി രൂപപ്പെടുത്തുന്നു.


A child holding a book and a babyAI-generated content may be incorrect.



2026-ലെ അന്താരാഷ്ട്ര വനിതാ ദിനാചരണം ന്യൂഡൽഹിയിൽ ആഘോഷിക്കുന്നു

2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ രാജ്യവ്യാപകമായ ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

ആഘോഷങ്ങളുടെ പ്രധാന സവിശേഷതകൾ താഴെ വിവരിച്ചിരിക്കുന്നു:

അന്താരാഷ്ട്ര വനിതാ ദിനം 2026

2026 മാർച്ച് 8 | ന്യൂഡൽഹി

ശക്തി വോക്ക് - #SheLeadsBharat

റൂട്ട്: കർത്തവ്യ പഥിലൂടെ (ഇന്ത്യ ഗേറ്റ് മുതൽ വിജയ് ചൗക്ക് വരെ)

നമ്മുടെ സ്ഥാപനപരവും സാമൂഹികവുമായ ഭൂപ്രകൃതിയെ പ്രതിനിധീകരിക്കുന്ന വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഈ പദയാത്ര ഒരുമിച്ച് കൊണ്ടുവരും. ഇന്ത്യയിലെ സ്ത്രീകളുടെ പ്രതീകാത്മകമായ ഒരു മുന്നേറ്റമായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദയാത്ര, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവും വർദ്ധിച്ചുവരുന്ന സ്ത്രീ തൊഴിൽശക്തി പങ്കാളിത്തവും അടയാളപ്പെടുത്തിയ നിർണ്ണായകമായ ഒരു പതിറ്റാണ്ടിനെ ആഘോഷിക്കും.


അന്താരാഷ്ട്ര വനിതാ ദിനാഘോഷം

വേദി: മനേക്ഷാ സെൻ്റർ ഓഡിറ്റോറിയം

രാഷ്ട്രപതി പങ്കെടുക്കുന്ന ഈ ആഘോഷം ഭരണനിർവ്വഹണം, ശാസ്ത്രം, സംരംഭം, സുരക്ഷ, കലകൾ, താഴെത്തട്ടിലുള്ള നേതൃത്വം എന്നീ മേഖലകളിൽ നിന്ന് നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവരും. വികസിത ഭാരതം @2047 എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നാരിശക്തി വഹിക്കുന്ന നിർണ്ണായക പങ്കിനെ ഇത് ഉയർത്തിക്കാട്ടും.

A diagram of women's rising representationAI-generated content may be incorrect.

അവകാശങ്ങൾ ഉറപ്പാക്കുന്നു

ദേശീയ വനിതാ കമ്മീഷൻ

സ്ത്രീകൾക്കായി നല്കിയിട്ടുള്ള ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനും, നിലവിലുള്ള നിയമനിർമ്മാണങ്ങൾ അവലോകനം ചെയ്ത് ആവശ്യമുള്ളിടത്ത് ഭേദഗതികൾ നിർദ്ദേശിക്കുന്നതിനും മറ്റുമായി 1992 ജനുവരിയിൽ സർക്കാർ ഈ നിയമപരമായ സംവിധാനം രൂപീകരിച്ചു.

ലിംഗസമത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അതിൻ്റെ  ഭരണഘടനാ ചട്ടക്കൂടിൽ ഉറച്ചുനിൽക്കുന്നു, ഇത് നിയമത്തിന് മുന്നിൽ സമത്വം ഉറപ്പുനല്കുകയും ലിംഗഭേദാടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും ചെയ്യുന്നു. 1990-കൾ മുതൽ, സ്ത്രീകളെ പ്രാഥമികമായി സംരക്ഷണ നയങ്ങളുടെ ഗുണഭോക്താക്കളായി കാണുന്നതിൽ നിന്ന് വികസനത്തിലെ പ്രധാന പങ്കാളികളായി അവരെ അംഗീകരിക്കുന്നതിലേക്ക് ക്രമാനുഗതവും എന്നാൽ നിർണ്ണായകവുമായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.


ലിംഗസമത്വത്തെ പിന്തുണയ്ക്കുന്ന പ്രധാന ഭരണഘടനാ വ്യവസ്ഥകൾ

ലിംഗസമത്വം എന്ന തത്വം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദ്ദേശക തത്വങ്ങൾ എന്നിവയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

•   അനുച്ഛേദം 15: മതം, വംശം, ജാതി, ലിംഗഭേദം അല്ലെങ്കിൽ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അതേസമയം യഥാർത്ഥ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ ഭരണകൂടത്തെ പ്രാപ്തമാക്കുന്നു.

•   അനുച്ഛേദം 16: പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനല്കുന്നു, മതം, വംശം, ജാതി, ലിംഗഭേദം  അല്ലെങ്കിൽ ജന്മസ്ഥലം തുടങ്ങിയവയിൽ വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും സർക്കാർ തസ്തികകളിൽ തുല്യ പ്രവേശനം ഉറപ്പാക്കുന്നു.

•   അനുച്ഛേദം 39: പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ ഉപജീവന അവസരങ്ങൾ ഉറപ്പാക്കാൻ ഭരണകൂടത്തിന് നിർദ്ദേശം നല്കുന്നു.

•   അനുച്ഛേദം 42: പ്രസവാവധി ആനുകൂല്യങ്ങൾക്കും മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയുള്ള വ്യവസ്ഥകൾ നിർബന്ധമാക്കുന്നു.

•   അനുച്ഛേദം 243: പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സീറ്റുകളുടെയും അധ്യക്ഷ സ്ഥാനങ്ങളുടേയും മൂന്നിലൊന്ന് സ്ത്രീകൾക്കായി ( എസ്‌സി/എസ്‌ടി സ്ത്രീകൾ ഉൾപ്പെടെ) സംവരണം ചെയ്തിരിക്കുന്നു, ഇത് നിയോജക  മണ്ഡലങ്ങൾക്കിടയിൽ റൊട്ടേഷനോടെയും എസ്‌സി/എസ്‌ടി സംവരണത്തോടെയും സംവരണം ചെയ്യുന്നു.

അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും അവസരങ്ങൾ വിപുലീകരിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ത്രീകളുടെ നേതൃത്വം കൂടുതൽ കരുത്തുറ്റതാകുന്നു. ഇന്ത്യയിൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ വിവിധ സംരംഭങ്ങൾ പ്രവർത്തിക്കുന്നു, ഇത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് അടിത്തറ പാകുന്നു.


•   ഇന്ത്യയുടെ ജനാധിപത്യത്തിൽ സ്ത്രീകളുടെ തുല്യ ശബ്ദം: സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം അനുവദിച്ചു, റിപ്പബ്ലിക്കിൻ്റെ തുടക്കം മുതൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വോട്ടവകാശം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കി. പല രാജ്യങ്ങളും സ്ത്രീകളുടെ വോട്ടവകാശത്തെക്കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യുന്ന സമയത്ത്, ഇന്ത്യൻ ഭരണഘടന സ്ത്രീകളെ ജനാധിപത്യ പ്രക്രിയയിൽ തുല്യ പങ്കാളികളായി സ്ഥിരീകരിച്ചു.

• വിദ്യാഭ്യാസവും അവസരവും: വിദ്യാഭ്യാസത്തിൽ നിന്നാണ് ശാക്തീകരണം ആരംഭിക്കുന്നത്. സമഗ്ര ശിക്ഷ വഴി സൗജന്യ യൂണിഫോമുകൾ, പാഠപുസ്തകങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വനിതാ അധ്യാപകരുടെ നിയമനം എന്നിവയിലൂടെ ലിംഗഭേദമില്ലാത്ത സ്കൂൾ വിദ്യാഭ്യാസം പിന്തുണയ്ക്കപ്പെടുന്നു. കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് താമസ സൗകര്യത്തോടുകൂടിയ വിദ്യാഭ്യാസം നല്കുമ്പോൾ, ഐഐടി, എൻഐടി എന്നിവയിലെ സൂപ്പർന്യൂമററി സീറ്റുകൾ പോലുള്ള സംരംഭങ്ങൾ ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നു. ഈ നേട്ടങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഉന്നതവിദ്യാഭ്യാസത്തിലെ സ്ത്രീകളുടെ പ്രവേശനം 2014-15 ലെ 1.57 കോടിയിൽ നിന്ന് 2022-23 ൽ 2.18 കോടിയായി വർദ്ധിച്ചു. ഇതേ കാലയളവിൽ, ഉന്നതവിദ്യാഭ്യാസത്തിൽ പ്രവേശനം നേടിയ 18-23 വയസ്സ് പ്രായമുള്ള സ്ത്രീകളുടെ അനുപാതം അളക്കുന്ന വനിതാ ഗ്രോസ് എൻറോൾമെൻ്റ്  റേഷ്യോ (GER) 22.9-ൽ നിന്ന് 30.2 ആയി ഉയർന്നു; ഇത് ഉന്നതവിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ മെച്ചപ്പെട്ട പ്രവേശനത്തേയും പങ്കാളിത്തത്തേയും സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ STEM വിഷയങ്ങളിലെ യുജിസി നെറ്റ്-ജെആർഎഫ്  സ്കോളർമാരിൽ 53 ശതമാനത്തിലധികം സ്ത്രീകളായിരുന്നു, ഇത് വിപുലമായ ഗവേഷണത്തിലും നവീകരണത്തിലും വർദ്ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു.

ഈ അടിത്തറയിൽ നിന്നുകൊണ്ട്, സുകന്യ സമൃദ്ധി യോജന (SSY) പെൺകുട്ടികളുടെ ദീർഘകാല ഭാവിയിൽ നിക്ഷേപം നടത്താൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിൻ്റെ  ഭാഗമായി 2015 ജനുവരി 22-ന് ആരംഭിച്ച ഈ ചെറുകിട സമ്പാദ്യ പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി അഭിലാഷങ്ങൾക്കുമായി സുരക്ഷിതമായ ഒരു സാമ്പത്തിക പാത ഒരുക്കുന്നു. നിക്ഷേപങ്ങൾക്ക് സർക്കാർ വിജ്ഞാപനം ചെയ്ത നിരക്കിൽ പലിശ ലഭിക്കുന്നു, നിലവിൽ 8.2 ശതമാനമാണ് പലിശ നിരക്ക്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 4.53 കോടിയിലധികം അക്കൗണ്ടുകൾ തുറക്കുകയും നിക്ഷേപം 3.33 ലക്ഷം കോടി രൂപ കവിയുകയും ചെയ്തതോടെ പദ്ധതിയിൽ ശക്തമായ പൊതുജന പങ്കാളിത്തം ദൃശ്യമാണ്. പെൺകുട്ടികളുടെ പേരിൽ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സാമ്പത്തിക സുരക്ഷിതത്വം കെട്ടിപ്പടുക്കാനും പെൺമക്കളുടെ ഭാവിയിൽ നിക്ഷേപം നടത്തേണ്ടതിൻ്റെ   പ്രാധാന്യം ഉറപ്പിക്കാനും SSY സഹായിക്കുന്നു.

•   സ്ത്രീകൾക്ക് ആരോഗ്യവും പോഷണവും അന്തസ്സും: സ്ത്രീകളുടെ ക്ഷേമം കുടുംബത്തിൻ്റേയും സമൂഹത്തിൻ്റേയും ക്ഷേമത്തിൻ്റെ കേന്ദ്രബിന്ദുവാണ്. എന്നിരുന്നാലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എല്ലായ്‌പ്പോഴും ദൃശ്യമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കപ്പുറം, വെള്ളം ശേഖരിക്കാൻ ദൂരസ്ഥലങ്ങളിലേക്ക് നടക്കുക, പുക നിറഞ്ഞ അടുപ്പുകളിൽ പാചകം ചെയ്യുക, അല്ലെങ്കിൽ ശുചിത്വ ആവശ്യങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ ദൈനംദിന ഉത്തരവാദിത്തങ്ങൾ പലപ്പോഴും അദൃശ്യമായ ശാരീരികവും വൈകാരികവുമായ ഭാരം അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ഈ ദൈനംദിന യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നത് അതിനാൽ തന്നെ നയപരമായ പിന്തുണയുടെ ഒരു പ്രധാന തലമായി മാറിയിരിക്കുന്നു.

മാതൃ ആരോഗ്യവും പോഷകാഹാരവും ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു. പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം, 4.26 കോടി ഗുണഭോക്താക്കൾക്കായി 20,060 കോടിയിലധികം രൂപ കൈമാറി, ഇത് പ്രസവകാലത്ത് വരുമാന പിന്തുണ നല്കുന്നു.  പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ, പോഷൺ അഭിയാൻ തുടങ്ങിയ സംരംഭങ്ങൾ രാജ്യവ്യാപകമായി മാതൃ പരിചരണവും, പോഷകാഹാര സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ നിരന്തരമായ ശ്രമങ്ങൾ ഇന്ത്യയുടെ മാതൃമരണ നിരക്ക് 130-ൽ നിന്ന് (2014–16) 88 ആയി (2021–23) കുറയ്ക്കാൻ സഹായിച്ചു.

ശുദ്ധമായ ഊർജ്ജത്തിലേക്കും അവശ്യ ഗാർഹിക സേവനങ്ങളിലേക്കുമുള്ള പ്രവേശനം സ്ത്രീകളുടെ ആരോഗ്യവും അന്തസ്സും ഗണ്യമായി മെച്ചപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്കായി 10.56 കോടിയിലധികം എൽപിജി കണക്ഷനുകൾ നൽകി; ഇത് വീടിനുള്ളിലെ വായു മലിനീകരണം കുറയ്ക്കുകയും പാചകത്തിൻ്റെ  ദൈനംദിന ഭാരം ലഘൂകരിക്കുകയും ചെയ്തു.

അതുപോലെ, വെള്ളം, ശുചിത്വം എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ദൈനംദിന ജീവിതത്തെ മാറ്റിമറിക്കുന്നു. 2019 ഓഗസ്റ്റിൽ ആരംഭിച്ചതുമുതൽ, ജൽ ജീവൻ മിഷൻ (ഹർ ഘർ ജൽ) ഗ്രാമീണ ടാപ്പ് വാട്ടർ കവറേജ് 16.72 ശതമാനത്തിൽ നിന്ന് 81.57 ശതമാനത്തിലധികം കുടുംബങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഇത് വെള്ളം ശേഖരിക്കാൻ സ്ത്രീകൾ ചെലവഴിച്ചിരുന്ന സമയവും അധ്വാനവും കുറച്ചു. ഇതിന് അനുബന്ധമായി, സ്വച്ഛ് ഭാരത് മിഷൻ 12 കോടിയിലധികം ശൗചാലയങ്ങളുടെ നിർമ്മാണം സാധ്യമാക്കി; ഇത് ശുചിത്വം മെച്ചപ്പെടുത്തുകയും സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും വർദ്ധിപ്പിക്കുകയും മികച്ച പൊതുജനാരോഗ്യ ഫലങ്ങൾക്ക് സംഭാവന നല്കുകയും ചെയ്തു.




2026 ജനുവരിയിലെ കണക്കനുസരിച്ച്, ആകെ 2,153 ശൈശവ വിവാഹങ്ങൾ തടയുകയും രാജ്യത്തുടനീളം 60,262 ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുകയും  ചെയ്തിട്ടുണ്ട്.

• പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും സുരക്ഷയും നീതിയും: സുരക്ഷയില്ലാതെ ശാക്തീകരണം സാധ്യമല്ല. മിഷൻ ശക്തിയിലൂടെ വൺ സ്റ്റോപ്പ് സെൻ്ററുകൾ, വനിതാ ഹെൽപ്പ് ലൈൻ, ഷീ -ബോക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് വൈദ്യസഹായം, നിയമസഹായം, കൗൺസിലിംഗ് പിന്തുണ എന്നിവ നല്കുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ  ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 (POSH Act) പൊതു-സ്വകാര്യ മേഖലകളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നു. തൊഴിലിടങ്ങളിൽ ഇൻ്റേണൽ കമ്മിറ്റികൾ നിർബന്ധമാക്കുന്നതിലൂടെയും ഷീ -ബോക്സ് ദേശീയ പോർട്ടൽ വഴി പരാതി പരിഹാരം സാധ്യമാക്കുന്നതിലൂടെയും, ഈ നിയമം ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ജോലിസ്ഥലത്തെ അന്തസ്സിനുള്ള സ്ത്രീകളുടെ അവകാശം ഉറപ്പിക്കുകയും ചെയ്യുന്നു.

ഈ സംരംഭങ്ങൾ ഒരുമിച്ച്, സ്ത്രീകളെ വിദ്യാഭ്യാസം തുടരാനും തൊഴിൽ മേഖലയിൽ പങ്കാളികളാകാനും രാജ്യത്തുടനീളമുള്ള സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം നല്കാനും പ്രാപ്തമാക്കുന്ന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

നീതി: തുല്യ ശബ്ദം, തുല്യ അധികാരം

സ്ത്രീകൾക്കുള്ള നീതി എന്നത് കേവലം നിയമപരമായ സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. നിയമങ്ങൾ, നയങ്ങൾ, പൊതു മുൻഗണനകൾ എന്നിവ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ പൂർണ്ണമായി പങ്കാളികളാകുമ്പോഴാണ് അത് സാക്ഷാത്കരിക്കപ്പെടുന്നത്. തീരുമാനങ്ങൾ എടുക്കുന്ന ഇടങ്ങളിലെ പ്രാതിനിധ്യം ഈ വാഗ്ദാനത്തിൻ്റെ  കേന്ദ്രബിന്ദുവാണ്.

പതിറ്റാണ്ടുകളായി, പാർലമെൻ്റിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്ത്രീകളുടെ സാന്നിധ്യം ക്രമാനുഗതമായി വർദ്ധിച്ചു വരികയാണ്, ഇത് രാഷ്ട്രീയ പങ്കാളിത്തത്തിലെ സാവധാനത്തിലുള്ളതും എന്നാൽ അർത്ഥവത്തായതുമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. റിപ്പബ്ലിക്കിൻ്റെ ആദ്യ വർഷങ്ങളിൽ നാമമാത്രമായ പങ്ക് വഹിച്ചിരുന്ന സ്ത്രീകൾ ഇന്ന് പാർലമെൻ്റിൻ്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും ശ്രദ്ധേയമായ സാന്നിധ്യം വഹിക്കുന്നു.

താഴെത്തട്ടിൽ, ഈ പരിവർത്തനം കൂടുതൽ പ്രകടമാണ്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ പകുതിയോളം സ്ത്രീകളാണ്; ഇത് ലോകത്തിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായി ഇന്ത്യയെ മാറ്റുന്നു. അവരുടെ നേതൃത്വം പ്രാദേശിക ഭരണ മുൻഗണനകളെ പുനർനിർമ്മിച്ചു — കുടിവെള്ളം, ശുചിത്വം, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ വിതരണം എന്നിവയ്ക്ക് അവർ കൂടുതൽ പ്രാധാന്യം നല്കുന്നു.

73-ാം ഭരണഘടനാ ഭേദഗതി നിയമം, 1992 – ഗ്രാമീണ ഭരണത്തിൽ സ്ത്രീകൾ

ഈ ഭേദഗതി പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാ പദവി നല്കി, ഭാഗം IX-ഉം പതിനൊന്നാം പട്ടികയും (29 വിഷയങ്ങൾ) അവതരിപ്പിച്ചു, കൂടാതെ കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പുകളോടുകൂടിയ ത്രിതല പഞ്ചായത്ത് ഘടന നിർബന്ധമാക്കി. സീറ്റുകളുടേയും നേതൃസ്ഥാനങ്ങളുടേയും കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകൾക്കായി സംവരണം ചെയ്ത ഒരു സുപ്രധാന വ്യവസ്ഥ, താഴെത്തട്ടിലുള്ള ഭരണത്തിൽ അവരുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിപ്പിക്കുകയും ഗ്രാമീണ ഇന്ത്യയിലെ ജനാധിപത്യ വികേന്ദ്രീകരണം ശക്തിപ്പെടുത്തുകയും ചെയ്തു.

A person standing in front of a shelf of bottlesAI-generated content may be incorrect.


74-ാം ഭരണഘടനാ ഭേദഗതി നിയമം, 1992 – നഗര തദ്ദേശ ഭരണത്തിൽ സ്ത്രീകൾ

ഭാഗം IX-A-യും പന്ത്രണ്ടാം പട്ടികയും (18 ചുമതലകൾ) അവതരിപ്പിച്ചുകൊണ്ട്, നഗര പഞ്ചായത്തുകൾ, മുൻസിപ്പൽ കൗൺസിലുകൾ, മുൻസിപ്പൽ കോർപ്പറേഷനുകൾ എന്നിവയുൾപ്പെടെയുള്ള നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ഭേദഗതി ഭരണഘടനാ പദവി നല്കി. ഇത് സ്ത്രീകൾക്കായി കുറഞ്ഞത് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതും നിർബന്ധമാക്കി, ഇത് നഗര തദ്ദേശ ഭരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൂടുതൽ സ്ത്രീ പ്രാതിനിധ്യത്തിനും നേതൃത്വത്തിനും വഴിയൊരുക്കി.


A graph with numbers and linesAI-generated content may be incorrect.



106-ാം ഭരണഘടനാ ഭേദഗതി നിയമം (നാരിശക്തി വന്ദൻ അധിനിയം), 2023

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നല്കുന്ന 106-ാം ഭരണഘടനാ ഭേദഗതി നിയമം (നാരിശക്തി വന്ദൻ അധിനിയം), 2023-ൻ്റെ  രൂപീകരണം ഒരു ചരിത്രപരമായ നാഴികക്കല്ലാണ്. ഈ ഭരണഘടനാപരമായ ഉറപ്പ് ലിംഗസമത്വമുള്ള ജനാധിപത്യത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നു.

ഈ സാഹചര്യത്തിൽ നീതി എന്നത് പ്രാതിനിധ്യത്തേക്കാൾ വളരെ കൂടുതലാണ്. അത് അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുക മാത്രമല്ല, ഇന്ത്യയുടെ ഭാവിയെ നിർവ്വചിക്കുന്ന സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്.

പ്രവർത്തനം: പ്രതിബദ്ധതയെ മാറ്റമാക്കി മാറ്റുന്നു

പ്രവർത്തനം: എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി

മുത്തലാഖ് നിർത്തലാക്കൽ

മുത്തലാഖ് നിർത്തലാക്കിയത് കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് അന്തസ്സും തുല്യതയും യഥാർത്ഥ ശാക്തീകരണവും ഉറപ്പാക്കുന്ന ചരിത്രപരമായ പരിഷ്കാരമായി വർത്തിക്കുന്നു. മുത്തലാഖ് നിയമം തൽക്ഷണ വിവാഹമോചന രീതിയെ ക്രിമിനൽ കുറ്റമാക്കുന്നു. ഇത് മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയും ദീർഘകാലമായുള്ള ഗാർഹിക പീഡനങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും രക്ഷപ്പെടാൻ അവരെ പ്രാപ്തരാക്കുന്നതിലൂടെ കൂടുതൽ സമത്വവും ഉറപ്പാക്കുന്നു.

നയപരമായ പ്രതിബദ്ധതകൾ സാമ്പത്തിക അവസരങ്ങളായി മാറുമ്പോഴാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ശക്തിപ്പെടുന്നത്. സമീപവർഷങ്ങളിൽ, സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ സജീവമായി പങ്കെടുക്കാനും സംരംഭങ്ങൾ കെട്ടിപ്പടുക്കാനും സ്ഥാപനങ്ങൾക്ക് നേതൃത്വം നല്കാനും സ്ത്രീകളെ പ്രാപ്തരാക്കുന്ന നിക്ഷേപങ്ങൾ, സാമ്പത്തിക ലഭ്യത, നൈപുണ്യ ആവാസവ്യവസ്ഥകൾ എന്നിവ ഇന്ത്യ വിപുലീകരിച്ചിട്ടുണ്ട്.


• ലിംഗഭേദത്തെ പിന്തുണയ്ക്കുന്ന പൊതുനിക്ഷേപം: 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ അതിൻ്റെ എക്കാലത്തേയും ഉയർന്ന ജെൻഡർ ബജറ്റ് രേഖപ്പെടുത്തി; കേന്ദ്ര ബജറ്റിൻ്റെ  9.37 ശതമാനം ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾക്കായി നീക്കിവച്ചു. 53 മന്ത്രാലയങ്ങളും വകുപ്പുകളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് വിവിധ മേഖലകളിലായി 5.01 ലക്ഷം കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഇത് പ്രതീകാത്മകമായ ഉൾപ്പെടുത്തലിൽ നിന്ന് സ്ത്രീകളുടെ വികസനത്തിനായുള്ള സുസ്ഥിര നിക്ഷേപത്തിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

• ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്ന സ്ത്രീകൾ: ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) വഴി, ദശലക്ഷക്കണക്കിന് സ്ത്രീകൾ വേതനമില്ലാത്ത ജോലിയിൽ നിന്ന് സംഘടിത സംരംഭങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇന്ന്, 10.05 കോടി ഗ്രാമീണ കുടുംബങ്ങളെ 90.90 ലക്ഷം സ്വയം സഹായ സംഘങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സംരംഭങ്ങൾ  2013-14 മുതൽ 12.18 ലക്ഷം കോടി രൂപയുടെ സ്ഥാപന വായ്പകൾ കൈപ്പറ്റിയിട്ടുണ്ട്. ലഖ്പതി ദീദി പോലുള്ള സംരംഭങ്ങൾ ഗ്രാമീണ സ്ത്രീകളെ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കുന്നു. 3,07,33,820-ലധികം സ്ത്രീകൾ ഇതിനകം തന്നെ 'ലഖ്പതി ദീദികൾ' ആകുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറിക്കഴിഞ്ഞു.

പുതിയ സംരംഭങ്ങൾ സാങ്കേതികവിദ്യ അധിഷ്ഠിത ജോലികളിലേക്കും വഴിതുറക്കുന്നു. നമോ ഡ്രോൺ ദീദി യോജനയ്ക്ക് കീഴിൽ, കാർഷിക ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ സ്വയംസഹായ സംഘങ്ങളെ പിന്തുണയ്ക്കുന്നു. ഇതിനായി ഡ്രോണുകൾ വാങ്ങുന്നതിന് 80 ശതമാനം സബ്‌സിഡിയും 15,000 സ്വയംസഹായ സംഘങ്ങളെ ലക്ഷ്യമിട്ട് 1,261 കോടി രൂപയുടെ നീക്കിവെയ്പ്പും നടത്തിയിട്ടുണ്ട്. ഈ സംരംഭം വരുമാനം വർദ്ധിപ്പിക്കുമെന്നും ഒപ്പം ഗ്രാമീണ സ്ത്രീകളെ വളർന്നുവരുന്ന സാങ്കേതിക ആവാസവ്യവസ്ഥകളിലേക്ക് സംയോജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.


എസ്എച്ച്ജി അംഗത്തിൽ നിന്ന് സംരംഭകയിലേക്ക്: ബദാശിഷ ദഖറിൻ്റെ  യാത്ര

മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ ത്ലൂഹ് ഗ്രാമത്തിൽ നിന്നുള്ള ബദാശിഷ ദഖർ 2019-ൽ ഒരു സ്വയംസഹായ സംഘത്തിൽ ചേരുമ്പോൾ, തൻ്റെ ഗ്രാമത്തിലെ മറ്റ് സ്ത്രീകളുമായി ഒത്തുചേരുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് തൻ്റെ  ജീവിതം മാറ്റിമറിക്കുമെന്ന് അവർ കരുതിയിരുന്നില്ല.

NRLM വഴി അവർക്ക് സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനവും ലഭിച്ചു. 2020-ൽ ഭക്ഷ്യ സംസ്കരണ പരിശീലനത്തിലൂടെ ആരംഭിച്ച്, പിന്നീട് ഷില്ലോങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റിൽ നിന്ന് തൻ്റെ നൈപുണ്യം വർദ്ധിപ്പിച്ചു. ആത്മവിശ്വാസവും അറിവും കൈമുതലാക്കി, 2024-ൽ അവർ  2.5 ലക്ഷം രൂപയുടെ ബാങ്ക് വായ്പ നേടുകയും സ്വന്തം സമ്പാദ്യം കൂടി നിക്ഷേപിച്ച് ഉംപ്ലെംഗിൽ ഒരു ജ്യൂസ് സംസ്കരണ മൈക്രോ എൻ്റർപ്രൈസ് സ്ഥാപിക്കുകയും ചെയ്തു.

അവരുടെ ഉൽപ്പന്നങ്ങൾ താമസിയാതെ ഗ്രാമത്തിൻ്റെ അതിരുകൾ കടന്ന് 2024-ൽ ഡൽഹി ഹാട്ടിൽ നടന്ന പൈനാപ്പിൾ ഫെസ്റ്റിവലിൽ എത്തി. ഇന്ന്, അവരുടെ ഈ സംരംഭം മൂന്ന് പേർക്ക് തൊഴിൽ നല്കുകയും പ്രതിവർഷം ഏകദേശം 1.8 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു.

സാമൂഹികമായ ഒത്തുചേരലിനുള്ള ഒരിടമായി ആരംഭിച്ചത് സ്വയംപര്യാപ്തതയിലേക്കുള്ള പാതയായി മാറി. കൂട്ടായ പിന്തുണയും വായ്പാ സൗകര്യവും നൈപുണ്യ വികസനവും എങ്ങനെ ഗ്രാമീണ സ്ത്രീകളെ സ്വന്തം ഭാവി രൂപപ്പെടുത്തുന്ന ആത്മവിശ്വാസമുള്ള സംരംഭകരാക്കി മാറ്റുന്നു എന്നതിൻ്റെ ഉദാഹരണമാണ് ബദാശിഷയുടെ യാത്ര.

•  സംരംഭകത്വത്തിന് കരുത്തേകുന്ന ധനകാര്യം: സാമ്പത്തിക ഉൾപ്പെടുത്തൽ വിപുലീകരിച്ചത് പല സ്ത്രീകളെയും സമ്പാദ്യ ശീലത്തിൽ നിന്ന് സംരംഭകത്വത്തിലേക്ക് മാറാൻ പ്രാപ്തരാക്കി. 2015 മുതൽ പ്രധാനമന്ത്രി മുദ്ര യോജന വഴി 32.61 ലക്ഷം കോടി രൂപയുടെ 52 കോടി വായ്പകൾ അനുവദിച്ചു; ഇതിൽ 68 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്. ജൻ ധൻ അക്കൗണ്ട് ഉടമകളിൽ 56 ശതമാനവും സ്ത്രീകളാണ്. സ്റ്റാൻഡ്-അപ്പ് ഇന്ത്യ വഴി 2.01 ലക്ഷത്തിലധികം വനിതാ സംരംഭകർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ പിന്തുണ നല്കി. സാമ്പത്തിക ലഭ്യതയ്ക്ക് അനുബന്ധമായി, ഗവൺമെൻ്റ്  ഇ-മാർക്കറ്റ് പ്ലേസിലെ (GeM) 'വുമണിയ'  പോലുള്ള സംരംഭങ്ങൾ വനിതാ സംരംഭകരേയും സ്വയംസഹായ സംഘങ്ങളേയും സർക്കാർ വാങ്ങലുകാരുമായി നേരിട്ട് ബന്ധിപ്പിക്കാൻ സഹായിക്കുന്നു.  വനിതകളുടെ നേതൃത്വത്തിലുള്ള രണ്ട് ലക്ഷത്തിലധികം എംഎസ്ഇകൾ ജിഇഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ 80,000 കോടിയിലധികം രൂപയുടെ പൊതു സംഭരണ ഓർഡറുകൾ കരസ്ഥമാക്കുകയും വിപണി സാന്നിധ്യം വർദ്ധിപ്പിക്കുകയും  സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


• നൈപുണ്യവും നവീകരണ ആവാസവ്യവസ്ഥയും: വിപുലമായ നൈപുണ്യ പരിശീലനത്തിലൂടെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലൂടെയും സ്ത്രീകൾ പുതിയ മേഖലകളിലേക്ക് കൂടുതലായി കടന്നുവരുന്നു. പ്രധാനമന്ത്രി കൗശൽ വികാസ് യോജന ഗുണഭോക്താക്കളിൽ ഏകദേശം 45 ശതമാനവും സ്ത്രീകളാണ്. സ്റ്റാർട്ട്-അപ്പ് ഇന്ത്യയ്ക്ക് കീഴിൽ 75,000-ലധികം വനിതാ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കിയിട്ടുണ്ട്. നവ്യ (NAVYA - 2025) പോലുള്ള പരിപാടികൾ അഭിലാഷ  ജില്ലകളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പരിശീലനം കൂടുതൽ ശക്തിപ്പെടുത്തുന്നു.

•  വർദ്ധിച്ചുവരുന്ന പങ്കാളിത്തവും നേതൃത്വവും: പൊതുജീവിതത്തിൽ സ്ത്രീകൾ അവരുടെ സാന്നിധ്യം ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സ്വീകരിച്ചു. ഇന്ന് 47 കോടിയിലധികം രജിസ്റ്റർ ചെയ്ത വനിതാ വോട്ടർമാർ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരുന്ന ശക്തമായ ഒരു തിരഞ്ഞെടുപ്പ് മണ്ഡലമായി സ്ത്രീകൾ മാറിയിരിക്കുന്നു. ഒരുകാലത്ത് അപ്രാപ്യമെന്ന് കരുതിയിരുന്ന പല മേഖലകളിലും അവരുടെ വർദ്ധിച്ചുവരുന്ന പങ്ക് ദൃശ്യമാണ്. 2025-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നുള്ള വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് ബിരുദം നേടിയത് ഇതിൻ്റെ പ്രതിഫലനമാണ്. ഇത് ദേശീയ സ്ഥാപനങ്ങളിലുടനീളമുള്ള സ്ത്രീകളുടെ വിശാലമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു.

ഈ സംരംഭങ്ങൾ ഒരുമിച്ച്  ഇന്ത്യയുടെ വികസന സമീപനത്തിലെ വലിയൊരു മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു; അതായത് വെറും പങ്കാളിത്തം ഉറപ്പാക്കുന്നതിൽ നിന്ന് നേതൃത്വത്തെ പിന്തുണയ്ക്കുന്നതിലേക്കുള്ള മാറ്റം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ഇന്ന് ഗ്രാമീണ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ, ഭരണ സ്ഥാപനങ്ങൾ എന്നിവയിലുടനീളം ദൃശ്യമാണ്, ഇത് എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു വളർച്ചാ പാത രൂപപ്പെടുത്തുന്നു.


നേതൃത്വം നല്കുന്ന സ്ത്രീകൾ

അവസരങ്ങളെ പുരോഗതിയാക്കി മാറ്റുന്ന സ്ത്രീകളുടെ ജീവിതത്തിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. വായ്പ, നൈപുണ്യം, സാങ്കേതികവിദ്യ, വിപണി എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്ന സർക്കാർ പദ്ധതികളുടെ പിന്തുണയോടെ, പല സ്ത്രീകളും സംരംഭങ്ങൾ കെട്ടിപ്പടുക്കുകയും ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുകയും സമൂഹങ്ങൾക്കുള്ളിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു.

റീനയുടെ സഹകരണ സംഘം: ആരോഗ്യം കെട്ടിപ്പടുക്കുന്നു, കരുത്ത് നേടുന്നു

തൻ്റെ ജോലിയെ ഒരു ബിസിനസ്സ് എന്നല്ല, മറിച്ച് ഒരു പ്രസ്ഥാനം എന്നാണ് 54 വയസ്സുകാരിയായ റീന വിശേഷിപ്പിക്കുന്നത്.

ചെറിയ ചുവടുവെയ്പ്പുകളോടെ ആരംഭിച്ച ഈ സഹകരണസംഘം ഇന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ളതും സ്ത്രീകൾ നടത്തുന്നതുമായ ആരോഗ്യ സഹകരണസംഘമായി വളർന്നു.
അസംഘടിത മേഖലയിലെ സ്ത്രീകൾക്കായി സമർപ്പിച്ചിരിക്കുന്ന പ്രാകൃതിക് ഹെൽത്ത് സർവീസസ് എന്ന സംരംഭമാണിത്. 1990-ൽ രജിസ്റ്റർ ചെയ്ത ഈ സഹകരണ സംഘത്തിന് ഇന്ന് 1,500 അംഗങ്ങളുണ്ട്. മെഡിക്കൽ ഷോപ്പുകളുടേയും ആരോഗ്യ സേവനങ്ങളുടേയും ഒരു ശൃംഖല നടത്തുന്ന ഇതിന് 6.025 കോടി രൂപയുടെ വാർഷിക വരുമാനമുണ്ട്.

ആശയം ലളിതമാണെങ്കിലും ശക്തമായിരുന്നു: കുറഞ്ഞ ചെലവിലുള്ള ആരോഗ്യ സംരക്ഷണം അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികളെ ആരോഗ്യവതികളും കർമ്മശേഷിയുള്ളവരുമായി നിലനിർത്തുകയും അവരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരമൊരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സഹിഷ്ണുതയും സഹകരണവും സാമ്പത്തിക ലഭ്യതയും ആവശ്യമായിരുന്നു.

വർഷങ്ങൾ കൊണ്ട് , ഈ സഹകരണ സംഘം ബാങ്ക് വായ്പകളും, ഒരു എൻബിഎഫ്‌സിയിൽ  നിന്നുള്ള പ്രവർത്തന മൂലധനവും, ഒരു വനിതാ ഫെഡറേഷൻ്റെ പിന്തുണയും ഉറപ്പാക്കി. കൃത്യമായ തിരിച്ചടവ് റെക്കോർഡും സുസ്ഥിരമായ ബിസിനസ്സ് മാതൃകയുമുള്ള  ഈ കൂട്ടായ്മ ഇപ്പോൾ വായ്പകൾക്ക് അർഹമാണ്. ആയുർവേദ ഉൽപ്പന്നങ്ങൾക്കായി ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് 50–60 ലക്ഷം രൂപയുടെ നിക്ഷേപം ഇവർ ഇപ്പോൾ ലക്ഷ്യമിടുന്നു.

ഇന്ന് ഈ സംരംഭം 300 സജീവ അംഗങ്ങളെ പിന്തുണയ്ക്കുന്നു; ഇത് കേവലം ഉപജീവനമാർഗ്ഗം മാത്രമല്ല, നേതൃത്വ അവസരങ്ങളും സൃഷ്ടിക്കുന്നു. റീനയേയും അവരുടെ സഹപ്രവർത്തകരേയും സംബന്ധിച്ചിടത്തോളം ധനകാര്യം എന്നത് വെറും മൂലധനമല്ല, മറിച്ച് അത് ആത്മവിശ്വാസമായിരുന്നു. അതിജീവനത്തിനായി ഒത്തുചേർന്ന ഒരു കൂട്ടായ്മ ഇന്ന് കൂട്ടായ കരുത്തായി മാറിയിരിക്കുന്നു.


പ്രിയ: ലക്ഷ്യബോധത്തോടെയുള്ള നൂതനാശയം

35-ാം വയസ്സിൽ, പ്രിയ ഒരു ബിസിനസ്സിനേക്കാൾ കൂടുതൽ കെട്ടിപ്പടുക്കുകയാണ്- ചൂടായിക്കൊണ്ടിരിക്കുന്ന  ലോകത്തിന് പരിഹാരങ്ങൾ നിർമ്മിക്കുകയാണ്. സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു ഡ്രോൺ സാങ്കേതിക കമ്പനി അവർ സ്ഥാപിച്ചു. ഉൾനാടൻ ഗ്രാമങ്ങളിലും കാലാവസ്ഥാ വ്യതിയാനം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും അത്യാവശ്യ ആരോഗ്യ വിതരണങ്ങൾ എത്തിക്കുന്നതിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വളർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഗവേഷണമായി ആരംഭിച്ചത് ഇന്ന് രണ്ട് വർഷത്തിലേറെയായി വിജയകരമായി പ്രവർത്തിക്കുന്ന ഒരു മിനിമം വയബിൾ പ്രോഡക്റ്റ് ആയി വികസിച്ചു. നഗരാധിഷ്ഠിതമായ ഈ സംരംഭത്തിന് ഇന്ന് 1.2 കോടി രൂപയുടെ വാർഷിക വരുമാനമുണ്ട്, കൂടാതെ 10 പേർക്ക് തൊഴിൽ നല്കുകയും ചെയ്യുന്നു.

പരമ്പരാഗത വായ്പകളിലൂടെയാണ് പ്രിയ തൻ്റെ സംരംഭം  ആരംഭിച്ചതെങ്കിലും, ഗ്രാൻ്റുകളും ഇംപാക്ട് നിക്ഷേപകരിൽ നിന്നുള്ള ഇക്വിറ്റിയുമാണ് അവരുടെ കാലാവസ്ഥാ-സാങ്കേതിക ദർശനവുമായി കൂടുതൽ യോജിക്കുന്നതെന്ന് താമസിയാതെ മനസ്സിലാക്കി. തെളിയിക്കപ്പെട്ട വളർച്ചാ  റെക്കോർഡും  വിപുലീകരിക്കാൻ കഴിയുന്ന മാതൃകയുമുള്ള പ്രിയ ഇപ്പോൾ കൂടുതൽ വളർച്ചയ്ക്കായി തയ്യാറെടുക്കുന്നു — തൻ്റെ  ലക്ഷ്യത്തോടും അഭിലാഷത്തോടും പൊരുത്തപ്പെടുന്ന സാമ്പത്തിക പങ്കാളിത്തങ്ങളാണ് അവർ  ഇപ്പോൾ തേടുന്നത്.


ഉപസംഹാരം

ഇന്ത്യയിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൻ്റെ  കഥ രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ ദൈനംദിന നേട്ടങ്ങളിൽ പ്രതിഫലിക്കുന്നു. സഹകരണ സംഘങ്ങളെ നയിക്കുന്നതിലും, സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലും, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും, പ്രാദേശിക ഭരണത്തിൽ പങ്കുചേരുന്നതിലും ഇത് കാണാൻ കഴിയും. ഈ യാത്രകൾ സംയുക്തമായി ഇന്ത്യയുടെ വികസന പശ്ചാത്തലത്തിലെ വലിയൊരു മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

അവകാശങ്ങൾ സ്ത്രീകളുടെ അന്തസ്സും സംരക്ഷണവും ശക്തിപ്പെടുത്തി; നീതി അവരുടെ ശബ്ദവും പ്രാതിനിധ്യവും വിപുലീകരിച്ചു; സുസ്ഥിരമായ പ്രവർത്തനം സ്ത്രീകൾക്ക് സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ പങ്കുചേരാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു.

ഇന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾ സ്വയംസഹായ സംഘങ്ങളുടെ ഭാഗമാണ്, പലരും പ്രാദേശിക ഭരണസമിതികളിൽ സേവനമനുഷ്ഠിക്കുന്നു, വർദ്ധിച്ചുവരുന്ന സ്ത്രീകളുടെ പങ്കാളിത്തം  ഔദ്യോഗിക സാമ്പത്തിക സംവിധാനങ്ങളും സംരംഭകത്വ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളുടെ നേതൃത്വത്തിനും പങ്കാളിത്തത്തിനുമുള്ള വഴികൾ ക്രമാനുഗതമായി വിപുലീകരിക്കുന്നു.

ഇന്ത്യ അതിൻ്റെ  വികസന യാത്രയിൽ മുന്നോട്ട് പോകുമ്പോൾ, കുടുംബങ്ങളേയും സമൂഹങ്ങളേയും  രാഷ്ട്രത്തിൻ്റെ ഭാവിയേയും രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ കൂടുതൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു.

സൂചനകൾ 

Click here to see PDF

***


( റിലീസ് ഐ.ഡി: 2236557) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil