PIB Headquarters
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP)
പോസ്റ്റഡ് ഓണ്‍:
07 MAR 2026 1:49PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
• 18,000-ലധികം ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ 50-80 ശതമാനം കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നു.
• ഫ്രാഞ്ചൈസി അധിഷ്ഠിത മാതൃകയിലൂടെ ഗ്രാമീണ, ഉൾനാടൻ പ്രദേശങ്ങളിൽ പോലും ലഭ്യത ഉറപ്പാക്കിക്കൊണ്ട്, 2027 മാർച്ചോടെ 25,000 കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
• സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ്ഗക്കാർ, ദിവ്യാംഗർ, വിമുക്തഭടന്മാർ എന്നിവർക്ക് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 2 ലക്ഷം രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇത് എല്ലാവരേയും ഉൾക്കൊള്ളുന്ന സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു.
• ഒരു രൂപയ്ക്ക് ലഭിക്കുന്ന ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിനുകൾ, സുഗം മൊബൈൽ ആപ്പ് തുടങ്ങിയ സംരംഭങ്ങൾ ആർത്തവ ശുചിത്വവും മിതമായ നിരക്കിലുള്ള ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ഡിജിറ്റൽ പ്രവേശനവും വർദ്ധിപ്പിക്കുന്നു.

ആമുഖം
സമീപ വർഷങ്ങളിൽ, ആരോഗ്യ സംരക്ഷണത്തിൽ താങ്ങാനാവുന്ന വിലയും ലഭ്യതയും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ തുടർച്ചയായ നയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാർഹിക ചെലവുകളിൽ വലിയൊരു ഭാഗം മരുന്നുകൾക്കായി നീക്കിവെക്കേണ്ടി വരുന്നതിനാൽ, അവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നത് സാമ്പത്തിക സംരക്ഷണത്തിനും തുല്യമായ ആരോഗ്യ പ്രവേശനത്തിനും നിർണ്ണായകമാണ്. ബ്രാൻഡഡ് (ജനറിക്) മരുന്നുകൾക്ക് അവയുടെ ബ്രാൻഡ് നാമമില്ലാത്ത ജനറിക് മരുന്നുകളുടെ അതേ ചികിത്സാ ഗുണമാണുള്ളതെങ്കിലും, പലപ്പോഴും ബ്രാൻഡഡ് അല്ലാത്ത ജനറിക് മരുന്നുകളേക്കാൾ ഉയർന്ന വിലയ്ക്കാണ് അവ വിൽക്കപ്പെടുന്നത്. ഈ അസമത്വം പരിഹരിക്കുന്നതിനായി ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും തുടർച്ചയായ നയപരമായ ഇടപെടലുകൾ ആവശ്യമാണ്, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക്.

ഈ ദിശയിലുള്ള ഒരു സുപ്രധാന സംരംഭം പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) യുടെ തുടക്കമായിരുന്നു. രാജ്യത്തുടനീളമുള്ള സമർപ്പിത ജൻ ഔഷധി കേന്ദ്രങ്ങളുടെ (JAK) വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശൃംഖലയിലൂടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ജനറിക് മരുന്നുകൾ വളരെ കുറഞ്ഞ വിലയ്ക്ക് നല്കാനും ഇതിലൂടെ ജനറിക് മരുന്നുകളുടെ ലഭ്യതയും മിതമായ നിരക്കും ശക്തിപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
മിതമായ നിരക്കിൽ ലഭ്യമായ ഗുണനിലവാരമുള്ള ജനറിക് മരുന്നുകളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള രാജ്യവ്യാപകമായ പ്രചാരണ പരിപാടിയായി ജൻ ഔഷധി സപ്താഹ് 2026 ആരംഭിച്ചു. ഇത് മാർച്ച് 7-ന് എട്ടാമത് ജൻ ഔഷധി ദിവസമായി ആചരിച്ചുകൊണ്ട് സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) 2026 മാർച്ച് 1 മുതൽ 5 വരെ രാജ്യത്തുടനീളം 250-ലധികം കേന്ദ്രങ്ങളിലായി ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു.
"ജൻ ഔഷധി വില കുറഞ്ഞതും വിശ്വസിക്കാവുന്നതും, സമ്പാദ്യത്തോടൊപ്പം ആരോഗ്യവും" എന്ന ഈ വർഷത്തെ പ്രമേയത്തിന് അനുസൃതമായി, ജൻ ഔഷധി കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന ഗുണനിലവാരം ഉറപ്പുവരുത്തിയ ജനറിക് മരുന്നുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി അവിടെവെച്ചു തന്നെ ലഭ്യമാക്കുന്ന രോഗനിർണ്ണയ സേവനങ്ങളും പൊതുജനങ്ങളുമായുള്ള സമ്പർക്ക പരിപാടികളും ഈ സംരംഭം സംയോജിപ്പിക്കുന്നു.

PMBJP-ക്ക് കീഴിലുള്ള മരുന്നുകളുടെ ഗുണനിലവാര ഉറപ്പ്
PMBJP-ക്ക് കീഴിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് (WHO-GMP) പാലിക്കുന്ന നിർമ്മാതാക്കളിൽ നിന്ന് മാത്രമാണ് സംഭരിക്കുന്നത്. ഇതിലൂടെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഓരോ ബാച്ച് മരുന്നുകളും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകരിച്ച ലബോറട്ടറികളിൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ജൻ ഔഷധി കേന്ദ്രങ്ങളിലേക്കുള്ള വിതരണം നടക്കുന്നത്.

ഇന്ത്യയിലുടനീളം മിതമായ നിരക്കിലുള്ള മരുന്നുകളുടെ വ്യാപനം വർദ്ധിപ്പിക്കുന്നു
ഈ പദ്ധതിക്ക് കീഴിൽ 18,000-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ (JAKs) പ്രവർത്തിക്കുന്നുണ്ട്. ആൻ്റി-ഇൻഫെക്റ്റീവുകൾ, പ്രമേഹ മരുന്നുകൾ, ഹൃദ്രോഗ മരുന്നുകൾ, ക്യാൻസർ മരുന്നുകൾ, ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ചികിത്സകൾ തുടങ്ങി 29 ചികിത്സാ വിഭാഗങ്ങളിലായി 2,110 മരുന്നുകളും 315 സർജിക്കൽ ഇനങ്ങളും മെഡിക്കൽ ഉപഭോഗവസ്തുക്കളും ഉപകരണങ്ങളും പദ്ധതിയുടെ ഉൽപ്പന്ന പട്ടികയിൽ ഉൾപ്പെടുന്നു. ഗ്രാമീണ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ഉൾപ്പെടെ രാജ്യത്തുടനീളം ശരാശരി 10 മുതൽ 12 ലക്ഷം വരെ ആളുകൾ ദിവസേന ഈ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ കൈപ്പറ്റുകയും ചെയ്യുന്നു.
PMBJP-ക്ക് കീഴിൽ ലഭ്യമായ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലകൾ (MRP), സമാനമായ ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് സാധാരണയായി 50-80 ശതമാനം കുറവാണ്. ഇത് ഗ്രാമീണ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവ് ഗണ്യമായി കുറയ്ക്കുന്നു. 2025 ജൂൺ മാസത്തോടെ, 7,700 കോടി രൂപ എംആർപി മൂല്യമുള്ള ജൻ ഔഷധി മരുന്നുകൾ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ സമാനമായ ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് പൗരന്മാർക്ക് ഏകദേശം 38,000 കോടിയുടെ ലാഭം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
ജൻ ഔഷധി കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി അധിഷ്ഠിത വിപുലീകരണം
2027 മാർച്ചോടെ പദ്ധതിക്ക് കീഴിൽ 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു ഫ്രാഞ്ചൈസി അധിഷ്ഠിത മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. വ്യക്തിഗത സംരംഭകർ, സർക്കാരിതര സംഘടനകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ (PMBI) ഔദ്യോഗിക പോർട്ടലായ www.janaushadhi.gov.in. വഴി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ബ്ലോക്കുകളിലും തഹസീൽ തലങ്ങളിലും ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിൽ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഈ ചട്ടക്കൂട് പിന്തുണയ്ക്കുന്നു. ഇത് എല്ലാവർക്കും മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ വ്യാപകമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നു.
പൗര കേന്ദ്രീകൃത സംരംഭം: ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിൻ
ആരോഗ്യ പരിപാലന രംഗത്തെ ലഭ്യതയും മിതമായ നിരക്കും അവബോധവും മെച്ചപ്പെടുത്തുന്നതിനായി PMBJP നിരവധി ജനകീയ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്ക് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി 2019-ൽ ആരംഭിച്ച ജൻ ഔഷധി സുവിധ ഓക്സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ അത്തരത്തിലുള്ള ഒരു പ്രധാന സംരംഭമാണ്.
ഒരു പാഡിന് ഒരു രൂപ എന്ന ഉയർന്ന സബ്‌സിഡി നിരക്കിൽ നല്കുന്ന ഈ സംരംഭം, സുരക്ഷിതമായ ആർത്തവ രീതികൾക്ക് മുന്നിലുള്ള സാമ്പത്തിക തടസ്സങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഈ നാപ്കിനുകളിൽ ഒരു ഓക്സോ-ബയോഡീഗ്രേഡബിൾ അഡിറ്റീവ് അടങ്ങിയിട്ടുണ്ട്. ഉപയോഗശേഷം നിർമ്മാർജ്ജനം ചെയ്യുമ്പോൾ ഓക്സിജനുമായി സമ്പർക്കത്തിൽ വരുന്ന അവസരത്തിൽ പാഡുകൾ നശിച്ചുപോകാൻ ഇവ സഹായിക്കുന്നു, അങ്ങനെ പരിസ്ഥിതി സൗഹൃദപരമായ ഉപയോഗത്തെ പിന്തുണയ്ക്കുന്നു.
ശുചിത്വം, ആരോഗ്യം, ലഭ്യത എന്നീ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന ഈ സംരംഭം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഏറെ പ്രയോജനകരമാണ്. 2026 ജനുവരി 31 വരെ ഈ പദ്ധതിക്ക് കീഴിൽ 100 കോടിയിലധികം സുവിധ സാനിറ്ററി പാഡുകൾ വിറ്റഴിക്കപ്പെട്ടു. ഇതിൽ 22.50 കോടിയിലധികം പാഡുകൾ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം (2026 ജനുവരി 31 വരെ) വിറ്റഴിക്കപ്പെട്ടവയാണ്. നിലവിൽ രാജ്യത്തുടനീളം 18,000-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ സുവിധ നാപ്കിനുകൾ വിതരണം ചെയ്യുന്നു. അങ്ങനെ സുരക്ഷിതവും ശുചിത്വമുള്ളതുമായ ആർത്തവ ഉൽപ്പന്നങ്ങളുടെ ലഭ്യത വിപുലീകരിക്കുന്നു.
ഡിജിറ്റൽ അധിഷ്ഠിത സംരംഭം: ജൻ ഔഷധി സുഗം മൊബൈൽ ആപ്ലിക്കേഷൻ
ലഭ്യത, സുതാര്യത, ഉപയോക്തൃ സൗകര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2019-ൽ “ജൻ ഔഷധി സുഗം” മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ജനറിക് മരുന്നുകളെക്കുറിച്ചും അനുബന്ധ സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ലളിതമായ രീതിയിൽ പൗരന്മാർക്ക് ലഭ്യമാക്കുന്ന ഒരു ഡിജിറ്റൽ ഇൻ്റർഫേസായി ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നു.

പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
• ഗൂഗിൾ മാപ്പുമായുള്ള സംയോജനത്തിലൂടെ ഏറ്റവും അടുത്തുള്ള ജൻ ഔഷധി കേന്ദ്രം ജിയോലൊക്കേഷൻ സഹായത്തോടെ കണ്ടെത്തൽ.
• ജനറിക് മരുന്നുകൾക്കായുള്ള തിരച്ചിൽ സംവിധാനവും അവയുടെ തത്സമയ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങളും.
• ജൻ ഔഷധി ജനറിക് മരുന്നുകളും ബ്രാൻഡഡ് ബദലുകളും തമ്മിലുള്ള പരമാവധി വില്പന വിലയുടെ താരതമ്യ പഠനം; ഇതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള ചെലവുകളിലെ ലാഭം എടുത്തുകാണിക്കുന്നു.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളിൽ ജൻ ഔഷധി സുഗം ആപ്പ് സൗജന്യമായി ലഭ്യമാണ്. കുറഞ്ഞ നിരക്കിലുള്ള മരുന്നുകളുടെ ലഭ്യത വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകളെക്കുറിച്ച് രാജ്യവ്യാപകമായി അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ഒരു ഡിജിറ്റൽ ഗവേണൻസ് ഇടപെടലിനെയാണ് ഈ ആപ്ലിക്കേഷൻ പ്രതിനിധീകരിക്കുന്നത്.
തന്ത്രപരമായ വിപുലീകരണത്തിലൂടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു
ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിൽ മാത്രമല്ല, അവയുടെ പ്രവർത്തന സ്ഥിരതയും ദീർഘകാല സുസ്ഥിരതയും ഉറപ്പാക്കുന്നതിലും ഈ പദ്ധതി ഊന്നൽ നല്കുന്നു. ഈ കാര്യത്തിൽ, ജൻ ഔഷധി കേന്ദ്രങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിരവധി തന്ത്രപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
• ഉൽപ്പന്നങ്ങളുടെ എണ്ണം വർദ്ധിപ്പിക്കൽ: വിട്ടുമാറാത്തതും പെട്ടെന്നുണ്ടാകുന്നതുമായ രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടുത്തി മരുന്നുകളുടെ പട്ടിക നിരന്തരം വിപുലീകരിക്കുന്നു. കൂടാതെ, പ്രോട്ടീൻ പൗഡറുകൾ, മാൾട്ട് അധിഷ്ഠിത ഭക്ഷണ പൂരകങ്ങൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും കടകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ചിട്ടുണ്ട്.
• പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളുമായുള്ള സംയോജനം: സർക്കാർ ആശുപത്രികൾക്കുള്ളിൽ വാടക രഹിത സ്ഥലങ്ങൾ നല്കിക്കൊണ്ട് ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പുകളേയും മറ്റ് അധികാരികളേയും പ്രോത്സാഹിപ്പിക്കുന്നു; ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ മരുന്നുകൾ ലഭ്യമാകുന്നു.
• പ്രകടനാനുസൃത സ്റ്റോക്കിംഗ് മാനദണ്ഡങ്ങൾ: ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിന് കേന്ദ്രങ്ങൾ കുറഞ്ഞത് 200 ഫാസ്റ്റ് മൂവിംഗ് മരുന്നുകളെങ്കിലും സ്റ്റോക്ക് ചെയ്യണമെന്ന് നിബന്ധനയുണ്ട്; ഇത് അവശ്യ മരുന്നുകളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നു.
• സഹകരണ മേഖലയുടെ പങ്കാളിത്തം: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് (PACS) അവരുടെ 13 കോടിയിലധികം വരുന്ന ചെറുകിട-നാമമാത്ര കർഷകരുടെ ഗ്രാമീണ ശൃംഖലയും ഭൂമി, കെട്ടിടങ്ങൾ, സംഭരണ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ഇത് മരുന്നുകളുടെ ലഭ്യത കുറവുള്ള ഉൾനാടൻ പ്രദേശങ്ങളിൽ മിതമായ നിരക്കിലുള്ള മരുന്ന് ഹബ്ബുകളായി പ്രവർത്തിക്കാൻ അവരെ അനുവദിക്കുന്നു. PACS-ന് ഗ്രാമീണ ജനതയുമായുള്ള ബന്ധവും അവരിലുള്ള വിശ്വാസവും ഈ കേന്ദ്രങ്ങളുടെ വിജയം ഉറപ്പാക്കാൻ കൂടുതൽ സഹായിക്കുന്നു
റെയിൽവേ സ്റ്റേഷനുകളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ
ഈ പദ്ധതിക്ക് കീഴിൽ, 2026 ജനുവരി 31 വരെ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെ 116 ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കുറഞ്ഞ നിരക്കിലുള്ളതുമായ മരുന്നുകൾ റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലെ ഇവയുടെ സാന്നിധ്യം മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുകയും അവശ്യ മരുന്നുകൾ കുറഞ്ഞ വിലയിൽ കൃത്യസമയത്ത് ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
PMBJK ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥാപനപരവും നിയന്ത്രണപരവുമായ ആവശ്യകതകൾ
ഡി. ഫാം അല്ലെങ്കിൽ ബി. ഫാം യോഗ്യതയുള്ള വ്യക്തികൾക്കും, അല്ലെങ്കിൽ യോഗ്യതയുള്ള ഒരു ഫാർമസിസ്റ്റിനെ ജോലിക്കെടുക്കാൻ സാധിക്കുന്ന വ്യക്തികൾക്കും/സംഘടനകൾക്കും ജൻ ഔഷധി കേന്ദ്രം (JAK) സ്ഥാപിക്കാൻ അർഹതയുണ്ട്. അത്തരമൊരു ഔട്ട്‌ലെറ്റിന് അപേക്ഷിക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള പ്രധാന യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും താഴെ പറയുന്നവയാണ്:
• ഇതിനായി ആവശ്യമുള്ള കുറഞ്ഞ സ്ഥലം: 120 ചതുരശ്ര അടി.
• ഫാർമസിസ്റ്റ് രജിസ്ട്രേഷൻ: ഫാർമസിസ്റ്റ് അവർ ജോലി ചെയ്യുന്ന സംസ്ഥാനത്തെ സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
• വിഭാഗം തിരിച്ചുള്ള രേഖകൾ: ദിവ്യാംഗർ, എസ്‌സി അല്ലെങ്കിൽ എസ്ടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർ ബന്ധപ്പെട്ട അധികാരി നല്കിയ അനുയോജ്യമായ സർട്ടിഫിക്കറ്റ്/തെളിവ് സമർപ്പിക്കണം.
സാമ്പത്തിക ആനുകൂല്യങ്ങളിലൂടെ എല്ലാവരേയും ഉൾക്കൊള്ളുന്ന സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു
PMBJK പ്രകാരം, കേന്ദ്രം നടത്തുന്നവർക്ക് സാമ്പത്തിക ഭദ്രതയും പ്രവർത്തനപരമായ സുസ്ഥിരതയും നല്കുന്നതിനായി ഘടനാപരമായ ഒരു ഇൻസെൻ്റീവ് രീതി നിലവിലുണ്ട്. ഓരോ മരുന്നിൻ്റേയും MRP -യിൽ നികുതികൾ ഒഴിവാക്കിയുള്ള തുകയുടെ 20 ശതമാനം വ്യാപാര ലാഭം ഉടമകൾക്ക് ലഭിക്കുന്നു. നിശ്ചിത പരിധി വരെയുള്ള പ്രകടനാനുസൃതമായ പ്രതിമാസ ഇൻസെൻ്റീവുകൾക്കും അവർക്ക് അർഹതയുണ്ട്. കൂടാതെ, വനിതകൾ, ദിവ്യാംഗർ, എസ്‌സി/എസ്ടി സംരംഭകർ, അഭിലാഷ ജില്ലകളിലും ഭൂമിശാസ്ത്രപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലും കേന്ദ്രങ്ങൾ തുറക്കുന്നവർ എന്നിവർക്ക് ഒരു തവണത്തെ പ്രത്യേക ഇൻസെൻ്റീവ് നല്കുന്നു. അതിനാൽ, ഈ ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിലുള്ള മരുന്നുകളുടെ ലഭ്യത വിപുലീകരിക്കുന്നതിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു.
പ്രത്യേക ഇൻസെൻ്റീവുകൾ
വനിതാ സംരംഭകർ, ദിവ്യാംഗർ, പട്ടികജാത, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർ ആരംഭിക്കുന്ന പി.എം.ബി.ജെ.കെ-കൾക്കും, നീതി ആയോഗ് വിജ്ഞാപനം ചെയ്ത അഭിലാഷ ജില്ലകളിലും (പിന്നാക്ക ജില്ലകൾ), ഹിമാലയൻ പ്രദേശങ്ങൾ, ദ്വീപ് പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ജൻ ഔഷധി കേന്ദ്രം തുടങ്ങുന്ന ഏതൊരു സംരംഭകനും പ്രത്യേക ഇൻസെൻ്റീവുകൾ ലഭ്യമാകും. സാധാരണ നല്കുന്ന ഇൻസെൻ്റീവുകൾക്ക് പുറമെ 2.00 ലക്ഷം രൂപ, മുകളിൽ പറഞ്ഞിരിക്കുന്ന സംരംഭകർക്ക് താഴെ പറയുന്ന പ്രകാരം നല്കുന്നു:
• ഫർണീച്ചറുകൾക്കും ഫിക്‌ചറുകൾക്കുമായി 1.50 ലക്ഷം രൂപ തിരിച്ചടവ്
• കമ്പ്യൂട്ടർ, ഇൻ്റർനെറ്റ്, പ്രിൻ്റർ, സ്കാനർ തുടങ്ങിയവയ്ക്കായി 0.50 ലക്ഷം രൂപ തിരിച്ചടവ്.
ഇത് പുതിയ പി.എം.ബി.ജെ.കെ ആരംഭിക്കുന്നതിന് നൽകുന്ന ഒരു തവണത്തെ ഗ്രാൻ്റ് ആയിരിക്കും; ഇതിനായി യഥാർത്ഥ ബില്ലുകൾ സമർപ്പിക്കേണ്ടതുണ്ട്, കൂടാതെ യഥാർത്ഥത്തിൽ ചെലവായ തുകയിലേക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തുകയും ചെയ്യും.
സാധാരണ ഇൻസെൻ്റീവ്
ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുമായി (PMBI) ബന്ധപ്പെട്ട് സംരംഭകർ, ഫാർമസിസ്റ്റുകൾ, എൻ.ജി.ഒ-കൾ, ചാരിറ്റബിൾ ഓർഗനൈസേഷനുകൾ എന്നിവർ നടത്തുന്ന പി.എം.ബി.ജെ.കെ-കൾക്ക് 5 ലക്ഷം രൂപ വരെയുള്ള ഇൻസെൻ്റീവുകൾക്ക് അർഹതയുണ്ട്. പ്രതിമാസ വാങ്ങലുകളുടെ 20 ശതമാനം എന്ന നിരക്കിലാണ് ഇൻസെൻ്റീവ് നല്കുന്നത്; ഇത് മാസം പരമാവധി 20,000 രൂപ വരെയും സ്റ്റോക്കിംഗ് നിബന്ധനകൾ പാലിക്കുന്നതിനും വിധേയമായിരിക്കും. ആകെ പരിധിയായ 5 ലക്ഷം എത്തുന്നത് വരെ ഇത് തുടരും.
വനിതാ സംരംഭകർ, ദിവ്യാംഗർ, എസ്‌സി/എസ്ടി സംരംഭകർ എന്നിവർ തുടങ്ങുന്ന കേന്ദ്രങ്ങൾക്കും അഭിലാഷ ജില്ലകൾ, ഹിമാലയൻ പ്രദേശങ്ങൾ, ദ്വീപ് പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങൾക്കും ഈ ആനുകൂല്യം ബാധകമാണ്.
വിതരണ ശൃംഖല ശക്തിപ്പെടുത്തലും ലോജിസ്റ്റിക്സ് മാനേജ്‌മെൻ്റും
മരുന്നുകളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ജൻ ഔഷധി കേന്ദ്രങ്ങളിൽ (JAKs) തടസ്സമില്ലാതെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) തുടർച്ചയായ വ്യവസ്ഥാപിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
• ലോജിസ്റ്റിക്സ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കൃത്യസമയത്ത് മരുന്ന് വിതരണം ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളം അഞ്ച് സെൻട്രൽ വെയർഹൗസുകളും 41 ഡിസ്ട്രിബ്യൂട്ടർമാരും ഉൾപ്പെടുന്ന, വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഒരു എൻഡ്-ടു-എൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് സിസ്റ്റം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
• 2024 സെപ്റ്റംബർ മുതൽ, ജൻ ഔഷധി കേന്ദ്രങ്ങളിൽ അമിത ആവശ്യകതയുള്ള 200 മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്നതിന് ഇൻസെൻ്റീവ് നല്കിവരുന്നു. ഈ പ്രത്യേക പട്ടികയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 100 മരുന്നുകളും പൊതുവിപണിയിൽ ഏറ്റവും വേഗത്തിൽ വിറ്റുപോകുന്ന 100 ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.
കൂടാതെ, വിതരണത്തിലെ സ്ഥിരത നിലനിർത്തുന്നതിനായി PMBI വേഗത്തിൽ വിറ്റുപോകുന്ന 400 ഉൽപ്പന്നങ്ങൾ നിരന്തരം നിരീക്ഷിക്കുകയും വ്യവസ്ഥാപിതമായ ഡിമാൻഡ് ഫോർകാസ്റ്റിംഗ് നടത്തുകയും ചെയ്യുന്നു. സംഭരണ ആസൂത്രണം ശക്തിപ്പെടുത്തുന്നതിനും ഓട്ടോമേഷനിലൂടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഈ ഫോർകാസ്റ്റിംഗ് സംവിധാനം ക്രമാനുഗതമായി ഡിജിറ്റൈസ് ചെയ്തുവരികയാണ്.
ഉപസംഹാരം
ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ വളരെ കുറഞ്ഞ വിലയിൽ വ്യാപകമായി ലഭ്യമാക്കുന്നതിലൂടെ ഇന്ത്യയിൽ കുറഞ്ഞ ചെലവിലുള്ളതും തുല്യവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലെ ഒരു പ്രധാന സ്തംഭമായി പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) മാറിയിരിക്കുന്നു. ജൻ ഔഷധി കേന്ദ്രങ്ങളുടെ സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന ശൃംഖല, ശക്തമായ ഗുണനിലവാര ഉറപ്പ് സംവിധാനങ്ങൾ, സുതാര്യതയും സൗകര്യവും വർദ്ധിപ്പിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കാൻ ഈ പദ്ധതി സഹായിച്ചിട്ടുണ്ട്.
എല്ലാവരേയും ഉൾക്കൊള്ളുന്ന സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കുറഞ്ഞ നിരക്കിലുള്ള സാനിറ്ററി ഉൽപ്പന്നങ്ങൾ, രാജ്യവ്യാപകമായ അവബോധ പ്രചാരണ പരിപാടികൾ തുടങ്ങിയ ജനകേന്ദ്രീകൃത സംരംഭങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും PMBJP കേവലം മരുന്നുകളുടെ വില കുറയ്ക്കുക മാത്രമല്ല, മറിച്ച് ലഭ്യതയും വിശ്വാസവും ശാക്തീകരണവും വളർത്തുകയും ചെയ്യുന്നു. ഈ പരിപാടി അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത് തുടരുമ്പോൾ, വിശ്വസനീയവും മിതമായ നിരക്കിലുള്ളതുമായ ആരോഗ്യ പരിരക്ഷ എല്ലാവർക്കും നൽകാനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു.
Click here to see PDF
***
( റിലീസ് ഐ.ഡി: 2236546)
സന്ദര്‍ശക കൗണ്ടര്‍ : 6