ഭൗമശാസ്ത്ര മന്ത്രാലയം
ലക്ഷദ്വീപിൽ നിർമ്മിക്കുന്ന 'സമുദ്ര താപ ഊർജ്ജ പരിവർത്തന' (OTEC) പദ്ധതി സന്ദർശിച്ച് ഡോ. ജിതേന്ദ്ര സിംഗ്
സുസ്ഥിരമായ ജലവിതരണവും ഒപ്പം ഊർജ്ജലഭ്യതയും ഒരേസമയം ഉറപ്പാക്കുന്നതിനുള്ള പദ്ധതി.
ദ്വീപ് പ്രദേശങ്ങളുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വയംപര്യാപ്തമായ ശുദ്ധമായ സ്രോതസ്സുകളിലൂടെ സമുദ്രോർജ്ജത്തിനാകുമെന്ന് മന്ത്രി വാദിക്കുന്നു.
ലക്ഷദ്വീപിലെ OTEC പദ്ധതി ജീവിതം ആയാസ രഹിതമാക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹാർദ്ദവും ലക്ഷ്യമിടുന്നു.
പോസ്റ്റഡ് ഓണ്‍:
06 MAR 2026 7:56PM by PIB Thiruvananthpuram
ദ്വീപ് പ്രദേശങ്ങളിൽ ശുദ്ധജല ലഭ്യതയും പുനരുപയോഗ ഊർജ്ജ ഉപയോഗവും ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായി, ലക്ഷദ്വീപിലെ കവരത്തി സന്ദർശന വേളയിൽ കേന്ദ്ര ഭൗമശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, വെള്ളിയാഴ്ച സമുദ്ര താപ ഊർജ്ജ പരിവർത്തന (OTEC) പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തു.
സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള OTEC അധിഷ്ഠിതമായ, പദ്ധതിയായ ഉപ്പുവെള്ള ശുദ്ധീകരണ സൗകര്യത്തിൻ്റെ പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു. ദ്വീപ് സമൂഹത്തിന് സ്ഥിരവും സുസ്ഥിരവുമായ കുടിവെള്ള വിതരണം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഉപ്പുവെള്ള ശുദ്ധീകരണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാണ് ഉൽപാദിപ്പിക്കുന്ന ഊർജ്ജം ഉപയോഗിക്കുന്നത്.
പരിമിതമായ ഭൂഗർഭജലം, ഉപ്പുവെള്ളത്തിൻ്റെ കടന്നുകയറ്റം, കാലവർഷത്തെ ആശ്രയിച്ചുള്ള നിലനിൽപ്പ് എന്നിവ വിശ്വസനീയമായ ജലവിതരണത്തിന് തടസ്സമാകുന്ന സാഹചര്യത്തിൽ, ലക്ഷദ്വീപിൽ ദീർഘകാലമായി നിലനിൽക്കുന്ന ശുദ്ധജല ലഭ്യതയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സന്ദർശന വേളയിൽ, ഡോ. ജിതേന്ദ്ര സിംഗ് പ്ലാൻ്റിൻ്റെ ഭൗതികവും സാങ്കേതികവുമായ പുരോഗതി അവലോകനം ചെയ്യുകയും, കടൽവെള്ള ഉപഭോഗ സംവിധാനം, ആഴക്കടൽ ശീതജല പൈപ്പ്‌ലൈൻ, ടർബൈൻ-ജനറേറ്റർ യൂണിറ്റ്, ഉപ്പുവെള്ള ശുദ്ധീകരണ മൊഡ്യൂളുകൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ പരിശോധിക്കുകയും ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും, പദ്ധതി പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നതിനുള്ള സമയപരിധിയും പരിസ്ഥിതി സംരക്ഷണ നടപടികളും വിലയിരുത്തുകയും ചെയ്തു. കൂടാതെ, 'ഡീപ് ഓഷ്യൻ മിഷൻ്റെ ' ഭാഗമായി കടലിൽ സ്ഥാപിക്കുന്ന (OTEC) പ്രദർശന പദ്ധതിയെക്കുറിച്ചുള്ള പ്ലാനുകൾ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
പവിഴപ്പുറ്റുകളുടെ രൂപീകരണം, പാറക്കെട്ടുകൾ, കിടങ്ങുകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തിൻ്റെ കടൽത്തീര സാഹചര്യങ്ങളാൽ ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ലോജിസ്റ്റിക്, എഞ്ചിനീയറിംഗ് വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പദ്ധതി ഉദ്യോഗസ്ഥർ പറയുന്നു. കാലവർഷം കനക്കുന്ന മാസങ്ങളിലെ പരിമിതമായ പ്രവർത്തന സമയവും പ്രക്ഷുബ്ധമായ കടൽ അവസ്ഥയും കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു. അതിനാൽ, പ്രത്യേക രൂപകല്പനയും അത്യാധുനിക ഇൻസ്റ്റാലേഷൻ രീതികളും ഈ പദ്ധതിക്കായി ആവശ്യമാണ്.
കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്ന സൗരോർജ്ജത്തിൽ നിന്നോ കാറ്റിൽ നിന്നോ ഉള്ള ഊർജ്ജത്തിൽ നിന്ന് വ്യത്യസ്തമായി, തുടർച്ചയായി ലഭ്യമാകുന്ന ഒരു പുനരുപയോഗ ഊർജ്ജ സ്രോതസ്സായാണ് OTEC അധിഷ്ഠിത സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കാലക്രമേണ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപ്പുവെള്ള ശുദ്ധീകരണ യൂണിറ്റുകളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും, ഇന്ധന ഗതാഗതച്ചെലവും പുറന്തള്ളലും കുറയ്ക്കുന്നതിനോടൊപ്പം ദ്വീപുകളിൽ തടസ്സമില്ലാത്ത ജലവിതരണം ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആഗോളതലത്തിൽ, ജപ്പാനിലെയും അമേരിക്കയിലെയും പദ്ധതികൾ ഉൾപ്പെടെ OTEC സൗകര്യങ്ങൾ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യ. കവരത്തി പ്ലാൻറ്റ് കമ്മീഷൻ ചെയ്യുന്നതോടെ, ഈ നേട്ടം കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഒപ്പം മറ്റ് ഉഷ്ണമേഖലാ ദ്വീപ് സമൂഹങ്ങളിലും തീരദേശ മേഖലകളിലും ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇന്ത്യ പദ്ധതിയിടുന്നു.
ജലലഭ്യത, ഊർജ്ജ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ദ്വീപ് പ്രദേശങ്ങൾ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, സമുദ്രാധിഷ്ഠിത പുനരുപയോഗ ഊർജ്ജത്തെ ഉപ്പുവെള്ള ശുദ്ധീകരണവുമായി സംയോജിപ്പിക്കുന്നത് അത്തരം സ്ഥലങ്ങളിൽ സുസ്ഥിര വികസനത്തിന് ദീർഘകാല പരിഹാരം നൽകുമെന്നും സന്ദർശന വേളയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
സർക്കാരിൻ്റെ നീല സമ്പത് വ്യവസ്ഥ നയത്തിന് കീഴിൽ സമുദ്ര അധിഷ്ഠിത സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനും, ദ്വീപ് സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ പ്രതിരോധം എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



***
( റിലീസ് ഐ.ഡി: 2236330)
സന്ദര്‍ശക കൗണ്ടര്‍ : 16