ഭൗമശാസ്ത്ര മന്ത്രാലയം
ലക്ഷദ്വീപിലെ “ലോ ടെമ്പറേച്ചർ തെർമൽ ഡീസലൈനേഷൻ (എൽടിടിഡി) പ്ലാൻ്റ്” സന്ദർശിച്ച് ഡോ. ജിതേന്ദ്ര സിംഗ്; ജലസുരക്ഷയിൽ സമുദ്ര സാങ്കേതികവിദ്യ നിർണ്ണായകമെന്ന് കേന്ദ്രമന്ത്രി
പോസ്റ്റഡ് ഓണ്‍:
06 MAR 2026 7:58PM by PIB Thiruvananthpuram
കേന്ദ്ര ഭൗമശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ലക്ഷദ്വീപ് സന്ദർശനത്തിൻ്റെ ഭാഗമായി കവരത്തിയിലെ ലോ ടെമ്പറേച്ചർ തെർമൽ ഡീസാലൈനേഷൻ (എൽടിടിഡി) പ്ലാൻ്റ് സന്ദർശിച്ചു. ദ്വീപ് സമൂഹങ്ങളിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം അദ്ദേഹം അവലോകനം ചെയ്തു.
ലക്ഷദ്വീപിലെ ഔദ്യോഗിക പര്യടനത്തിൻ്റെ ഭാഗമായാണ് മന്ത്രി പ്ലാൻ്റ് സന്ദർശിച്ചത്. സന്ദർശന വേളയിൽ ഭൗമശാസ്ത്ര മന്ത്രാലയം നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥരുമായും ശാസ്ത്രജ്ഞരുമായും അദ്ദേഹം അവലോകന യോഗം നടത്തി. മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (എൻഐഒടി) എൽടിടിഡി പദ്ധതി നടപ്പിലാക്കുന്നത്.
കവരത്തി, മിനിക്കോയ്, അഗത്തി, അമിനി, കൽപേനി, കടമത്ത്, ചെത്‌ലത്ത്, കിൽത്താൻ എന്നിങ്ങനെ ലക്ഷദ്വീപിലെ എട്ട് ദ്വീപുകളിൽ നിലവിൽ എൽടിടിഡി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സമുദ്രോപരിതലത്തിലെ ചൂടുവെള്ളവും ഏകദേശം 350 മുതൽ 400 മീറ്റർ വരെ ആഴത്തിലുള്ള തണുത്ത വെള്ളവും തമ്മിലുള്ള താപനില വ്യത്യാസം പ്രയോജനപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ കടൽവെള്ളത്തെ കുടിവെള്ളമാക്കി മാറ്റുന്നത്.
അവലോകന വേളയിൽ, പ്ലാൻ്റുകളുടെ പ്രവർത്തനത്തെക്കുറിച്ചും ദ്വീപ് സമൂഹത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും മന്ത്രിക്ക് വിശദീകരിച്ചു നൽകി. പരിമിതമായ ഭൂഗർഭജല സ്രോതസ്സുകൾ, ഉപ്പുവെള്ളത്തിൻ്റെ കടന്നുകയറ്റം, കാലവർഷത്തെ അമിതമായി ആശ്രയിക്കുന്നത് എന്നിവ കാരണം ലക്ഷദ്വീപ് കാലങ്ങളായി കുടിവെള്ള ലഭ്യതയിൽ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.
കുറഞ്ഞ മർദ്ദത്തിൽ ചൂടുള്ള കടൽവെള്ളം പെട്ടെന്ന് ബാഷ്പീകരിക്കുകയും ആഴക്കടലിലെ തണുത്ത വെള്ളം ഉപയോഗിച്ച് ആ നീരാവിയെ സാന്ദ്രീകരിക്കുകയും ചെയ്യുന്ന രീതിയാണ് എൽടിടിഡി എന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. രാസവസ്തുക്കളോ ഉയർന്ന മർദ്ദത്തിലുള്ള മെംബ്രേനുകളോ ഉപയോഗിക്കാതെയാണ് ഇതിലൂടെ കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്നത്. കൂടാതെ, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന സാന്ദ്രതയേറിയ ഉപ്പുവെള്ളം ഈ പ്രക്രിയയിൽ പുറന്തള്ളപ്പെടുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.
ലക്ഷദ്വീപിലെ ആദ്യത്തെ എൽടിടിഡി പ്ലാൻ്റ് 2005-ൽ കവരത്തിയിലാണ് കമ്മീഷൻ ചെയ്തത്. ഇതിൻ്റെ വിജയത്തിന് പിന്നാലെ, തുടർന്നുള്ള വർഷങ്ങളിൽ മറ്റ് ദ്വീപുകളിലും സമാനമായ സൗകര്യങ്ങൾ ഒരുക്കി.
ഈ ശുദ്ധീകരണ പ്ലാൻ്റുകൾ ദ്വീപുകളിലെ കുടിവെള്ള ലഭ്യത മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജലജന്യ രോഗങ്ങൾ കുറഞ്ഞെന്നും മഴവെള്ള സംഭരണത്തെ മാത്രം ആശ്രയിക്കാതെ വർഷം മുഴുവൻ വിശ്വസനീയമായ രീതിയിൽ കുടിവെള്ളം ലഭിക്കുന്നുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.
ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള പരിശീലനം ലഭിച്ച പ്രാദേശിക ജീവനക്കാരുടെ സഹായത്തോടെയാണ് ഈ പ്ലാൻ്റുകൾ പ്രവർത്തിപ്പിക്കുന്നത്. കടൽത്തീരത്തെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും കാലവർഷക്കെടുതിക്കിടയിലും ആഴക്കടൽ പൈപ്പ് ലൈനുകളും പ്രവർത്തന സംവിധാനങ്ങളും സജ്ജമാക്കുന്നതിന് പ്രത്യേക എഞ്ചിനീയറിംഗ് വൈദഗ്ധ്യം ആവശ്യമാണെന്ന് പദ്ധതിയിൽ പങ്കാളികളായ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ സുസ്ഥിരമായ മാർഗ്ഗങ്ങൾ തേടുമ്പോൾ, ലക്ഷദ്വീപ് പദ്ധതിയിൽ നിന്നുള്ള അനുഭവം സമാനമായ ജലക്ഷാമം നേരിടുന്ന മറ്റ് ദ്വീപുകളിലും തീരപ്രദേശങ്ങളിലും ഇത്തരം സമുദ്ര അധിഷ്ഠിത സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.



****
( റിലീസ് ഐ.ഡി: 2236204)
സന്ദര്‍ശക കൗണ്ടര്‍ : 33