റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാതകളിലേയും എക്‌സ്പ്രസ് വേകളിലേയും ടോൾ പ്ലാസകളിൽ എൻഎച്ച്എഐ 5,100 -ലേറെ വനിതാ ജീവനക്കാരെ വിന്യസിച്ചു

പോസ്റ്റഡ് ഓണ്‍: 06 MAR 2026 3:51PM by PIB Thiruvananthpuram

സ്ത്രീ ശാക്തീകരണവും ടോൾ പ്രവർത്തനങ്ങളിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന രീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി, രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലേയും എക്‌സ്പ്രസ് വേ ശൃംഖലകളിലേയും 1,140-ലധികം ടോൾ പ്ലാസകളിലായി 5,100-ലേറെ വനിതാ ജീവനക്കാരെ എൻഎച്ച്എഐ പകൽ ഷിഫ്റ്റുകളിൽ വിന്യസിച്ചു. ദേശീയപാതയിലെ യാത്രക്കാർക്ക്  കാര്യക്ഷമവും, അനുഭാവപൂർണ്ണവും, ഉപഭോക്തൃ സൗഹൃദവുമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ ദേശീയപാത ഉപഭോക്താക്കളുടെ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തുകയെന്നതും, ഒപ്പം ദേശീയപാത ഫീ പ്ലാസകളിലെ ടോൾ ബൂത്തുകളിൽ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയെന്നതുമാണ് ടോൾ പ്ലാസകളിലെ മുൻനിര പ്രവർത്തന ചുമതലകളിൽ വനിതാ ജീവനക്കാരെ പ്രത്യേകമായി വിന്യസിക്കുന്നതിൻ്റെ ലക്ഷ്യം.

ഫീ പ്ലാസ ഓപ്പറേറ്റർമാരും നാഷണൽ ഹൈവേ ബിൽഡർ ഫെഡറേഷൻ (എൻഎച്ച്ബിഎഫ്), ഹൈവേ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എച്ച്ഒഎഐ), ഓൾ ഇന്ത്യ യൂസർ ഫീ കോൺട്രാക്ടേഴ്സ് ഫെഡറേഷൻ (എഐയുസിഎഫ്) തുടങ്ങിയ പ്രധാന വ്യവസായ അസോസിയേഷനുകളും ഉൾപ്പെടെയുള്ള വിവിധ പങ്കാളികളുമായുള്ള ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനം. ടോൾ പ്ലാസകളിൽ ഉപഭോക്തൃ ഫീ പിരിവിനായി പകൽ ഷിഫ്റ്റുകളിൽ വനിതാ ജീവനക്കാരെ വിന്യസിക്കാൻ എല്ലാ ടോൾ ഓപ്പറേറ്റർമാരും ഏകകണ്ഠമായി സമ്മതിച്ചിരുന്നു. 5,100-ലധികം വനിതാ ടോൾ ജീവനക്കാരെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു. സമീപഭാവിയിൽ കൂടുതൽ പേർ ഇതിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സംരംഭത്തിൻ്റെ നടത്തിപ്പ് എൻഎച്ച്എഐ സൂക്ഷ്മമായി നിരീക്ഷിക്കും, ഇതിലൂടെ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും. ഈ സംരംഭം സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. അതോടൊപ്പം ദേശീയ പാത അടിസ്ഥാന സൗകര്യ മേഖലയിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഈ വിദൂര പ്രദേശങ്ങളിൽ തൊഴിൽ സൃഷ്ടിക്കുകയും ചെയ്യും.

ഈ സംരംഭത്തിൻ്റെ ഭാഗമായി, വിന്യസിക്കപ്പെട്ട വനിതാ ജീവനക്കാർക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക്,  എൻഎച്ച്എഐ പ്രത്യേക പരിശീലനം നല്കും. ദേശീയപാത ഉപഭോക്താക്കളോടുള്ള മാന്യമായ പെരുമാറ്റം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, അടിസ്ഥാന സുരക്ഷാ പ്രോട്ടോക്കോളുകൾ, കാര്യക്ഷമമായ ടോൾ പ്ലാസ പ്രവർത്തനങ്ങൾ നിലനിർത്തൽ തുടങ്ങിയ മേഖലകളിൽ പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കും. ഘടനാപരമായ ഈ ശേഷി വികസിപ്പിക്കൽ ശ്രമം, സുരക്ഷിതവും തൊഴിൽപരമായതുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുന്നതോടൊപ്പം സേവന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മുൻനിര പ്രവർത്തന ചുമതലകളിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാജ്യത്തുടനീളമുള്ള ദേശീയപാത ടോൾ പ്ലാസകളിലെ സേവന വിതരണം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ലിംഗസമത്വവും സാമൂഹിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കാനും എൻഎച്ച്എഐ ലക്ഷ്യമിടുന്നു.

 

***


( റിലീസ് ഐ.ഡി: 2236153) സന്ദര്‍ശക കൗണ്ടര്‍ : 49
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Tamil , Telugu