വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ നേതൃത്വം നൽകി
പോസ്റ്റഡ് ഓണ്‍:
04 MAR 2026 8:15PM by PIB Thiruvananthpuram
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ൽ കേന്ദ്ര കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ നേതൃത്വം നൽകി. ജിഎസ്എംഎ മന്ത്രിതല പരിപാടിയിലും എംഡബ്ല്യുസി മെയിൻ സ്റ്റേജിലും ഇന്ത്യയുടെ ഉയർന്ന തലത്തിലുള്ള പങ്കാളിത്തത്തിന് അദ്ദേഹം നേതൃത്വം നൽകി. മിതമായ നിരക്കിലും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിസജ്ജവുമായ ഡിജിറ്റൽ കണക്റ്റിവിറ്റിക്കായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു.


മന്ത്രിതല ചർച്ചയുടെ സമാപനത്തിൽ "ചെലവ് മൂലമുള്ള തടസ്സങ്ങൾ ഭേദിക്കൽ " എന്ന പ്രമേയത്തോടെയുള്ള സെഷനിൽ ശ്രീ സിന്ധ്യ മുഖ്യ പ്രഭാഷണം നടത്തി. ആഗോളതലത്തിൽ 3.1 ശതകോടി ആളുകളെ അർത്ഥവത്തായ ഡിജിറ്റൽ പങ്കാളിത്തത്തിൽ നിന്ന് ഒഴിവാക്കുന്ന ചെലവ് സംബന്ധിച്ച വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലാണ് സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപയോഗത്തിലെ വിടവ് നികത്തേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞ മന്ത്രി, ഉപകരണങ്ങളുടെയും സേവനങ്ങളുടെയും താങ്ങാനാവുന്ന ചെലവ് ഡിജിറ്റൽ ഉൾപ്പെടുത്തലിന്റെ കേന്ദ്രബിന്ദുവാണെന്ന് എടുത്തുപറഞ്ഞു . "കണക്റ്റിവിറ്റി യഥാർത്ഥത്തിൽ പരിവർത്തനാത്മകമാകണമെങ്കിൽ സാർവത്രികമായി താങ്ങാനാവുന്ന ചെലവിലുള്ളതായിരിക്കണം. നമ്മുടെ മുന്നിലുള്ള വെല്ലുവിളി സാങ്കേതികവിദ്യയുടെ അഭാവമല്ല, മറിച്ച് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കോടിക്കണക്കിന് ആളുകളെ ഉൾപ്പെടുത്തുന്നതിന് തടസ്സമാവുന്ന ചെലവ്മൂലമുള്ള പ്രതിബന്ധങ്ങളാണ് ," കേന്ദ്ര മന്ത്രി പറഞ്ഞു.

നയ പരിഷ്കരണം, മത്സരം, വിപുലത എന്നിവയിലൂടെ ഡാറ്റ ചെലവ് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ അനുഭവം അദ്ദേഹം എടുത്തു പറഞ്ഞു."വിപുലത, നൂതനാശയം , സ്ഥിരതയുള്ള നയ ചട്ടക്കൂടുകൾ എന്നിവയ്ക്ക് ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഇന്ത്യയുടെ ഡിജിറ്റൽ യാത്ര തെളിയിക്കുന്നു. 5G മുതൽ നൂതന 6G ആവാസവ്യവസ്ഥകൾ വരെയുള്ള പുതു തലമുറ കണക്റ്റിവിറ്റി താങ്ങാനാവുന്നതും സമഗ്രവും വിപുലീകരിക്കാവുന്നതുമായി തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്വം." അദ്ദേഹം പറഞ്ഞു. ഉപകരണങ്ങളുടെ താങ്ങാനാവുന്ന വില, നൂതന ധനസഹായ മാതൃകകൾ, സുസ്ഥിര ഡിജിറ്റൽ ആവാസവ്യവസ്ഥകൾ എന്നിവ പ്രാപ്തമാക്കുന്നതിന് ഗവണ്മെന്റുകൾ , വ്യവസായം, ധനകാര്യ സ്ഥാപനങ്ങൾ, ആഗോള സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകോപിതവും ബഹു-പങ്കാളിത്തപരവുമായ സമീപനത്തിന് ശ്രീ സിന്ധ്യ ആഹ്വാനം ചെയ്തു.



പിന്നീട്, "നൂതന സംരംഭത്തിനായി നിർമ്മിച്ചത്" എന്ന ശീർഷകത്തിലുള്ള മുഖ്യ പ്രഭാഷണ സെഷനിൽ കേന്ദ്ര മന്ത്രി ശ്രീ സിന്ധ്യ MWC മെയിൻ വേദിയെ അഭിസംബോധന ചെയ്തു. AI, ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യകൾ, പുതു തലമുറ അടിസ്ഥാന സൗകര്യം എന്നിവയാൽ പ്രവർത്തിക്കുന്ന ബുദ്ധിപരവും പൊരുത്തപ്പെടുന്നതും , മനുഷ്യ കേന്ദ്രീകൃതവുമായ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. "നെറ്റ്‌വർക്കുകൾ ബുദ്ധിപരവും, സ്വയം പ്രവർത്തനശേഷിയുള്ളതും , പ്രതീക്ഷ നൽകുന്നതുമായ ഒരു യുഗത്തിലേക്ക് നാം നീങ്ങുകയാണ്. AI- നിയന്ത്രിത സംവിധാനങ്ങൾ, ക്ലൗഡ്-നേറ്റീവ് ആർക്കിടെക്ചറുകൾ, സുരക്ഷിത ഡിജിറ്റൽ ആവാസവ്യവസ്ഥകൾ എന്നിവ, പൗരന്മാർ കണക്റ്റിവിറ്റി സൗകര്യങ്ങളെ എങ്ങനെ അനുഭവിക്കുന്നുവെന്നും സംരംഭങ്ങൾ എങ്ങനെ നവീകരിക്കുന്നുവെന്നും പുനർനിർവചിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വികസിച്ചുവരുന്ന ടെലികോം നിർമ്മാണ ശേഷികളും നൂതനാശയ ആവാസവ്യവസ്ഥയും പ്രദർശിപ്പിക്കുന്ന ഭാരത് പവലിയന്റെ ഉദ്ഘാടനമായിരുന്നു മറ്റൊരു പ്രത്യേകത. ഈ വർഷം, പവലിയനു കീഴിലുള്ള MWC-യിൽ 40 ഇന്ത്യൻ കമ്പനികളും ഇന്നൊവേറ്റർമാരും പങ്കെടുക്കുന്നു. 4G, 5G റേഡിയോ നെറ്റ്‌വർക്കുകൾ, ഒപ്റ്റിക്കൽ ട്രാൻസ്‌പോർട്ട് സംവിധാനം , IP/MPLS റൂട്ടിംഗ്, ബ്രോഡ്‌ബാൻഡ് ലഭ്യത , സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, AI- നിയന്ത്രിത നെറ്റ്‌വർക്ക് പരിപാലനം , IoT ആപ്ലിക്കേഷനുകൾ, സെമികണ്ടക്ടർ-അധിഷ്ഠിത ഹാർഡ്‌വെയർ, പുതു തലമുറ ഡാറ്റാ സെന്റർ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലുടനീളം പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന മുൻനിര ഇന്ത്യൻ കമ്പനികൾ പവലിയനിൽ പങ്കെടുത്തു.

ജിഎസ്എംഎ ഇൻസൈറ്റ്‌സ് ഹബ്ബിൽ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-നുള്ള ആമുഖ പരിപാടിയും കേന്ദ്ര മന്ത്രി അനാച്ഛാദനം ചെയ്തു. 2026 ഒക്ടോബർ 7 മുതൽ 10 വരെ ന്യൂഡൽഹിയിൽ ഐഎംസി 2026 നടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നൂതന ടെലികമ്മ്യൂണിക്കേഷൻസ്, എഐ-അധിഷ്ഠിത നെറ്റ്വർക് , ഉയർന്നുവരുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ നൂതനാശയത്തിനുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

മൊബൈൽ വേൾഡ് കോൺഗ്രസ് 2026-നെ കുറിച്ച്:
2026 മാർച്ച് 2 മുതൽ 5 വരെ സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഫിറ ബാഴ്‌സലോണ ഗ്രാൻ വിയയിലാണ് മൊബൈൽ വേൾഡ് കോൺഗ്രസ് 2026 നടക്കുന്നത്. ജിഎസ്എംഎ സംഘടിപ്പിച്ച എംഡബ്ല്യുസി 2026, മൊബൈൽ, ടെക്‌നോളജി വ്യവസായത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ്.109,000-ത്തിലധികം സന്ദർശകരെയും ഏകദേശം 2,900 പ്രദർശകരെയും സ്പോൺസർമാരെയും പങ്കാളികളെയും ഈ പരിപാടി ആകർഷിക്കുന്നു. എംഡബ്ല്യുസി 2026-ന്റെ ഔദ്യോഗിക പ്രമേയം " ഐക്യു യുഗം " എന്നതാണ്. ഇത് മികച്ച നെറ്റ്‌വർക്കുകൾ, ബിസിനസ്സ് നവീകരണം, സാമൂഹിക സ്വാധീനം എന്നിവ വർദ്ധിപ്പിക്കുന്നതിന് നിർമിത ബുദ്ധിയുടെയും കണക്റ്റിവിറ്റിയുടെയും സംയോജനത്തെ എടുത്തുകാണിക്കുന്നു.
***
( റിലീസ് ഐ.ഡി: 2235466)
സന്ദര്‍ശക കൗണ്ടര്‍ : 27