PIB Headquarters
azadi ka amrit mahotsav

ലോക വന്യജീവി ദിനം 2026

ഔഷധ, സുഗന്ധ സസ്യങ്ങൾ: ആരോഗ്യം, പൈതൃകം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവ സംരക്ഷിക്കുന്നു

പോസ്റ്റഡ് ഓണ്‍: 03 MAR 2026 2:06PM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ
 

  • വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും സസ്യജാലങ്ങളുടേയും അന്തർദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ (CITES) അംഗീകരിച്ചതിൻ്റെ അടയാളമായി മാർച്ച് 3-ന് ലോക വന്യജീവി ദിനം ആചരിക്കുന്നു. ആരോഗ്യത്തിനും ഉപജീവനമാർഗ്ഗത്തിനും സസ്യസമ്പത്തിനുള്ള പ്രാധാന്യം എടുത്തുകാണിക്കുന്ന “ഔഷധ, സുഗന്ധ സസ്യങ്ങൾ: ആരോഗ്യവും പൈതൃകവും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുന്നു” എന്നതാണ് 2026-ലെ പ്രമേയം.
  • ഏകദേശം 15,000 ഔഷധസസ്യ ഇനങ്ങളുള്ള, ലോകത്തിലെ അതിസമ്പന്നമായ 17 മെഗാ ജൈവവൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവയിൽ 8,000 എണ്ണം ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. ഇത് ഔഷധ, സുഗന്ധ സസ്യങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നു.
  • ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഔഷധ സസ്യ ബോർഡ് (എൻഎംപിബി) നടപ്പിലാക്കുന്ന ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം എന്നിവയെക്കുറിച്ചുള്ള കേന്ദ്ര പദ്ധതിക്ക് കീഴിൽ ഔഷധ സസ്യ സംരക്ഷണ വികസന മേഖലകൾ വഴിയുള്ള ഇൻ സിറ്റു സംരക്ഷണവും, എക്സ്-സിറ്റു കൃഷിയും, വിഭവ വർദ്ധനവും ഇന്ത്യ സജീവമായി പിന്തുണയ്ക്കുന്നു.
  • "ഇന്ത്യയിലെ ഔഷധ സസ്യങ്ങൾ: അവയുടെ ആവശ്യകതയേയും വിതരണത്തേയും കുറിച്ചുള്ള ഒരു വിലയിരുത്തൽ” (വേദ് & ഗൊരയ, 2017) എന്ന പഠനമനുസരിച്ച്, ഔഷധ സസ്യങ്ങളുടെ വാർഷിക ആഭ്യന്തര ആവശ്യകത ഏകദേശം 5,12,000 മെട്രിക് ടൺ (2014–15) ആയി കണക്കാക്കപ്പെട്ടിരുന്നു. 1,178 ഔഷധ സസ്യ ഇനങ്ങൾ വ്യാപാരത്തിലുണ്ടെന്ന് ഈ പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 242 ഇനങ്ങൾ വലിയ തോതിൽ (പ്രതിവർഷം 100 മെട്രിക് ടണ്ണിന് മുകളിൽ) വിപണനം ചെയ്യപ്പെടുന്നു, ഇത് ഈ മേഖലയുടെ വ്യാപ്തിയും സാമ്പത്തിക പ്രാധാന്യവും സൂചിപ്പിക്കുന്നു.

 

ആമുഖം

വന്യജീവികളേയും സസ്യജാലങ്ങളേയും ആഘോഷിക്കുന്നതിനും മനുഷ്യർക്കും ഭൂമിക്കും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതനുസരിച്ച് എല്ലാ വർഷവും മാർച്ച് 3-ന് ആഗോളതലത്തിൽ ലോക വന്യജീവി ദിനം ആചരിക്കുന്നു. വന്യജീവികളുടെ വ്യാപാരം ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ആഗോള പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട്, വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടേയും സസ്യജാലങ്ങളുടേയും അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ (CITES) അംഗീകരിച്ചതിനെ ഈ ദിനം അടയാളപ്പെടുത്തുന്നു. വന്യജീവികൾ പ്രകൃതിയുടെ സൗന്ദര്യത്തിൻ്റെ ഭാഗം മാത്രമല്ല, മറിച്ച് ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, ഉപജീവനമാർഗ്ഗങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര വികസനം എന്നിവയുടെ നിർണായക സ്തംഭം കൂടിയാണെന്ന് ഈ ദിനം അടിവരയിടുന്നു. ആവാസവ്യവസ്ഥയുടെ നാശം, അമിത ചൂഷണം, നിയമവിരുദ്ധ വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്ന്, ജൈവവൈവിധ്യം വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്ന ഈ കാലഘട്ടത്തിൽ, നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകൾക്കായി ജൈവ വിഭവങ്ങൾ സംരക്ഷിക്കാനും അവ സുസ്ഥിരമായി ഉപയോഗിക്കാനുമുള്ള ആഗോള ആഹ്വാനമായി ലോക വന്യജീവി ദിനം വർത്തിക്കുന്നു.

 



 

2026-ലെ ലോക വന്യജീവി ദിനത്തിൻ്റെ പ്രമേയം — “ഔഷധ, സുഗന്ധ സസ്യങ്ങൾ: ആരോഗ്യവും പൈതൃകവും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുന്നു”  — മരുന്നുകൾക്കായി ഉപയോഗിക്കുന്ന സസ്യങ്ങളുടെ പ്രാധാന്യവും സാംസ്കാരിക പാരമ്പര്യങ്ങൾ നിലനിർത്തുന്നതിൽ അവയ്ക്കുള്ള പങ്കും പ്രാദേശിക സമൂഹങ്ങൾക്ക് അവ നല്കുന്ന വരുമാനവും എടുത്തുകാട്ടുന്നു. ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളിലെ 70-95 ശതമാനം ആളുകളും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനായി പരമ്പരാഗത വൈദ്യശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്, ഇതിൽ ഭൂരിഭാഗവും സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളാണ്. ഔഷധ, സുഗന്ധ സസ്യങ്ങൾ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ അടിത്തറ പാകുക മാത്രമല്ല, ആധുനിക ഔഷധ നിർമ്മാണ മേഖലയ്ക്കും ഗണ്യമായ സംഭാവന നല്കുന്നു. ആരോഗ്യരംഗത്തെ ഉപയോഗങ്ങൾക്കപ്പുറം, പരാഗണത്തെ പിന്തുണയ്ക്കുന്നതിലൂടെയും മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ സസ്യങ്ങൾ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. അതിനാൽ, ഇവയുടെ സംരക്ഷണം ഒരു ആഗോള മുൻഗണനയാണ്, പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ജൈവവൈവിധ്യ സമ്പന്നമായ രാജ്യങ്ങൾക്ക്.


ഇന്ത്യയുടെ സമ്പന്നമായ ഔഷധ, സുഗന്ധ സസ്യ ജൈവവൈവിധ്യം

 



 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2026-ലെ പ്രമേയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലോകത്തിലെ അതിസമ്പന്നമായ 17 മെഗാ ജൈവവൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, കൂടാതെ ലോകത്തിലെ ജൈവവൈവിധ്യത്തിൻ്റെ 7 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയിൽ 15 കാർഷിക-കാലാവസ്ഥാ മേഖലകളും, അതിലായി 45,000 വ്യത്യസ്ത സസ്യ ഇനങ്ങളുമുണ്ട്. ഇതിൽ 15,000 എണ്ണം ഔഷധസസ്യങ്ങളാണ്. ഇവയിൽ ഏകദേശം 8,000 ഇനങ്ങൾ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലും നാട്ടു വൈദ്യങ്ങളിലും ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഔഷധ, സുഗന്ധ സസ്യങ്ങളുടെ (MAPs) ഏകദേശം 70 ശതമാനവും പശ്ചിമ, പൂർവ്വ ഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങളിലും, ഹിമാലയത്തിലും, ആരവല്ലി പർവ്വതനിരകളിലുമാണ് കാണപ്പെടുന്നത്.

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ 5,250-ലധികം സസ്യ ഇനങ്ങളെ തിരിച്ചറിയുകയും വിവിധ രോഗങ്ങൾക്കായുള്ള 9,567-ലധികം നാട്ടു വൈദ്യ അവകാശവാദങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനായി ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര പരിപാലനത്തിനുമായി ദേശീയ ഔഷധ സസ്യ ബോർഡ് (എൻഎംപിബി) ഒരു സമർപ്പിത പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇത് സംരക്ഷണം, വിവര-വിദ്യാഭ്യാസ-വിനിമയ പ്രവർത്തനങ്ങൾ, കർഷകർക്കുള്ള പരിശീലനം, ഗവേഷണവും വികസനവും, വിപണനം എന്നിവയെ പിന്തുണയ്ക്കുന്നു. ഈ ശ്രമങ്ങൾ ഇന്ത്യയുടെ സമ്പന്നമായ ഔഷധസസ്യ പൈതൃകം സംരക്ഷിക്കുന്നതിലുള്ള ശക്തവും അചഞ്ചലവുമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

 

സംരക്ഷണ സംവിധാനങ്ങൾ


ഇന്ത്യ അതിൻ്റെ സമ്പന്നമായ ഔഷധ-സുഗന്ധ സസ്യ പൈതൃകം സംരക്ഷിക്കുന്നതിനായി ശക്തവും ബഹുതലത്തിലുള്ളതുമായ സമീപനം സ്വീകരിച്ചിട്ടുണ്ട്.

 



 

ഇൻ സിറ്റു കൺസർവേഷൻ എന്നാൽ സസ്യങ്ങളേയും മൃഗങ്ങളേയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ദേശീയ ഉദ്യാനങ്ങൾ, ബയോസ്ഫിയർ റിസർവുകൾ, ജീൻ സാങ്ച്വറികൾ എന്നിവയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഔഷധ സസ്യങ്ങൾക്കായുള്ള ഇത്തരത്തിലുള്ള സംരക്ഷണത്തിൻ്റെ ഒരു പ്രധാന ഉദാഹരണമാണ് ഔഷധ സസ്യ സംരക്ഷണ വികസന മേഖല നടപടി (എംപിസിഎ). ഔഷധസസ്യ ഇനങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നിശ്ചിത കേന്ദ്രമാണ് എംപിസിഎ. നിലവിൽ ഇന്ത്യയിലുള്ള 115 എംപിസിഎ കേന്ദ്രങ്ങൾ, ഇൻ-സിറ്റു സംരക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജൈവ-സാംസ്കാരിക വൈവിധ്യത്തോടൊപ്പം തദ്ദേശീയ ആരോഗ്യ പാരമ്പര്യങ്ങളും നടപ്പിലാക്കുന്നതിനുള്ള മാതൃകകളെ പ്രതിനിധീകരിക്കുന്നു.

എക്സ്-സിറ്റു കൺസർവേഷൻ

 



 

എക്സ്-സിറ്റു കൺസർവേഷൻ എന്നാൽ സസ്യ ജനിതക വിഭവങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് നിയന്ത്രിത സാഹചര്യങ്ങളിൽ സംരക്ഷിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ഇത് ദീർഘകാല സംരക്ഷണവും വന്യമായ സാഹചര്യങ്ങളിലേക്ക് ഇവയെ വീണ്ടും തിരികെ എത്തിക്കാനുള്ള സാധ്യതയും ഉറപ്പാക്കുന്നു. ഇന്ത്യയിൽ, ന്യൂഡൽഹിയിലെ നാഷണൽ ബ്യൂറോ ഓഫ് പ്ലാൻ്റ്  ജനറ്റിക് റിസോഴ്‌സസിലെ (NBPGR) നാഷണൽ സീഡ് ജീൻ ബാങ്കിൽ 9,361 ഔഷധ, സുഗന്ധ സസ്യങ്ങളുടെ (MAP) വിത്തുകൾ ഇപ്രകാരം സംരക്ഷിക്കപ്പെടുന്നു. വിത്തുകൾ ഉണ്ടാകാൻ പ്രയാസമുള്ളതോ അല്ലെങ്കിൽ കായിക പ്രജനനം വഴി വളരുന്നതോ ആയ സസ്യങ്ങൾക്കാണ് ഇത്തരം എക്സ്-സിറ്റു രീതികൾ ഉപയോഗിക്കുന്നത്. ഇവ രണ്ടും ചേർന്ന് ഭാവിയിലെ ആവശ്യങ്ങൾക്കായി ഔഷധസസ്യങ്ങളുടെ വൈവിധ്യം ഉറപ്പാക്കാൻ സഹായിക്കുന്നു.

 



 

പ്രധാന സർക്കാർ പദ്ധതികളും സംരംഭങ്ങളും

രാജ്യത്തുടനീളം ഔഷധസസ്യങ്ങളുടെ സംരക്ഷണം, കൃഷി, സുസ്ഥിര ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിരവധി പ്രധാന പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്:

ദേശീയ ആയുഷ് മിഷൻ (NAM)

മുൻപ്, കൃഷിരീതികളുമായി സംയോജിപ്പിച്ച് ഔഷധസസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, വിള വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിനും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി 2015-16 സാമ്പത്തിക വർഷം മുതൽ 2020-21 വരെ സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ആയുഷ് മന്ത്രാലയത്തിൻ്റെ ഒരു മുൻനിര പദ്ധതിയായ ദേശീയ ആയുഷ് മിഷന് (NAM) കീഴിൽ ആയുഷ് മന്ത്രാലയം മെഡിസിനൽ പ്ലാൻ്റ്  കോംപോണൻ്റ് നടപ്പിലാക്കിയിരുന്നു.

നിലവിൽ, കേന്ദ്രാവിഷ്കൃത പദ്ധതിയായ ഉദ്യാനകൃഷിയുടെ സംയോജിത വികസന ദൗത്യം (എംഐഡിഎച്ച്) കീഴിൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയം ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എംഐഡിഎച്ചിന് കീഴിൽ വരുന്നു.

ഔഷധി വനസ്പതി മിത്ര പരിപാടി (എവിഎംപി)

ഔഷധസസ്യങ്ങളുടെ സംരക്ഷണം, കൃഷി, വിപണനം എന്നിവയിൽ മികച്ച സംഭാവന നല്കുന്ന വ്യക്തികളേയും സമൂഹങ്ങളേയും സ്ഥാപനങ്ങളേയും ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള എൻഎംപിബി അംഗീകരിക്കുകയും പുരസ്കാരം നല്കുകയും ചെയ്യുന്നു. ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിൽ സജീവമായി പങ്കുചേരാൻ ഇത് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

 

ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം എന്നിവയ്ക്കായുള്ള കേന്ദ്ര പദ്ധതി

എൻഎംപിബി വഴി 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിലേക്ക് 322.41 കോടി രൂപ വിഹിതം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ, സസ്യങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി ഔഷധ സസ്യ സംരക്ഷണ വികസന മേഖലകൾ സ്ഥാപിക്കുന്നു. തരിശുഭൂമികളിലും ഗ്രാമീണ മേഖലകളിലും ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നതിലൂടെയും സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാജ്യത്തുടനീളമുള്ള ഉത്തമ കാർഷിക-ശേഖരണ രീതികൾ, അസംസ്‌കൃത ഔഷധ ശേഖരം എന്നിവയിലൂടെ ഗവേഷണത്തിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി പ്രധാനമായും ഊന്നൽ നല്കുന്നത്.

ഇ-ചരക്  (e-CHARAK)

ഔഷധസസ്യങ്ങളുടെ വ്യാപാരത്തിന് വേദി ഒരുക്കുന്നതിനും വിപണി പ്രവേശനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഔഷധ സസ്യ ബോർഡ്, ഔഷധസസ്യങ്ങളുടേയും സസ്യൗഷധങ്ങളുടേയും വിപണനത്തിനായി ഇ-ചരക്  (e-CHARAK) മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഔഷധസസ്യ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ പങ്കാളികൾക്കിടയിൽ, പ്രത്യേകിച്ച് കർഷകർക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കുന്ന ഒരു വേദിയാണ് ഇ-ചരക് (e-CHARAK). ഈ ആപ്ലിക്കേഷൻ വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള 25 ഹെർബൽ മാർക്കറ്റുകളിൽ നിന്നുള്ള 100 ഔഷധസസ്യങ്ങളുടെ രണ്ടാഴ്ചയിലൊരിക്കലുള്ള വിപണി വില ഇ-ചരക് പ്ലാറ്റ്‌ഫോമിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.

 

ഔഷധത്തോട്ടങ്ങളും ബോധവൽക്കരണ പരിപാടികളും

വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധം വളർത്തുന്നതിനായി സ്കൂളുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഔഷധത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ ഔഷധസസ്യങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി അച്ചടി മാധ്യമങ്ങളിലും മറ്റും പ്രത്യേക സസ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്.

പ്രാദേശിക സമൂഹങ്ങൾക്കുള്ള ഉപജീവന പിന്തുണ

സംയോജിത വന പരിപാലന കമ്മിറ്റികൾ, സ്വയംസഹായ സംഘങ്ങൾ, വന പഞ്ചായത്തുകൾ, ജൈവവൈവിധ്യ പരിപാലന കമ്മിറ്റികൾ എന്നിവയ്ക്ക് ഈ പദ്ധതി സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്തുണ നല്കുന്നു. ഇത് ഔഷധസസ്യങ്ങളുടെ മൂല്യവർദ്ധനവ്, ഉണക്കൽ, സംഭരണം, വിപണനം എന്നിവയിൽ പ്രാദേശിക സമൂഹങ്ങളെ സഹായിക്കുകയും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ നേരിട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


ഉഭയകക്ഷി, അന്താരാഷ്ട്ര സഹകരണം

ആഗോളതലത്തിൽ ഔഷധ സസ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള എൻഎംപിബി അന്താരാഷ്ട്ര സംഘടനകളുമായി സജീവമായി സഹകരിക്കുന്നു. അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനോടൊപ്പം ഇന്ത്യയുടെ പരമ്പരാഗത അറിവ് സംരക്ഷിക്കുന്നതിനും ആഗോള കരാറുകൾക്ക് കീഴിൽ ന്യായമായ ആനുകൂല്യങ്ങൾ പങ്കുവെയ്ക്കുന്നത് ഉറപ്പാക്കുന്നതിനും ഇത് പ്രവർത്തിക്കുന്നു.

 

ഇൻ്റഗ്രേറ്റഡ് കോംപോണൻ്റ്  (IC)

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള എൻഎംപിബി, “ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം” എന്ന കേന്ദ്ര പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം “ഔഷധ സസ്യങ്ങളുടെ വിതരണ ശൃംഖലയിലെ ഫോർവേഡ്, ബാക്ക്‌വേഡ് ലിങ്കേജ് (ഇൻ്റഗ്രേറ്റഡ് കോംപോണൻ്റ് )” എന്ന ഒരു വിഭാഗം നടപ്പിലാക്കുന്നു. ഇതിന് കീഴിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ പിന്തുണയ്ക്കപ്പെടുന്നു:

◦  കൃഷിക്കാവശ്യമായ ഔഷധ സസ്യങ്ങളുടെ നടീൽ വസ്തുക്കൾ വർദ്ധിപ്പിക്കുന്നതിനായി ഗുണമേന്മയുള്ള നടീൽ വസ്തുക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ.

 

◦  കർഷകരെ ബോധവൽക്കരിക്കുന്നതിനായി വിവര, വിദ്യാഭ്യാസ, വിനിമയ പ്രവർത്തനങ്ങൾ.

◦  ഔഷധ സസ്യങ്ങളുടെ വിപണന സാധ്യത വർദ്ധിപ്പിക്കുന്നതിനും, ഉൽ‌പ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും, ലാഭക്ഷമത കൂട്ടുന്നതിനും, നഷ്ടം കുറയ്ക്കുന്നതിനുമായി വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും വിപണനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ.

 

◦  അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാര പരിശോധനയും സർട്ടിഫിക്കേഷനും.

 

മെഡിസിനൽ പ്ലാൻ്റ്സ് ബിസിനസ് സെൻ്റർ (എംപിബിസി)

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള എൻഎംപിബി, താഴെ പറയുന്ന ലക്ഷ്യങ്ങളോടെ അതിൻ്റെ നിലവിലുള്ള കേന്ദ്ര പദ്ധതിക്ക് കീഴിൽ മെഡിസിനൽ പ്ലാൻ്റ്സ് ബിസിനസ് സെൻ്റർ (എംപിബിസി) എന്ന പുതിയ വിഭാഗം അടുത്തിടെ ഉൾപ്പെടുത്തിയിട്ടുണ്ട്:

  • ഔഷധസസ്യ ഉൽപ്പന്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി മെഡിസിനൽ പ്ലാൻ്റ്സ് ബിസിനസ് സെൻ്ററുകൾ വികസിപ്പിക്കുക.
  • ഔഷധ സസ്യങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള  പരിപാലനത്തിലും വിപണന അടിസ്ഥാന സൗകര്യങ്ങളിലും നൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക.
  • വിളവെടുപ്പിനു ശേഷം കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനായി കാർഷിക ഉൽപ്പന്നങ്ങൾ, തരംതിരിച്ചതോ പ്രാഥമികമായി സംസ്‌കരിച്ചതോ ആയ ഉൽപ്പന്നങ്ങൾ എന്നിവ സംഭരിക്കാൻ ശാസ്ത്രീയമായ സംഭരണശേഷി സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
  • ഔഷധസസ്യങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെ കഴുകൽ, തരംതിരിക്കൽ, ഗ്രേഡിംഗ്, മൂല്യവർദ്ധനവ്, പാക്കേജിംഗ്, സംഭരണം, ഗുണനിലവാര പരിശോധന എന്നിവയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.


ജിഐ ടാഗുകളിലൂടെ ഇന്ത്യയുടെ ഔഷധസസ്യ പൈതൃകം സംരക്ഷിക്കുന്നു

•   ഞവര അരി (ഒറൈസ സറ്റൈവ എൽ.) പ്രധാനമായും കേരളത്തിലെ പാലക്കാടും സമീപ ജില്ലകളിലുമാണ് കൃഷി ചെയ്യുന്നത്. ആയുർവേദത്തിൽ ഇതിനെ 'ശാഷ്ടികശാലി' എന്ന് വിളിക്കുന്നു. ഞവരക്കിഴി എന്നറിയപ്പെടുന്ന പഞ്ചകർമ്മ ചികിത്സയുടെ പ്രധാന ഘടകമാണിത്. വാതരോഗ ചികിത്സയ്ക്കും പോളിയോ സംബന്ധമായ വൈകല്യങ്ങളുടെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു. കൂടാതെ, ഇത് രക്തചംക്രമണ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു.


•   പച്ച ഏലക്കയുടെ (എലെറ്റേറിയ കാർഡമോമം (എൽ.) മാറ്റൺ) രണ്ട് ജിഐ ഇനങ്ങളുണ്ട് - കേരളത്തിൽ നിന്നുള്ള ആലപ്പി ഏലക്കയും, കർണാടകയിൽ നിന്നുള്ള കൂർഗ് ഏലക്കയും. ആയുർവേദത്തിൽ ഇത് സൂക്ഷ്മ-ഏല അല്ലെങ്കിൽ ഇലൈച്ചി എന്ന് അറിയപ്പെടുന്നു. ആസ്ത്മ ചികിത്സയ്ക്കും, ചുമ, മൂത്രതടസ്സം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാനും ഇത് ഉപയോഗിക്കുന്നു.

•   ഒഡീഷയിൽ, പ്രധാനമായും ഗഞ്ചം ജില്ലയിൽ നിന്നുള്ള ഗഞ്ചം കേവ്ഡ പുഷ്പത്തിന് (പാണ്ടനസ് ഓഡോറിഫർ (ഫോർസ്ക്.) കുൺസെ) ജിഐ ടാഗ് ലഭിച്ചിട്ടുണ്ട്. ആയുർവേദത്തിൽ ഇത് കേതകിപുഷ്പം എന്നറിയപ്പെടുന്നു. നേത്ര സംബന്ധമായ പ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ചികിത്സിക്കാൻ ഇത്  ഉപയോഗിക്കുന്നു.

•   കുങ്കുമപ്പൂവ് (ക്രോക്കസ് സറ്റൈവസ് എൽ.) ജമ്മു കശ്മീരിൻ്റെ ജിഐ ടാഗ് ഉള്ള ഉൽപ്പന്നമാണ്. ആയുർവേദത്തിൽ ഇത് കുങ്കുമ എന്നറിയപ്പെടുന്നു. മൈഗ്രെയ്ൻ ചികിത്സിക്കാനും മുറിവുകൾ സുഖപ്പെടുത്താനും ഛർദ്ദി, ചർമ്മത്തിലെ നിറവ്യത്യാസം, പാടുകൾ എന്നിവ സുഖപ്പെടുത്താനും ഇത് ഉപയോഗിക്കുന്നു.

•   2025 നവംബർ 24-ന് ജിഐ അപേക്ഷാ നമ്പർ 1143 പ്രകാരം എൻഎംപിബി പിന്തുണയുള്ള പ്രോജക്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്ത ഒരു ജിഐ ടാഗാണ് “നാഗൗരി അശ്വഗന്ധ” (വിത്താനിയ സോംനിഫെറ).

ഉപസംഹാരം

ഔഷധ-സുഗന്ധ സസ്യ പൈതൃകം സംരക്ഷിക്കുന്നതിനായുള്ള ഇന്ത്യയുടെ യാത്ര ആഴത്തിലുള്ള വേരുകളുടേയും ഭാവി കാഴ്ചപ്പാടിൻ്റേയും കഥയാണ്. പശ്ചിമഘട്ടത്തിലെ വനങ്ങൾ മുതൽ വിദർഭയിലെ കൃഷിയിടങ്ങൾ വരെയും, പുരാതന ആയുർവേദ വിജ്ഞാനം മുതൽ ഇ-ചരക് (e-CHARAK) പോലുള്ള ആധുനിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരെയും, രാജ്യം സംരക്ഷണം, ഉപജീവനമാർഗ്ഗം, ആരോഗ്യ സംരക്ഷണം എന്നിവയെ ഒരൊറ്റ ശക്തമായ ഇഴയായി കൂട്ടിയിണക്കുന്നു. പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും ശാക്തീകരിക്കപ്പെട്ട സമൂഹങ്ങളും എല്ലാവരേയും ഉൾക്കൊള്ളുന്ന നയങ്ങളുമുള്ള ഇന്ത്യ, അതിൻ്റെ ഹരിത സമ്പത്ത് സംരക്ഷിക്കുക മാത്രമല്ല, വരും തലമുറകൾക്കായി അതിനെ ആരോഗ്യത്തിൻ്റേയും അഭിമാനത്തിൻ്റേയും സമൃദ്ധിയുടേയും ഉറവിടമാക്കി മാറ്റുകയും ചെയ്യുന്നു.


സൂചനകൾ 

 

United Nations

https://www.un.org/en/observances/world-wildlife-day

https://www.unesco.org/en/mab

CITES

https://cites.org/sites/default/files/eng/events/wwd/2026/WWD2026_ConceptNote_EN.pdf

Press Information Bureau

https://www.pib.gov.in/PressReleasePage.aspx?PRID=2209245&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2232271&v=4&reg=3&lang=2&v=1

Ministry of AYUSH

https://namayush.gov.in/content/operational-guidelines-medicinal-plants

https://ngo.ayush.gov.in/Default/assets/front/documents/RevisedCentralSectorSchemeforNMPB_July2023.pdf

https://namayush.gov.in/sites/default/files/FAQ.pdf

https://namayush.gov.in/content/operational-guidelines-medicinal-plants

National Medicinal Plants Board

https://nmpb.nic.in/about-us

Others

mission/pdf/OperationalGuideline/Operational%20Guidelines-%20Medicinal%20Plants.pdf

https://www.wipo.int/en/web/geographical-indications

Click here for pdf file

****


( റിലീസ് ഐ.ഡി: 2235264) സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil