രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'ഐക്യത്തിലൂടെയും വിശ്വാസത്തിലൂടെയും മഹാരാഷ്ട്രയുടെ സുവർണ്ണകാലം' എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്‌ഘാടനം രാഷ്ട്രപതി നിർവ്വഹിച്ചു

പോസ്റ്റഡ് ഓണ്‍: 25 FEB 2026 8:32PM by PIB Thiruvananthpuram

മഹാരാഷ്ട്ര നാഗ്പൂരിലുള്ള വിശ്വശാന്തി സരോവറിൽ ബ്രഹ്മാകുമാരിസ് സംഘടിപ്പിച്ച ‘ഐക്യത്തിലൂടെയും വിശ്വാസത്തിലൂടെയും മഹാരാഷ്ട്രയുടെ സുവർണ്ണകാലം' എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാഷ്ട്രപതി  ദ്രൗപദി മുർമു നിർവ്വഹിച്ചു.

 



 

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ആത്മീയ വികസന മേഖലകളിൽ മഹാരാഷ്ട്ര എന്നും മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളിൽ പുതിയൊരു ഉണർവ്വ് പകർന്നുനൽകിയ ഉദാത്തമായ പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രനിർമ്മാണ ആശയങ്ങളുടെയും ജന്മസ്ഥലമാണ് ഈ പവിത്രഭൂമി. ഛത്രപതി ശിവാജി മഹാരാജ്, മഹാത്മാ ജ്യോതിബാ ഫൂലെ, വാസുദേവ് ബൽവന്ത് ഫഡ്‌കെ, മഹർഷി ധോണ്ടോ കർവെ, രാജർഷി ഷാഹു മഹാരാജ്, ലോകമാന്യ ബാലഗംഗാധര തിലക്, ഗോപാല കൃഷ്ണ ഗോഖലെ, വിനായക് ദാമോദർ സവർക്കർ, ഡോ. ഭീംറാവു അംബേദ്കർ തുടങ്ങിയ മഹദ്‌വ്യക്തികളുടെ ചിന്തകളും പോരാട്ടങ്ങളും സംഭാവനകളും നമ്മുടെ രാജ്യത്തെ ശാക്തീകരിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

വ്യവസായം, കൃഷി, സംരംഭകത്വം, നൂതനാശയങ്ങൾ, ഉന്നത വിദ്യാഭ്യാസം, അമൂല്യമായ സാംസ്കാരിക പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തിൻ്റെ വികസന യാത്രയെ മഹാരാഷ്ട്ര നിരന്തരം ശക്തിപ്പെടുത്തുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഓരോ പൗരനും പ്രയോജനകരമായ സമഗ്രമായ വികസനത്തിലേക്ക് നീങ്ങുക എന്നതാണ് നമ്മുടെ ലക്ഷ്യം. ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ആധുനിക സാങ്കേതികവിദ്യ, നൈപുണ്യ വികസനം, നൂതനാശയങ്ങൾ എന്നിവയുടെ കരുത്ത് പ്രയോജനപ്പെടുത്തിയും കൂടുതൽ ദൃഢവും സമൃദ്ധവുമായ മഹാരാഷ്ട്രയെയും അതിലൂടെ ഇന്ത്യയെയും കെട്ടിപ്പടുക്കാൻ നമ്മൾ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കണം. ബ്രഹ്മാകുമാരിസിൻ്റെ ‘ഐക്യത്തിലൂടെയും വിശ്വാസത്തിലൂടെയും മഹാരാഷ്ട്രയുടെ സുവർണ്ണകാലം’ എന്ന സംരംഭം ആന്തരിക കരുത്തും നേതൃത്വപാടവവും വികസിപ്പിക്കാനും മൂല്യാധിഷ്ഠിത വികസനത്തിനായി പ്രവർത്തിക്കാനും മഹാരാഷ്ട്രയിലെ ജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 



 

ആത്മീയത മനുഷ്യരെ മാനുഷിക മൂല്യങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഐക്യം, ധാർമ്മികതയിലൂന്നിയ പെരുമാറ്റം, പോസിറ്റീവ് ചിന്താഗതി, സാമൂഹിക ഉത്തരവാദിത്തം - ഇവയെല്ലാം ചേർന്ന് സമൂഹത്തെ ശക്തിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള മൂല്യങ്ങൾ ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ സമൂഹത്തിൽ സ്വാഭാവികമായും നല്ല വിശ്വാസം  ഉണ്ടാകും. ഈ പരസ്പര വിശ്വാസം നല്ല ചിന്തകൾ വളർത്തുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

ഒരു ശക്തമായ രാഷ്ട്രം നിലകൊള്ളുന്നതിൻ്റെ അടിസ്ഥാനശിലകൾ ഐക്യവും വിശ്വാസവുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിൽ പരസ്പര വിശ്വാസം വളരുമ്പോൾ, വ്യക്തിപരമായ നേട്ടങ്ങൾക്കതീതമായി പൊതുലക്ഷ്യം കൈവരിക്കുന്നതിനായി ജനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും. സമത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിവേചനങ്ങൾ തുടച്ചുനീക്കുന്നതിലൂടെയും സാമൂഹിക സേവനങ്ങളിൽ പങ്കുചേരുന്നതിലൂടെയും ഓരോ പൗരനും രാഷ്ട്രനിർമ്മാണത്തിൽ ഫലപ്രദമായ സംഭാവന നൽകാൻ കഴിയും.

 



 

എല്ലാവർക്കും വളരാൻ തുല്യ അവസരങ്ങൾ ലഭിക്കുകയും, സാങ്കേതികവിദ്യ വികസനത്തിൻ്റെ പാതയായി മാറുകയും, പുരോഗതിയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുകയും ചെയ്യുമ്പോൾ മാത്രമേ രാജ്യം യഥാർത്ഥത്തിൽ വികസിതമാകൂവെന്ന് രാഷ്ട്രപതി പറഞ്ഞു. ബ്രഹ്മാകുമാരിസിൻ്റെ ഈ സംരംഭത്തെ അഭിനന്ദിക്കുകയും, അവരുടെ പരിശ്രമങ്ങൾ സമൂഹത്തിൽ ഐക്യവും വിശ്വാസവും ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.

 

***


( റിലീസ് ഐ.ഡി: 2232930) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Tamil , English , Urdu , हिन्दी , Marathi