PIB Headquarters
azadi ka amrit mahotsav

ടൂറിസവും വികസനത്തിൻ്റെ ഘടനയും

പോസ്റ്റഡ് ഓണ്‍: 24 FEB 2026 11:44AM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

 • അരുണാചൽ പ്രദേശ്, സിക്കിം, അസം, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സംരക്ഷിക്കുന്നതിനും, തീർത്ഥാടന കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനും, കണക്റ്റിവിറ്റിയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും 2026–27 ലെ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

 

 • ഇക്കോ ടൂറിസം നയതന്ത്രത്തിൽ ഇന്ത്യയുടെ നേതൃത്വം ഉറപ്പിച്ചുകൊണ്ട് 95 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളേയും മന്ത്രിമാരേയും ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യത്തെ ഗ്ലോബൽ ബിഗ് ക്യാറ്റ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

 

 • പൂർവോദയ സംസ്ഥാനങ്ങളിലുടനീളം അഞ്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. കണക്റ്റിവിറ്റിക്കായി 4,000 ഇ-ബസ്സുകൾ അനുവദിക്കും.

 

 • ഇന്ത്യയെ മെഡിക്കൽ ടൂറിസം സേവനങ്ങളുടെ കേന്ദ്രമായി ഉയർത്തുന്നതിനായി അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും.

 

 • ലോത്തൽ, ധോളവീര, രാഖിഗഡി, ആദിച്ചനല്ലൂർ, സാരാനാഥ്, ഹസ്തിനാപുരം, ലേ കൊട്ടാരം എന്നിവയുൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സജീവവും അനുഭവവേദ്യവുമായ സാംസ്കാരിക കേന്ദ്രങ്ങളായി വികസിപ്പിക്കും.

 

 

ആമുഖം

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, വിദേശനാണ്യം നേടുന്നതിനും, സന്തുലിതമായ പ്രാദേശിക വികസനത്തിനും ഗണ്യമായ സാധ്യതകളുള്ള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന മേഖലയാണ് വിനോദസഞ്ചാരം. ആതിഥേയത്വം, ഗതാഗതം, കരകൗശലം, അനുബന്ധ സേവനങ്ങൾ എന്നിവയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനുള്ള ശേഷിയും അതിൻ്റെ ശക്തമായ ഗുണിത ഫലവും കണക്കിലെടുത്ത്, 2026-27 ലെ കേന്ദ്ര ബജറ്റിൽ വിനോദസഞ്ചാരത്തെ ഒരു തന്ത്രപ്രധാനമായ വളർച്ചാ ചാലകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ടൂറിസം മന്ത്രാലയത്തിൻ്റെ ഇന്ത്യ ടൂറിസം ഡാറ്റാ കോംപെൻഡിയം 2025 പ്രകാരം, ഇന്ത്യയുടെ ജിഡിപിയിലേക്ക് (മൊത്തം സ്വാധീനം ) ഈ മേഖല 5.22 ശതമാനം സംഭാവന ചെയ്യുന്നു. ഇതിൽ നേരിട്ടുള്ള വിഹിതം 2.72 ശതമാനമാണ്. മൊത്തം തൊഴിലവസരങ്ങളുടെ 13.34 ശതമാനത്തേയും ഈ മേഖല പിന്തുണയ്ക്കുന്നു, ഇതിൽ നേരിട്ടുള്ള തൊഴിൽ വിഹിതം 5.82 ശതമാനമാണ്. ഇത് ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിലും എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനത്തിലും ഈ മേഖലയ്ക്കുള്ള ശക്തമായ പങ്കിനെ പ്രതിഫലിപ്പിക്കുന്നു.

 

 

ഈ സാമ്പത്തിക മുൻഗണനയെ മുൻനിർത്തി, സ്ഥാപനപരമായ ശേഷി ശക്തിപ്പെടുത്തുന്നതിനും സേവന നിലവാരം വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റ് ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ നിർദ്ദേശിക്കുന്നു. തൊഴിൽ നൈപുണ്യത്തിലെ വിടവുകൾ പരിഹരിക്കുന്നതിനും അക്കാദമിക് പരിശീലനത്തെ വ്യവസായ ആവശ്യങ്ങളുമായി സംയോജിപ്പിക്കുന്നതിനുമായി ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കുന്നത് ഇതിലെ പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 10,000 ടൂറിസ്റ്റ് ഗൈഡുകളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമും ഇതിലുണ്ട്. തൊഴിൽ ശക്തി ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രധാന ടൂറിസം സർക്യൂട്ടുകളിലുടനീളം സന്ദർശകരുടെ അനുഭവങ്ങൾ ഉയർത്തുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു.

 

പൈതൃകവും അനുഭവവേദ്യവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം, വിനോദസഞ്ചാര ആസ്തികൾക്കായി ഡിജിറ്റൽ വിജ്ഞാന ഗ്രിഡുകൾ നിർമ്മിക്കുക, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വന്യജീവി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ നിർദ്ദേശങ്ങളിലൂടെ വിനോദസഞ്ചാര മേഖലയുടെ ആധുനികവൽക്കരണത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടേയും കണക്റ്റിവിറ്റിയുടേയും മെച്ചപ്പെടുത്തൽ, വിദൂരമായതും വളർന്നുവരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം മൂല്യ ശൃംഖലയിലേക്ക് കൂടുതൽ സമന്വയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ പ്രാദേശിക സംരംഭകത്വത്തേയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയേയും പിന്തുണയ്ക്കാനും സാധിക്കും.

 

മൊത്തത്തിൽ, 2026–27 ലെ കേന്ദ്ര ബജറ്റ് വിനോദസഞ്ചാരത്തെ ഇന്ത്യയുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളിലെ കരുത്തുറ്റതും ഉയർന്ന സ്വാധീനമുള്ളതുമായ ഒരു മേഖലയായി പ്രതിഷ്ഠിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, എല്ലാ മേഖലകളിലും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുക എന്നിവയിലാണ് ബജറ്റ് വ്യക്തമായ ശ്രദ്ധ നല്കുന്നത്.

 

2026–27 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ

 

പ്രത്യേക പ്രമേയാധിഷ്ഠിത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം

ആത്മീയ വിനോദസഞ്ചാരത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും വടക്കുകിഴക്കൻ മേഖലയിലെ സമ്പന്നമായ ബുദ്ധമത പൈതൃകവും കണക്കിലെടുത്ത്, വടക്കുകിഴക്കൻ മേഖലയിലെ ബുദ്ധമത സർക്യൂട്ടുകളുടെ വികസനത്തിനായി സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോള ബുദ്ധമത വിനോദസഞ്ചാര ഭൂപടത്തിൽ ഈ മേഖലയെ ഒരു പ്രധാന കേന്ദ്രമായി പ്രതിഷ്ഠിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

 

 

ചരിത്രപരമായും ആത്മീയമായും പ്രാധാന്യമുള്ള നിരവധി ബുദ്ധമത കേന്ദ്രങ്ങളുള്ള അരുണാചൽ പ്രദേശ്, അസം, സിക്കിം, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളെ ഈ പദ്ധതി ഉൾക്കൊള്ളും. ക്ഷേത്രങ്ങളുടേയും ആശ്രമങ്ങളുടേയും വികസനവും സംരക്ഷണവും, തീർത്ഥാടന വിശദീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ, തീർത്ഥാടകർക്കുള്ള സൗകര്യങ്ങളും പൈതൃക സംബന്ധമായ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. ഈ സംരംഭം ആത്മീയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും ആഭ്യന്തര-അന്തർദ്ദേശീയ തീർത്ഥാടകരെ ആകർഷിക്കുമെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സുസ്ഥിരമായ രീതിയിൽ സംഭാവന നല്കുമെന്നും പ്രതീക്ഷിക്കുന്നു.

 

ടൂറിസം മന്ത്രാലയത്തിൻ്റെ മുൻകാല പ്രമേയാധിഷ്ഠിത വിനോദസഞ്ചാര സംരംഭങ്ങളിൽ നിന്ന്, പ്രത്യേകിച്ച് 2014–15 ൽ ആരംഭിച്ച സ്വദേശ് ദർശൻ പദ്ധതിയിൽ നിന്ന് ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

 

രാജ്യത്തുടനീളം പ്രമേയം അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് യാത്രാസൗകര്യം, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, സന്ദർശകരുടെ മൊത്തത്തിലുള്ള വിനോദസഞ്ചാര അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

 

വിനോദസഞ്ചാര രംഗത്തെ പുതിയ പ്രവണതകൾക്കും സുസ്ഥിരതയ്ക്കും മുൻഗണന നല്കിക്കൊണ്ട്, ഉത്തരവാദിത്ത വിനോദസഞ്ചാരം, സാംസ്കാരിക-പ്രകൃതി പൈതൃക സംരക്ഷണം, സമൂഹ പങ്കാളിത്തം, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ പദ്ധതി പിന്നീട് സ്വദേശ് ദർശൻ 2.0 (SD 2.0) ആയി പരിഷ്കരിച്ചു.

 

 • മൊത്തം 5,290.33 കോടി രൂപ ചെലവിൽ സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ ഇതുവരെ 76 പദ്ധതികൾക്ക് അനുമതി നല്കിയിട്ടുണ്ട്. ഇതിൽ 75 എണ്ണം പൂർത്തിയായിക്കഴിഞ്ഞു, ഇത് രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലെ ഗണ്യമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

 

പരിസ്ഥിതി സൗഹൃദ പാതകളും കണക്റ്റിവിറ്റിയും

പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതും സുസ്ഥിരവുമായ വിനോദസഞ്ചാരത്തിന് ബജറ്റ് ഊന്നൽ നല്കി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, പൂർവ്വ ഘട്ടത്തിലെ അരക്കു താഴ്വര, പശ്ചിമ ഘട്ടത്തിലെ പൊതിഗൈ മല എന്നിവിടങ്ങളിൽ പരിസ്ഥിതി സൗഹൃദ പർവ്വത-പ്രകൃതി പാതകൾ വികസിപ്പിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഒഡീഷ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിലുള്ള കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ടർട്ടിൽ ട്രെയിലുകൾ, ആന്ധ്രാപ്രദേശിലെ പുലിക്കട്ട് തടാകത്തിലൂടെയുള്ള പക്ഷി നിരീക്ഷണ പാതകൾ തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

 

• കൂടാതെ, അതിവേഗ റെയിൽ ഉൾപ്പെടെയുള്ള റെയിൽവേ വികസനവും പ്രാദേശിക കണക്റ്റിവിറ്റിയുടെ വിപുലീകരണവും വിദൂര പ്രദേശങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനവും വിനോദസഞ്ചാര യാത്രകൾ സുഗമമാക്കുമെന്നും വളർന്നുവരുന്നതും നിലവിലുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാര ആസൂത്രണത്തെ അടിസ്ഥാന സൗകര്യ വികസനവുമായി സംയോജിപ്പിക്കുന്നതിനും സന്ദർശകർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനോടൊപ്പം പ്രാദേശിക സാമ്പത്തിക വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

ആഗോള തലത്തിലുള്ള ചുവടുവെയ്പ്പ്: ബിഗ് ക്യാറ്റ് ഉച്ചകോടി 2026

 

 

വനസംരക്ഷണം, ആവാസവ്യവസ്ഥാ സംരക്ഷണം, ശാസ്ത്രീയ സഹകരണം, സുസ്ഥിര വന്യജീവി വിനോദസഞ്ചാരം എന്നിവയ്ക്കായുള്ള കൂട്ടായ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി 95 ബിഗ് ക്യാറ്റ് റേഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ തലവന്മാരേയും മന്ത്രിമാരേയും ക്ഷണിച്ചുകൊണ്ട് 2026-ൽ ഇന്ത്യ ആദ്യമായി ആഗോള ബിഗ് ക്യാറ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് 2026–27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിലും അന്താരാഷ്ട്ര വന്യജീവി സഹകരണത്തിലും ഇന്ത്യയുടെ പങ്ക് ഉയർത്താനുള്ള സർക്കാരിൻ്റെ താല്പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

ബിഗ് ക്യാറ്റ് സംരക്ഷണത്തിനായി ആഗോള സഹകരണം സുഗമമാക്കുന്നതിന് സമർപ്പിതമായി രൂപീകരിച്ച ഇൻ്റർഗവൺമെൻ്റൽ സംഘടനയായ അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം (IBCA) സ്ഥാപിക്കുന്നതിലും പ്രവർത്തനക്ഷമമാക്കുന്നതിലും ഇന്ത്യ വഹിക്കുന്ന പങ്ക് ഈ മേഖലയിലെ രാജ്യത്തിൻ്റെ നേതൃത്വത്തിന് ഉദാഹരണമാണ്. കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി ശരിവെക്കുകയും ചെയ്ത ഐബിസിഎ-യുടെ (IBCA) ഫ്രെയിംവർക്ക് എഗ്രിമെൻ്റ് വഴി ഈ സംഘടന നിലവിൽ വന്നു. ഇന്ത്യ അതിൻ്റെ ആസ്ഥാനത്തിനും സെക്രട്ടേറിയറ്റിനും ആതിഥേയത്വം വഹിക്കുകയും അതിൻ്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബജറ്റ് പിന്തുണ നല്കുകയും ചെയ്തതോടെ ഈ സംഘടന ഔദ്യോഗികമായി നിലവിൽ വന്നു.

 

ലോകത്തിലെ ഏഴ് ബിഗ് ക്യാറ്റ് സ്പീഷീസുകളിൽ അഞ്ചെണ്ണത്തിൻ്റെ ആവാസകേന്ദ്രമാണ് ഇന്ത്യ - കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ എന്നിവയാണ് അവ.

 

ആദ്യത്തെ ആഗോള ബിഗ് ക്യാറ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് അന്താരാഷ്ട്ര വന്യജീവി സംരക്ഷണ നേതൃത്വത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും, മികച്ച പ്രവർത്തനങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുമെന്നും, ബിഗ് ക്യാറ്റ് റേഞ്ച് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

 

സ്ഥാപനപരവും മാനുഷികവുമായ വിഭവശേഷി പരിഷ്കരണങ്ങൾ

 

വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സ്ഥാപനപരമായ ശേഷിയും മാനുഷിക വിഭവശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ബജറ്റ് നിർദ്ദേശിച്ചു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജിയെ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റിയായി ഉയർത്തുക എന്നതാണ് ഇതിലെ ഒരു പ്രധാന സംരംഭം. ഉയർന്ന നിലവാരമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസം, വ്യവസായ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതി, ഗവേഷണ അവസരങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവ നല്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഈ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക് മേഖലയ്ക്കും വ്യവസായത്തിനും സർക്കാരിനും ഇടയിലുള്ള ഒരു പാലമായി വർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. കൂടാതെ, 20 പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 10,000 ടൂറിസ്റ്റ് ഗൈഡുകളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പരിപാടി ക്ലാസ്റൂം പരിശീലനം, ഫീൽഡ് പരിശീലനം, ഡിജിറ്റൽ മോഡ്യൂളുകൾ എന്നിവ സംയോജിപ്പിച്ചുള്ള 12 ആഴ്ച നീണ്ടുനിൽക്കുന്ന ഹൈബ്രിഡ് പരിശീലന മാതൃകയാണ് പിന്തുടരുന്നത്. ഈ സംരംഭം ഗൈഡിംഗ് സേവനങ്ങളെ പ്രൊഫഷണലൈസ് ചെയ്യാനും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ടൂറിസം സേവനങ്ങളിൽ നൈപുണ്യ വികസനം, സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ, പ്രൊഫഷണലിസം എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ടൂറിസം മന്ത്രാലയത്തിൻ്റെ നിലവിലുള്ള സംരംഭങ്ങളായ കപ്പാസിറ്റി ബിൽഡിംഗ് ഫോർ സർവീസ് പ്രൊവൈഡേഴ്സ് (CBSP), ഇൻക്രെഡിബിൾ ഇന്ത്യ ടൂറിസ്റ്റ് ഫെസിലിറ്റേറ്റർ (IITF) എന്നീ പ്രോഗ്രാമുകൾക്ക് ഈ ഇടപെടലുകൾ പൂരകമാകും. ഈ നടപടികൾ സംയോജിച്ച് പ്രതിഭകളുടെ ശക്തമായ ഒരു നിര സൃഷ്ടിക്കാനും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

 

ഡിജിറ്റൽ - പൈതൃക അടിസ്ഥാന സൗകര്യങ്ങൾ

 

 

ആസൂത്രണം, ഗവേഷണം, പ്രൊമോഷൻ, സന്ദർശകരുമായുള്ള ഇടപെടൽ എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഒരു നാഷണൽ ഡെസ്റ്റിനേഷൻ ഡിജിറ്റൽ നോളജ് ഗ്രിഡ് രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇന്ത്യയിലുടനീളമുള്ള സാംസ്കാരികവും ആത്മീയവും പൈതൃകപരവുമായ കേന്ദ്രങ്ങളെ രേഖപ്പെടുത്തുകയും ഗവേഷകർ, ഉള്ളടക്ക സൃഷ്ടാക്കൾ, ചരിത്രകാരന്മാർ, വിനോദസഞ്ചാര മേഖല എന്നിവർക്ക് ആവശ്യമായ വിവരങ്ങൾ നല്കുകയും ചെയ്യും. വിവരശേഖരണത്തിലൂടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനും പൈതൃക പരിപാലനത്തിനും ഈ ഗ്രിഡ് സഹായിക്കും.

 

ലോത്തൽ, ധോളവീര, രാഖിഗഡി, സാരാനാഥ്, ഹസ്തിനപുരം, ലേ കൊട്ടാരം എന്നിവയുൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സജീവവും അനുഭവവേദ്യവുമായ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനും ബജറ്റ് നിർദ്ദേശിച്ചു. വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നല്കുന്നതിനായി പ്രത്യേക നടപ്പാതകൾ, വ്യാഖ്യാന കേന്ദ്രങ്ങൾ, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, പൈതൃക സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സൃഷ്ടിക്കുന്നതും ഇതിൽ ഉൾപ്പെടും.

 

വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾക്കും പൈതൃക വികസനത്തിനുമായി സാമ്പത്തിക സഹായം നല്കുന്ന സ്വദേശ് ദർശൻ 2.0, SASCI തുടങ്ങിയ നിലവിലുള്ള പദ്ധതികളുടെ തുടർച്ചയായാണ് ഈ സംരംഭങ്ങൾ നടപ്പിലാക്കുന്നത്. പ്രസാദ് പദ്ധതിക്ക് പൂരകമായി വർത്തിക്കുന്ന ഈ നടപടികൾ, സുസ്ഥിര വിനോദസഞ്ചാരവും പ്രാദേശിക സമൂഹത്തിൻ്റെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇന്ത്യയുടെ സാംസ്കാരിക ആസ്തികൾ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.

 

മെഡിക്കൽ ടൂറിസവും ആരോഗ്യ-ക്ഷേമ സംയോജനവും

ഇന്ത്യയെ ഒരു ആഗോള മെഡിക്കൽ, വെൽനസ് വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനുള്ള ഒരു പദ്ധതി 2026–27 ലെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ അത്യാധുനിക ആരോഗ്യ സേവനങ്ങൾ, ആയുഷ് കേന്ദ്രങ്ങൾ, മെഡിക്കൽ വാല്യൂ ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററുകൾ എന്നിവയും രോഗനിർണ്ണയം, പോസ്റ്റ്-കെയർ, പുനരധിവാസം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ ഹബ്ബുകൾ സംയോജിപ്പിക്കും. ഇത് ആഗോള ആരോഗ്യ പരിപാലന യാത്രയിൽ ഇന്ത്യയുടെ മത്സരക്ഷമത വർദ്ധിപ്പിക്കും.

 

സേവനങ്ങളുടെ ഗുണനിലവാരവും സന്ദർശകരുടെ സംതൃപ്തിയും മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക ആരോഗ്യ-ഹോസ്പിറ്റാലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ജാംനഗറിലെ ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ ട്രെഡീഷണൽ മെഡിസിൻ സെൻ്റർ നവീകരിക്കുന്നത് ഉൾപ്പെടെയുള്ള, വെൽനസും പരമ്പരാഗത വൈദ്യശാസ്ത്രവും വിനോദസഞ്ചാരവുമായി സംയോജിപ്പിക്കാനുള്ള സർക്കാരിൻ്റെ വിപുലമായ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ സംരംഭങ്ങൾ നടപ്പിലാക്കുന്നത്.

 

പ്രാദേശിക വികസന മുന്നേറ്റം: പൂർവോദയ സംസ്ഥാനങ്ങൾ

പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സർക്കാരിൻ്റെ കാഴ്ചപ്പാടിൻ്റെ ഭാഗമായി ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ പൂർവോദയ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി 2026-27 ലെ കേന്ദ്ര ബജറ്റ് വ്യക്തമാക്കി. ദുർഗാപൂരിൽ മികച്ച കണക്റ്റിവിറ്റിയുള്ള ഈസ്റ്റ് കോസ്റ്റ് വ്യാവസായിക ഇടനാഴി ഉൾപ്പെടുന്ന ഒരു സംയോജിത വികസന ചട്ടക്കൂടിന് കീഴിൽ, ഓരോ പൂർവോദയ സംസ്ഥാനങ്ങളിലും ഒന്ന് വീതം അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഇതോടൊപ്പം, ഈ പ്രദേശങ്ങളിലുടനീളം മികച്ച കണക്റ്റിവിറ്റിയും പരിസ്ഥിതി സൗഹൃദ ഗതാഗതവും യാത്രക്കാർക്ക് കൂടുതൽ ലഭ്യതയും ഉറപ്പാക്കുന്നതിനായി 4,000 ഇലക്ട്രിക് ബസുകൾ അനുവദിക്കുന്നതായും പ്രഖ്യാപിച്ചു.

 

 

വിനോദസഞ്ചാരത്തിലൂടെയുള്ള വളർച്ചയുടെ ഭാഗമായി പ്രാദേശിക സാംസ്കാരിക, പ്രകൃതിദത്ത, പൈതൃക ആസ്തികളെ പ്രയോജനപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വിപുലമായ തന്ത്രമാണ് പൂർവോദയയ്ക്കുള്ള മുൻഗണന പ്രതിഫലിപ്പിക്കുന്നത്. വിനോദസഞ്ചാര വികസനത്തെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളുമായും പൊതുസേവനങ്ങളുമായും ബന്ധിപ്പിക്കുന്നതിലൂടെ, കിഴക്കൻ മേഖലയെ ആഭ്യന്തര-അന്തർദേശീയ സന്ദർശകർക്ക് ആകർഷകവും മികച്ച മത്സരശേഷിയുള്ളതുമായ ഒരു കേന്ദ്രമാക്കി മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

 

ഉപസംഹാരം

 

സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളാണ് 2026–27 ലെ കേന്ദ്ര ബജറ്റിലെ വിനോദസഞ്ചാര സംരംഭങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, പൈതൃക സംരക്ഷണം, നൈപുണ്യ വികസനം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ആത്മീയ, പരിസ്ഥിതി, സാഹസിക, മെഡിക്കൽ ടൂറിസം തുടങ്ങിയ പ്രത്യേക മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള പ്രോഗ്രാമുകളുമായി പുതിയ പദ്ധതികളെ ഇത് സംയോജിപ്പിക്കുന്നു.

 

വടക്കുകിഴക്കൻ മേഖലയിലെ ബുദ്ധമത സർക്യൂട്ടുകൾ വികസിപ്പിക്കുക, ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ വിജ്ഞാനം, പൈതൃക കേന്ദ്രങ്ങൾ എന്നിവ നവീകരിക്കുക തുടങ്ങിയ പ്രധാന മേഖലകൾ സുസ്ഥിരവും ലക്ഷ്യസ്ഥാനാധിഷ്ഠിതവുമായ വിനോദസഞ്ചാരത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഈ നടപടികൾ സ്വദേശ് ദർശൻ 2.0, പ്രസാദ്, കപ്പാസിറ്റി ബിൽഡിംഗ് തുടങ്ങിയ പദ്ധതികളുമായി ചേർന്നു പ്രവർത്തിക്കുന്നത് നയപരമായ വ്യക്തതയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും ഉറപ്പാക്കുന്നു.

 

അടിസ്ഥാന സൗകര്യങ്ങളേയും പ്രാദേശിക സമൂഹത്തേയും സംസ്കാരത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇന്ത്യയെ മത്സരബുദ്ധിയുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ശക്തമായ അടിത്തറ പാകുന്നു. ഇതിൻ്റെ വിജയകരമായ നടപ്പിലാക്കൽ സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ സാംസ്കാരിക-പ്രകൃതി പൈതൃകത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വിനോദസഞ്ചാര മേഖലയെ സാമൂഹിക-സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയാക്കി മാറ്റാൻ ഈ പദ്ധതികൾ ലക്ഷ്യമിടുന്നു.

 

റഫറൻസുകൾ

 

https://www.pib.gov.in/PressReleasePage.aspx?PRID=2221781&reg=3&lang=1  

https://www.pib.gov.in/PressReleasePage.aspx?PRID=2221455&reg=3&lang=1  

https://www.pib.gov.in/PressReleasePage.aspx?PRID=2221458&reg=3&lang=1  

https://www.pib.gov.in/PressReleasePage.aspx?PRID=2221403&lang=1&reg=3&utm_source  

https://www.pib.gov.in/PressReleasePage.aspx?PRID=2221403&lang=1&reg=3&utm_source  

https://www.pib.gov.in/PressReleasePage.aspx?PRID=2221403&utm_source=chatgpt.com&reg=3& lang=2   

https://www.pib.gov.in/PressReleasePage.aspx?PRID=2221403&lang=1&reg=3&utm_source

https://www.pib.gov.in/PressNoteDetails.aspx?NoteId=153202&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2221403&reg=3&lang=2

Click here to see pdf 

****


( റിലീസ് ഐ.ഡി: 2232681) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati