ഉരുക്ക് മന്ത്രാലയം
ഉരുക്ക് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ഇന്ത്യയും ബ്രസീലും ധാരണാപത്രത്തിൽ ഒപ്പുവച്ചു
പോസ്റ്റഡ് ഓണ്‍:
21 FEB 2026 2:35PM by PIB Thiruvananthpuram
ഉരുക്ക് മേഖലയ്ക്ക് ആവശ്യമായ ധാതു, ഖനന സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഗവൺമെൻ്റിന് കീഴിലുള്ള ഉരുക്ക് മന്ത്രാലയവും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിൻ്റെ ഖനി, ഊർജ്ജ മന്ത്രാലയവും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും ബ്രസീൽ പ്രസിഡൻ്റ് ആദരണീയ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.
ഉരുക്ക് മൂല്യ ശൃംഖലയിലുടനീളം ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സ്ഥാപനപരമായ ചട്ടക്കൂട് ഈ ധാരണാപത്രം ഉറപ്പാക്കുന്നു. ഉരുക്ക് ഉത്പാദനത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളുടെ വിശ്വസനീയവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇനിപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും:
- ഉരുക്ക് മേഖലയിലെ പര്യവേക്ഷണം, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ നിക്ഷേപം ആകർഷിക്കുക
- ധാതുക്കളുടെ സംസ്കരണത്തിനും പുനരുപയോഗത്തിനും ഉള്ള സാങ്കേതികവിദ്യകൾ
- പര്യവേക്ഷണത്തിലും ഖനനത്തിലും നൂതന സാങ്കേതികവിദ്യകളുടെ ഓട്ടോമേഷനും ഉപയോഗവും
- പര്യവേക്ഷണ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിന് ജിയോ സയന്റിഫിക് ഡാറ്റ വിശകലനത്തിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗം
- ധാതു വേർതിരിച്ചെടുക്കൽ, സംസ്കരണം, പരിസ്ഥിതി പരിപാലനം എന്നിവയിലെ മികച്ച രീതികൾ
ലോകത്തിലെ മുൻനിര ഇരുമ്പയിര് ഉത്പാദക രജ്യങ്ങളിലൊന്നാണ് ബ്രസീൽ. മാംഗനീസ്, നിക്കൽ, നിയോബിയം എന്നിവയുൾപ്പെടെ ഉരുക്ക് നിർമ്മാണത്തിന് അനിവാര്യമായ ധാതുക്കളുടെ ഗണ്യമായ ശേഖരം രാജ്യത്തുണ്ട്. ഇന്ത്യയുടെ ഉരുക്ക് മേഖലയുടെ ദീർഘകാല വളർച്ച നിലനിർത്തുന്നതിന് ആവശ്യമായ നിർണ്ണായക അസംസ്കൃത വസ്തുക്കളിലേക്കും സാങ്കേതികവിദ്യകളിലേക്കുമുള്ള അഭിഗമ്യത ബ്രസീലുമായുള്ള സഹകരണത്തിലൂടെ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ ഇന്ത്യയ്ക്ക് 218 ദശലക്ഷം ടൺ ഉരുക്ക് നിർമ്മാണ ശേഷിയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും വ്യവസായവത്ക്കരണത്തിൻ്റെയും ഫലമായി വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത നിറവേറ്റാൻ, ഇന്ത്യൻ കമ്പനികൾ ഉരുക്ക് നിർമ്മാണ ശേഷി ഗണ്യമായ വിപുലീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഉരുക്ക് ഉത്പാദനത്തിന് ആവശ്യമായ ധാതു വിഭവങ്ങളുടെ വികസനത്തിനായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ധാതു സംസ്കരണം, പ്രയോജനപ്പെടുത്തൽ, പുനരുപയോഗം, ഡാറ്റാധിഷ്ഠിത പര്യവേക്ഷണം എന്നിവയിൽ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ധാരണാപത്രം. ഉരുക്ക് നിർമ്മാണ അസംസ്കൃത വസ്തുക്കൾ സുഗമമായി ലഭ്യമാക്കുന്നതിനും, ഉരുക്ക് മൂല്യ ശൃംഖലയിലുടനീളം സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും, ഇന്ത്യ-ബ്രസീൽ ഉരുക്ക് വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം ഉപകരിക്കും.
***.
( റിലീസ് ഐ.ഡി: 2231267)
സന്ദര്‍ശക കൗണ്ടര്‍ : 13