ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

എഐ സുരക്ഷയും മാനദണ്ഡങ്ങളും രൂപപ്പെടുത്താന്‍ കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് ദക്ഷിണാർധഗോള രാഷ്ട്രങ്ങൾ

പോസ്റ്റഡ് ഓണ്‍: 20 FEB 2026 7:54PM by PIB Thiruvananthpuram

നിർമിതബുദ്ധി സങ്കേതങ്ങളെ നിയന്ത്രിക്കാൻ രൂപകല്പന ചെയ്ത സ്ഥാപനങ്ങളേക്കാൾ വേഗം അത്യാധുനിക എഐ ശേഷികൾ മുന്നേറുന്ന സാഹചര്യത്തിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെ “അന്താരാഷ്ട്ര എഐ സുരക്ഷാ ഏകോപനത്തില്‍ നയരൂപകർത്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ” എന്ന സെഷൻ വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ നിർമിതബുദ്ധിയുടെ സുരക്ഷയും മാനദണ്ഡങ്ങളും വിന്യാസ പാതകളും എങ്ങനെ രൂപീകരിക്കാമെന്ന് വിലയിരുത്തി. വിഘടിച്ചുനിൽക്കുന്ന ആഗോള സാഹചര്യത്തിൽ കേവലം നിയമങ്ങൾ സ്വീകരിക്കുന്നവർ മാത്രമായി നില്‍ക്കാതെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ പരിഹാരങ്ങള്‍‌ കണ്ടെത്തുന്നതിലാണ് സെഷൻ ഊന്നൽ നൽകിയത്. അന്താരാഷ്ട്ര എഐ സുരക്ഷാ ഏകോപനവുമായി ബന്ധപ്പെട്ട സെഷനുകളിലെ സമാപന സംവാദമെന്ന നിലയിൽ പൊതുവിശ്വാസ്യതയുമായും മൗലികാവകാശങ്ങളുമായും ദീർഘകാല സ്ഥിരതയുമായും ഒത്തുപോകുന്ന നൂതനാശയങ്ങളുടെ പ്രായോഗിക തലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രിമാരും ബഹുരാഷ്ട്ര നേതാക്കളും എഐ സുരക്ഷാ വിദഗ്ധരും ചര്‍ച്ചയില്‍ അണിനിരന്നു.  

 

 

ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം സഹകരണം കേവലം നയതന്ത്രപരമായ ഒന്നല്ലെന്നും മറിച്ച് സാങ്കേതികവും സാമ്പത്തികവുമായ അനിവാര്യതയാണെന്നും സംവാദം വ്യക്തമാക്കി. ആരോഗ്യം, കൃഷി, പൊതുസേവന വിതരണം തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധി ഇതിനകം പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോ രാജ്യവും ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിന് പകരം അപകടസാധ്യതകൾ ഒന്നിച്ച് വിലയിരുത്തേണ്ടതിന്റെയും പരസ്പരം സഹകരിക്കാവുന്ന ഭരണസംവിധാനങ്ങളും ഏകോപിത സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടതിന്റെയും പ്രാധാന്യം പ്രഭാഷകർ എടുത്തുപറഞ്ഞു. രാജ്യങ്ങൾക്ക് സ്ഥാപനപരമായ ശേഷി കെട്ടിപ്പടുക്കാനും തെളിവുകൾ കൈമാറാനും പൊതു മാനദണ്ഡങ്ങൾ അതിവേഗം നടപ്പാക്കാനും കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത ഘട്ടമെന്ന് അവർ വ്യക്തമാക്കി.  

 

സെഷനിൽ സംസാരിച്ച സിംഗപ്പൂര്‍ ഡിജിറ്റൽ വികസന വിവരസാങ്കേതിക മന്ത്രി ജോസഫിൻ തിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന്റെയും ആഗോളതലത്തിൽ പരസ്പര പൂരക മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. വ്യോമയാന സുരക്ഷയുമായി താരതമ്യം ചെയ്ത് ഫലപ്രദമായ നിയന്ത്രണം കേവലം അവബോധത്തേക്കാളുപരി പരിശോധനകളിലും മാതൃകകളിലും അധിഷ്ഠിതമായിരിക്കണമെന്ന് അവർ നിരീക്ഷിച്ചു. അന്താരാഷ്ട്ര ഏകോപനമില്ലെങ്കിൽ വിഘടനം നിലനിൽക്കുകയും വിശ്വാസം ദുർബലമാവുകയും അത്യാധുനിക സാങ്കേതികവിദ്യകളുടെ സുരക്ഷിതമായ വിപുലീകരണം കൂടുതൽ പ്രയാസകരമാവുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

 

വിശ്വസനീയ പ്രാദേശിക സഹകരണം ശക്തമായ ദേശീയ അടിത്തറയെ ആശ്രയിച്ചിരിക്കുന്നുവെന്ന് മലേഷ്യയിലെ ഡിജിറ്റൽ വികസന വിവരസാങ്കേതിക മന്ത്രി ഗോവിന്ദ് സിങ് ദിയോ വ്യക്തമാക്കി. മധ്യശക്തി രാഷ്ട്രങ്ങള്‍ ആദ്യം ആഭ്യന്തര സ്ഥാപന ശേഷിയും നിയമനിര്‍വഹണ ശേഷിയും കെട്ടിപ്പടുക്കണമെന്നും അതേസമയം ഏഷ്യൻ എഐ സുരക്ഷാ ശൃംഖല പോലെ പ്രാദേശിക സംവിധാനങ്ങളുപയോഗിച്ച് പങ്കാളിത്ത പ്രതിബദ്ധതകളെ അപകടസാധ്യത പങ്കിടുന്നതിനും തയ്യാറെടുപ്പിനും അനുയോജ്യമായ പ്രവർത്തന സംവിധാനങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

എഐ സ്വീകാര്യതയുടെ പാത നിർണയിക്കുന്നത് പൊതുവിശ്വാസ്യതയായിരിക്കുമെന്ന് അഭിപ്രായപ്പെട്ട ഒഇസിഡി സെക്രട്ടറി ജനറൽ മാത്തിയാസ് കോർമാൻ നിര്‍മിതബുദ്ധിയിലെ വിശ്വാസം കെട്ടിപ്പടുക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതിലൂടെയും വസ്തുതാപരമായ തെളിവുകളിലൂടെയുമാണെന്ന് നിരീക്ഷിച്ചു. നൂതനാശയങ്ങളും മേൽനോട്ടവും തമ്മിലെ അന്തരം കുറയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വ്യവസായങ്ങളുടെയും പൊതുസമൂഹത്തിന്റെയും സംയുക്ത പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എഐ സംവിധാനങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും മൗലികാവകാശങ്ങളെ മാനിക്കുന്നുവെന്നും ഉറപ്പാക്കാന്‍ ചില സമയങ്ങളിൽ വേഗം കുറയ്ക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷിക്കുകയും വിവരങ്ങൾ പങ്കിടുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

എഐ സംവിധാനങ്ങളുടെ തുടക്കം മുതൽ സുരക്ഷ രൂപകല്പന ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിലാണ് ലോകബാങ്ക് ഡിജിറ്റൽ ആൻഡ് എഐ വൈസ് പ്രസിഡന്റ് സംഗ്‌ബു കിം ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ച് ശേഷി കുറഞ്ഞ സാഹചര്യങ്ങളിൽ റെഡ്-ടീമിംഗ് പോലുള്ള രീതികളിലൂടെ ഉയർന്നുവരുന്ന ഭീഷണികൾ മുൻകൂട്ടി കാണാൻ സഹകരണ പങ്കാളിത്തം രാഷ്ട്രങ്ങളെ പ്രാപ്തമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍മിതബുദ്ധിയെ ഒരേസമയം “ആയുധമായും പരിചയായും” വിശേഷിപ്പിച്ച അദ്ദേഹം വിപുലമായ വിന്യാസത്തിന് മുന്‍പ് അപകടസാധ്യതകൾ കൈകാര്യം ചെയ്യാന്‍ തുടർച്ചയായ പഠനവും അനുഭവങ്ങൾ പങ്കിടലും ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.  

 

സ്കൈപ് സ്ഥാപക എന്‍ജിനീയറും ഫ്യൂച്ചർ ഓഫ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനുമായ എഐ നിക്ഷേപകൻ ജാൻ ടാലിൻ അത്യാധുനിക എഐ വികസനത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയെ വിലയിരുത്തുകയും മുൻനിര ലബോറട്ടറികൾക്കിടയിലെ മത്സര സമ്മർദം മൂലം ഏകപക്ഷീയ നിയന്ത്രണങ്ങൾക്ക് സാധ്യതയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാഷ്ട്രീയ ബോധവും ഏകോപിത അന്താരാഷ്ട്ര പ്രവർത്തനവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വാദിച്ചു. അത്യാധുനിക നിര്‍മിതബുദ്ധി മേഖലയിൽ മൂലധനത്തിന്റെയും കംപ്യൂട്ട് ശേഷിയുടെയും കേന്ദ്രീകരണം ഭരണനിർവഹണം സങ്കീര്‍ണമാക്കുകയല്ലെന്നും മറിച്ച് സുഗമമാക്കുകയാണെന്നും ഇതിന് മതിയായ ആഗോള വിന്യാസം ആവശ്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

 

വിവിധ മേഖലകളില്‍ സ്ഥാപന കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ അടുത്ത 12 മുതല്‍ 18 വരെ മാസത്തേക്ക് വ്യക്തമായ ആസൂത്രണം സെഷൻ മുന്നോട്ടുവെച്ചു. പങ്കാളിത്ത സുരക്ഷാ മാനദണ്ഡങ്ങൾ, ഘടനാപരമായ വിവരങ്ങളുടെ പങ്കിടൽ, ഏകോപിത സ്ഥാപന ശേഷി എന്നിവയിലൂടെ തത്വങ്ങളിൽ നിന്ന് പ്രവർത്തനപരമായ സഹകരണത്തിലേക്ക് നീങ്ങുകയെന്നതാണ് ലക്ഷ്യം. ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം എഐ ഭരണനിർവഹണം അവലംബിക്കുന്നതിലുപരി അതിന് രൂപം നല്‍കാന്‍ മേഖലയിലെ പരസ്പര സഹകരണം വഴിയൊരുക്കുമെന്ന് പ്രഭാഷകർ വ്യക്തമാക്കി. പൊതുവിശ്വാസം ശക്തിപ്പെടുത്താനും മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ദീർഘകാല ആഗോള സ്ഥിരതയ്ക്ക് പിന്തുണയേകാനും ഇത് സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.   

****


( റിലീസ് ഐ.ഡി: 2231025) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati