റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ ദേശീയ പാത ടോൾ പ്ലാസകളിലെ പണപ്പിരിവ് 2026 ഏപ്രിൽ ഒന്നു മുതൽ പൂർണമായും നിർത്തലാക്കാൻ സാദ്ധ്യത.

പോസ്റ്റഡ് ഓണ്‍: 20 FEB 2026 5:01PM by PIB Thiruvananthpuram
രാജ്യത്തെ ദേശീയ പാത ടോൾ പ്ലാസകൾ സമ്പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ദേശീയ പാത ടോൾ പ്ലാസുകളിലെ പണപ്പിരിവ് 2026 ഏപ്രിൽ ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നതിനെക്കുറിച്ച് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ആലോചിക്കുന്നു. ഇത് പ്രാബല്യത്തിൽ വന്നാൽ, ദേശീയ പാത ഫീസ് പ്ലാസകളിൽ ടോൾ പണമടയ്ക്കൽ മുഴുവനും FASTag അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) പോലുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമായിരിക്കും നടത്തുക.
 
ഇലക്ട്രോണിക് ടോൾ ശേഖരണത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ കൂടുതൽ ഉറപ്പിക്കുകയും ദേശീയ പാത ഫീസ് പ്ലാസകളുടെ പ്രവർത്തനക്ഷമതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. ഈ മാറ്റം ദേശീയ പാത ഉപയോക്താക്കൾക്ക് ‘യാത്രാസൗകര്യം’ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകരമാകും. ലെയിൻ വാഹന നീക്കം വർധിപ്പിക്കുക, ഫീസ് പ്ലാസുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, ടോൾ ഇടപാടുകളിൽ കൂടുതൽ സ്ഥിരതയും സുതാര്യതയും ഉറപ്പാക്കുക എന്നിവയും ഇതിലൂടെ സാധ്യമാകും.
 
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി FASTag സംവിധാനം 98 ശതമാനത്തിലധികം പ്രാവർത്തികമായത് രാജ്യത്തെ ടോൾ പിരിവ് രീതികളെ ഗണ്യമായി മാറ്റിമറിച്ചു. നിലവിൽ, ഭൂരിഭാഗം ടോൾ ഇടപാടുകളും വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന RFID സജ്ജീകരണമുള്ള FASTag മുഖേന ഇലക്ട്രോണിക് രീതിയിലാണ് പ്രോസസ്സ് ചെയ്യുന്നത്. ഇതുവഴി ടോൾ പ്ലാസുകളിൽ തടസ്സരഹിതവും സമ്പർക്കരഹിതവുമായ ഗതാഗതം സാധ്യമാക്കി .
 
ഇതിനൊപ്പം, ദേശീയ പാത ടോൾ പ്ലാസുകളിൽ UPI പേയ്‌മെന്റ് സൗകര്യവും നിലവിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തുടനീളമുള്ള ദേശീയ പാത യാത്രക്കാർക്ക് വേഗത്തിലുള്ളതും സുലഭവുമായ ഡിജിറ്റൽ പണമടയ്ക്കൽ മാർഗങ്ങൾ ഉറപ്പാക്കുന്നു.
 
നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ അനുസരിച്ച്, സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫീ പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പണമായി ഫീസ് അടയ്ക്കുകയാണെങ്കിൽ ബാധകമായ ഉപയോക്തൃ ഫീസിന്റെ ഇരട്ടി ഈടാക്കും. അതേസമയം UPI വഴി പണമടയ്ക്കാൻ തിരഞ്ഞെടുക്കുന്ന നാഷണൽ ഹൈവേ ഉപയോക്താക്കളിൽ നിന്ന് ഉപയോക്തൃ ഫീസിന്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കൂ. പണമിടപാടുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ടോളിംഗ് ചട്ടക്കൂട് ഡിജിറ്റൈസ് ചെയ്യുക എന്നീ ലക്ഷ്യങ്ങൾ ഈ സംരംഭം ഉറപ്പാക്കുന്നു.
 
പ്ലാസ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ പ്രകാരം, പണം നൽകിയുള്ള ടോൾ പണമടയ്ക്കൽ രീതികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയും, തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പ് സമയം കൂടുകയും, ഇടപാട് സംബന്ധമായ തർക്കങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
രാജ്യത്തുടനീളം വിവിധ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലുമായി പ്രവർത്തിക്കുന്ന 1,150-ത്തിലധികം ഫീസ് പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനത്തിലേക്ക് മാറുകവഴി, പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുകയും, ഗതാഗത നിയന്ത്രണം മെച്ചപ്പെടുകയും, യാത്രാ ബുദ്ധിമുട്ട് കുറയുകയും, ദേശീയപാത ഉപയോക്താക്കളുടെ ആകെ അനുഭവം മെച്ചപ്പെടുകയും ചെയ്യും.
 
രാജ്യത്തുടനീളമുള്ള ദേശീയപാത ഉപയോക്താക്കൾക്ക് വേഗതയേറിയതും തടസ്സമില്ലാത്തതുമായ സേവനങ്ങൾ നൽകുന്ന സാങ്കേതികവിദ്യാധിഷ്ഠിതവും ഉയർന്ന കാര്യക്ഷമതയുള്ളതുമായ ദേശീയ പാതാ ശൃംഖല വികസിപ്പിക്കുക എന്ന ദേശീയപാതാ അതോറിട്ടിയുടെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതാണ് ഈ സംരംഭം.
 
***

( റിലീസ് ഐ.ഡി: 2230945) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati