ഉപരാഷ്ട്രപതിയുടെ കാര്യാലയം
ശശി തരൂര്‍ രചിച്ച “ഹിന്ദുമതത്തെ പുനരാവിഷ്കരിച്ച ജ്ഞാനി: ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും പാഠങ്ങളും പൈതൃകവും” എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
19 FEB 2026 7:28PM by PIB Thiruvananthpuram
പാര്‍ലമെൻ്റംഗം ഡോ. ശശി തരൂര്‍ രചിച്ച “ഹിന്ദുമതത്തെ പുനരാവിഷ്കരിച്ച ജ്ഞാനി: ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും പാഠങ്ങളും പൈതൃകവും” എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇൻ്റർനാഷണൽ സെൻ്ററിൽ പ്രകാശനം ചെയ്തു.
ജാതി വിവേചനങ്ങളും സാമൂഹ്യ അസമത്വങ്ങളും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ കാലത്താണ് ശ്രീനാരായണ ഗുരു ആത്മീയ വഴികാട്ടിയായി ഉയർന്നുവന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി പറഞ്ഞു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവിൻ്റെ അനശ്വര സന്ദേശം കേവലം ആത്മീയ പ്രഖ്യാപനം മാത്രമല്ലെന്നും മറിച്ച് സമത്വത്തിനും ആത്മാഭിമാനത്തിനും സാർവത്രിക സാഹോദര്യത്തിനും വേണ്ടി അദ്ദേഹം നടത്തിയ വിപ്ലവകരമായ ആഹ്വാനമായിരുന്നുവെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ക്ഷേത്ര പ്രതിഷ്ഠകളിലൂടെയും വിദ്യാഭ്യാസ പ്രോത്സാഹനത്തിലൂടെയും ജ്ഞാനവും കരുണയും ആയുധമാക്കി ഗുരു അനീതിയെ വെല്ലുവിളിച്ചതായി ഉപരാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ശിവഗിരി മഠം സന്ദർശനത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഏവരേയും സമത്വത്തോടെയും ആത്മാഭിമാനത്തോടെയും സമീപിക്കാന്‍ വ്യക്തികളെ പ്രചോദിപ്പിക്കുന്ന പവിത്രമായ ഇടങ്ങളിലൊന്നായി ശിവഗിരിയെ വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകൾ ഉദ്ധരിച്ച ഉപരാഷ്ട്രപതി, ഗുരുവിൻ്റെ പ്രബോധനങ്ങൾ സാമൂഹ്യ നീതിയിലേക്ക് വഴികാട്ടിയാണെന്നും വിവേചനങ്ങൾ ഇല്ലാതാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾക്ക് അവ മാർഗദർശിയായി തുടരുന്നുവെന്നും അഭിപ്രായപ്പെട്ടു.
ആദി ശങ്കരാചാര്യരും രാമാനുജാചാര്യരും ശ്രീനാരായണ ഗുരുവുമുള്‍പ്പെടെ വിശുദ്ധരും പരിഷ്കർത്താക്കളും അവരുടെ ആത്മീയ പ്രബോധനങ്ങളിലൂടെ സമൂഹത്തെ പുനർനിർമിക്കുകയും അനീതിയെ ചോദ്യം ചെയ്യുകയും അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുകയും ചെയ്തതിലൂടെ ഓരോ പൗരൻ്റെയും അന്തസ്സ് വീണ്ടെടുത്തതായി ഭാരതത്തിൻ്റെ സമ്പന്ന ആത്മീയ പൈതൃകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ആദി ശങ്കരാചാര്യർ ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് ഐക്യഭാരതം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുവിനെക്കുറിച്ച് രചിച്ച പുസ്തകം ഇന്ത്യയുടെ നാഗരിക പൈതൃകത്തിൻ്റെ ആഗോള വ്യാപ്തി വർധിപ്പിക്കുമെന്ന് ഡോ. ശശി തരൂരിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി പറഞ്ഞു. വ്യക്തതയോടെയും ചരിത്രപരമായ ആഴത്തോടെയും പൊതുസംവാദങ്ങളെ സമ്പന്നമാക്കിയ വിശിഷ്ട നയതന്ത്രജ്ഞനും പാർലമെൻ്റംഗവും ഗ്രന്ഥകാരനുമാണ് ഡോ. തരൂരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരവാദത്തോട് ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത സന്ദേശം ലോകത്തെ അറിയിക്കുന്നതിന് 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യവേളയില്‍ സർവകക്ഷി സംഘത്തെ ഡോ. തരൂർ നയിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു.
ആത്മാഭിമാനം, സത്യസന്ധമായ അധ്വാനം, സാമൂഹ്യ പരിവർത്തനം എന്നിവയ്ക്ക് ഊന്നൽ നൽകിയ ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തിലേക്കും പ്രബോധനങ്ങളിലേക്കും പുസ്തകം വെളിച്ചം വീശുന്നുവെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. വിദ്യാഭ്യാസത്തിലൂടെയും സ്ഥാപന രൂപീകരണങ്ങളിലൂടെയും സാമൂഹ്യ -സാമ്പത്തിക ഉദ്ധാരണത്തിലൂടെയും ഗുരുവിൻ്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ 1903-ൽ സ്ഥാപിതമായ ശ്രീനാരായണ ധർമ പരിപാലന (എസ്.എൻ.ഡി.പി) യോഗം വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ നാഗരിക സ്മരണകൾ സംരക്ഷിക്കാന്‍ രാജ്യത്തെ ആത്മീയ-സാമൂഹ്യ പരിഷ്കർത്താക്കളുടെ ജീവിതവും സംഭാവനകളും രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പുസ്തകം കൂടുതൽ ആഴമേറിയ ഗവേഷണത്തിന് പണ്ഡിതന്മാരെ പ്രേരിപ്പിക്കുമെന്നും വിമർശനാത്മകമായി ചിന്തിക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എസ്.എൻ.ഡി.പി പ്രസ്ഥാനത്തിലൂടെ ശക്തിപ്പെട്ടതും പണ്ഡിതോചിത കൃതികളിലൂടെ അവതരിപ്പിക്കപ്പെടുന്നതുമായ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾ നീതിയിലും ഐക്യത്തിലും മാനവിക അന്തസ്സിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാൻ രാജ്യത്തെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.സമത്വം, ഐക്യം, വിദ്യാഭ്യാസം എന്നീ ആദർശങ്ങൾക്കുവേണ്ടി പുനരർപ്പണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
പാർലമെൻ്റംഗവും പുസ്തക രചയിതാവുമായ ഡോ. ശശി തരൂർ, അലെഫ് ബുക്ക് കമ്പനി മാനേജിംഗ് ഡയറക്ടർ ഡേവിഡ് ഡേവിഡാർ, വിശിഷ്ട പണ്ഡിതർ എന്നിവരും മറ്റ് പ്രമുഖ അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2230486)
സന്ദര്‍ശക കൗണ്ടര്‍ : 6