ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള ശമ്പള അക്കൗണ്ട് പാക്കേജ്’ ഫെസിലിറ്റേഷൻ ക്യാമ്പ് ഡിഎഫ്എസ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 19 FEB 2026 3:41PM by PIB Thiruvananthpuram

'കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള ശമ്പള അക്കൗണ്ട് പാക്കേജ്' സംരംഭത്തിൻ്റെ ഭാഗമായി, 2026 ഫെബ്രുവരി 17-ന് ന്യൂഡൽഹിയിലെ ജീവൻ ദീപ് കെട്ടിടത്തിലുള്ള ധനകാര്യ സേവന വകുപ്പിൻ്റെ (DFS) പരിസരത്ത് പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ഒരു ഫെസിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പിൽ സഹകരിച്ച് പങ്കുചേരാൻ മറ്റെല്ലാ പൊതുമേഖലാ ബാങ്കുകളേയും (PSBs) പിഎൻബി ക്ഷണിച്ചിരുന്നു. ഡിഎഫ്എസ് സെക്രട്ടറി ശ്രീ എം. നാഗരാജുവും പിഎൻബി എംഡിയും സിഇഒയും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ധനകാര്യ സേവന വകുപ്പിലേയും മറ്റ് പങ്കാളിത്ത ബാങ്കുകളിലേയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരിലേക്ക്   സാമ്പത്തിക സേവനങ്ങൾ ഫലപ്രദമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡിഎഫ്എസ് സെക്രട്ടറി പറഞ്ഞു. സംയോജിത ബാങ്കിംഗ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ പൊതുമേഖലാ ബാങ്കുകൾ നടത്തിയ ഏകോപിത ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പിൽ സജീവമായി പങ്കെടുക്കണമെന്നും പ്രത്യേകം തയ്യാറാക്കിയ ശമ്പള അക്കൗണ്ട് പാക്കേജുകളുടെ പ്രയോജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കേന്ദ്ര സർക്കാർ ജീവനക്കാരോട് അഭ്യർത്ഥിച്ചു.

വ്യാപന തന്ത്രത്തിൻ്റെ ഭാഗമായി, കേന്ദ്ര സർക്കാർ ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സർക്കാർ ഓഫീസ് കെട്ടിടങ്ങളിൽ ഫെസിലിറ്റേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഏകോപനം നടത്തുന്നതിനും മറ്റ് പൊതുമേഖലാ ബാങ്കുകളുടെ  പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി പൊതുമേഖലാ ബാങ്കുകളെ നോഡൽ ബാങ്കുകളായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകൾ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഫെസിലിറ്റേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ, ക്യാമ്പുകൾ നടത്തുന്ന തീയതികൾ അന്തിമമാക്കുന്നതിന് ബാക്കി മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബാങ്കുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.

ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (DFS), 12 പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് 2026 ജനുവരി 14-നാണ് 'കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള ശമ്പള അക്കൗണ്ട് പാക്കേജ്' ആരംഭിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ, മികച്ച സേവന ലഭ്യത, കൂടുതൽ ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ നല്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ പാക്കേജ് ബാങ്കിംഗ്, ഇൻഷുറൻസ്, കാർഡുകൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു - ഇത് ജീവനക്കാർക്ക്  ഒരു ഏകീകൃത സാമ്പത്തിക പരിഹാരമായി മാറുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരിലേക്ക് ഈ പദ്ധതി ഫലപ്രദമായി എത്തിക്കുന്നതിനായി, വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഫെസിലിറ്റേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഡിഎഫ്എസ് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും നിർദ്ദേശം നല്കിയിരുന്നു.

ശമ്പള അക്കൗണ്ട് പാക്കേജ്  ബാങ്കിംഗ്, ഇൻഷുറൻസ്, കാർഡുകൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു - ഇത് ജീവനക്കാർക്ക് ഒരു ഏകീകൃത സാമ്പത്തിക പരിഹാരമായി മാറുന്നു. പാക്കേജിൻ്റെ  പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:

◦  മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ സീറോ-ബാലൻസ് ശമ്പള അക്കൗണ്ട്
◦  സൗജന്യ പണമടയ്ക്കൽ സൗകര്യങ്ങൾ - അതായത് RTGS/ NEFT/ UPI കൂടാതെ ചെക്ക് ബുക്ക് സൗകര്യങ്ങൾ.
◦  ലോക്കർ വാടകയിലും വായ്പ പ്രോസസ്സിംഗ് ചാർജ്ജുകളിലും ഇളവ്
◦  ഭവന, വിദ്യാഭ്യാസ, വാഹന, വ്യക്തിഗത വായ്പകൾക്ക് ഇളവോടു കൂടിയ പലിശ നിരക്ക്
◦  150 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് (PAI)
◦  200 ലക്ഷം രൂപ വരെയുള്ള വ്യോമ അപകട ഇൻഷുറൻസ് (AAI)
◦  സ്ഥിരമായ പൂർണ്ണമോ ഭാഗികമോ ആയ വൈകല്യങ്ങൾക്കുള്ള പരിരക്ഷ (TPD/PPD) 150 ലക്ഷം രൂപ വരെ
◦  ഓപ്ഷണൽ ടോപ്പ്-അപ്പ് പരിരക്ഷയോടു കൂടിയ 20 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ.
◦  സ്വയം/കുടുംബത്തിനായി ടോപ്പ്-അപ്പ് പരിരക്ഷയോടു കൂടിയ സമഗ്ര മെഡിക്കൽ ഇൻഷുറൻസ്
◦  ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ.

ധനകാര്യ സേവന വകുപ്പും പൊതുമേഖലാ ബാങ്കുകളും ഏകോപിത ശ്രമങ്ങളിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയും സേവന ലഭ്യതയും ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ  പ്രതിബദ്ധതയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.

 

***

( റിലീസ് ഐ.ഡി: 2230335) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati