ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഉത്തരവാദിത്തമുള്ള കണ്ടുപിടുത്തമെന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ആഗോള എഐ യാത്രയിൽ വഴികാട്ടിയാകുമെന്ന് അശ്വിനി വൈഷ്ണവ്
പോസ്റ്റഡ് ഓണ്‍:
18 FEB 2026 7:43PM by PIB Thiruvananthpuram
2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ മൂന്നാം ദിവസത്തെ ഉദ്ഘാടന സെഷൻ, ഉച്ചകോടിയുടെ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നുള്ള പ്രധാന നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകളോടെ ആരംഭിച്ചു. ആഗോള എഐ മുൻഗണനകളിൽ സഹകരണപരമായ പ്രവർത്തനങ്ങൾക്ക് ഇത് വേദിയൊരുക്കി. ജനം, ഭൂമി, പുരോഗതി എന്നീ തത്വങ്ങളാൽ നയിക്കപ്പെടുന്ന ഈ ഉച്ചകോടി ഏഴ് പ്രമേയാധിഷ്ഠിത വർക്കിംഗ് ഗ്രൂപ്പുകളെ (ചക്രങ്ങൾ) ചുറ്റിപ്പറ്റിയാണ് അതിൻ്റെ അജണ്ട ക്രമീകരിച്ചിരിക്കുന്നത്. ആഗോള എഐ മുൻഗണനകളിൽ സഹകരണപരമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കൃത്യമായി നിശ്ചയിക്കപ്പെട്ട എഐ ഫലങ്ങളെക്കുറിച്ച് മാസങ്ങളോളം നീണ്ട ചർച്ചകൾ ഈ ഗ്രൂപ്പുകൾ നടത്തിയിട്ടുണ്ട്.

നമ്മൾ മുന്നോട്ട് പോകുകയും ഈ ഇംപാക്ട് ഉച്ചകോടിക്കപ്പുറമുള്ള അജണ്ട നിശ്ചയിക്കുകയും ചെയ്യുമ്പോൾ, ഏഴ് വൈവിധ്യമാർന്ന പ്രമേയങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വർക്കിംഗ് ഗ്രൂപ്പുകളുടെ ഫലങ്ങൾ നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വഴികാട്ടികളായി വർത്തിക്കുമെന്ന് ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. വരും ദിവസങ്ങളിൽ നമ്മൾ എങ്ങനെ സഹകരിക്കണം, നവീകരിക്കണം, ഉത്തരവാദിത്തമുള്ള എഐ ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കണം എന്നതിനെ ഇവ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മിതബുദ്ധിയുടെ സാധ്യതകളെ സ്വീകരിക്കുമ്പോഴും അതിൻ്റെ അപകടസാധ്യതകൾ, മാനദണ്ഡങ്ങൾ, ഭരണനിർവ്വഹണം എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തുന്ന കരുതലുള്ള ശുഭാപ്തി വിശ്വാസത്തോടെയാണ് തങ്ങൾ ഈ നിമിഷത്തെ സമീപിക്കുന്നതെന്ന് ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ പറഞ്ഞു. ഏറ്റവും പ്രധാനമായി, എഐ വ്യവഹാരത്തെ രൂപപ്പെടുത്തുന്നതിൽ എല്ലാ ആഗോള ശബ്ദങ്ങളും ശാക്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സെഷനെത്തുടർന്ന് ഒരു സ്വകാര്യ യോഗം നടന്നു. വർക്കിംഗ് ഗ്രൂപ്പുകളുടെ ഫലങ്ങൾ ബന്ധപ്പെട്ട പങ്കാളികളുമായി അവിടെ കൂടുതൽ ചർച്ച ചെയ്തു. ഈ കൂടിയാലോചനകളിൽ നിന്നുള്ള ഉൾക്കാഴ്ചകളും ശുപാർശകളും വരും ദിവസങ്ങളിൽ ഔപചാരികമായി അവതരിപ്പിക്കും.
ആഗോള വൈദഗ്ധ്യത്തേയും പൊതു കാഴ്ചപ്പാടുകളേയും പ്രവർത്തനക്ഷമമായ ചട്ടക്കൂടുകളിലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെയാണ് ഏഴ് പ്രമേയാധിഷ്ഠിത ചക്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്: മനുഷ്യവിഭവശേഷി, സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾപ്പെടുത്തൽ, സുരക്ഷിതവും വിശ്വസനീയവുമായ എഐ, പ്രതിരോധശേഷി, നവീകരണവും കാര്യക്ഷമതയും, ശാസ്ത്രം, എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം, സാമ്പത്തിക വികസനത്തിനും സാമൂഹിക നന്മയ്ക്കുമായുള്ള എഐ എന്നിവയാണവ.
സർക്കാർ, അക്കാദമിക് മേഖല, വ്യവസായം, പൗര സമൂഹം, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരിൽ നിന്നുള്ള വിദഗ്ധരെ ഈ വർക്കിംഗ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസങ്ങളോളം നീണ്ട കൂടിയാലോചനകളിലൂടെയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങളിലൂടെയുമാണ് ഇവയുടെ ഫലങ്ങൾ രൂപപ്പെടുത്തിയത്. എഐ നയത്തിലും പ്രയോഗത്തിലും കാഴ്ചപ്പാടിൽ നിന്ന് നടപ്പിലാക്കലിലേക്കുള്ള ഉച്ചകോടിയുടെ പരിവർത്തനത്തെ ഇത് ശക്തിപ്പെടുത്തുന്നു.
***
( റിലീസ് ഐ.ഡി: 2229962)
സന്ദര്‍ശക കൗണ്ടര്‍ : 7