കൃഷി മന്ത്രാലയം
കർഷകരുടെ താത്പര്യങ്ങൾ പരമപ്രധാനം; ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഊഹാപോഹങ്ങൾ തള്ളി കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
പോസ്റ്റഡ് ഓണ്‍:
17 FEB 2026 8:46PM by PIB Thiruvananthpuram
രാജസ്ഥാനിലെ ജയ്പൂരിൽ, ഇന്ത്യ -യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഊഹാപോഹങ്ങൾ പൂർണമായി തള്ളി കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഏർപ്പെടുന്ന കരാറുകളിൽ കർഷകരുടെ താത്പര്യങ്ങൾ ഹനിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര കൃഷി മന്ത്രി എന്ന നിലയിൽ താൻ തയ്യാറാകില്ലെന്ന് കർഷകരോട് പൂർണ്ണ ഉത്തരവാദിത്തത്തോടെ വ്യക്തമാക്കുന്നതായും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗോതമ്പ്, അരി, ചോളം തുടങ്ങിയ സംവേദനാത്മക വിളകളുടെ കാര്യത്തിൽ ഇറക്കുമതിയ്ക്കുള്ള വാതിലുകൾ അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയെ മറികടന്ന് ഇന്ത്യ ഇപ്പോൾ അരി ഉത്പാദനത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. അത്തരമൊരു സാഹചര്യത്തിൽ, കർഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു ഇറക്കുമതിയും സർക്കാർ അംഗീകരിക്കില്ല.
ഇന്ത്യൻ കർഷകരുടെ താത്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടും
ആപ്പിൾ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നല്കവേ, കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇപ്രകാരം വിശദീകരിച്ചു- ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 5.5 ലക്ഷം മെട്രിക് ടൺ ആപ്പിൾ ആവശ്യമുണ്ട്, നിലവിൽ ഇത് തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് വരുന്നത്. തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നതിൽ ഒരു ലക്ഷം മെട്രിക് ടൺ ആപ്പിൾ മാത്രമാണ് യുഎസിൽ നിന്ന് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. കിലോയ്ക്ക് ₹80 എന്ന ഇറക്കുമതി മൂല്യത്തിന് പുറമെ ₹25 കസ്റ്റംസ് തീരുവ ചേർത്ത് നിശ്ചയിക്കുന്ന ക്വോട്ട ഇന്ത്യയിലെ ആപ്പിൾ കർഷകർക്ക് ഒരു തരത്തിലുള്ള ദോഷവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയ്ക്ക് പകരം മറ്റൊരു രാജ്യത്തെ ആശ്രയിക്കുന്നതിലേക്കുള്ള ചെറിയ മാറ്റം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോയാബീൻ, ചോളം എന്നിവയുടെ കാര്യത്തിൽ, യാതൊരു ഇളവുകളും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം സംശയലേശമെന്യേ വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്ത് 20 ബില്യൺ ഡോളറിൻ്റെ കാർഷിക ഇറക്കുമതി നടന്നിട്ടുണ്ടെന്നും അതിൽ പാലുത്പന്നങ്ങളും ഉൾപ്പെട്ടിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാൽ, നെയ്യ്, തൈര്, പനീർ തുടങ്ങിയ പാലുത്പന്നങ്ങൾ ഇന്ത്യൻ മണ്ണിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ലെന്നും പാലുത്പാദകരായ രാജ്യത്തെ കർഷകർക്ക് ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പരുത്തിയുടെ കാര്യത്തിൽ, ആഭ്യന്തര ഉത്പാദനം വ്യാവസായിക ആവശ്യകത പൂർണ്ണമായും നിറവേറ്റാൻ പര്യാപ്തമല്ലെന്നും, തുണി വ്യവസായം നിലനിർത്താനും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും, കയറ്റുമതി മെച്ചപ്പെടുത്താനും പരുത്തി ഇറക്കുമതി അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിവിധ ഉത്പന്ന ശ്രേണികൾ അടങ്ങിയ ഇന്ത്യയുടെ വസ്ത്ര -തുണിത്തര കയറ്റുമതി നിലവിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണെന്നും, ഇത് ₹45 ലക്ഷം കോടിയിലെത്താനുള്ള സാധ്യത രാജ്യത്തിനുണ്ടെന്നും അദ്ദേഹം അറിയിച്ചു. കർഷകർക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കുമായിരിക്കും ആത്യന്തികമായി ഇതിൻ്റെ ഗുണങ്ങൾ ലഭിക്കുക.
രാജസ്ഥാനിൽ ഉത്പാദിപ്പിക്കുന്ന ജീരകം, ഉലുവ, സൈലിയം തുടങ്ങിയ സുഗന്ധവ്യഞ്ജന വിളകളും മറ്റ് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഒരു തരത്തിലുള്ള അനുമതിയും നൽകിയിട്ടില്ലെന്നും പകരം, ഇന്ത്യൻ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തിൽ അമേരിക്ക പോലുള്ള വിപണികളിലേക്ക് തീരുവരഹിതമായി സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് രണ്ട് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി അസന്ദിഗ്ധമായി പ്രസ്താവിച്ചു - "ഇന്ത്യയുടെ ശിരസ്സ് കുനിയാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല", "കർഷകരുടെ താത്പര്യങ്ങൾ പരമപ്രധാനമായി പരിഗണിക്കും, അവർക്ക് ഒരു ദോഷവും സംഭവിക്കാൻ അനുവദിക്കില്ല" - ഈ രണ്ട് കാര്യങ്ങളിലും സർക്കാർ ഉറച്ചുനിൽക്കുന്നു. ദേശസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തത് പോലെ, കൃഷിയിലും കർഷകരുടെ താത്പര്യങ്ങളിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ, വ്യോമാക്രമണങ്ങൾ, സർജിക്കൽ സ്‌ട്രൈക്കുകൾ എന്നിവ ഉദ്ധരിച്ച്, അദ്ദേഹം വ്യക്തമാക്കി. എല്ലാ ആഗോള കരാറുകളെയും "കർഷകർക്ക് പ്രഥമപരിഗണന" എന്നതിലൂടെ മാത്രം നോക്കിക്കാണും.
ഇന്ത്യ -യുഎസ് വ്യാപാര കരാറിനെക്കുറിച്ചും ഇന്ത്യൻ കാർഷിക മേഖലയെ ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ചും നടക്കുന്ന ചർച്ചകൾക്കും ആശങ്കകൾക്കും ഇടയിലാണ് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ്റെ ഈ വിശദീകരണം. വർദ്ധിച്ചുവരുന്ന വൈദേശിക മത്സരങ്ങളുടെ പ്രതികൂല സ്വാധീനത്തിൽ നിന്ന് ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കുന്നതിനാണ് ചർച്ചകളിൽ സർക്കാർ മുൻഗണന നൽകിയിട്ടുള്ളതെന്ന കാര്യം കർഷകർക്കും ബന്ധപ്പെട്ടവർക്കും ഉറപ്പുനൽകുക എന്നതാണ് മന്ത്രിയുടെ പ്രസ്താവനകളുടെ ലക്ഷ്യം. സംവേദനാത്മക ഇനങ്ങളുടെ ക്വാട്ടകൾ, തീരുവകൾ, പൂർണ്ണ നിരോധനങ്ങൾ എന്നിവ വിശദീകരിക്കുന്നതിലൂടെ, പ്രധാന ഭക്ഷ്യധാന്യങ്ങളിലും പാലുത്പന്നങ്ങളിലും ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് കോട്ടം തട്ടുന്നില്ലെന്ന് കരാർ ഉറപ്പാക്കുന്നു.
ഉദാഹരണമായി, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലായ ഗോതമ്പ്, അരി, ചോളം എന്നിവ യുഎസ് ഇറക്കുമതിയിൽ നിന്ന് പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അരി ഉത്പാദനത്തിലെ ഇന്ത്യയുടെ ആഗോള നേതൃത്വവും സ്ഥാനവും കണക്കിലെടുക്കുമ്പോൾ ഇത് നിർണായകമാണ്. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയും കാർഷിക നയങ്ങളിലൂടെയും കർഷക പിന്തുണാ പദ്ധതികളിലൂടെയും നേടിയെടുത്തതാണ് ഈ പദവി. അതുപോലെ, ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ചെറുകിട ഉത്പാദകരെ പിന്തുണയ്ക്കുന്ന ക്ഷീരമേഖലയും സമ്പൂർണ്ണ നിരോധനങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇത് ദൈനംദിന ജീവിതത്തിൽ പാൽ, പനീർ പോലുള്ള ഉത്പന്നങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു.
സംരക്ഷണ തീരുവകൾ മുഖേന മിതമായ അളവിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്ന ആപ്പിൾ ഇറക്കുമതി, സന്തുലിത സമീപനത്തിന് ഉദാഹരണമാണ്. ഈ വിളയ്ക്ക് അനുയോജ്യമായ ആഭ്യന്തര മിതശീതോഷ്ണ തോട്ടക്കൃഷി ആവാസവ്യവസ്ഥ പരിമിതമായതിനാൽ ഇന്ത്യയുടെ വാർഷിക ആപ്പിൾ ആവശ്യകത പ്രധാനമായും ഇറക്കുമതിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്. തുർക്കി പോലുള്ള പരമ്പരാഗത വിതരണക്കാരിൽ നിന്ന് ഒരു ഭാഗം അമേരിക്കയിലേക്ക് തിരിച്ചുവിടുന്നത്, മുന്തിയ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് ഒരുതരത്തിലും ഭീഷണിയല്ല. സ്രോതസ്സുകൾ വൈവിധ്യവത്ക്കരിക്കുന്നതിലൂടെ വില സ്ഥിരത കൈവരിക്കാൻ ഈ നീക്കം സഹായിക്കും. ഇത് ഭൗമരാഷ്ട്രീയ അസ്ഥിരത മൂലം തടസ്സം നേരിടാൻ സാധ്യതയുള്ള വിതരണക്കാരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും കഴിയും.
എണ്ണക്കുരു, തീറ്റ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ സോയാബീൻ, ചോളം എന്നിവയ്ക്ക് ഇളവുകൾ ബാധകമല്ല, ഈ മേഖലകൾ അപകടത്തിലാണെന്ന പ്രചാരണങ്ങൾ അതിനാൽ തള്ളിക്കളയുന്നു. മുൻകാല ഭരണകൂടങ്ങളുമായുള്ള താരതമ്യ വീക്ഷണത്തിലൂടെ മന്ത്രി നടത്തിയ പരാമർശം ഒരു കാര്യം അടിവരയിടുന്നു: മുൻ സർക്കാരുകളുടെ കീഴിൽ, വൻതോതിലുള്ള ഇറക്കുമതി പ്രാദേശിക ഉത്പാദനത്തെ ദോഷകരമായി ബാധിച്ചു, അതേസമയം നിലവിലെ ചട്ടക്കൂട് സുരക്ഷാ മുൻകരുതലുകൾക്ക് പ്രാധാന്യം നൽകുന്നു. പരുത്തിയുമായി ബന്ധപ്പെട്ട സമീപനം വ്യവസായ ആവശ്യകത പരിഗണിച്ചുള്ള പ്രായോഗിക നിലപാടാണ് പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയുടെ വസ്ത്ര-തുണിത്തര നിർമ്മാണ മേഖല ഒരു പ്രധാന വിദേശനാണ്യ സ്രോതസ്സും തൊഴിൽദാതാവുമാണ്. പ്രധാനമായും, ഗ്രാമീണ മേഖലകളിൽ 45 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ മേഖല തൊഴിൽ നൽകുന്നു. അനുബന്ധ ഇറക്കുമതികൾ മില്ലുകൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ആഭ്യന്തര പരുത്തിയുടെ ആവശ്യകത നിലനിർത്തുകയും അഭിലഷണീയമായ കയറ്റുമതി ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. ഉയർന്ന സംഭരണ വിലകളിലൂടെയും വിപുലീകരിക്കുന്ന വിപണികളിലൂടെയും ഈ സഹവർത്തിത്വം കർഷകർക്ക് പ്രയോജനം ചെയ്യുന്നു.
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഗണ്യമായ നേട്ടമുണ്ടാകും. രാജസ്ഥാനിലെ കരിമണ്ണ് പ്രദേശങ്ങളിലെ സവിശേഷ വിളകളായ ജീരകം, ഉലുവ, സൈലിയം എന്നിവയ്ക്ക് ആഗോളതലത്തിൽ മുന്തിയ വില ലഭിക്കും. യുഎസ് വിപണിയിലേക്കുള്ള തീരുവ രഹിത പ്രവേശനം, ഇറക്കുമതിയുടെ അപകടസാധ്യതകളില്ലാതെ കർഷക വരുമാനം വർദ്ധിപ്പിക്കും. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന മേഖല ഇതിനോടകം പ്രതിവർഷം ₹1.5 ലക്ഷം കോടിയിലധികം മൂല്യമുള്ള ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, ഇത്തരം കരാറുകൾ കയറ്റുമതി ത്വരിതപ്പെടുത്തുന്നു.
പ്രധാനമന്ത്രി മോദിയുടെ മേൽനോട്ടത്തിലാണ് മുഴുവൻ നയങ്ങളും രൂപപ്പെടുത്തുന്നത്: പരമാധികാരവും കർഷക ക്ഷേമവും വിലപേശലുകൾക്ക് അതീതമാണ്. സൈനിക നടപടികളുമായുള്ള സാമ്യം ഈ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു, വ്യാപാരത്തെ തന്ത്രപരമായ സ്വയംപര്യാപ്തതയുടെ വിപുലീകൃത ബിന്ദുവായി സ്ഥാപിക്കുന്നു. "കർഷകൻ ആദ്യം" എന്ന ദർശനം എല്ലാ കരാറുകളുടെയും ആഭ്യന്തര പ്രത്യാഘാതങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാകുന്നുവെന്ന് ഉറപ്പാക്കുന്നു.
***
( റിലീസ് ഐ.ഡി: 2229459)
സന്ദര്‍ശക കൗണ്ടര്‍ : 6