വ്യോമയാന മന്ത്രാലയം
ബാരാമതിയിലുണ്ടായ ലിയർജെറ്റ് 45 (VT-SSK) വിമാന അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ AAIB പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
17 FEB 2026 11:28AM by PIB Thiruvananthpuram
2026 ജനുവരി 28-ന് ബാരാമതിയിലുണ്ടായ ലിയർജെറ്റ് 45 വിമാനം (VT-SSK) ഉൾപ്പെട്ട അപകടത്തെക്കുറിച്ച്, 2017- ലെ എയർക്രാഫ്റ്റ് (അപകടങ്ങളുടേയും സംഭവങ്ങളുടേയും അന്വേഷണം) ചട്ടങ്ങൾക്കും, ICAO അനുബന്ധം 13-ലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും, ശുപാർശ ചെയ്യപ്പെട്ട നടപടിക്രമങ്ങൾക്കും അനുസൃതമായി എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വിശദമായ അന്വേഷണം നടത്തിവരികയാണ്.
വിമാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന രണ്ട് ഫ്ലൈറ്റ് റെക്കോർഡറുകൾ സജ്ജീകരിച്ചിരുന്നു. അപകടസമയത്ത് രണ്ട് റെക്കോർഡറുകളും ദീർഘനേരം കഠിനമായ ചൂടിൽ അകപ്പെടുകയും തീപിടുത്തത്തിൽ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
L3-കമ്മ്യൂണിക്കേഷൻസ് നിർമ്മിച്ച ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (DFDR) AAIB ഫ്ലൈറ്റ് റെക്കോർഡർ ലബോറട്ടറിയിൽ വിജയകരമായി ഡൗൺലോഡ് ചെയ്തു. ഹണിവെൽ നിർമ്മിച്ച കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക പിന്തുണയ്ക്കായി വിമാനം നിർമ്മിച്ച രാജ്യത്തെ അംഗീകൃത പ്രതിനിധിയുടെ സഹായം തേടിയിട്ടുണ്ട്.
സമഗ്രവും വസ്തുനിഷ്ഠവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ അന്വേഷണം ഉറപ്പാക്കുന്നതിന്, നിർദ്ദേശിച്ചിട്ടുള്ള സാങ്കേതികവും നടപടിക്രമപരവുമായ എല്ലാ പ്രോട്ടോക്കോളുകളും AAIB കൃത്യമായി പാലിക്കുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിൽ ബ്യൂറോ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, അന്വേഷണത്തിൻ്റെ ഉചിതമായ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുന്നതാണ്.
അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും സ്ഥാപിതമായ നടപടിക്രമങ്ങൾക്കനുസൃതമായി അന്വേഷണ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും AAIB എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചു.
***
( റിലീസ് ഐ.ഡി: 2229087)
സന്ദര്‍ശക കൗണ്ടര്‍ : 9