ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയ്ക്ക് കീഴിലെ മൂന്ന് പ്രധാന ആഗോള എഐ ഇംപാക്ട് ചലഞ്ച് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
15 FEB 2026 12:10PM by PIB Thiruvananthpuram
2026 ഫെബ്രുവരി 16-20 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി'യ്ക്ക് മുന്നോടിയായി 'എഐ ഫോർ ഓൾ', 'എഐ ബൈ ഹെർ', 'യുവ എഐ' എന്നീ മൂന്ന് മുൻനിര ആഗോള മത്സരങ്ങളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
ആഗോള മുൻഗണനകൾക്കനുസൃതമായി നൂതനവും സ്വാധീനമേറിയതുമായ എഐ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം അടിവരയിട്ട് 60-ലേറെ രാജ്യങ്ങളില്‍നിന്ന് 4,650-ലധികം അപേക്ഷകൾ ലഭിച്ചു.
വിഷയവിദഗ്ധരും വ്യാവസായിക പ്രമുഖരും നടത്തിയ കര്‍ശന ബഹുതല മൂല്യനിർണയത്തിലൂടെ വിവിധ മത്സരങ്ങളില്‍നിന്ന് മികച്ച 70 ടീമുകളെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തു. ഫെബ്രുവരി 16, 17 തീയതികളിൽ ഭാരത് മണ്ഡപത്തിലും സുഷമ സ്വരാജ് ഭവനിലും സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ ഗ്രാൻ്റ് ഫിനാലെയിലും പുരസ്കാര ദാന ചടങ്ങിലും ഈ ടീമുകള്‍ മത്സരത്തിൻ്റെ ഭാഗമായി വികസിപ്പിച്ച എഐ പരിഹാര മാതൃകകള്‍ അവതരിപ്പിക്കും.
എഐ ഫോർ ഓൾ:
ആരോഗ്യം, കൃഷി, കാലാവസ്ഥാ പ്രതിരോധം, ഭരണനിർവഹണം, വിദ്യാഭ്യാസം, സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ എന്നീ രംഗങ്ങളില്‍ വ്യാപകമായി നടപ്പാക്കാവുന്ന എഐ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'എഐ ഫോർ ഓൾ' ആഗോള ഇംപാക്ട് ചലഞ്ചിലേക്ക് 60-ലേറെ രാജ്യങ്ങളിൽ നിന്നായി 1,350-ലധികം അപേക്ഷകളാണ് ലഭിച്ചത്. എഐ അധിഷ്ഠിത രോഗബാധ പരിശോധന, മണ്ണിൻ്റെ ഗുണനിലവാര വിശകലനം, കാലാവസ്ഥാ അപകട വിലയിരുത്തല്‍ തുടങ്ങിയവ മുതൽ ഡിജിറ്റൽ ആരോഗ്യ പരിശോധനകള്‍, സൈബർ സുരക്ഷ, വ്യാവസായിക കാര്യക്ഷമത, എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസ സാങ്കേതികവിദ്യകൾ, എഐ അധിഷ്ഠിത ഭരണ സംവിധാനങ്ങൾ എന്നിങ്ങനെ സ്വാധീനമേറിയ പ്രായോഗിക പരിഹാരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 ഫൈനലിസ്റ്റുകൾ അവതരിപ്പിച്ചത്. ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ പൊതു സേവന വിതരണം ശക്തിപ്പെടുത്താനും തുല്യ വളർച്ച ഉറപ്പാക്കാനും എഐ എങ്ങനെ സഹായിക്കുമെന്ന് ഈ കണ്ടെത്തലുകള്‍ തെളിയിക്കുന്നു.
എഐ ബൈ ഹെർ:
50-ലേറെ രാജ്യങ്ങളിൽ നിന്നായി 800-ലധികം അപേക്ഷകൾ ലഭിച്ച 'എഐ ബൈ ഹെർ' ആഗോള ഇംപാക്ട് ചലഞ്ച് നിര്‍മിതബുദ്ധി രംഗത്തെ വനിതകളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ആരോഗ്യ സംരക്ഷണം, സുസ്ഥിരത, സാമ്പത്തിക ഉൾച്ചേര്‍ക്കല്‍, തൊഴിൽ നൈപുണ്യ വികസനം, വിദ്യാഭ്യാസം, കൃഷി, ഡിജിറ്റൽ വ്യാപാരം എന്നീ മേഖലകളിൽ സ്വാധീനം ചെലുത്തുന്ന എഐ പരിഹാരങ്ങൾക്ക് നേതൃത്വം നല്‍കുന്ന വനിതാ സംരംഭകരെയാണ് മികച്ച 30 ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. എഐ അധിഷ്ഠിത കാൻസർ - റെറ്റിനൽ പരിശോധനാ സംവിധാനങ്ങള്‍, ആരോഗ്യരംഗത്തെ തീരുമാനങ്ങളെ പിന്തുണയ്ക്കാന്‍ ബഹുഭാഷാ സംവിധാനങ്ങൾ, വോയ്‌സ്-ടു-ഇഎംആർ പ്ലാറ്റ്‌ഫോമുകൾ, കൃത്യതയാര്‍ന്ന പോഷകാഹാര പരിഹാരങ്ങള്‍, ക്രെഡിറ്റ് ഇൻ്റലിജൻസ് സംവിധാനങ്ങള്‍, ഇഎസ്ജി ഓട്ടോമേഷൻ സംവിധാനങ്ങള്‍, ബഹുഭാഷാ പ്രാദേശികവൽക്കരണ സാങ്കേതികവിദ്യകൾ എന്നിവ ഇവരുടെ കണ്ടെത്തലുകളില്‍ ഉൾപ്പെടുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ വളർച്ചയ്ക്കും വനിതാ നൂതനാശയക്കാരെ ആഗോള എഐ ആവാസവ്യവസ്ഥയുടെ മുൻനിരയിലെത്തിക്കാനും സർക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയെ അടിവരയിടുന്നതാണ് 'എഐ ബൈ ഹെർ' ചലഞ്ച്.
യുവ-എഐ: യുവതയുടെ ആഗോള മത്സരം
38 രാജ്യങ്ങളിൽ നിന്ന് 2,500-ലേറെ അപേക്ഷകൾ ലഭിച്ച യുവതയുടെ ആഗോള മത്സരമായ യുവ-എഐ 13 മുതൽ 21 വരെ പ്രായക്കാരായ യുവ എഐ നേതാക്കളുടെ നൂതനാശയങ്ങളും പ്രശ്നപരിഹാര ശേഷിയും പ്രദർശിപ്പിക്കുന്നു. പൊതുജനാരോഗ്യം, കൃഷി, കാലാവസ്ഥാ പ്രതിരോധം, പ്രവേശനക്ഷമത, സ്മാർട്ട് മൊബിലിറ്റി, ഡിജിറ്റൽ വിശ്വാസ്യത എന്നിവയിലെ എഐ പ്രയോഗമാണ് മികച്ച 20 ഫൈനലിസ്റ്റുകൾ അവതരിപ്പിക്കുന്നത്. മലേറിയ കണ്ടെത്തൽ സംവിധാനങ്ങൾ, എഐ അധിഷ്ഠിത സംസാര സഹായ ഉപകരണങ്ങള്‍, സെർവിക്കൽ ക്യാൻസർ പരിശോധന ഉപകരണങ്ങള്‍, ഗ്രാമീണ പരിചരണത്തിന് ടെലിമെഡിസിൻ സംവിധാനങ്ങള്‍, കാര്‍ഷിക ഇൻ്റലിജൻസ് സംവിധാനങ്ങള്‍, കന്നുകാലി വിശകലന സംവിധാനങ്ങള്‍, കാട്ടുതീ-പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ, ഡീപ്ഫേക്ക് തിരിച്ചറിയാനുപയോഗിക്കുന്ന സംവിധാനങ്ങള്‍, കാഴ്ച വൈകല്യമുള്ളവർക്ക് സഹായ സാങ്കേതികവിദ്യകൾ എന്നിവ ഇവരുടെ പരിഹാരങ്ങളിൽ ഉൾപ്പെടുന്നു. സാമൂഹ്യ ആവശ്യങ്ങൾക്കും വികസന മുൻഗണനകൾക്കും അനുസൃതമായി യുവതയുടെ നേതൃത്വത്തില്‍ നൂതനാശയങ്ങളെ പരിപോഷിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായ വളർന്നുവരുന്ന ആഗോള പ്രതിഭകളെയാണ് 'യുവ-എഐ' ചലഞ്ചിലൂടെ അവതരിപ്പിക്കുന്നത്.
മൂന്ന് മത്സരങ്ങളിലുമായി തിരഞ്ഞെടുക്കപ്പെട്ട മികച്ച 70 ടീമുകൾ വരാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ നയരൂപകർത്താക്കളുമായും വ്യാവസായിക പ്രമുഖരുമായും നിക്ഷേപകരുമായും അക്കാദമിക വിദഗ്ധരുമായും സംവദിക്കുകയും മത്സരത്തിൻ്റെ ഭാഗമായി വികസിപ്പിച്ച പരിഹാരമാതൃകകള്‍ പ്രദർശിപ്പിക്കുകയും ചെയ്യും. ഇവരുടെ കണ്ടെത്തലുകള്‍ ദേശീയ, ആഗോള തലങ്ങളില്‍ വ്യാപിപ്പിക്കാനാവശ്യമായ അംഗീകാരവും പശ്ചാത്തല പിന്തുണയും ലഭ്യമാക്കും. ‘ജനങ്ങൾ, ഭൂമി, പുരോഗതി’ എന്ന കാഴ്ചപ്പാടിലൂന്നി ഉത്തരവാദിത്തപൂര്‍ണമായ എഐ നൂതനാശയ കേന്ദ്രമായി ഇന്ത്യ വളരുന്നതിൻ്റെ നേര്‍സാക്ഷ്യമാണ് ഈ മത്സരങ്ങളിലെ ശക്തമായ ആഗോള പ്രതികരണം.
***
( റിലീസ് ഐ.ഡി: 2228404)
സന്ദര്‍ശക കൗണ്ടര്‍ : 6