റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘പിഎം രാഹത്’ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ
പോസ്റ്റഡ് ഓണ്‍:
14 FEB 2026 6:59PM by PIB Thiruvananthpuram
സേവാ തീർത്ഥിലേക്ക് മാറിയ ശേഷം കൈക്കൊണ്ട ആദ്യ തീരുമാനമെന്ന നിലയിൽ റോഡപകടത്തില്‍പ്പെടുന്നവരുടെ ആശുപത്രി പ്രവേശനവും ചികിത്സയും ഉറപ്പാക്കുന്ന പിഎം രാഹത് (പിഎം റോഡ് ആക്സിഡൻ്റ് വിക്ടിം ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് അഷ്വേഡ് ട്രീറ്റ്‌മെൻ്റ്) പദ്ധതിയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. ദുർബല ജനവിഭാഗങ്ങള്‍ക്ക് സേവനവും സഹാനുഭൂതിയും സംരക്ഷണവുമുറപ്പാക്കുന്ന സേവനാധിഷ്ഠിത ഭരണനിർവഹണ സമീപനത്തിൻ്റെ പ്രതിഫലനമാണ് സംരംഭം. റോഡപകടത്തിന് ശേഷം ഉടനടി വൈദ്യസഹായം ലഭിക്കാത്തതുമൂലം ആർക്കും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെ തീരുമാനം അടിവരയിടുന്നു.
ഇന്ത്യയിൽ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്ക് വളരെ ഉയര്‍ന്ന തോതിലാണ് ഓരോവര്‍ഷവും രേഖപ്പെടുത്തുന്നത്. ഇതിൽ പലതും കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചാൽ തടയാവുന്നതാണ്. അപകടം സംഭവിച്ച് ആദ്യ മണിക്കൂറിനകം ആശുപത്രിയിലെത്തിച്ചാൽ റോഡപകട മരണങ്ങളിൽ 50 ശതമാനത്തോളം ഒഴിവാക്കാനാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സേവാ തീർത്ഥിൽ വെച്ച് പിഎം രാഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതിലൂടെ ജീവൻ രക്ഷാ ഇടപെടലുകൾക്കും ആശുപത്രികളുടെ സാമ്പത്തിക അനിശ്ചിതത്വം ഒഴിവാക്കാനും അപകടത്തില്‍പെടുന്നവര്‍ക്ക് ചിട്ടയായ അടിയന്തര പ്രതികരണ സംവിധാനം ഉറപ്പാക്കാനുമാണ് പ്രധാനമന്ത്രി മുൻഗണന നൽകിയിരിക്കുന്നത്.
അടിയന്തര പ്രതികരണ പിന്തുണാ സംവിധാനമായ 112 ഹെൽപ്‍ലൈനുമായി സംയോജിപ്പിക്കുന്നത് അപകടത്തില്‍പെടുന്നവര്‍ 'സുവര്‍ണ മണിക്കൂറില്‍' തന്നെ ആശുപത്രിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. അപകടത്തിൽപ്പെട്ടവർക്കോ അവരെ സഹായിക്കുന്ന 'രാഹ്-വീർ' സുമനസ്സുകൾക്കോ അപകടസ്ഥലത്തെ മറ്റാര്‍ക്കെങ്കിലുമോ 112 ഡയൽ ചെയ്ത് സമീപത്തെ ആശുപത്രി വിവരങ്ങൾ അറിയാനും ആംബുലൻസ് സഹായം അഭ്യർത്ഥിക്കാനുമാകും. അടിയന്തര സേവന വിഭാഗങ്ങളുടെയും പൊലീസ് അധികാരികളുടെയും ആശുപത്രികളുടെയും ദ്രുതഗതിയിലെ ഏകോപനം ഇതിലൂടെ സാധ്യമാകുന്നു.
പദ്ധതി പ്രകാരം ഏത് തരം റോഡിലുണ്ടാകുന്ന അപകടമായാലും അപകടത്തില്‍പെട്ട അർഹരായ ഓരോരുത്തരും അപകടമുണ്ടായ തീയതി മുതൽ 7 ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത സൗജന്യ ചികിത്സയ്ക്ക് അർഹരായിരിക്കും. സംയോജിത ഡിജിറ്റൽ സംവിധാനത്തിലെ പൊലീസ് പരിശോധനയ്ക്ക് വിധേയമായി ജീവഹാനിക്ക് സാധ്യതയില്ലാത്ത കേസുകളിൽ 24 മണിക്കൂർ വരെയും ജീവഹാനിക്ക് സാധ്യതയുള്ള കേസുകളിൽ 48 മണിക്കൂർ വരെയും അടിയന്തര ചികിത്സ നൽകും.
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് ഡീറ്റെയിൽഡ് ആക്‌സിഡൻ്റ് റിപ്പോർട്ട് (eDAR) പ്ലാറ്റ്‌ഫോമിനെ ദേശീയ ആരോഗ്യ അതോറിറ്റിയുടെ ട്രാൻസാക്ഷൻ മാനേജ്‌മെൻ്റ് സിസ്റ്റവുമായി (TMS 2.0) സംയോജിപ്പിച്ച് ശക്തമായ സാങ്കേതിക ചട്ടക്കൂടിലൂടെയാണ് പിഎം രാഹത് പദ്ധതി നടപ്പാക്കുന്നത്. അപകട റിപ്പോർട്ടിങ് മുതൽ ആശുപത്രി പ്രവേശനം, പൊലീസ് പരിശോധന, ചികിത്സ, ചികിത്സാ ആനുകൂല്യ തുകയുമായി ബന്ധപ്പെട്ട നടപടികള്‍, അന്തിമ പണമിടപാട് എന്നീ ഘട്ടങ്ങള്‍ വരെ തടസരഹിത ഡിജിറ്റൽ നിര്‍വഹണം ഈ സംയോജനത്തിലൂടെ സാധ്യമാക്കുന്നു. ജീവഹാനിക്ക് സാധ്യതയില്ലാത്ത കേസുകളിൽ 24 മണിക്കൂറിനകവും ജീവഹാനിക്ക് സാധ്യതയുള്ള കേസുകളിൽ 48 മണിക്കൂറിനകവും എന്നിങ്ങനെ കൃത്യമായ സമയപരിധിയ്ക്കകം പൊലീസ് സ്ഥിരീകരണം ആവശ്യമാണ്. ഇതിലൂടെ അടിയന്തര പരിചരണത്തിന് തടസമില്ലാതെത്തന്നെ ഉത്തരവാദിത്തം ഉറപ്പാക്കുന്നു.
ആശുപത്രികളുടെ തുക മോട്ടോർ വെഹിക്കിൾ ആക്‌സിഡൻ്റ് ഫണ്ടിൽനിന്നാണ് (MVAF) നൽകുക. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസുണ്ടെങ്കില്‍ ഇൻഷുറൻസ് കമ്പനികളുടെ വിഹിതത്തിൽ നിന്ന് തുക ഈടാക്കും. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളും 'ഹിറ്റ് ആൻഡ് റൺ' കേസുകളുമാണെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് വിഹിതത്തിൽ നിന്ന് തുക നൽകും. സംസ്ഥാന ആരോഗ്യ ഏജൻസി അംഗീകരിച്ച ആനുകൂല്യ അവകാശവാദങ്ങള്‍ 10 ദിവസത്തിനകം നൽകും. ഇത് ആശുപത്രികളുടെ സാമ്പത്തിക അനിശ്ചിതത്വം ഒഴിവാക്കുകയും തടസരഹിത ചികിത്സ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ജില്ലാ കലക്ടറുടെയോ ജില്ലാ മജിസ്‌ട്രേറ്റിൻ്റെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ അധ്യക്ഷതയില്‍ ജില്ലാ റോഡ് സുരക്ഷാ സമിതി നാമനിർദേശം ചെയ്യുന്ന പരാതിപരിഹാര ഉദ്യോഗസ്ഥര്‍ അപകടബാധിതരുടെ പരാതികൾ പരിഹരിക്കുന്നത് ജില്ലാതലത്തില്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നു.
സേവാ തീർത്ഥിൽ പിഎം രാഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് 'പൗരൻ പ്രഥമം' എന്ന രാഷ്ട്ര സമീപനത്തിൻ്റെ പ്രതീകമാണ്. അപകടത്തില്‍പ്പെട്ട ഒരാള്‍ക്കും സാമ്പത്തിക പ്രയാസങ്ങൾ കാരണം ജീവൻ രക്ഷാ ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന പിഎം രാഹത് സംരംഭം റോഡപകടത്തില്‍പെടുന്നവരുടെ ജീവൻ രക്ഷിക്കുകയും ഇന്ത്യയുടെ അടിയന്തര പരിചരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിർണായക ചുവടുവെയ്പ്പാണ്.
***
( റിലീസ് ഐ.ഡി: 2228263)
സന്ദര്‍ശക കൗണ്ടര്‍ : 13