രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശാക്തീകരിക്കപ്പെട്ട ഭാരതത്തിനായി 'കർമ്മയോഗ' - ബ്രഹ്മകുമാരീസിന്റെ രാജ്യവ്യാപക പ്രചാരണത്തിന് രാഷ്ട്രപതി തുടക്കം കുറിച്ചു; അഖിലേന്ത്യാ സമ്മേളനം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 13 FEB 2026 3:27PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഫെബ്രുവരി 13, 2026) ന്യൂഡൽഹിയിൽ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും 'ശാക്തീകരിക്കപ്പെട്ട ഭാരതത്തിനായി കർമ്മയോഗ' എന്ന ബ്രഹ്മകുമാരീസിന്റെ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഗുരുഗ്രാമിലെ ഓം ശാന്തി റിട്രീറ്റ് സെന്ററിന്റെ രജത ജൂബിലി ആഘോഷങ്ങളും അവർ ഉദ്ഘാടനം ചെയ്തു.
സന്തുലിതവും സമഗ്രവുമായ വികസനത്തിന് ധാർമ്മിക മൂല്യങ്ങളും ആത്മീയതയും ഭൗതിക പുരോഗതിയുമായി സംയോജിപ്പിക്കേണ്ടത് അനിവാര്യമാണെന്ന്  രാഷ്ട്രപതി പറഞ്ഞു. സാമ്പത്തിക പുരോഗതി അഭിവൃദ്ധി സൃഷ്ടിക്കുന്നു. സാങ്കേതിക പുരോഗതി നൂതനാശയങ്ങൾ , കാര്യക്ഷമത, മത്സരക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇവ സമ്പന്നമായ ഒരു രാഷ്ട്രത്തിന് അടിത്തറയിടുന്നു. എന്നാൽ, ധാർമ്മികതയില്ലാത്ത സാമ്പത്തികവും സാങ്കേതികവുമായ വികസനം സമൂഹത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഉദാഹരണത്തിന്, അധാർമികമായ സാമ്പത്തിക പുരോഗതി സമ്പത്തിന്റെയും വിഭവങ്ങളുടെയും കേന്ദ്രീകരണത്തിനും, പരിസ്ഥിതി നാശത്തിനും, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ചൂഷണത്തിനും കാരണമാകും. സാങ്കേതികവിദ്യയുടെ അധാർമിക ഉപയോഗം മനുഷ്യരാശിക്ക് വിനാശകരമായിരിക്കും.
 
ആത്മീയത നമുക്ക് അടിസ്ഥാന മൂല്യങ്ങളും ധാർമ്മിക ചട്ടക്കൂടും നൽകുന്നതായും അത് കർമ്മയോഗ അഥവാ നിസ്വാർത്ഥ സേവനം പരിശീലിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. സമഗ്രത, കാരുണ്യം, അഹിംസ, മറ്റുള്ളവരോടുള്ള സേവനം തുടങ്ങിയ ഗുണങ്ങൾക്കും ആത്മീയത പ്രാധാന്യം നൽകുന്നു. സമാധാനപരവും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അനിവാര്യമായ തത്വങ്ങളാണിവ. നമ്മുടെ ചിന്തകൾ ആത്മീയ മൂല്യങ്ങളിൽ അധിഷ്ഠിതമാകുമ്പോൾ, സ്വാർത്ഥതാൽപര്യങ്ങളെ മറികടന്ന് എല്ലാവരുടെയും ക്ഷേമം പരിഗണിക്കാൻ കഴിയും. ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ നേതൃത്വത്തിന് നീതിയുക്തവും ന്യായപൂർണവുമായ ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. അത്തരം തീരുമാനങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രയോജനത്തിനല്ല, മറിച്ച് എല്ലാ പൗരന്മാരുടെയും പ്രയോജനത്തിനാണ്. ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾ നീതിയുക്തമാകുമ്പോൾ, അത് സമൂഹത്തിൽ വിശ്വാസവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നു.
ബ്രഹ്മാകുമാരി ഈശ്വരീയ വിശ്വ വിദ്യാലയം രാജയോഗ പഠിപ്പിക്കുന്നതായി രാഷ്ട്രപതി പരാമർശിച്ചു. ഒരിടത്ത് ഇരുന്ന് അഗാധമായി സ്വയം ചിന്തിക്കുക എന്നതല്ല ഇത് കൊണ്ട് അർത്ഥമാക്കുന്നത്. കർമ്മയോഗ അതിന്റെ ഒരു അടിസ്ഥാന ഭാഗമാണ്. നമ്മുടെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിനൊപ്പം ഉന്നത ആത്മീയ തത്വങ്ങൾ പിന്തുടരുന്നതിനെയാണ് കർമ്മയോഗ എന്ന് പറയുന്നത്. ബ്രഹ്മാകുമാരീസുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേർ പതിവായി കർമ്മയോഗ പരിശീലിച്ചുകൊണ്ട് അർത്ഥവത്തായ ജീവിതം നയിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കർമ്മയോഗയിലൂടെ രാജ്യത്തെ ഓരോ പൗരനും ഇന്ത്യയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സംഭാവന നൽകാൻ കഴിയുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഇത് ഇന്ത്യയെ സാമ്പത്തികമായി അഭിവൃദ്ധിയിലേക്ക് നയിക്കുക മാത്രമല്ല , ലോകത്തിന് മാതൃകയാവുന്ന വിധത്തിൽ മൂല്യാധിഷ്ഠിത ജീവിതമുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക -
SKY
 
*****

( റിലീസ് ഐ.ഡി: 2227635) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati