റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഭാഗികമായി പ്രവർത്തനക്ഷമമായ റോഡുകളിലെ ദേശീയപാത ഫീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍

പോസ്റ്റഡ് ഓണ്‍: 12 FEB 2026 5:51PM by PIB Thiruvananthpuram
  • 2008-ലെ ദേശീയ പാതാ ഫീസ് (നിരക്ക് നിർണയവും സമാഹരണവും) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.‍
  • ഇതനുസരിച്ച് ഒരു ദേശീയ എക്സ്പ്രസ് വേ പൂർണമായി  തുറക്കാത്ത സാഹചര്യത്തില്‍  സാധാരണ ദേശീയ പാതകൾക്ക് ബാധകമായ കുറഞ്ഞ നിരക്കിൽ പൂർത്തീകരിച്ച ഭാഗത്തിന്  ടോൾ ഫീസ് ഈടാക്കും. 
  • ഭേദഗതി ചെയ്ത ചട്ടങ്ങൾ 2026 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും.

 

ഭാഗികമായി മാത്രം പ്രവർത്തനക്ഷമമായ ദേശീയ എക്സ്പ്രസ് വേ ഉപയോക്താക്കൾക്കായി 2008-ലെ ദേശീയ പാതാ ഫീസ് (നിരക്ക് നിര്‍ണയവും സമാഹരണവും) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍  വിജ്ഞാപനം പുറപ്പെടുവിച്ചു.  നിലവിൽ ദേശീയ എക്സ്പ്രസ് വേയിലെ ഉപയോക്തൃ നിരക്ക് സാധാരണ ദേശീയ പാതകളേക്കാൾ 25 ശതമാനം കൂടുതലാണ്. നിയന്ത്രിത പ്രവേശനം, വേഗമേറിയതും തടസരഹിതവുമായ യാത്ര എന്നിവ നല്‍കി  യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം ഈ പാതകള്‍ ഉറപ്പാക്കുന്നു. എക്സ്പ്രസ് വേ പൂര്‍ണ ദൈര്‍ഘ്യത്തില്‍ തുറക്കാത്ത സാഹചര്യത്തില്‍ പോലും പൂർത്തിയായ ഭാഗത്തിന് ഈ ഉയർന്ന നിരക്കാണ് നിലവിൽ ഈടാക്കുന്നത്.

 

പുതിയ വ്യവസ്ഥയനുസരിച്ച് ദേശീയ എക്സ്പ്രസ് വേ പൂര്‍ണതോതില്‍  തുറന്നിട്ടില്ലെങ്കിൽ പൂർത്തിയായ ഭാഗത്തിന് 2008-ലെ ദേശീയപാത ഫീസ്  (നിരക്ക്  നിർണയവും സമാഹരണവും) ചട്ടങ്ങൾ പ്രകാരം സാധാരണ ദേശീയ പാതകളില്‍ ബാധകമായ കുറഞ്ഞ നിരക്കിലാകും ടോൾ ഈടാക്കുക. എക്സ്പ്രസ് വേകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ്  ഭേദഗതി ലക്ഷ്യമിടുന്നത്.  നിലവിലെ ദേശീയ പാതകളിലെ തിരക്ക് കുറയ്ക്കാനും ചരക്കുഗതാഗതവും യാത്രക്കാരുടെ സഞ്ചാരവും വേഗത്തിലാക്കാനും ഗതാഗതക്കുരുക്ക് മൂലം പഴയ ദേശീയ പാതകളിലുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

 

ദേശീയ പാതാ ഫീസ് (നിരക്ക്  നിർണയവും സമാഹരണവും) (ഭേദഗതി) ചട്ടങ്ങൾ - 2026 എന്ന് പേരിട്ട ഭേദഗതി ചെയ്ത നിയമങ്ങൾ  ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. ഭേദഗതി നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷം വരെയോ  എക്സ്പ്രസ് വേ പൂർണ പ്രവർത്തനക്ഷമമാകുന്നത് വരെയോ (ഏതാണോ ആദ്യം)  ഈ നിയമത്തിന് സാധുതയുണ്ടാകും.

 

ദേശീയ പാതകളുടെയും എക്സ്പ്രസ് വേകളുടെയും ഉപയോക്താക്കൾക്ക് യാത്ര കൂടുതൽ സുഗമവും ലാഭകരവുമാക്കാന്‍ കേന്ദ്രസർക്കാര്‍ നടപ്പാക്കിയ മറ്റൊരു സംരംഭമാണ്  ഈ ഭേദഗതി.

 

****


( റിലീസ് ഐ.ഡി: 2227248) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , Gujarati