തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

തൊഴിലാളികളും തൊഴിലുടമകളും ലേബര്‍ കോഡുകളെ വലിയ തോതില്‍ പിന്തുണയ്ക്കുന്നതായി വി വി ഗിരി സര്‍വേ

പോസ്റ്റഡ് ഓണ്‍: 09 FEB 2026 1:55PM by PIB Thiruvananthpuram

നോയിഡയിലെ വി വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (VVGNLI) നടത്തിയ സ്വതന്ത്രപഠനം, ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന വിശ്വാസവും ശുഭാപ്തിവിശ്വാസവും വ്യക്തമാക്കുന്നു.

''ലേബര്‍ കോഡുകളുടെ നടപ്പാക്കല്‍: കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള വിശകലനം'' എന്ന ശീര്‍ഷകത്തിലുള്ള ഈ പഠനം, ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കിടയിലും വലിയ തോതിലുള്ള സ്വീകാര്യതയും ആശയപരമായ യോജിപ്പുമുണ്ടെന്നു സൂചിപ്പിക്കുന്നു. തൊഴിലാളികളുടെ സംരക്ഷണവും സാമ്പത്തിക കാര്യക്ഷമതയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന, വിശ്വസനീയമായ പരിഷ്‌കരണ ചട്ടക്കൂടായാണ് ലേബര്‍ കോഡുകളെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നത് ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനും കാരണമാകുമെന്ന് തൊഴിലാളികളും തൊഴിലുടമകളും കരുതുന്നതായി സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, കരുത്തുറ്റ സാമൂഹ്യസുരക്ഷ, ആധുനികവത്കരിക്കപ്പെട്ട തൊഴില്‍ബന്ധങ്ങള്‍, ലളിതവും കാര്യക്ഷമവുമായ നിയമപാലനസംവിധാനങ്ങള്‍ എന്നിവയ്ക്കും ഇതു വഴിയൊരുക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് വി വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (VVGNLI) ഈ പഠനം നടത്തിയത്. ഈ കോഡുകള്‍ ഘടനാപരമായ പരിഷ്‌കാരമാണെന്നും ഇതിന്റെ ഫലങ്ങള്‍ കാലക്രമേണ വികസിച്ച് വരുന്നവയാണെന്നും പഠനം വിലയിരുത്തുന്നു.

VVGNLI പഠനത്തിലെ പ്രധാന സവിശേഷതകള്‍

ഈ പഠനത്തിന്റെ ഭാഗമായി, തൊഴിലാളികളുടെ കാഴ്ചപ്പാടുകള്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയും കൂട്ടായ ചര്‍ച്ചകളിലൂടെയുമാണ് ശേഖരിച്ചത്. പ്രമുഖ വാണിജ്യചേംബറുകള്‍, തൊഴിലാളിസംഘടനകള്‍, വ്യവസായ കൂട്ടായ്മകള്‍ എന്നിവയില്‍ നിന്നാണ് തൊഴിലുടമകളുടെ അഭിപ്രായങ്ങള്‍ തേടിയത്. വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍, MSME-കള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇടയില്‍ ലേബര്‍ കോഡുകളെക്കുറിച്ചുള്ള അവബോധം, അവയെക്കുറിച്ചുള്ള ധാരണ, അവ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തുകയായിരുന്നു ഈ സര്‍വേ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ ലക്ഷ്യം.

തൊഴിലാളികളുടെ ആത്മവിശ്വാസം സര്‍വേ ഫലങ്ങളില്‍ വ്യക്തം

ലേബര്‍ കോഡുകള്‍ കൊണ്ടുവരുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചു തൊഴിലാളികള്‍ക്കിടയില്‍ പൊതുവെ ശുഭപ്രതീക്ഷ നിലനില്‍ക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

·     ഏകദേശം 60% തൊഴിലാളികളും മൊത്തത്തിലുള്ള ജോലിസാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. ജോലിസമയത്തിന്റെ നിയന്ത്രണത്തില്‍ പുരോഗതിയുണ്ടാകുമെന്ന് 63% പേരും, വിശ്രമവേളകളിലും അവധി ആനുകൂല്യങ്ങളിലും മെച്ചപ്പെട്ട രീതികള്‍ വരുമെന്ന് 60% പേരും പ്രതീക്ഷിക്കുന്നു.

·     സുരക്ഷ, ഗതാഗതം, നിരീക്ഷണം എന്നിവയിലെ നിബന്ധനകള്‍ വനിതാതൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുമെന്ന് 66% പേര്‍ വിശ്വസിക്കുന്നു. നിര്‍ബന്ധിത സുരക്ഷാ ഉപകരണങ്ങളും മുന്‍കരുതലുകളും തൊഴിലിടത്തിലെ സാഹചര്യം മെച്ചപ്പെടുത്തുമെന്ന് 63% പേര്‍ അഭിപ്രായപ്പെട്ടു.

·     വേതനത്തിലെ സുതാര്യതയിലൂടെയും കൃത്യസമയത്തുള്ള വിതരണത്തിലൂടെയും വരുമാനസുരക്ഷ ഉറപ്പാകുമെന്ന് 64% തൊഴിലാളികള്‍ കരുതുന്നു. കൃത്യസമയത്ത് വേതനം ലഭിക്കുന്ന കാര്യത്തില്‍ മെച്ചപ്പെട്ട മാറ്റമുണ്ടാകുമെന്ന് 54% പേര്‍ പ്രതീക്ഷിക്കുന്നു.

·     സാമൂഹ്യസുരക്ഷയുടെ കാര്യത്തില്‍, സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇ-ശ്രം, ക്ഷേമബോര്‍ഡുകള്‍ എന്നിവയെ 68% തൊഴിലാളികള്‍ സ്വാഗതം ചെയ്യുന്നു. കരാര്‍ തൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍, ഗിഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ആനുകൂല്യങ്ങള്‍ എവിടെയും ലഭ്യമാകുന്ന സംവിധാനത്തെ 63% പേര്‍ അനുകൂലിക്കുന്നു.

തൊഴിലിടത്തിലെ നിലവാരം ഉയര്‍ത്തുന്നതിനും സാമൂഹ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ലേബര്‍ കോഡുകള്‍ക്ക് സാധിക്കുമെന്ന തൊഴിലാളികളുടെ വര്‍ധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

ചട്ടങ്ങള്‍ ലളിതമാക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും തൊഴിലുടമകളുടെ പിന്തുണ

നിയമപരമായ വ്യക്തത, വഴക്കം, പ്രവര്‍ത്തനക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് ലേബര്‍ കോഡുകള്‍ക്ക് തൊഴിലുടമകള്‍ ശക്തമായ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.

·     തൊഴില്‍ മേഖലയിലെ വഴക്കത്തിന് തൊഴിലുടമകള്‍ മുന്‍ഗണന നല്‍കുന്നു; നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതമാണെന്ന് 76% പേരും കരുതുന്നു.

·     64% പേര്‍ നിശ്ചിതകാല തൊഴില്‍രീതി തങ്ങളുടെ വ്യവസായമാതൃകകള്‍ക്ക് അനുയോജ്യമാണെന്ന് വിലയിരുത്തുന്നു. കൃത്യസമയത്തുള്ള വേതന വിതരണം തൊഴിലിടത്തില്‍ അച്ചടക്കം വളര്‍ത്തുമെന്ന് 64% പേര്‍ പ്രതീക്ഷിക്കുന്നു.

·     ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനെ 71% പേരും എല്ലാ സംസ്ഥാനങ്ങളിലും ഒരേ രീതിയിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ 73% പേരും പിന്തുണയ്ക്കുന്നു.

·     ലേബര്‍ കോഡുകള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനെ 75% പേരും സൗകര്യപ്രദമായ നിര്‍വഹണമാതൃകയെ 74% പേരും അനുകൂലിക്കുന്നു.

·     ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമപാലനം ലളിതമാകുമെന്ന് 73% പേര്‍ പ്രവചിക്കുന്നു.

·     തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാപരിധി വര്‍ധിക്കുമെന്ന് 62% പേര്‍ സമ്മതിക്കുന്നു.


·     പാലിക്കേണ്ട നിബന്ധനകളെ ലേബര്‍ കോഡുകള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് 73% പേര്‍ വിശ്വസിക്കുന്നു.

സുസ്ഥിരമായ തൊഴില്‍ പരിഷ്‌കാരങ്ങളോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത

2019-2020 കാലയളവില്‍ നിയമനിര്‍മാണംനടത്തി, 2025 നവംബര്‍ 21-ന് രാജ്യവ്യാപകമായി വിജ്ഞാപനം ചെയ്ത ലേബര്‍ കോഡുകളുടെ പുരോഗമനപരവും കൂടിയാലോചനകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ രൂപകല്‍പ്പനയ്ക്കുള്ള അംഗീകാരമായാണ് തൊഴില്‍ മന്ത്രാലയം ഈ കണ്ടെത്തലുകളെ കാണുന്നത്.

''ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന തൊഴില്‍വിപണിയില്‍ ഏവര്‍ക്കും സാമൂഹ്യസുരക്ഷ, മാന്യമായ ജോലി, ഔപചാരികവല്‍ക്കരണം, ഏവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരമായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലേബര്‍ കോഡുകളുടെ ലക്ഷ്യത്തെ ഈ കണ്ടെത്തലുകള്‍ അടിവരയിടുന്നു'' - കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ശേഷി വര്‍ധിപ്പിക്കല്‍, ബോധവത്കരണ യജ്ഞങ്ങള്‍, സംസ്ഥാനതലത്തില്‍ ഘട്ടംഘട്ടമായുള്ള നടപ്പാക്കല്‍ എന്നിവയിലൂടെ ലേബര്‍ കോഡുകളുടെ ഗുണഫലങ്ങള്‍ രാജ്യത്തുടനീളമുള്ള തൊഴിലാളികളിലേക്കും തൊഴിലുടമകളിലേക്കും തുടര്‍ച്ചയായി എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.

മുന്നോട്ടുള്ള പാതയില്‍, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലേബര്‍ കോഡുകള്‍ നടപ്പാക്കുമ്പോള്‍, വിശദമായ സംസ്ഥാനതല ആഘാത പഠനം ഘട്ടംഘട്ടമായി നടത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ദേശീയതലത്തില്‍ ഇത് നടപ്പാക്കുന്നതിനു മുന്‍പുതന്നെ സമാനമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പഠനം ആവശ്യമാണ്. ഇത്തരമൊരു സമീപനം നടപ്പാക്കല്‍ തന്ത്രങ്ങളുടെ തെളിവ് അടിസ്ഥാനമാക്കിയുള്ള അവലോകനത്തിന് വഴിയൊരുക്കുകയും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പരപഠനം സുഗമമാക്കുകയും ചെയ്യും. ലേബര്‍ കോഡുകളുടെ പരിവര്‍ത്തന സാധ്യതകള്‍ ഏവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ രീതിയില്‍ യാഥാര്‍ഥ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

പൂര്‍ണരൂപം വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യൂ

***


( റിലീസ് ഐ.ഡി: 2225524) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil