PIB Headquarters
ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 2.0
പോസ്റ്റഡ് ഓണ്‍:
07 FEB 2026 1:13PM by PIB Thiruvananthpuram
|
പ്രധാന വസ്തുതകൾ
• 2026–27 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യ സെമികണ്ടക്ടർ ദൗത്യം (ISM) 2.0യ്ക്കായി 1,000 കോടി രൂപ വകയിരുത്തി.
• 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, ആറ് സംസ്ഥാനങ്ങളിലായി 1.60 ലക്ഷം കോടി രൂപ മൂല്യം വരുന്ന 10 ഐ.എസ്.എം പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
• 2030-ഓടെ ഇന്ത്യയുടെ സെമികണ്ടക്ടർ വിപണി 100–110 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
|
ആമുഖം
ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 2.0 പ്രഖ്യാപിച്ചതോടെ, 2026–27 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാങ്കേതിക അഭിലാഷങ്ങൾക്ക് നിർണായകമായ ഒരു നിമിഷമായി അടയാളപ്പെടുത്തപ്പെട്ടു. എല്ലാ സുപ്രധാന ഡിജിറ്റൽ, വ്യാവസായിക സംവിധാനങ്ങളുടേയും അടിസ്ഥാനശിലയായി ചിപ്പുകൾ മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ആഭ്യന്തര സെമികണ്ടക്ടർ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ നയപരമായ നീക്കത്തെയാണ് ഈ പുതിയ ഘട്ടം സൂചിപ്പിക്കുന്നത്. സെമികണ്ടക്ടർ ഉപകരണങ്ങളും വസ്തുക്കളും ഇന്ത്യയിൽ നിർമ്മിക്കുക, സമ്പൂർണ്ണ ഇന്ത്യൻ സെമികണ്ടക്ടർ ബൗദ്ധിക സ്വത്തവകാശം രൂപകൽപ്പന ചെയ്യുക, ആഭ്യന്തര-ആഗോള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയിലായിരിക്കും ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 2.0 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026–27 സാമ്പത്തിക വർഷത്തേക്ക് ഈ ദൗത്യത്തിനായി 1,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്ക് സജ്ജരായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുമായി വ്യവസായ അധിഷ്ഠിത ഗവേഷണ-പരിശീലന കേന്ദ്രങ്ങൾക്ക് ഇതിൽ വലിയ പ്രാധാന്യം നല്കുന്നു.

കമ്പ്യൂട്ടറുകൾ, മൊബൈൽ ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഓട്ടോമൊബൈലുകൾ, പ്രതിരോധ സംവിധാനങ്ങൾ, നിർമ്മിതബുദ്ധി എന്നിവയുടെ പ്രവർത്തനത്തിന് ഊർജ്ജം പകരുന്ന ആധുനിക ഇലക്ട്രോണിക്സ് മേഖലയുടെ നട്ടെല്ലാണ് സെമികണ്ടക്ടറുകൾ. ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 1.0 യ്ക്ക് കീഴിൽ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ എല്ലാ മേഖലകളിലും മുൻകാല നിക്ഷേപങ്ങൾ ഏകീകരിക്കുന്നതിൽ ഇന്ത്യ സ്ഥിരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതിലൂടെ ഡിസൈൻ ശേഷി വികസിപ്പിക്കുകയും രാജ്യത്തുടനീളം ഫാബ്രിക്കേഷൻ, അസംബ്ലി, ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. ഈ മുന്നേറ്റം ആത്മനിർഭർ ഭാരതം എന്ന വിപുലമായ കാഴ്ചപ്പാടിനേയും നയരൂപീകരണത്തിൽ നിന്ന് ഉത്പാദന സന്നദ്ധതയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നേട്ടങ്ങളെ അടിസ്ഥാനമാക്കി, ആഗോള സെമികണ്ടക്ടർ ശൃംഖലയിൽ വിശ്വസനീയവും മത്സരാധിഷ്ഠിതവുമായ ഒരു പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനാണ് ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 2.0 ലക്ഷ്യമിടുന്നത്.
മേഖലാ അവലോകനം: ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ

ആഗോള സെമികണ്ടക്ടർ ഹബ്ബ് എന്ന നിലയിൽ ഇന്ത്യ ക്രമാനുഗതമായി ഉയർന്നുവരികയാണ്. വൻതോതിലുള്ള നിക്ഷേപങ്ങൾ, വികസിക്കുന്ന ഉത്പാദന ശേഷി, സെമികോൺ ഇന്ത്യ 2025 പോലുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിവ ഇന്ത്യയുടെ സെമികണ്ടക്ടർ പ്രയാണത്തിലുള്ള വർദ്ധിച്ചുവരുന്ന ആഗോള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര ചിപ്പ് വിപണി ദ്രുതഗതിയിലുള്ള വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വ്യവസായ കണക്കുകൾ പ്രകാരം ഇന്ത്യൻ സെമികണ്ടക്ടർ വിപണിയുടെ മൂല്യം 2023-ൽ ഏകദേശം 38 ബില്യൺ ഡോളറും 2024-2025 കാലയളവിൽ 45-50 ബില്യൺ ഡോളറും ആയിരുന്നു. 2030-ഓടെ ഇത് 100-110 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എന്നീ ദേശീയ കാഴ്ചപ്പാടുകളിൽ ഊന്നിയുള്ള ഈ വിപുലീകരണം, ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമായും ആഗോള വിതരണക്കാരായും ഒരേപോലെ പ്രതിഷ്ഠിക്കുന്നു.
2021 ഡിസംബറിൽ കേന്ദ്ര മന്ത്രിസഭ ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 1.0 അംഗീകരിച്ചതോടെയാണ് ഈ വളർച്ചയുടെ അടിത്തറ പാകിയത്. സിലിക്കൺ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടർ സൗകര്യങ്ങൾ, അസംബ്ലി ആൻഡ് ടെസ്റ്റിംഗ് യൂണിറ്റുകൾ, ചിപ്പ് ഡിസൈൻ എന്നിവയ്ക്ക് 50 ശതമാനം വരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന 76,000 കോടി രൂപയുടെ പ്രോത്സാഹന ചട്ടക്കൂടാണ് ഈ ദൗത്യത്തിന് പിന്തുണ നല്കുന്നത്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 6 സംസ്ഥാനങ്ങളിലായി ആകെ 1.60 ലക്ഷം കോടി രൂപ നിക്ഷേപമുള്ള 10 പദ്ധതികൾക്ക് അംഗീകാരം നല്കിക്കഴിഞ്ഞു. സിലിക്കൺ ഫാബ്രിക്കേഷൻ യൂണിറ്റുകൾ, സിലിക്കൺ കാർബൈഡ് ഫാബുകൾ, അഡ്വാൻസ്ഡ് ആൻഡ് മെമ്മറി പാക്കേജിംഗ് സൗകര്യങ്ങൾ, പ്രത്യേക അസംബ്ലി ആൻഡ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്ന് കരുത്തുറ്റ ഒരു ആഭ്യന്തര സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നു.
2029-ഓടെ ആഭ്യന്തര ആവശ്യങ്ങളുടെ ഏകദേശം 70–75 ശതമാനത്തോളം വരുന്ന ചിപ്പുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള ശേഷി ഇന്ത്യ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അടിത്തറയിൽ മുന്നേറിക്കൊണ്ട്, സെമികോൺ 2.0 യ്ക്ക് കീഴിലുള്ള അടുത്ത ഘട്ടം അത്യാധുനിക നിർമ്മാണ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 3-നാനോമീറ്റർ, 2-നാനോമീറ്റർ സാങ്കേതികവിദ്യ കൈവരിക്കുന്നതിനുള്ള വ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു രൂപരേഖ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. 2035-ഓടെ ആഗോളതലത്തിൽ സെമികണ്ടക്ടർ മേഖലയിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അംഗീകാരം ലഭിച്ച സെമികണ്ടക്ടർ നിർമ്മാണ പദ്ധതികൾ
1. മൈക്രോൺ ടെക്നോളജി ഇൻകോർപ്പറേറ്റഡ് ഗുജറാത്തിൽ 22,516 കോടി രൂപയുടെ നിക്ഷേപത്തോടെ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. മൈക്രോണിൻ്റെ ഇന്ത്യയിലെ ഈ കേന്ദ്രം DRAM, NAND ഉൽപ്പന്നങ്ങളുടെ അസംബ്ലിംഗും പരിശോധനയും സാധ്യമാക്കുകയും ആഭ്യന്തര, അന്തർദ്ദേശീയ വിപണികളിലെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ആഴ്ചയിൽ ഏകദേശം 14 ദശലക്ഷം യൂണിറ്റുകളാണ് ഇതിൻ്റെ ഉത്പാദന ശേഷി.
2. ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (TEPL) 91,526 കോടി രൂപയുടെ നിക്ഷേപത്തോടെ ഗുജറാത്തിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. തായ്‌വാനിലെ പി.എസ്.എം.സി കമ്പനിയുമായുള്ള സാങ്കേതിക പങ്കാളിത്തത്തോടെയാണ് ഈ ഫാബ് കേന്ദ്രം സജ്ജമാക്കുന്നത്. പ്രതിമാസം ഏകദേശം 50,000 വേഫർ സ്റ്റാർട്ടുകൾ (WSPM) ആണ് ഈ പദ്ധതിയുടെ ഉത്പാദന ശേഷി.
3. ടാറ്റാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (TEPL) 27,120 കോടി രൂപയുടെ നിക്ഷേപത്തോടെ അസമിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. ഈ കേന്ദ്രം തദ്ദേശീയമായ സെമികണ്ടക്ടർ പാക്കേജിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിക്കും. പ്രതിദിനം 48 ദശലക്ഷം യൂണിറ്റുകളാണ് ഇതിൻ്റെ ഉത്പാദന ശേഷി.
4. സി.ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് 7,584 കോടി രൂപയുടെ നിക്ഷേപത്തോടെ ഗുജറാത്തിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. അമേരിക്കയിലെ റെനസാസ് ഇലക്ട്രോണിക്സ് അമേരിക്ക ഇൻകോർപ്പറേറ്റഡ്, തായ്‌ലൻഡിലെ സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക് എന്നിവരുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭമായാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.
5. കെയ്‌ൻസ് ടെക്നോളജി ഇന്ത്യ ലിമിറ്റഡ് (KTIL) 3,307 കോടി രൂപയുടെ നിക്ഷേപത്തോടെ ഗുജറാത്തിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. പ്രതിദിനം 6.33 ദശലക്ഷത്തിലധികം ചിപ്പുകൾ ഉത്പാദിപ്പിക്കാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ടാകും.
6. വാമ സുന്ദരി ഇൻവെസ്റ്റ്‌മെൻ്റ്സ് (ഡൽഹി) പ്രൈവറ്റ് ലിമിറ്റഡ് (VSIPL) 3,706 കോടി രൂപയുടെ നിക്ഷേപത്തോടെ ഉത്തർപ്രദേശിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. പ്രതിമാസം ഏകദേശം 20,000 വേഫറുകൾ അല്ലെങ്കിൽ പ്രതിമാസം 36 ദശലക്ഷം ചിപ്പുകൾ എന്നതായിരിക്കും ഇതിൻ്റെ ഉത്പാദന ശേഷി.
7. 3D ഗ്ലാസ് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ് 1,943 കോടി രൂപയുടെ നിക്ഷേപത്തോടെ ഒഡീഷയിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. ഗ്ലാസ് പാനൽ സബ്‌സ്‌ട്രേറ്റ് ഉത്പാദനം, അസംബ്ലി, ഹെറ്ററോജീനിയസ് ഇൻ്റഗ്രേഷൻ എന്നിവയ്ക്കായി യഥാക്രമം പ്രതിമാസം 5,800 പാനലുകൾ, പ്രതിമാസം 4.20 ദശലക്ഷം യൂണിറ്റുകൾ, പ്രതിമാസം 1,100 യൂണിറ്റുകൾ എന്നിങ്ങനെയാണ് നിർദ്ദിഷ്ട ഉത്പാദന ശേഷി.
8. സിക്സെം പ്രൈവറ്റ് ലിമിറ്റഡ് 2,066 കോടി രൂപയുടെ നിക്ഷേപത്തോടെ ഒഡീഷയിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. പ്രതിമാസം 5,000 വേഫറുകളാണ് ഇതിൻ്റെ ഉത്പാദന ശേഷി, പാക്കേജിംഗ് ശേഷി പ്രതിമാസം 8 ദശലക്ഷം യൂണിറ്റുകളുമാണ്.
9. കോണ്ടിനെൻ്റൽ ഡിവൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (CDIL) 117 കോടി രൂപയുടെ നിക്ഷേപത്തോടെ പഞ്ചാബിലുള്ള കമ്പനിയുടെ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം വികസിപ്പിക്കുന്നു. ഉയർന്ന ശേഷിയുള്ള ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഉപകരണങ്ങൾ ഈ കേന്ദ്രത്തിൽ നിർമ്മിക്കും. പ്രതിവർഷം ഏകദേശം 158.38 ദശലക്ഷം യൂണിറ്റുകളായിരിക്കും ഇതിൻ്റെ ഉത്പാദന ശേഷി.
10. അഡ്വാൻസ്ഡ് സിസ്റ്റം ഇൻ പാക്കേജ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ASIP) 480 കോടി രൂപയുടെ നിക്ഷേപത്തോടെ ആന്ധ്രാപ്രദേശിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നു. പ്രതിവർഷം ഏകദേശം 96 ദശലക്ഷം യൂണിറ്റുകളായിരിക്കും ഈ കേന്ദ്രത്തിൻ്റെ ഉത്പാദന ശേഷി.
കൺസ്യൂമർ അപ്ലയൻസസ്, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ്, ടെലികമ്മ്യൂണിക്കേഷൻസ്, എയ്‌റോസ്‌പേസ്, പവർ ഇലക്ട്രോണിക്സ് തുടങ്ങിയ പ്രധാന മേഖലകളിൽ വർദ്ധിച്ചുവരുന്ന ചിപ്പ് ആവശ്യകതകൾ ഈ കേന്ദ്രങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധേയമായ കാര്യം, അംഗീകരിക്കപ്പെട്ട നിരവധി നിർദ്ദേശങ്ങൾ സെമികണ്ടക്ടർ ചിപ്പുകളുടെ അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് എന്നിവയ്ക്കായി തദ്ദേശീയമായ സാങ്കേതികവിദ്യകളാണ് പ്രയോജനപ്പെടുത്തുന്നത് എന്നതാണ്. ഈ മാറ്റം കൂടുതൽ ആഴത്തിലുള്ള സാങ്കേതിക ശേഷിയിലേക്കും ബാഹ്യ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലുമുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിനെ പ്രതിഫലിപ്പിക്കുന്നു. ഇത് ആഗോള സെമികണ്ടക്ടർ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
ഐ.എസ്.എമ്മിന് (ISM) കീഴിലുള്ള പദ്ധതികൾ
• സെമികണ്ടക്ടർ ഫാബ്സ് പദ്ധതി: അത്യാധുനികവും വികസിതവുമായ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 50 ശതമാനം വരെ സാമ്പത്തിക സഹായം നല്കുന്നു.
• ഡിസ്‌പ്ലേ ഫാബ്സ് പദ്ധതി: ഇന്ത്യയിൽ അമോലെഡ്, എൽ.സി.ഡി ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 50 ശതമാനം വരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.
• കോമ്പൗണ്ട് സെമികണ്ടക്ടറുകളും ATMP/OSAT പദ്ധതിയും: കോമ്പൗണ്ട് സെമികണ്ടക്ടർ, ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് യൂണിറ്റുകൾ എന്നിവയ്ക്ക് 50 ശതമാനം വരെ മൂലധന സഹായം നല്കുന്നു.
• ഡിസൈൻ ബന്ധിത പ്രോത്സാഹന പദ്ധതി: 1,000 കോടി രൂപയുടെ വിഹിതത്തോടെ, ചിപ്പ് ഡിസൈൻ സ്റ്റാർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കും ഗവേഷണ-വികസന പിന്തുണയും ഒരു കമ്പനിക്ക് 15 കോടി രൂപ വരെ ഇൻസെൻ്റീവും നല്കി പിന്തുണയ്ക്കുന്നു.
2026–27 കാലയളവിൽ സെമികണ്ടക്ടർ പ്രോഗ്രാമിൻ്റെ പ്രതീക്ഷിക്കുന്ന സ്വാധീനം
തീവ്രമാകുന്ന ആഗോള മത്സരത്തിൻ്റേയും പരിമിതമായ ചില രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന അത്യാധുനിക ചിപ്പ് സാങ്കേതികവിദ്യകളുടേയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ സെമികണ്ടക്ടർ പ്രോഗ്രാം പുനഃക്രമീകരിച്ചിട്ടുണ്ട്. സെമികണ്ടക്ടർ ആവാസവ്യവസ്ഥ നിലവിലുള്ള പല രാജ്യങ്ങളും വലിയ തോതിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ സമീപനത്തിൽ മാറ്റങ്ങൾ വരുത്തുന്നത് അനിവാര്യമാക്കി. അതിനാൽ, പരിഷ്കരിച്ച പ്രോഗ്രാം സെമികണ്ടക്ടർ നിർമ്മാണം, ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ, ഡിസൈൻ ആവാസവ്യവസ്ഥ എന്നിവയിലുടനീളമുള്ള നിക്ഷേപങ്ങൾക്കുള്ള സാമ്പത്തിക സഹായം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2026–27 വർഷത്തേക്ക്, ഇന്ത്യയിലെ സെമികണ്ടക്ടർ, ഡിസ്‌പ്ലേ നിർമ്മാണ ആവാസവ്യവസ്ഥയുടെ വികസനത്തിനായുള്ള പരിഷ്കരിച്ച പ്രോഗ്രാമിന് മൊത്തം 8,000 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുണ്ട്. മൂലധന നിക്ഷേപം ത്വരിതപ്പെടുത്തുക, ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഫാബ്രിക്കേഷൻ, പാക്കേജിംഗ്, ചിപ്പ് ഡിസൈൻ എന്നിവയിലുടനീളം ആഭ്യന്തര ശേഷി വിപുലീകരിക്കുക എന്നിവയാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഈ വർഷം പ്രതീക്ഷിക്കുന്ന ഫലങ്ങൾ ചുവടെ നല്കിയിരിക്കുന്നു.
ഐഎസ്എമ്മിന് കീഴിൽ 2026-27 കാലയളവിൽ പ്രതീക്ഷിക്കുന്ന ലക്ഷ്യം
|
പദ്ധതി
|
പ്രധാന സൂചകം
|
നിശ്ചിത ലക്ഷ്യം
|
|
സെമികണ്ടക്ടർ ഫാബുകൾക്കായുള്ള പരിഷ്കരിച്ച പദ്ധതി
(പിന്തുണ നല്കുന്ന ഫാബുകൾ –1)
|
വർഷത്തിനിടയിലെ നിക്ഷേപം
|
4,000 കോടി രൂപ
|
| |
സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ
|
1,500 പേർക്ക്
|
|
കോമ്പൗണ്ട് സെമികണ്ടക്ടറുകൾ, സിലിക്കൺ ഫോട്ടോണിക്സ്,
സെൻസറുകൾ, ഡിസ്ക്രീറ്റ് ഫാബുകൾ,
അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ് ആൻഡ് പാക്കേജിംഗ് ((ATMP)/
ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT)
എന്നിവയ്ക്കായുള്ള പരിഷ്കരിച്ച പദ്ധതി എന്നിവയ്ക്കായുള്ള പരിഷ്കരിച്ച പദ്ധതി
(പിന്തുണ നല്കുന്ന യൂണിറ്റുകൾ - 9)
|
വർഷത്തിനിടയിൽ യൂണിറ്റുകൾ നടത്തുന്ന നിക്ഷേപം
|
11,000 കോടി രൂപ
|
| |
പിന്തുണയ്ക്കപ്പെടുന്ന യൂണിറ്റുകൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ
|
3,000 പേർക്ക്
|
|
പാക്കേജിംഗ് ((ATMP)/ ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി
(പിന്തുണ നൽകുന്ന ഡിസൈൻ കമ്പനികൾ – 30)
|
വികസിപ്പിക്കേണ്ട സെമികണ്ടക്ടർ ഐ.പി കോറുകൾ |
10
|
| |
നിയമിതരായ സെമികണ്ടക്ടർ ഡിസൈൻ വിദഗ്ധർ |
200 പേർ
|
ഈ ഫലങ്ങൾ ഒന്നിച്ച്, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും, ഡിസൈൻ ശേഷി ആഴത്തിലാക്കുന്നതിനും, ഇന്ത്യയുടെ ദീർഘകാല സെമികണ്ടക്ടർ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുമുള്ള ശക്തമായ നീക്കത്തെ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യ സെമികണ്ടക്ടർ ദൗത്യത്തിൻ്റെ പ്രാധാന്യം
ആധുനിക സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനത്തിൽ സെമികണ്ടക്ടറുകൾ നിർണ്ണായകമായി മാറിയിരിക്കുന്നു. ദൈനംദിന ജീവിതത്തിൽ നേരിട്ട് ദൃശ്യമല്ലെങ്കിലും, സമൂഹത്തെ ചലിപ്പിക്കുന്ന സംവിധാനങ്ങൾക്ക് കരുത്ത് പകരുന്നത് ഈ മൈക്രോ പ്രോസസ്സറുകളാണ്. 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നത് പോലെ, ഊർജ്ജ ശൃംഖലകൾ, സാമ്പത്തിക വിപണികൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുടെ നട്ടെല്ലാണ് ഇവ. നിർമ്മാണ യൂണിറ്റുകൾ, ആശുപത്രികൾ, ഗതാഗത സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയെല്ലാം ഇവയിലൂടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, സാമ്പത്തിക സുസ്ഥിരതയ്ക്കും വിവിധ മേഖലകളുടെ തുടർച്ചയായ പ്രവർത്തനത്തിനും സെമികണ്ടക്ടറുകളുടെ വിശ്വസനീയമായ വിതരണം അത്യാവശ്യമാണ്.
സമീപകാല ആഗോള പ്രതിസന്ധികൾ ഈ ആശ്രിതത്വത്തിൻ്റെ ആഴം വെളിപ്പെടുത്തി. കോവിഡ്-19 മഹാമാരി സെമികണ്ടക്ടർ വിതരണ ശൃംഖലയിലെ ഗുരുതരമായ പോരായ്മകൾ തുറന്നുകാട്ടി, ഇത് ലോകമെമ്പാടുമുള്ള 169-ലധികം വ്യവസായങ്ങളെ ബാധിച്ചു. ഉത്പാദനത്തിലുണ്ടായ കാലതാമസവും വർദ്ധിച്ചുവരുന്ന ചെലവും വിവിധ രാജ്യങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. വളരെ കുറച്ച് വിതരണക്കാരെ മാത്രം ആശ്രയിക്കുന്നതിലെ അപകടസാധ്യതകളാണ് ഈ ആഘാതങ്ങൾ വെളിപ്പെടുത്തിയത്. ഇന്ന് സെമികണ്ടക്ടർ വ്യവസായം തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, അമേരിക്ക എന്നീ ചുരുക്കം ചില രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. ലോകത്തിലെ സെമികണ്ടക്ടറുകളുടെ 60 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നത് തായ്‌വാൻ ഒറ്റയ്ക്കാണ്, അത്യാധുനിക ചിപ്പുകളുടെ കാര്യത്തിലാണെങ്കിൽ ഇത് ഏകദേശം 90 ശതമാനത്തോളമാണ്. ഇത് ആഗോള വിതരണ ശൃംഖലയെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കും മറ്റ് ആഘാതങ്ങൾക്കും മുന്നിൽ ദുർബ്ബലമാക്കുന്നു.
ഇതിന് മറുപടിയായി പ്രധാന സമ്പദ് വ്യവസ്ഥകളെല്ലാം തങ്ങളുടെ തന്ത്രങ്ങൾ പരിഷ്കരിക്കുകയാണ്. ആഭ്യന്തര ചിപ്പ് നിർമ്മാണം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിനുമായി അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ ദേശീയ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ ആഗോള മാറ്റത്തിനിടയിൽ വിശ്വസ്തവും വിശ്വസനീയവുമായ ഒരു പങ്കാളിയായി ഇന്ത്യ സ്വയം അടയാളപ്പെടുത്തുകയാണ്. ഇന്ത്യ സെമികണ്ടക്ടർ ദൗത്യം ഈ സാഹചര്യത്തോടുള്ള നേരിട്ടുള്ള പ്രതികരണമാണ്. ഡിസൈൻ, നിർമ്മാണം, നൂതനാശയങ്ങൾ എന്നിവയിലുടനീളം ആഭ്യന്തര ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ, സ്വയംപര്യാപ്തതയിലേക്കും സാങ്കേതിക പരമാധികാരത്തിലേക്കുമുള്ള നിർണ്ണായക ചുവടുവെയ്പ്പാണ് ഐ.എസ്.എം പ്രതിനിധീകരിക്കുന്നത്. അതോടൊപ്പം കൂടുതൽ കരുത്തുറ്റ ഒരു ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഈ തന്ത്രത്തിൻ്റെ കേന്ദ്രബിന്ദു സെമികണ്ടക്ടർ രൂപകൽപ്പനയിലും പ്രതിഭകളെ വാർത്തെടുക്കുന്നതിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, സാങ്കേതിക സ്വയംപര്യാപ്തതയുടെ അടിസ്ഥാനശിലയും ഇവ രണ്ടും തന്നെയാണ്.
ഇന്ത്യയുടെ സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നു
2021 ഡിസംബറിൽ ആരംഭിച്ചതു മുതൽ, ഇന്ത്യയിൽ കേവലം ശേഷി സൃഷ്ടിക്കുന്നതിൽ നിന്നും സാങ്കേതികമായ ആഴം കൈവരിക്കുന്നതിലേക്കുള്ള മാറ്റത്തിൽ ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആഭ്യന്തര നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, പ്രാരംഭ ഘട്ടത്തിലുള്ള കമ്പനികളെ പിന്തുണയ്ക്കുന്നതിലും, സജീവമായ ഒരു ഫാബ്‌ലെസ് ആവാസവ്യവസ്ഥയ്ക്ക് അടിത്തറ സൃഷ്ടിക്കുന്നതിലുമാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അക്കാദമിക് ഗവേഷണവും വ്യവസായ മേഖലയിലെ പ്രയോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആഗോള ഡിസൈൻ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിച്ചു.
ഡി.എൽ.ഐ പദ്ധതിക്ക് കീഴിലുള്ള പ്രധാന നേട്ടങ്ങൾ (2026 ജനുവരി വരെയുള്ള കണക്ക്):
- രാജ്യത്തുടനീളമുള്ള 24 സെമികണ്ടക്ടർ ഡിസൈൻ സ്റ്റാർട്ടപ്പുകളെ പ്രോഗ്രാം നിലവിൽ പിന്തുണയ്ക്കുന്നു.
- ഈ പദ്ധതിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പുകൾ ഏകദേശം 430 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപം ആകർഷിച്ചു, ഇത് ഇന്ത്യയുടെ ഡിസൈൻ ആവാസവ്യവസ്ഥയിലുള്ള നിക്ഷേപകരുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
- ദേശീയ ചിപ്പ് ഡിസൈൻ പ്ലാറ്റ്‌ഫോമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA), അത്യാധുനിക ഡിസൈൻ ടൂളുകളിലേയ്ക്കുള്ള പ്രവേശനം സാധ്യമാക്കി. ഏകദേശം 2.25 കോടി ടൂൾ മണിക്കൂറുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
- ഏകദേശം 67,000 വിദ്യാർത്ഥികളും 1,000-ലധികം സ്റ്റാർട്ടപ്പ് എഞ്ചിനീയർമാരും ചിപ്പ് രൂപകൽപ്പനയ്ക്കും വികസനത്തിനുമായി ഈ ടൂളുകൾ സജീവമായി ഉപയോഗിക്കുന്നു.
- അക്കാദമിക് രംഗത്ത് 122 ഡിസൈനുകൾ ടേപ്പ് ഔട്ട് ചെയ്യപ്പെട്ടു, ഇതിൽ 56 ചിപ്പുകൾ മൊഹാലിയിലെ സെമികണ്ടക്ടർ ലബോറട്ടറിയിൽ 180 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ചു.
- സ്റ്റാർട്ടപ്പുകൾ 16 ടേപ്പ് ഔട്ടുകൾ പൂർത്തിയാക്കി, ഇതിലൂടെ 12 നാനോമീറ്റർ വരെയുള്ള അത്യാധുനിക ഫൗണ്ടറി നോഡുകളിൽ ആറ് ചിപ്പുകൾ നിർമ്മിച്ചു.
- അക്കാദമിക് സ്ഥാപനങ്ങൾ 75 പേറ്റൻ്റുകൾ ഫയൽ ചെയ്തപ്പോൾ സ്റ്റാർട്ടപ്പുകൾ 10 പേറ്റൻ്റുകൾ ഫയൽ ചെയ്തു. ഇത് വളർന്നുവരുന്ന നവീകരണ സംസ്കാരത്തേയും ബൗദ്ധിക സ്വത്തവകാശ രൂപീകരണത്തേയും സൂചിപ്പിക്കുന്നു.
ഭാവിയിലേക്ക് നോക്കുമ്പോൾ, അടുത്ത ഘട്ടത്തിൽ കുറഞ്ഞത് 50 ഫാബ്‌ലെസ് സെമികണ്ടക്ടർ കമ്പനികളെയെങ്കിലും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രോഗ്രാം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. സെമികണ്ടക്ടർ രൂപകൽപ്പനയിലും നവീകരണത്തിലും ഒരു ആഗോള ഹബ്ബായി ഉയരാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് ഇത് കരുത്തുപകരും.
തദ്ദേശീയ മൈക്രോപ്രോസസ്സറുകളുടേയും കോർ സെമികണ്ടക്ടർ സാങ്കേതികവിദ്യകളുടേയും മുന്നേറ്റം
ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ അടിസ്ഥാനശിലയാണ് മൈക്രോപ്രോസസ്സറുകൾ. ടെലികമ്മ്യൂണിക്കേഷൻ, മൊബിലിറ്റി, ആരോഗ്യ പരിപാലനം, വ്യവസായം, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിലുടനീളമുള്ള ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കും ഇവ കരുത്തുപകരുന്നു. ഇവയുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, സെമികണ്ടക്ടർ സ്വയംപര്യാപ്തതയുടെ പ്രധാന സ്തംഭമായി അത്യാധുനിക പ്രോസസ്സർ ഡിസൈനിൽ പരമാധികാരമുള്ള ശേഷി കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യ ലക്ഷ്യബോധത്തോടെയുള്ള നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
ഈ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് മൈക്രോപ്രോസസ്സർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന് (MDP) കീഴിൽ സി-ഡാക് (C-DAC) വികസിപ്പിച്ചെടുത്ത പൂർണ്ണമായും തദ്ദേശീയമായ 64-ബിറ്റ് മൈക്രോപ്രോസസ്സറായ ധ്രുവ് 64-ൻ്റെ വിക്ഷേപണം. ആധുനിക വാസ്തുവിദ്യാ തത്വങ്ങളിൽ നിർമ്മിച്ച ധ്രുവ് 64 മെച്ചപ്പെട്ട കാര്യക്ഷമതയും മൾട്ടിടാസ്കിംഗ് ശേഷിയും വിശ്വാസ്യതയും നല്കുന്നു. ഇത് 5G ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, കൺസ്യൂമർ ഡിവൈസുകൾ, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിൻ്റെ വികസനം ഇന്ത്യയ്ക്ക് സുരക്ഷിതവും തദ്ദേശീയവുമായ ഒരു പ്രോസസ്സർ പ്ലാറ്റ്‌ഫോം നല്കുന്നു. ലോകത്തിലെ മൈക്രോപ്രോസസ്സർ ഉത്പാദനത്തിൻ്റെ ഏകദേശം 20 ശതമാനവും ഇന്ത്യയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഇറക്കുമതി ചെയ്യുന്ന ചിപ്പുകളെ ദീർഘകാലമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും.
ശക്തി, അജിത്, വിക്രം, തേജസ് എന്നിവയുൾപ്പെടെയുള്ള തദ്ദേശീയ പ്രോസസ്സറുകളുടെ വിപുലമായ ശ്രേണിയിലാണ് ധ്രുവ്- 64 നിർമ്മിച്ചിരിക്കുന്നത്, ഇവയെല്ലാം ചേർന്ന് ഒരു ഇന്ത്യൻ പ്രോസസ്സർ ആവാസവ്യവസ്ഥയുടെ അടിത്തറ രൂപീകരിക്കുന്നു. ഡിജിറ്റൽ ഇന്ത്യ RISC-V (DIR-V) പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ച ഈ പ്രോസസ്സറുകൾ ഓപ്പൺ സോഴ്‌സ് RISC-V ആർക്കിടെക്ചർ പ്രയോജനപ്പെടുത്തുന്നു. ഇത് ലൈസൻസ് ചെലവുകൾ ഇല്ലാതാക്കുകയും അക്കാദമിക് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയിലുടനീളം സഹകരിച്ചുള്ള നവീകരണം സാധ്യമാക്കുകയും ചെയ്യുന്നു. ധനുഷ്, ധനുഷ് പ്ലസ് സിസ്റ്റം ഓൺ ചിപ്‌സ് (SoC) വകഭേദങ്ങളുടെ വികസനത്തോടൊപ്പം ധ്രുവ് -64 പുറത്തിറങ്ങിയത് ഇന്ത്യയുടെ ഗവേഷണ-വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഉൽപ്പന്ന പ്രോട്ടോടൈപ്പിംഗിന് വേഗത പകരുകയും ആഭ്യന്തര ഡിസൈൻ പ്രതിഭകൾക്ക് അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ സംരംഭങ്ങൾ ഒരുമിച്ച്, മൈക്രോപ്രോസസ്സറുകളെ വെറും ഘടകങ്ങളായല്ല, മറിച്ച് ഇന്ത്യയുടെ ഡിജിറ്റൽ പരമാധികാരത്തിൻ്റെ തന്ത്രപരമായ ചാലകശക്തികളായാണ് അടയാളപ്പെടുത്തുന്നത്. ഇത് നവീകരണത്തെ പിന്തുണയ്ക്കുകയും നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും ആഗോള സെമികണ്ടക്ടർ മൂല്യ ശൃംഖലയിൽ രാജ്യത്തിൻ്റെ ദീർഘകാല ലക്ഷ്യങ്ങളെ ഉറപ്പിക്കുകയും ചെയ്യുന്നു.
സെമികണ്ടക്ടർ മേഖലയിലെ പ്രതിഭകളുടെ വികസനം
ശക്തമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ അടിസ്ഥാന സൗകര്യങ്ങളെപ്പോലെ തന്നെ മനുഷ്യവിഭവശേഷിയേയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഡിസൈൻ, നിർമ്മാണം, അഡ്വാൻസ്ഡ് പാക്കേജിംഗ് എന്നീ മേഖലകളിലുടനീളം വലിയ തോതിലുള്ളതും വൈദഗ്ധ്യമുള്ളതും വ്യവസായ സജ്ജവുമായ തൊഴിൽശക്തിയെ കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യ സമഗ്രമായ ഒരു സമീപനം സ്വീകരിച്ചിട്ടുണ്ട്. ചിപ്പ് സാങ്കേതികവിദ്യകളിൽ നേരത്തെയുള്ള പരിചയം, പ്രായോഗിക പരിശീലനം, മാറിക്കൊണ്ടിരിക്കുന്ന വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള നിരന്തരമായ നൈപുണ്യ വികസനം എന്നിവയ്ക്കാണ് ഇതിൽ ഊന്നൽ നല്കുന്നത്.
• ചിപ്സ് ടു സ്റ്റാർട്ടപ്പ് പ്രോഗ്രാം: 397 സർവ്വകലാശാലകളിലും സ്റ്റാർട്ടപ്പുകളിലും ഏറ്റവും പുതിയ ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA) ടൂളുകൾ ലഭ്യമാക്കാൻ ഈ പ്രോഗ്രാം സഹായിക്കുന്നു. ഈ ടൂളുകൾ ഉപയോഗിച്ച് 46-ലധികം സർവ്വകലാശാലകളിൽ നിന്നുള്ള ചിപ്പ് ഡിസൈനർമാർ 56 ചിപ്പുകൾ രൂപകൽപ്പന ചെയ്യുകയും അവ മൊഹാലിയിലെ സെമികണ്ടക്ടർ ലബോറട്ടറിയിൽ നിർമ്മിക്കുകയും ചെയ്തു.
• ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ്റെ (AICTE) കീഴിലുള്ള അക്കാദമിക് പ്രോഗ്രാമുകൾ: സെമികണ്ടക്ടർ വിദ്യാഭ്യാസത്തെ പ്രധാന എൻജിനീയറിംഗ് മേഖലയുമായി സംയോജിപ്പിക്കുന്നതിനായി പ്രത്യേക അക്കാദമിക് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. വി.എൽ.എസ്.ഐ ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബി.ടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് നിർമ്മാണത്തിൽ ഡിപ്ലോമ, വി.എൽ.എസ്.ഐ ഡിസൈനും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന ഇലക്ട്രോണിക്സ് എൻജിനീയറിംഗിലെ മൈനർ ബിരുദം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യവസായത്തിന് ആവശ്യമായ കഴിവുകളുള്ള ബിരുദധാരികളെ സൃഷ്ടിക്കുകയാണ് ഈ പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നത്.
• കോഴിക്കോട് NIELIT -ലെ സ്മാർട്ട് ലാബ്: കോഴിക്കോട് NIELIT -ലെ സ്കിൽഡ് മാൻപവർ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ട്രെയിനിംഗ് ലാബ് സെമികണ്ടക്ടർ സാങ്കേതികവിദ്യകളിൽ വലിയ തോതിലുള്ള പരിശീലനത്തെ പിന്തുണയ്ക്കുന്നു. രാജ്യത്തുടനീളമുള്ള ഒരു ലക്ഷം എഞ്ചിനീയർമാരെയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്, 62,000-ത്തിലധികം എഞ്ചിനീയർമാർക്ക് ഇതിനോടകം പരിശീലനം ലഭിച്ചു. ഇത് ദേശീയ പ്രതിഭാ ശേഖരത്തെ ഗണ്യമായി ശക്തിപ്പെടുത്തുന്നു.
• ലാം റിസർച്ചുമായി ചേർന്നുള്ള വ്യവസായ പങ്കാളിത്തം: ലാം റിസർച്ചുമായി സഹകരിച്ച് നാനോ ഫാബ്രിക്കേഷനിലും പ്രോസസ്സ് എൻജിനീയറിംഗിലും വലിയ തോതിലുള്ള പരിശീലന പരിപാടി നടപ്പിലാക്കുന്നു. എ.ടി.എം.പി, അഡ്വാൻസ്ഡ് പാക്കേജിംഗ് കേന്ദ്രങ്ങൾ എന്നിവയ്ക്കായി പ്രത്യേക വൈദഗ്ധ്യമുള്ളവരെ വളർത്തിയെടുക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ പരിശീലനം ലഭിച്ച 60,000 പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നതാണ് ഈ പ്രോഗ്രാമിൻ്റെ ലക്ഷ്യം.
• ഫ്യൂച്ചർ സ്കിൽസ് പ്രൈം പ്രോഗ്രാം: ഇന്ത്യയെ ഒരു ആഗോള ഡിജിറ്റൽ ടാലൻ്റ് ഹബ്ബായി മാറ്റുന്നതിനായി ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയവും (MeitY) നാസ്കോമും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്. സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ നൈപുണ്യ വികസനം, പുനർ നൈപുണ്യ വികസനം എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ കോഴ്സുകൾ ഒരു ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാണ്. ഇതിലൂടെ പഠിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും പരിശീലനം നേടാനും അവരുടെ അഭിരുചികൾക്ക് അനുസൃതമായി അംഗീകൃത നൈപുണ്യ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും അവസരമൊരുക്കുന്നു.
ഈ സംരംഭങ്ങൾ ഒരുമിച്ച്, കരുത്തുറ്റതും ഭാവിയിലേക്ക് സജ്ജവുമായ ഒരു സെമികണ്ടക്ടർ തൊഴിൽശക്തിയെ സൃഷ്ടിക്കുന്നു. ഇത് മുഴുവൻ ചിപ്പ് മൂല്യ ശൃംഖലയിലുടനീളം ദീർഘകാല വളർച്ച നിലനിർത്താൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു.
ഉപസംഹാരം
ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 2.0 ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിന്ന് അതിനെ ഏകീകരിക്കുന്നതിലേക്കും ആഗോളതലത്തിൽ സംയോജിപ്പിക്കുന്നതിലേക്കുമുള്ള നിർണ്ണായകമായ ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു. നിർമ്മാണം, ഡിസൈൻ, നൂതന നൈപുണ്യ വികസനം എന്നിവയ്ക്കുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിലൂടെ, ഐ.എസ്.എം 2.0 സെമികണ്ടക്ടറുകളെ ഒരു തന്ത്രപരമായ ദേശീയ ശേഷിയായി പ്രതിഷ്ഠിക്കുന്നു. ഇത് സാമ്പത്തിക പ്രതിരോധശേഷിക്കും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും സാങ്കേതിക പരമാധികാരത്തിനും അത്യന്താപേക്ഷിതമാണ്. 2026–27 ലെ വർദ്ധിപ്പിച്ച ബജറ്റ് പിന്തുണ, പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സമ്പൂർണ്ണ സെമികണ്ടക്ടർ മൂല്യ ശൃംഖലയിലുടനീളം ആഭ്യന്തര ശേഷി വിപുലീകരിക്കുന്നതിനും ആവശ്യമായ ഊർജ്ജം നല്കുന്നു.
ഭാവിയിലേക്ക് നോക്കുമ്പോൾ, സെമികണ്ടക്ടർ ഡിസൈൻ, നിർമ്മാണം, നവീകരണം എന്നിവയ്ക്കുള്ള വിശ്വസനീയമായ ഒരു ഹബ്ബായി ഇന്ത്യ ഉയർന്നു വരുന്നതിനുള്ള അടിത്തറ ഐ.എസ്.എം 2.0 പാകുന്നു. അത്യാധുനിക സാങ്കേതികവിദ്യകൾ കൈവരിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ, ശക്തമായ ഡിസൈൻ ഇൻസെൻ്റീവുകൾ, വളർന്നുവരുന്ന പ്രതിഭകളുടെ ശൃംഖല എന്നിവയിലൂടെ, വിദേശ ആശ്രിതത്വം ക്രമേണ കുറയ്ക്കാനും കൂടുതൽ കരുത്തുറ്റ ആഗോള വിതരണ ശൃംഖലകളിൽ സംഭാവന നല്കാനും ഇന്ത്യ സജ്ജമാണ്. വരാനിരിക്കുന്ന ദശകത്തിൽ ലോകത്തിലെ മുൻനിര സെമികണ്ടക്ടർ രാഷ്ട്രങ്ങൾക്കിടയിൽ സ്ഥാനം പിടിക്കാനുള്ള ഇന്ത്യയുടെ ദീർഘകാല അഭിലാഷത്തെ ഈ ദൗത്യം ഉറപ്പിക്കുന്നു.
റഫറൻസുകൾ:
PIB Backgrounders:
Ministry of Electronics & IT:
Union Budget:
India Semiconductor Mission 2.0
***
( റിലീസ് ഐ.ഡി: 2224988)
സന്ദര്‍ശക കൗണ്ടര്‍ : 6