രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യാ ബ്ലാക്ക്സ്വാൻ ഉച്ചകോടിക്ക് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഭുവനേശ്വറിൽ തുടക്കം കുറിച്ചു.

പോസ്റ്റഡ് ഓണ്‍: 06 FEB 2026 5:52PM by PIB Thiruvananthpuram

ഒഡീഷ സർക്കാർ ഗ്ലോബൽ ഫിനാൻസ് ആൻഡ് ടെക്‌നോളജി നെറ്റ്‌വർക്കുമായി ചേർന്ന് സംഘടിപ്പിച്ച ഇന്ത്യാ ബ്ലാക്ക്സ്വാൻ ഉച്ചകോടിയ്ക്ക് ഇന്ന് (2026 ഫെബ്രുവരി 6) ഭുവനേശ്വറിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു തുടക്കം കുറിച്ചു.

 

 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക കാലഘട്ടത്തിലൂടെയാണ് ലോകം മുന്നേറുന്നതെന്ന് ഉച്ചകോടിയിൽ മുഖ്യാതിഥിയായി സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സാങ്കേതിക നവീകരണങ്ങൾ വലിയ അവസരങ്ങൾ തുറക്കുന്നതിനൊപ്പം സൈബർ സുരക്ഷാ ഭീഷണികൾ, ഗുരുതര കള്ളത്തരം, തെറ്റായ വിവരങ്ങൾ തുടങ്ങിയ വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും, ഇത്തരം മാറ്റങ്ങൾ നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും ശക്തമായ പ്രേരണയാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

 

 

നൈപുണ്യ വികസനത്തിലൂടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ഡിജിറ്റൽ, സാമ്പത്തിക പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ചർച്ചകൾക്ക് ബ്ലാക്ക് സ്വാൻ ഉച്ചകോടി പോലുള്ള വേദികൾ സഹായകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

 

 

കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി രാഷ്ട്രപതി പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും ഡിജിറ്റൽ പേയ്‌മെന്റുകളും ഇന്ന് കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും സ്ത്രീകളുടെയും ദിനചര്യയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇവർക്ക് ഫിൻടെക് ഒരു സാങ്കേതിക ആശയം മാത്രമല്ല, മറിച്ച് അവശ്യസേവനമായി മാറിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

 

ഇന്ത്യയുടെ ഫിൻടെക് യാത്ര സാങ്കേതിക വിജയത്തിനൊപ്പം ലിംഗനീതിയുടെയും പ്രതീകമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രപതി, സ്ത്രീകളെ ഫിൻടെക് മേഖലയിലെ ഉപയോക്താക്കളായി മാത്രമല്ല, തീരുമാനമെടുക്കുന്ന നേതാക്കളായും സംരംഭകരായും മുന്നോട്ടു കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഓരോ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമും നയവും സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

 

ഫിൻടെക് സ്വതവേ ഉൾക്കൊള്ളൽ ഉറപ്പാക്കുന്നില്ലെന്നും, പ്രത്യേകിച്ച് അകന്ന പ്രദേശങ്ങളിലെയും ആദിവാസി, ഗ്രാമീണ മേഖലകളിലെയും നിരവധി പൗരന്മാർക്ക് ഇപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളിൽ പ്രാവീണ്യമില്ലെന്നും രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. ഇത്തരം ജനവിഭാഗങ്ങളെ പരിശീലിപ്പിച്ച് വികസനയാത്രയിലെ സജീവ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. അപ്പോൾ മാത്രമേ ഫിൻടെക് ഉൾക്കൊള്ളലിനും തൊഴിൽ സൃഷ്ടിക്കും സംരംഭകത്വ പ്രോത്സാഹനത്തിനും ശക്തമായ ഒരു ഉപാധിയായി മാറുകയുള്ളുവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

 

സാങ്കേതികവിദ്യ സാമൂഹിക നീതിയുടെയും ഉൾക്കൊള്ളലിന്റെയും ഉപകരണമായി മാറുന്നുവെന്ന് സംരംഭകർ ഉറപ്പാക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. സമ്പദ്‌വ്യവസ്ഥയിലെ എല്ലാ മേഖലകളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നും, എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് സാമ്പത്തിക സൈബർ തട്ടിപ്പുകൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

 

സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി ജാഗ്രതയും ബോധവത്കരണവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ, സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം, സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ എന്നിവ ഉൾപ്പെടെ ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാനും റിപ്പോർട്ട് ചെയ്യാനും കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ശ്രീമതി മുർമ്മു അറിയിച്ചു. ഡിജിറ്റൽ-സാമ്പത്തിക സാക്ഷരത ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിൽ നിർണായകമാണെന്നും, ഇത് സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

നൈപുണ്യ വികസനം മുന്നോട്ടുകൊണ്ടുപോകുക, ആഗോള ശേഷി കേന്ദ്രങ്ങൾ സ്ഥാപിക്കുക, നവീകരണ ശേഷി വർധിപ്പിക്കുക എന്നിവ മനുഷ്യ മൂലധനത്തിലേക്കുള്ള നിക്ഷേപങ്ങളാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ, ഫിനാൻഷ്യൽ, ഇൻഷുറൻസ് ടെക്‌നോളജി മേഖലകളിൽ ഭാവിക്ക് തയ്യാറായ തൊഴിലാളി സമൂഹവും നൂതനാശയ ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നതിനായി ഒഡീഷ സർക്കാർ ആരംഭിച്ച ഭാരത് നേത്ര സംരംഭത്തെ അവർ പ്രശംസിച്ചു. ഭാരത് നേത്ര സംരംഭത്തിന്റെ ഭാഗമായി ബ്ലാക്ക്സ്വാൻ ഉച്ചകോടി സംഘടിപ്പിച്ചതിന് ഒഡീഷ സർക്കാരിനെയും ഗ്ലോബൽ ഫിനാൻസ് ആൻഡ് ടെക്‌നോളജി നെറ്റ്‌വർക്കിനെയും രാഷ്ട്രപതി അഭിനന്ദിച്ചു.

 

ഈ ഉച്ചകോടിയിൽ നിന്നുണ്ടാകുന്ന ചർച്ചകളും സഹകരണങ്ങളും ഒഡീഷയ്ക്കും ഇന്ത്യയ്ക്കും മാത്രമല്ല, ആഗോളതലത്തിലും പരിവർത്തനാത്മക സ്വാധീനം ചെലുത്താൻ കഴിയുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.

 

****


( റിലീസ് ഐ.ഡി: 2224735) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Odia , Kannada