തെരഞ്ഞെടുപ്പ് കമ്മീഷന്‍
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി നിയോഗിക്കപ്പെട്ട 1,444 കേന്ദ്ര നിരീക്ഷകർക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ച വിശദീകരണ യോഗം സമാപിച്ചു
നിയമങ്ങൾക്കും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര നിരീക്ഷകർക്ക് നിർദ്ദേശം നൽകി
പോസ്റ്റഡ് ഓണ്‍:
06 FEB 2026 3:45PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭകളിലേക്ക് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകൾക്കായി നിയോഗിക്കപ്പെട്ട കേന്ദ്ര നിരീക്ഷകർക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) സംഘടിപ്പിച്ച വിശദീകരണ യോഗങ്ങൾ ഇന്ന് IIIDEM-ൽ സമാപിച്ചു.
2. ഫെബ്രുവരി 5, 6 തീയതികളിലായി മൂന്ന് ബാച്ചുകളിലായാണ് യോഗങ്ങൾ നടന്നത്. 714 പൊതു നിരീക്ഷകർ, 233 പോലീസ് നിരീക്ഷകർ, 497 ചെലവ് നിരീക്ഷകർ എന്നിവരുൾപ്പെടെ 1,444 ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുത്തു.
3. വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പ് നടത്തിപ്പ്, ചെലവ്, വിവരസാങ്കേതികവിദ്യ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ച് നിരീക്ഷകർക്ക് വിശദീകരണം നൽകി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനരീതിയും അവർക്ക് മുന്നിൽ അവതരിപ്പിച്ചു.
4. വിശദീകരണ യോഗങ്ങളുടെ രണ്ടാമത്തേയും അവസാനത്തെയും ദിവസമായ ഇന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ജ്ഞാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന് മൂന്നാം ബാച്ച് കേന്ദ്ര നിരീക്ഷകർക്ക് നിർദ്ദേശങ്ങൾ നൽകി. സംശയനിവാരണ സെഷനിലൂടെ കമ്മീഷൻ നിരീക്ഷകരുമായി സംവദിക്കുകയും ചെയ്തു.
5. ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ നടക്കുന്നത് നിയമങ്ങൾക്കും കമ്മീഷൻ കാലാകാലങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ജ്ഞാനേഷ് കുമാർ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. നിയമങ്ങളിൽ നിന്ന് വ്യതിചലിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം നിയമവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങളും പാലിക്കാൻ നിരീക്ഷകരോടാവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മീഷൻ നടപ്പിലാക്കിയ പുതിയ സംരംഭങ്ങൾക്ക് പുറമെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ചില പുതിയ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അദ്ദേഹം നിരീക്ഷകർക്ക് നിർദ്ദേശം നൽകി.
6. കേന്ദ്ര നിരീക്ഷകർക്ക് വലിയ ഉത്തരവാദിത്തമാണുള്ളതെന്നും തിരഞ്ഞെടുപ്പ് രംഗത്തായിരിക്കുമ്പോൾ ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളാണെന്നും കമ്മീഷണർ ഡോ. എസ്.എസ് സന്ധു പറഞ്ഞു. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ പെരുമാറ്റച്ചട്ടത്തിൽ ഉന്നത നിലവാരം പുലർത്തണമെന്നും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
7. തങ്ങൾക്ക് ലഭിക്കുന്ന പരാതികളും ആവലാതികളും ഉടനടി പരിഹരിക്കാൻ ഡോ. വിവേക് ജോഷി നിരീക്ഷകരോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മീഷൻ സ്വീകരിച്ച വിവിധ പുതിയ ഉദ്യമങ്ങളെക്കുറിച്ചും അദ്ദേഹം അവരെ ധരിപ്പിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവ വിജയകരമായി നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.
8. ഭരണഘടനയുടെ അനുച്ഛേദം 324, ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 20B എന്നിവ പ്രകാരം കമ്മീഷനിൽ നിക്ഷിപ്തമായ പൂർണ്ണ അധികാരം ഉപയോഗിച്ചാണ് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ സഹായിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരെ നിയമിക്കുന്നത്. ഫീൽഡ് തലത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമവും ഫലപ്രദവുമായ നടത്തിപ്പിന് അവർ മേൽനോട്ടം വഹിക്കുന്നു.
***
SK
( റിലീസ് ഐ.ഡി: 2224445)
സന്ദര്‍ശക കൗണ്ടര്‍ : 31