വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

എയർ ഇന്ത്യ ബോയിംഗ് B787-8 VT-ANX-വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ചിന് തകരാർ സംഭവിച്ചതായി ആരോപിക്കുന്ന വാർത്തകളോടുള്ള സത്വര പ്രതികരണം

പോസ്റ്റഡ് ഓണ്‍: 03 FEB 2026 5:27PM by PIB Thiruvananthpuram

01.02.2026-ന് എയർ ഇന്ത്യയുടെ ബോയിംഗ് B787-8  VT-ANX  AI 132 വിമാനം, ലണ്ടൻ–ബംഗളൂരു റൂട്ടിൽ സർവീസ് നടത്തി. ലണ്ടനിൽ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനിടെ, രണ്ട് തവണ ഇന്ധന നിയന്ത്രണ സ്വിച്ച് (Fuel Control Switch) “RUN” അവസ്ഥയിൽ ലഘുവായ ലംബ സമ്മർദ്ദം പ്രയോഗിക്കുമ്പോൾ ഉറച്ച നിലയിൽ (positively latched) തുടരുന്നില്ലെന്ന് ക്രൂ കണ്ടെത്തി. മൂന്നാം ശ്രമത്തിൽ സ്വിച്ച് “റൺ” സ്ഥാനത്ത് ശരിയായി ലോക്ക് ചെയ്‌തതോടെ അത് സ്ഥിരതയോടെ തുടരുകയും ചെയ്തു. തുടർന്നുള്ള നടപടികൾ ആരംഭിക്കുന്നതിന് മുമ്പ്, സ്വിച്ച് പൂർണമായും ഉറച്ച നിലയിൽ “റൺ” അവസ്ഥയിൽ ലോക്ക് ചെയ്‌തിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ക്രൂ ഭൗതിക പരിശോധന (physical verification) നടത്തി. എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന സമയത്തോ അതിന് ശേഷമോ യാതൊരു വിധ അസാധാരണ പ്രവർത്തനങ്ങളോ, മുന്നറിയിപ്പുകളോ (cautions, warnings), ബന്ധപ്പെട്ട സിസ്റ്റം സന്ദേശങ്ങളോ കണ്ടെത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരം ഓപ്പറേറ്റിംഗ് ക്രൂ അംഗത്തെ അറിയിക്കുകയും, സ്വിച്ചുമായി അനാവശ്യമായ സമ്പർക്കം ഒഴിവാക്കുകയും ചെയ്തു. യാത്രയുടെ ശേഷിക്കുന്ന സമയത്ത് എൻജിൻ സൂചനകളും അലർട്ട് സിസ്റ്റംസും ക്രൂ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും, വിമാനം യാതൊരു പ്രശ്നവുമില്ലാതെ  സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയെന്നും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ബംഗളൂരുവിൽ ലാൻഡ് ചെയ്തതിന് ശേഷം, ഈ തകരാർ PDR-ൽ (Pilot’s Defect Report) ക്രൂ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തുടർന്ന് നിർദേശങ്ങൾ ലഭിക്കുന്നതിനായി എയർ ഇന്ത്യ ഈ വിഷയം ബോയിങ് കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ധന നിയന്ത്രണ സ്വിച്ചിൻ്റെ  (Fuel Control Switch) സേവനക്ഷമത ഉറപ്പാക്കുന്നതിനായി ബോയിങ് ശുപാർശ ചെയ്ത പരിശോധനകളുടെ അടിസ്ഥാനത്തിൽ, എയർ ഇന്ത്യ എൻജിനീയറിംഗ് വിഭാഗം ഇനിപ്പറയുന്ന കാര്യങ്ങൾ നിരീക്ഷിച്ചു:


ഇടത് വശത്തെയും വലത് വശത്തെയും സ്വിച്ചുകൾ പരിശോധിക്കുകയും അവ തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു. ലോക്കിംഗ് ടൂത്ത്/പാൾ (locking tooth/pawl) പൂർണമായും ശരിയായ സ്ഥാനത്ത് നിലനിന്നിരുന്നതായും, “റൺ” അവസ്ഥയിൽ നിന്ന് “കട്ട് - ഓഫ്” അവസ്ഥയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യമില്ലെന്നും സ്ഥിരീകരിച്ചു. ബേസ് പ്ലേറ്റിന് സമാന്തരമായി (parallel to the base plate) പൂർണമായി ബലം പ്രയോഗിച്ചപ്പോഴും സ്വിച്ച് ഉറച്ച നിലയിൽ തുടരുകയായിരുന്നു. എന്നാൽ, തെറ്റായ ദിശയിൽ ബലം പ്രയോഗിച്ചപ്പോൾ, കോണുള്ള (angular) ബേസ് പ്ലേറ്റ് രൂപകൽപ്പന കാരണം വിരൽ അല്ലെങ്കിൽ വിരൽ തുമ്പ് ഉപയോഗിച്ച് ശരിയായ രീതിയല്ലാതെ അമർത്തിയാൽ സ്വിച്ച് “റൺ” അവസ്ഥയിൽ  നിന്ന് “കട്ട് - ഓഫ്” അവസ്ഥയിലേക്ക്  താരതമ്യേന എളുപ്പത്തിൽ നീങ്ങാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.

കൂടാതെ, ബോയിംഗിൻ്റെ അറിയിപ്പിൻ്റെ   അടിസ്ഥാനത്തിൽ, ശുപാർശ ചെയ്ത നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട ഇന്ധന കട്ട്-ഓഫ് സ്വിച്ചിലും, ഇൻസ്റ്റാൾ ചെയ്യാനിരിക്കുന്ന ഫ്യൂവൽ കൺട്രോൾ യൂണിറ്റിലും, മറ്റൊരു വിമാനത്തിലെ ഇന്ധന കട്ട്-ഓഫ് സ്വിച്ചിലും പുൾ-ടു-അൺലോക്ക് ഫോഴ്‌സ് പരിശോധന നടത്തി. എല്ലാ സാഹചര്യങ്ങളിലും പുൾ-ടു-അൺലോക്ക് ഫോഴ്‌സ് നിശ്ചിത പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി. ഈ പരിശോധനകൾ DGCA ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടത്തിയത്.


നിലവിൽ, സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ, ബോയിംഗ് ശുപാർശ ചെയ്ത നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്‌തു.വിശകലനത്തിൻ്റെ  അടിസ്ഥാനത്തിൽ, പ്രചരിക്കുന്ന വീഡിയോയിൽ കാണപ്പെടുന്ന നടപടിക്രമം തെറ്റായണെന്ന് നിരീക്ഷിക്കുകയുണ്ടായി.


ഇന്ധന കട്ട്-ഓഫ് സ്വിച്ച് പ്രവർത്തിപ്പിക്കുന്നതിനായി ബോയിംഗ് ശുപാർശ ചെയ്ത ശരിയായ നടപടിക്രമം, സ്വന്തം ക്രൂ അംഗങ്ങൾക്കിടയിൽ എയർലൈൻ പ്രചരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്.

 

****

 


( റിലീസ് ഐ.ഡി: 2222881) സന്ദര്‍ശക കൗണ്ടര്‍ : 21
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी