ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ ബാഗേജ് നിയമങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം; പുതിയ കസ്റ്റംസ് ബാഗേജ് (ഡിക്ലറേഷൻ ആൻഡ് പ്രോസസിങ്) ചട്ടങ്ങളും മാസ്റ്റർ സർക്കുലറും പുറപ്പെടുവിച്ചു

പുതിയ നിയമങ്ങൾ നടപടിക്രമങ്ങൾ ലളിതമാക്കുകയും സുതാര്യത വർധിപ്പിക്കുകയും മുൻകൂർ ഇലക്ട്രോണിക് ഡിക്ലറേഷനുകള്‍ സാധ്യമാക്കുകയും അനുമതികള്‍ സുഗമമാക്കുകയും ചെയ്യും


പൊതു നികുതിരഹിത പരിധിയിലെ വർധന, താമസസ്ഥലം മാറ്റുന്നവർക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ, സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിന് പ്രത്യേക ഇളവുകൾ, സാധനങ്ങൾ താൽക്കാലികമായി കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനും പുതിയ വ്യവസ്ഥകൾ, 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒരു ലാപ്ടോപ്പും വളർത്തുമൃഗങ്ങളെയും നികുതിയില്ലാതെ കൊണ്ടുവരാന്‍ അനുമതി, യാത്രക്കാർക്ക് മറ്റ് മികച്ച സൗകര്യങ്ങൾ എന്നിവ പുതിയ മാറ്റങ്ങളിലൂടെ ലഭ്യമാകും

പോസ്റ്റഡ് ഓണ്‍: 02 FEB 2026 9:58PM by PIB Thiruvananthpuram

2026-ലെ ബാഗേജ് നിയമങ്ങൾ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പുതിയ കസ്റ്റംസ് ബാഗേജ് (ഡിക്ലറേഷൻ ആൻഡ് പ്രോസസിങ്) ചട്ടങ്ങളും  മാസ്റ്റർ സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർക്ക് സുഗമവും പരിഷ്കൃതവുമായ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ഈ നടപടി  പുതിയ സാമ്പത്തിക സാഹചര്യങ്ങൾക്കും വർധിച്ചുവരുന്ന യാത്രാ നിരക്കിനും യാത്രക്കാരുടെ പ്രതീക്ഷകൾക്കും അനുസൃതമാണ്.  മന്ത്രാലയങ്ങളും വിമാനത്താവള നടത്തിപ്പുകാരുമടക്കം  പങ്കാളികളുമായി നടത്തിയ കൂടിയാലോചനകളുടെയും യാത്രക്കാരുടെ അഭിപ്രായനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ്  മാറ്റങ്ങൾ നടപ്പാക്കുന്നത്.  നടപടിക്രമങ്ങൾ ലളിതമാക്കുന്ന നിയമങ്ങൾ  സുതാര്യത വർധിപ്പിക്കുകയും ഇലക്ട്രോണിക്, മുൻകൂർ ഡിക്ലറേഷനുകൾ സാധ്യമാക്കുകയും അനുമതികള്‍ സുഗമമാക്കുകയും ചെയ്യും.  

 

പ്രധാന സവിശേഷതകൾ

 

1. പൊതു നികുതിരഹിത പരിധിയിലെ വർധന: 

 

‌പരിഷ്കരിച്ച നിയമങ്ങൾ വിവിധ വിഭാഗങ്ങളിലെ യാത്രക്കാർക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന തരത്തില്‍ പരിഷ്കരിച്ച്  യാത്രാ സാഹചര്യങ്ങള്‍ക്കനുസൃതമായി നികുതിരഹിത പരിധി വർധിപ്പിക്കുന്നു. 

 

 

ക്രമ നമ്പർ

യാത്രക്കാരുടെ വിഭാഗം

നികുതിരഹിത പരിധി (രൂപ)

1.

ഇന്ത്യയിൽ താമസിക്കുന്നവർ 

75,000/-

2.

ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾ

75,000/-

3.

ടൂറിസ്റ്റ് വിസ ഒഴികെ  സാധുവായ വിസയുള്ള വിദേശികൾ

75,000/-

4.

വിദേശ വംശജരായ വിനോദസഞ്ചാരികൾ

25,000/-

5.

വിമാനത്തിലെ/കപ്പലിലെ ജീവനക്കാർ 

2,500/-

 

 

 

 

 

 

 

 

 

 

 

 

 

(ii) കര അതിർത്തികൾ വഴി എത്തുന്ന യാത്രക്കാർക്ക് പൊതു നികുതിരഹിത ആനുകൂല്യങ്ങള്‍  ഉണ്ടായിരിക്കുന്നതല്ല.

(iii) താമസസ്ഥലം മാറുന്നവര്‍ക്കുള്ള ആനുകൂല്യങ്ങൾ 

  • 12 മാസം വരെ: 1.5 ലക്ഷം രൂപ

  • 1 മുതല്‍ 2 വർഷം വരെ: 3 ലക്ഷം രൂപ

  • 2 വർഷത്തിന് മുകളിൽ: 7.5 ലക്ഷം രൂപ

 

താമസസ്ഥലം മാറുന്നവര്‍‍ക്കുള്ള ആനുകൂല്യങ്ങൾ ലളിതമാക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് അർഹതയനുസരിച്ച് മൊത്തം മൂല്യപരിധിയോടെ യുക്തിസഹമാക്കിയ തീരുവരഹിത സാധനങ്ങളുടെ ഒരു പട്ടിക മാത്രമാണ് ഇനിയുണ്ടാവുക. വിശദാംശങ്ങൾ 2026-ലെ പുതിയ ബാഗേജ് നിയമങ്ങളില്‍‌  നൽകിയിട്ടുണ്ട്. (നിയമങ്ങൾക്കായുള്ള ലിങ്ക്: https://taxinformation.cbic.gov.in/view-pdf/1010571/ENG/Notifications)

 

2. ആഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങള്‍:  കാലഹരണപ്പെട്ട മൂല്യപരിധി  ഒഴിവാക്കി പൂർണമായി തൂക്കത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇപ്രകാരം (ഒരു വർഷത്തിലേറെ വിദേശത്ത് താമസിച്ച ശേഷം) മടങ്ങിവരുന്ന അർഹരായ താമസക്കാർക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും തൂക്കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുവരഹിത ആഭരണങ്ങൾ അനുവദനീയമാണ്: 

സ്ത്രീകൾക്ക്: 40 ഗ്രാം വരെ; 

സ്ത്രീകളല്ലാത്തവർക്ക്: 20 ഗ്രാം വരെ.

 

3. താൽക്കാലിക ഇറക്കുമതി/പുനർ ഇറക്കുമതി എന്നിവയുടെ പുതിയ വ്യവസ്ഥകൾ:  രാജ്യത്തേക്ക് കൊണ്ടുവരുന്നതോ പുറത്തേക്ക് കൊണ്ടുപോകുന്നതോ ആയ സാധനങ്ങൾ താത്കാലികമായി കൈവശം വയ്ക്കുന്നതിന് 'താല്‍ക്കാലിക ബാഗേജ് ഇറക്കുമതി സാക്ഷ്യപത്രം' അല്ലെങ്കിൽ 'കയറ്റുമതി സാക്ഷ്യപത്രം' നൽകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  തടസരഹിത അനുമതി ലഭിക്കാനും സാധനങ്ങൾ പരിശോധനയുടെ ഭാഗമായി അനാവശ്യമായി തടഞ്ഞുവെക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

4. ഏകീകൃത ഇളവുകൾ: ഒരു ലാപ്ടോപ്പ് (18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക്), വളർത്തുമൃഗങ്ങൾ എന്നിവയുടെ തീരുവരഹിത ഇറക്കുമതി നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

5. പുതിയ കസ്റ്റംസ് ബാഗേജ് (ഡിക്ലറേഷൻ ആൻഡ് പ്രോസസിങ്) ചട്ടങ്ങളും മാസ്റ്റർ സർക്കുലറും മുമ്പത്തെ 35 സർക്കുലറുകളെ സംയോജിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നു. ഇത് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് വ്യക്തമായ വിശദാംശങ്ങൾ നൽകുന്നു. 

(ചട്ടങ്ങള്‍‌ ഈ ലിങ്കില്‍ ലഭിക്കും: https://taxinformation.cbic.gov.in/view-pdf/1010572/ENG/Notifications

(സർക്കുലര്‍ ഈ ലിങ്കില്‍ ലഭിക്കും: https://taxinformation.cbic.gov.in/view-pdf/1003304/ENG/Circulars)

 

യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ:  തീരുവരഹിത പരിധികൾ ഉയര്‍ത്തുക, പരിശോധനയ്ക്കായി തടഞ്ഞുവെയ്ക്കുന്നത് കുറയ്ക്കുക, പ്രക്രിയകൾ ഡിജിറ്റലും ലളിതവുമാക്കുക, യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക, നടപടിക്രമങ്ങൾ സുഗമമാക്കുക എന്നിവയില്‍ പരിഷ്കരിച്ച ചട്ടക്കൂട്  ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം എല്ലാ കസ്റ്റംസ് വിഭാഗങ്ങളിലും ഏകീകൃത നിര്‍വഹണത്തിലൂടെ ആഗോളതലത്തിൽ പരസ്പര ബന്ധിതവും വിനോദസഞ്ചാര സൗഹൃദവുമായ  ഇടമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

*****

 


( റിലീസ് ഐ.ഡി: 2222403) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu