പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പുതിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും

പോസ്റ്റഡ് ഓണ്‍: 28 JAN 2026 5:40PM by PIB Thiruvananthpuram
ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2016- ന് പകരമായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുതിയ ഖരമാലിന്യ സംസ്കരണ (SWM) ചട്ടങ്ങൾ  2026 വിജ്ഞാപനം ചെയ്തു. 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന് കീഴിലാണ് ചട്ടങ്ങൾ  വിജ്ഞാപനം ചെയ്തിരിക്കുന്നത്, 2026 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. മാലിന്യം കാര്യക്ഷമമായി വേർതിരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ഊന്നൽ നൽകുന്ന പരിഷ്കരിച്ച ചട്ടങ്ങൾ, ചാക്രിക സമ്പദ് വ്യവസ്ഥയുടെയും വിപുലീകൃത ഉത്പാദക ഉത്തരവാദിത്തത്തിന്റെയും തത്വങ്ങളെ സമഗ്രമായി സമന്വയിപ്പിക്കുന്നു.

രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുക, തെറ്റായ റിപ്പോർട്ടിംഗ്, വ്യാജ രേഖകൾ സമർപ്പിക്കുക, അനുചിതമായ ഖരമാലിന്യ സംസ്കരണ രീതികൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് 'മലിനമാക്കുന്നവർ നഷ്ടപരിഹാരം നൽകണം' (Polluter Pays Principle) എന്ന തത്വത്തെ അടിസ്ഥാനമാക്കി പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കാൻ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) തയ്യാറാക്കും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും മലിനീകരണ നിയന്ത്രണ സമിതികളും പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും.

ഖരമാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ നാല് വിഭാഗങ്ങളായി വേർതിരിക്കൽ

ഖരമാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ നാല് വിഭാഗങ്ങളായി വേർതിരിക്കുകയെന്നത് 2026 ലെ SWM ചട്ടങ്ങൾ പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ഈർപ്പമുള്ള മാലിന്യം, വരണ്ട മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നീ വിഭാഗങ്ങളിലായി വേർതിരിക്കണം.

അടുക്കള മാലിന്യങ്ങൾ, പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികൾ, മാംസം, പൂക്കൾ എന്നിവ ഈർപ്പമുള്ള മാലിന്യ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇത്തരം മാലിന്യങ്ങൾ സമീപത്തുള്ള സംസ്‌കരണ സൗകര്യങ്ങളിൽ മുഖേന കമ്പോസ്റ്റിംഗ് അല്ലെങ്കിൽ ബയോ-മെത്തനേഷൻ വഴി സംസ്കരിക്കണം. പ്ലാസ്റ്റിക്, പേപ്പർ, ലോഹം, ഗ്ലാസ്, മരം, റബ്ബർ തുടങ്ങിയവ വരണ്ട മാലിന്യങ്ങളിൽ ഉൾപ്പെടുന്നതും, അവ തരംതിരിക്കലിനും പുനരുപയോഗത്തിനുമായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലേക്ക് (MRF) കൈമാറേണ്ടതുമാണ്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി ടവലുകൾ, ടാംപണുകൾ, കോണ്ടങ്ങൾ തുടങ്ങിയവ സാനിറ്ററി മാലിന്യങ്ങളായി കണക്കാക്കപ്പെടുകയും, അവ സുരക്ഷിതമായി പൊതിഞ്ഞ് പ്രത്യേകം സൂക്ഷിക്കേണ്ടതുമാണ്. പെയിന്റ് കാനുകൾ, ബൾബുകൾ, മെർക്കുറി തെർമോമീറ്ററുകൾ, ഉപയോഗശൂന്യമായ മരുന്നുകൾ തുടങ്ങിയവ പ്രത്യേക പരിചരണം ആവശ്യമായ മാലിന്യങ്ങളിൽ ഉൾപ്പെടുകയും, അവ അംഗീകൃത ഏജൻസികൾ മുഖേന ശേഖരിക്കുകയോ നിയുക്ത ശേഖരണ കേന്ദ്രങ്ങളിൽ നിക്ഷേപിക്കുകയോ വേണം.
 
വൻകിട മാലിന്യ സൃഷ്ടാക്കളുടെ (Bulk Waste Generators) വ്യക്തമായ നിർവചനം

20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറ വിസ്തീർണ്ണമുള്ളതും, പ്രതിദിനം 40,000 ലിറ്ററോ അതിൽ കൂടുതലോ ജല ഉപഭോഗമുള്ളതും, പ്രതിദിനം 100 കിലോഗ്രാമോ അതിൽ കൂടുതലോ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നതും ആയ സ്ഥാപനങ്ങളെ വൻകിട മാലിന്യ സൃഷ്ടാക്കളായി കണക്കാക്കുന്നു. കേന്ദ്ര-- സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ സൊസൈറ്റികൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. വൻകിട മാലിന്യ സൃഷ്ടാക്കൾ തങ്ങൾ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ ശേഖരണം, ഗതാഗതം, പരിസ്ഥിതി സൗഹൃദപരമായ സംസ്കരണം എന്നിവ സ്വയം ഉറപ്പാക്കേണ്ടതാണ്. ഈ വ്യവസ്ഥ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകൾ ഗണ്യമായി ലഘൂകരിക്കുകയും വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉപചട്ടങ്ങൾ അനുസരിച്ച് മാലിന്യ ഉത്പാദകരിൽ നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.

പുതിയ ചട്ടങ്ങൾ ‘എക്സ്റ്റെൻഡഡ് ബൾക്ക് വേസ്റ്റ് ജനറേറ്റർ റെസ്പോൺസിബിലിറ്റി’ (EBWGR) എന്ന ആശയവും അവതരിപ്പിക്കുന്നു. ഇതനുസരിച്ച്, വൻകിട മാലിന്യ സൃഷ്ടാക്കൾ അവർ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യങ്ങളുടെ കാര്യത്തിൽ സമ്പൂർണ ഉത്തരവാദിത്വം വഹിക്കേണ്ടതാണ്. ഈർപ്പമുള്ള മാലിന്യങ്ങൾ സാധ്യമായിടത്തോളം അതത് സ്ഥലങ്ങളിൽ തന്നെ സംസ്കരിക്കാനുള്ള നടപടികൾ വൻകിട മാലിന്യ സൃഷ്ടാക്കൾ കൈക്കൊള്ളണം. ഓൺ-സൈറ്റ് സംസ്കരണം സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ, അംഗീകൃത സംവിധാനങ്ങളിലൂടെ EBWGR സർട്ടിഫിക്കറ്റ് നേടണം. രാജ്യത്തെ മൊത്തം ഖരമാലിന്യ ഉത്പാദനത്തിന്റെ ഏകദേശം 30 ശതമാനവും വൻകിട മാലിന്യ സൃഷ്ടാക്കളിൽ നിന്നാകായൽ, മാലിന്യ സംസ്കരണ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ ചട്ടക്കൂടിന്റെ മുഖ്യ ലക്ഷ്യം.

മാലിന്യ സംസ്കരണത്തിനായി വേഗത്തിൽ ഭൂമി അനുവദിക്കലും സമ്പൂർണ്ണ ഖരമാലിന്യ പരിപാലനത്തിന്റെ ഓൺലൈൻ നിരീക്ഷണവും

“ഖരമാലിന്യ സംസ്കരണം, സംസ്‌കരണ സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിനായി ചട്ടങ്ങൾ ഗ്രേഡഡ് മാനദണ്ഡങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ മാലിന്യ സംസ്കരണ സൗകര്യങ്ങൾക്കായി വേഗത്തിൽ ഭൂമി അനുവദിക്കാനാകും. പ്രതിദിനം 5 ടണ്ണിൽ കൂടുതൽ സ്ഥാപിത ശേഷിയുള്ള സൗകര്യങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മൊത്തം വിസ്തൃതിയിൽ ഒരു ബഫർ സോൺ നിർബന്ധമായും നിലനിർത്തണം. സൗകര്യത്തിന്റെ ശേഷിയും മലിനീകരണ തോതും അടിസ്ഥാനമാക്കി ബഫർ സോണിന്റെ വലുപ്പവും അതിനുള്ളിൽ അനുവദനീയമായ പ്രവർത്തനങ്ങളും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) തയ്യാറാക്കും. ഈ വ്യവസ്ഥ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മാലിന്യ സംസ്കരണ സൗകര്യങ്ങൾക്ക് ആവശ്യമായ ഭൂമി അനുവദിക്കൽ പ്രക്രിയ  വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാലിന്യത്തിന്റെ ഉത്പാദനം, ശേഖരണം, ഗതാഗതം, സംസ്കരണം, നിർമാർജനം, പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ബയോമൈനിംഗ്, ബയോറെമിഡിയേഷൻ എന്നിവ ഉൾപ്പെടെ ഖരമാലിന്യ സംസ്കരണത്തിന്റെ എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കാനായി ഒരു കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വികസിപ്പിക്കുന്നതിനും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും മലിനീകരണ നിയന്ത്രണ സമിതികളും മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ രജിസ്ട്രേഷനും അംഗീകാരവും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ മുഖേന നടത്തണം.

ഖരമാലിന്യ സംസ്കരണ സൗകര്യങ്ങളുടെ റിപ്പോർട്ടുകൾ മൾട്ടി-സ്റ്റെപ്പ് ഫിസിക്കൽ റിപ്പോർട്ടിംഗിന് പകരം കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിക്കേണ്ടതാണ്. എല്ലാ മാലിന്യ സംസ്കരണ സൗകര്യങ്ങളും നിർബന്ധമായ ഓഡിറ്റുകൾക്ക് വിധേയമാക്കപ്പെടുകയും, ഓഡിറ്റ് റിപ്പോർട്ടുകൾ കേന്ദ്ര ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

തദ്ദേശ സ്ഥാപനങ്ങളുടെയും മെറ്റീരിയൽ റിക്കവറി സൗകര്യങ്ങളുടെയും (MRF) ചുമതലകൾ

പുതുക്കിയ ചട്ടങ്ങൾ പ്രകാരം, മാലിന്യ ശേഖരണം, വേർതിരിക്കൽ, ഗതാഗതം എന്നിവ MRF-കളുമായി ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. ഇ-മാലിന്യം, പ്രത്യേക പരിചരണമാവശ്യമുള്ള മാലിന്യം, സാനിറ്ററി മാലിന്യം, കൂടുതൽ സംസ്കരണത്തിനായി വേർതിരിച്ച മറ്റ് മാലിന്യങ്ങൾ എന്നിവയുടെ നിക്ഷേപ കേന്ദ്രങ്ങളായി ഇവ പ്രവർത്തിക്കും.  ഖരമാലിന്യങ്ങൾ തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങളായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളെ (MRF) ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഉൾപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ ശുചിത്വത്തിനും ഖരമാലിന്യ പരിപാലനത്തിനും ചുമതലപ്പെട്ട വകുപ്പ് നഗര പ്രാന്തത്തിലുള്ള ഗ്രാമപ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

മാലിന്യത്തിൽ നിന്ന് ലഭിച്ച ഇന്ധനത്തിന്റെ (RDF) വ്യവസായ സ്ഥാപനങ്ങളിലെ ഉപയോഗം

പുതിയ ചട്ടങ്ങൾ മാലിന്യത്തിൽ നിന്നുള്ള ഇന്ധനത്തെ (RDF) നിർവചിക്കുന്നു. ഉയർന്ന കലോറി മൂല്യമുള്ള മുനിസിപ്പൽ ഖരമാലിന്യം പൊടിച്ച് നിർജ്ജലീകരിച്ച് ഉത്പാദിപ്പിക്കുന്ന ഇന്ധനമാണ് RDF, പ്രധാനമായും പുനരുപയോഗം ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക്, പേപ്പർ, തുണിത്തരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ഖര ഇന്ധനം ഉപയോഗിക്കുന്ന സിമന്റ് പ്ലാന്റുകളും മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന വ്യാവസായിക യൂണിറ്റുകളും RDF ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകണം. ആറ് വർഷത്തിനകം RDF ഉപയോഗ നിരക്ക് നിലവിലെ 5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കണമെന്ന് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

മാലിന്യങ്ങൾ കുഴിച്ചിടുന്നതിലെ നിയന്ത്രണങ്ങളും പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പുനരുദ്ധാരണവും  

മാലിന്യങ്ങൾ കുഴിച്ചിടുന്നതിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന ചട്ടങ്ങൾ പരമ്പര്യ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തെയും അഭിസംബോധന ചെയ്യുന്നു. പൂർണ്ണമായും പുനരുപയോഗിക്കാനാകാത്തതും, ഊർജ്ജം വീണ്ടെടുക്കാൻ കഴിയാത്തതുമായ മാലിന്യങ്ങളെയും നിഷ്ക്രിയ പദാർത്ഥങ്ങളെയും മാത്രമേ ലാൻഡ്ഫിൽ ചെയ്യാൻ അനുവദിക്കൂ. വേർതിരിക്കാത്ത മാലിന്യങ്ങൾ സാനിറ്ററി ലാൻഡ്‌ഫില്ലുകളിലേക്ക് അയയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉയർന്ന ലാൻഡ്ഫിൽ ഫീസ് ചുമത്താൻ ചട്ടങ്ങൾ നിർദ്ദേശിക്കുന്നു, ഈ ഫീസ് മാലിന്യങ്ങളുടെ വേർതിരിക്കൽ, ഗതാഗതം, സംസ്കരണം എന്നിവയുടെ ചെലവിനേക്കാൾ ഉയർന്നതായിരിക്കും. കൂടാതെ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ ലാൻഡ്‌ഫില്ലുകളുടെ വാർഷിക ഓഡിറ്റ് നിർബന്ധമാക്കണം.ലാൻഡ്‌ഫില്ലുകളുടെ പ്രകടനത്തിന്റെ മേൽനോട്ടം ജില്ലാ കളക്ടർമാർ നിർവ്വഹിക്കണം.

 എല്ലാ പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെയും  മാപ്പിംഗും വിലയിരുത്തലും ചട്ടങ്ങൾ നിർബന്ധമാക്കുന്നു. കൂടാതെ ബയോമൈനിംഗ്, ബയോറെമിഡിയേഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി  നടപ്പാക്കുകയും, ഓൺലൈൻ പോർട്ടലിലൂടെ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കുകയും വേണം.

കുന്നിൻ പ്രദേശങ്ങളിലെയും ദ്വീപുകളിലെയും ഖരമാലിന്യ സംസ്കരണം

കുന്നിൻ പ്രദേശങ്ങളിലെയും ദ്വീപുകളിലെയും ഖരമാലിന്യ സംസ്കരണത്തിനായി പ്രത്യേക വ്യവസ്ഥകൾ ചട്ടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളിൽ നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കുകയും, ലഭ്യമായ മാലിന്യ സംസ്കരണ സൗകര്യങ്ങളെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുകയും ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. അത്തരം പ്രദേശങ്ങളിൽ അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യം കൈമാറുന്നതിന് പ്രോത്സാഹനമേകുകയും, നേരിട്ട് മാലിന്യം നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ഹോട്ടലുകളും റെസ്റ്റോറന്റുകളും SPCB കളും PCC യും നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഈർപ്പമുള്ള മാലിന്യത്തിന്റെ വികേന്ദ്രീകൃത സംസ്കരണം നടത്തും

ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന തല സമിതികൾ സ്ഥാപിക്കുന്നതിനും ചട്ടങ്ങൾ  വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ, ചീഫ് സെക്രട്ടറിയോ കേന്ദ്രഭരണ പ്രദേശ ഭരണ മേധാവിയോ അധ്യക്ഷനായ സമിതികൾ ചട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള  നടപടികൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് ശുപാർശ ചെയ്യും.
 
ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ, 2026
 
***

( റിലീസ് ഐ.ഡി: 2220658) സന്ദര്‍ശക കൗണ്ടര്‍ : 62
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी