ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

പുതിയ ആധാർ അപ്ലിക്കേഷന്‍ രാഷ്ട്രത്തിന് സമർപ്പിച്ചു

प्रविष्टि तिथि: 28 JAN 2026 8:47PM by PIB Thiruvananthpuram

ജനകേന്ദ്രീകൃത തിരിച്ചറിയൽ പരിശോധനയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന പുതിയ ആധാർ അപ്ലിക്കേഷന്‍ കേന്ദ്ര വാണിജ്യ-വ്യവസായ, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു.  

ആധാർ നമ്പർ ഉടമകൾക്ക് അവരുടെ ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനം സുരക്ഷിതമായും സൗകര്യപ്രദമായും സ്വകാര്യതയ്ക്ക് മുൻഗണന നൽകിയും കൈവശം വയ്ക്കാനും പങ്കിടാനും കാണിക്കാനും പരിശോധിക്കാനും രൂപകല്പന ചെയ്ത വരും തലമുറ മൊബൈൽ ആപ്ലിക്കേഷനാണ് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വികസിപ്പിച്ച ഈ ആധാർ ആപ്പ്.

പുതിയ ആപ്പ് പുറത്തിറക്കിയ ശേഷം യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രശംസനീയ പ്രവർത്തങ്ങളെ അഭിനന്ദിച്ച കേന്ദ്ര സഹമന്ത്രി സർക്കാരിന്റെ ഡിജിറ്റൽ ഭരണനിർവഹണത്തിന്റെ മുഖമുദ്രയായി ആധാര്‍ തുടരുകയാണെന്ന് വ്യക്തമാക്കി. തടസ്സരഹിതവും ലളിതവുമായ സേവന വിതരണം UIDAI ഉറപ്പാക്കുന്നുവെന്നും പുതിയ ആപ്പ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യയെപ്പോലെ വിശാലമായ രാജ്യത്ത് ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനമെന്നത് കേവലം സാങ്കേതിക നേട്ടമല്ലെന്നും മറിച്ച് പൊതുജന വിശ്വാസത്തിന്റെയും സദ്ഭരണത്തിന്റെയും പൗര ശാക്തീകരണത്തിന്റെയും കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണം, അനുമതി, സൗകര്യം എന്നിവ പൂര്‍ണമായി ഗുണഭോക്താക്കളുടെ കൈകളിൽ നൽകുന്നതു വഴി പുതിയ ആധാർ ആപ്പ് ഈ തത്വങ്ങളെ ഉൾക്കൊള്ളുന്നുവെന്നും കേന്ദ്രസഹമന്ത്രി വിശദീകരിച്ചു. 

 

വ്യക്തിഗത വിവരങ്ങൾ കുറഞ്ഞ തോതില്‍ മാത്രം പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പുതിയ ആപ്പ് സുരക്ഷ വർദ്ധിപ്പിക്കുമെന്നും ആധാർ ഉടമകൾക്ക് വിവരങ്ങൾ തിരഞ്ഞെടുത്ത് പങ്കിടാൻ അവസരം നൽകുമെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.

 

എല്ലാ വിഭാഗം ഉപയോക്താക്കൾക്കും എളുപ്പം ഉപയോഗിക്കാനാവുന്ന തരത്തില്‍ രൂപകല്പന ചെയ്ത ആധാർ ആപ്പ്, നിത്യ ജീവിതത്തിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഓഫ്‌ലൈൻ വെരിഫിക്കേഷൻ സീക്കിംഗ് എന്റിറ്റിയുടെ (OVSE) QR കോഡ് സ്കാനിങ് വഴി ഹോട്ടലുകളില്‍ ചെക്ക്-ഇന്‍ ചെയ്യുന്നത് ഇതിലുൾപ്പെടുന്നു. സിനിമാ ടിക്കറ്റ് ബുക്കിംഗിന് പ്രായപരിശോധന, സന്ദർശകർക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി പ്രവേശനം, ഗിഗ് തൊഴിലാളികളുടെയും സർവീസ് പങ്കാളികളുടെയും പരിശോധന തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഐച്ഛിക മുഖപരിശോധന ഇതുവഴി സാധ്യമാകുന്നു.  

 

സാന്നിധ്യം തെളിയിക്കാനുള്ള മുഖപരിശോധന, ഒറ്റ ക്ലിക്കിലൂടെ ബയോമെട്രിക് ലോക്ക്/അൺലോക്ക്, പ്രാമാണീകരണ ഹിസ്റ്ററി പരിശോധന, ബന്ധപ്പെടേണ്ട വിവരങ്ങൾ എളുപ്പം പങ്കിടാന്‍ QR-അധിഷ്ഠിത കോൺടാക്റ്റ് കാർഡ് തുടങ്ങിയ നൂതന സൗകര്യങ്ങളും ആപ്പിലുണ്ട്.

 

ഒരു ഉപകരണത്തിൽ അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ കൈകാര്യം ചെയ്യാനാവുന്നതിനാല്‍ "ഒരു കുടുംബം - ഒരു ആപ്പ്" എന്ന ആശയവും ആപ്പിലൂടെ സാധ്യമാകുന്നു. വിലാസം പുതുക്കുന്നതിന് പുറമെ താമസക്കാർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടുതൽ സേവനങ്ങൾ ഭാവിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.  

 

കടലാസ് അധിഷ്ഠിത നടപടികളില്‍നിന്ന് കടലാസ് രഹിത സാങ്കേതികവിദ്യയിലേക്ക് നടത്തുന്ന യാത്ര വലിയൊരു മുന്നേറ്റമാണെന്നും പ്രവർത്തനങ്ങളിലും നൂതനാശയങ്ങളിലും UIDAI ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിലനിര്‍ത്തുമെന്നും UIDAI ചെയർമാൻ ശ്രീ നീലകണ്ഠ് മിശ്ര പറഞ്ഞു.

 

തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രം പങ്കിടാനുള്ള സൗകര്യമാണ് ആപ്പിന്റെ പ്രധാന സവിശേഷതയെന്ന് UIDAI സിഇഒ ശ്രീ ഭുവനേഷ് കുമാർ പറഞ്ഞു. സ്ഥാപനങ്ങൾ നൽകുന്ന സവിശേഷ ക്യുആർ കോഡുകളിലൂടെ ആധാര്‍ ഉടമകള്‍ക്ക് പ്രത്യേക ആവശ്യത്തിന് അനിവാര്യമായ തിരിച്ചറിയൽ വിവരങ്ങൾ മാത്രം പങ്കിടാന്‍ ഇതുവഴി സാധിക്കും.  

 

ആധാർ നമ്പര്‍ പരിശോധിക്കുന്നവർക്ക് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കേണ്ടി വരുന്നില്ലെന്നും ഡിജിറ്റൽ ഒപ്പോടുകൂടിയ പരിശോധിക്കാവുന്ന വിവരങ്ങൾ മാത്രമാണ് പങ്കിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിനനുസൃതമായി കുറഞ്ഞ തോതില്‍ മാത്രം വിവരങ്ങള്‍ പങ്കിടുന്ന രീതി ഇതിലൂടെ ഉറപ്പാക്കുന്നു.

 

സാങ്കേതികവിദ്യ എപ്പോഴും ജനകേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വാസത്തിൽ അധിഷ്ഠിതവുമായിരിക്കണമെന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ കാതലായ തത്വം പുതിയ ആധാർ ആപ്പിന്റെ സമാരംഭത്തിലൂടെ ഇന്ത്യ ആവര്‍ത്തിച്ചുറപ്പിക്കുന്നു. 

 

 

*****


(रिलीज़ आईडी: 2219887) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Kannada