പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഊർജ്ജ മേഖലയിലെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


ഇന്ത്യയുടെ വളർച്ചാ പാതയിൽ സി.ഇ.ഒമാർ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു

ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് സാന്നിധ്യം വ്യാപിപ്പിക്കുന്നതിൽ സി.ഇ.ഒമാർ അതീവ താൽപ്പര്യം പ്രകടിപ്പിച്ചു

ആഗോള ഊർജ്ജ ഡിമാൻഡ്-സപ്ലൈ ബാലൻസിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഗവൺമെന്റ് നടപ്പിലാക്കിയ നിക്ഷേപ സൗഹൃദ നയപരിഷ്കാരങ്ങൾ ചൂണ്ടിക്കാട്ടി, പര്യവേക്ഷണ-ഉൽപ്പാദന മേഖലകളിൽ ഏകദേശം 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു

മുഴുവൻ ഊർജ്ജ മൂല്യശൃംഖലയിലുടനീളം നവീകരണത്തിനും സഹകരണത്തിനും ആഴത്തിലുള്ള പങ്കാളിത്തത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

प्रविष्टि तिथि: 28 JAN 2026 9:09PM by PIB Thiruvananthpuram

ഇന്ത്യ എനർജി വീക്ക് (IEW) 2026-ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ലോക് കല്യാൺ മാർഗിലുള്ള തന്റെ ​വസതിയിൽ ആഗോള 
ഊർജ്ജ മേഖലയിലെ സിഇഒമാരുമായി ആശയവിനിമയം നടത്തി.

ആശയവിനിമയത്തിനിടെ, ഇന്ത്യയുടെ വളർച്ചാ പാതയിൽ സി.ഇ.ഒമാർ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നയപരമായ സ്ഥിരത, പരിഷ്കരണ വേഗത, ദീർഘകാല ആവശ്യകതയിലെ ദൃശ്യപരത എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ തങ്ങളുടെ ബിസിനസ് സാന്നിധ്യം വിപുലീകരിക്കുന്നതിനും ദൃഢമാക്കുന്നതിനുമുള്ള അതീവ താൽപ്പര്യം അവർ അറിയിച്ചു.

ഈ വട്ടമേശ സമ്മേളനങ്ങൾ വ്യവസായ-ഗവൺമെന്റ് ഏകോപനത്തിനുള്ള ഒരു പ്രധാന വേദിയായി ഉയർന്നുവന്നതായി സി.ഇ.ഒമാരെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആഗോള വ്യവസായ പ്രമുഖരിൽ നിന്നുള്ള നേരിട്ടുള്ള അഭിപ്രായങ്ങൾ നയപരമായ ചട്ടക്കൂടുകൾ പരിഷ്കരിക്കാനും മേഖലയിലെ വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി അഭിമുഖീകരിക്കാനും ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക കുതിച്ചുചാട്ടം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും ആഗോള ഊർജ്ജ ഡിമാൻഡ്-സപ്ലൈ ബാലൻസിൽ രാജ്യം നിർണായക പങ്ക് വഹിക്കുമെന്നും പറഞ്ഞു.

ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ സുപ്രധാന നിക്ഷേപ അവസരങ്ങളിലേക്ക് പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. ഗവൺമെന്റ് അവതരിപ്പിച്ച നിക്ഷേപ സൗഹൃദ നയപരിഷ്കാരങ്ങൾ ചൂണ്ടിക്കാട്ടി, പര്യവേക്ഷണ-ഉൽപ്പാദന മേഖലയിൽ ഏകദേശം 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യത അദ്ദേഹം എടുത്തുപറഞ്ഞു. കംപ്രസ്ഡ് ബയോ-ഗ്യാസ് (CBG) മേഖലയിലെ 30 ബില്യൺ ഡോളറിന്റെ അവസരത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, റിഫൈനറി-പെട്രോകെമിക്കൽ സംയോജനം, സമുദ്ര-കപ്പൽ നിർമ്മാണ മേഖല എന്നിവയുൾപ്പെടെയുള്ള വിശാലമായ ഊർജ്ജ മൂല്യശൃംഖലയിലുടനീളമുള്ള വൻകിട അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു.

ആഗോള ഊർജ്ജ മേഖല അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും അത് വലിയ അവസരങ്ങളും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. മുഴുവൻ ഊർജ്ജ മൂല്യശൃംഖലയിലുടനീളം ആശ്രയിക്കാവുന്നതും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യ സജ്ജമാണെന്ന് ആവർത്തിച്ചുകൊണ്ട്, നവീകരണത്തിനും സഹകരണത്തിനും ആഴത്തിലുള്ള പങ്കാളിത്തത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ ഉന്നതതല വട്ടമേശ സമ്മേളനത്തിൽ ടോട്ടൽഎനർജീസ്, ബിപി, വിറ്റോൾ, എച്ച്ഡി ഹ്യുണ്ടായ്, എച്ച്ഡി കെസോ, എയ്കെർ, ലാൻസടെക്, വേദാന്ത, ഇന്റർനാഷണൽ എനർജി ഫോറം (IEF), എക്സലറേറ്റ്, വുഡ് മകെൻസീ, ട്രാഫി​ഗ്യൂറ, സ്റ്റാറ്റ്സോളി, പ്രാജ്, റീന്യൂ, എംഒഎൽ തുടങ്ങിയ പ്രമുഖ ആഗോള-ഇന്ത്യൻ ഊർജ്ജ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 27 സി.ഇ.ഒമാരും മുതിർന്ന കോർപ്പറേറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ശ്രീ സുരേഷ് ഗോപി, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ആശയവിനിമയത്തിൽ പങ്കെടുത്തു.

***

SK


(रिलीज़ आईडी: 2219884) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Odia , Telugu